
നീരുറവ
*********
എന്‍ ഹൃദയത്തില്‍ മുങ്ങാം കൂളിയിട്ടുനിന്നകകാമ്പിലെക്കൊരു ചാലു തീര്‍ത്തപ്പോള്‍ അറിയാതെയെന്‍ മനം പാടി.....
"നീ നിറയൂ ജീവനില്‍ പുളകമായ്,
ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍ "
നിന്നാത്മാവിന്‍ വെണ്ണക്കല്ലില്‍
നീ തീര്‍ത്തയെന്‍ ചായാ ചിത്രം
മായാത്ത മറയാത്ത ഒരോര്‍മ്മതന്‍
നിറ ദീപമായിയിന്നും തെളിയുന്നു.
ഇലകള്‍ പൊഴിച്ചോ
പൂക്കള്‍ കരിച്ചോ
വേരുകള്‍ മുറിച്ചോ
അടര്‍ന്നകലുവാന്‍ നിനക്കാവില്ലയെന്‍
പ്രാണ സഖി....
നീയെന്‍ ജീവനില്‍
വസന്തവും, ഗ്രീഷ്മവും,
ശിശിരവുമായ് നിറഞ്ഞപ്പോള്‍
എന്‍ ഹൃദയത്തിന്‍ തെളിനീരിന്നുറവ
നിന്‍ പ്രാണനിലിഞ്ഞു ചേര്‍ന്നിരുന്നു .

ഒരു പ്രേമ കഥ ഇതുവരെ......
*********************************മഴ പെയ്തു തോര്‍ന്ന ആ നിറസന്ധ്യയില്‍ ഇലകളില്‍ നിന്നിറ്റിറ്റു വീഴുന്ന തുള്ളികളെ നോക്കി നില്‍ക്കുകയായിരുന്നയാള്‍. അസ്തമയ സൂര്യന്‍ ഇരുണ്ട മഴക്കാറിനെ പേടിച്ചു നേരത്തെ തന്നെ ഓടിയൊളിച്ചു. ഏകാന്തത നിറഞ്ഞ ആ പൂമുഖത്തിന്‍ തൊടിയില്‍ നിന്ന് ചീവീടുകളുടെ നേര്‍ത്ത ശബ്ദം മാത്രം നിശബ്ദതയെ ഭേദിച്ചു കാതില്‍ വന്നടിച്ചു. പ്രകൃതി ഇരുട്ടിന്റെ കവാടം തുറന്നു അകത്തേക്ക് പ്രവേശിക്കാനുള്ള വെമ്പലിലായിരുന്നു. കൂട്ടം തെറ്റി വന്ന ഏതോ കുഞ്ഞു പൈങ്കിളി തൈമാവിന്‍ കൊമ്പിലിരുന്നു നാല് പാടും നോക്കി വീണ്ടും പറന്നുയര്‍ന്നു. ശക്തമായ ഏതോ ഒരു ഉള്‍വിളിയാല്‍ സന്ധ്യയുടെ തേങ്ങലില്‍ നിന്നും മുക്തി നേടാന്‍ മധുരതരമായ എന്തിനെയെങ്കിലും പുണരണമെന്നാശിച്ചു അയാള്‍ അകത്തേക്ക് നടന്നു.
മധുരമുള്ള ഒരു ചായയില്‍ ഈ സന്ധ്യയുടെ നൊമ്പരങ്ങള്‍ അലിഞ്ഞില്ലാതാക്കാമെന്നുള്ള ചിന്തയില്‍ ഫ്രിഡ്ജ് തുറന്നു പാലെടുക്കാനായി കുനിഞപ്പോള്‍ മുകളിലത്തെ ട്രെയില്‍ തിളങ്ങുന്ന കണ്ണുകളുമായി അവളയാളെ സ്നേഹ പൂര്‍വ്വം നോക്കി. അപൂര്‍വ അനുരാഗ വിക്ഷോഭ നോട്ടത്തില്‍ അയാള്‍ സ്വയം മറന്നു നിന്നു. അല്ലെങ്കിലും അവള്‍ അയാള്‍ക്കെന്നും ഒരു ദൌര്ഭല്യമായിരുന്നു. അവളെ പുണരാന്‍ ഏതു നേരവും അയാളുടെ മനം കൊതിച്ചു. അയാളും അവളും തമ്മിലുള്ള ബന്ധം വെറും പുറം പൂച്ചുകളില്‍ തളിരിട്ട ബന്ധമായിരുന്നില്ല. ശരീരത്തിനും മനസ്സിനും അപ്പുറം ആത്മാവും ആത്മാവും ഒന്നിച്ചു ചേരുമ്പോള്‍ നിറയുന്ന നിര്‍വൃതിയുടെ അനുരാഗമായിരുന്നത്. അവള്‍ അയാളില്‍ ചേര്‍ന്ന് അലിഞ്ഞു ഇല്ലാതാകുമ്പോള്‍ വിടരുന്ന അഭൌമായ അനുഭൂതി ഏഴു സുന്ദര രാത്രികളില്‍ ദേവ ലോക മാലാഖമാര്‍ ഭൂമിയില്‍ നൃത്തം ചവിട്ടുന്നതിനെക്കാള്‍ അതി മനോഹരമായിരുന്നു. അയാളില്‍ എപ്പോഴാണ് അവളുമായുള്ള അനുരാഗം പൂവണിഞ്ഞതെന്നുളത് ശരിക്കുമറിയില്ല. അതിനു കാല പഴക്കത്തിന്റെ പ്രൌഡ ഗംഭീരമായ മഹനീയതകള്‍ ഒന്നും അവകാശപ്പെടാനീല്ലെങ്കിലും അയാളറിയാതെ തന്നെ ഏതോ അസുലഭ മുഹൂര്‍ത്തത്തില്‍ അവള്‍ മനസ്സില്‍ കയറി ഒളിക്കുകയായിരുന്നു. അവളെ കാണുമ്പോള്‍ അയാളെല്ലാം മറക്കുന്നു. അയാളുടെ എല്ലാ ദുഖവും അവള്‍ക്കു നല്‍കി അവളില്‍ ചേര്‍ന്ന് ഇല്ലാതാകുന്നതാണ് പരമമായ മുക്തിയിലേക്കുള്ള പ്രയാണമെന്നുപോലും അയാള്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. അവരുടെ സ്നേഹസാഗരത്തിന്റെ ആഴമളക്കാന്‍ ഒരു പക്ഷെ വാക്കുകള്‍ക്ക് പോലും കഴിയാതെ വരുന്ന അവസ്ഥാ സംജാതമാകാറുണ്ട്.
നിറ സന്ധ്യയുടെ നൊമ്പരങ്ങള്‍ക്കുള്ള ലേപനമായി മധുരമുള്ള ചായയേക്കള്‍ എന്തുകൊണ്ടും താന്‍ സ്നേഹിക്കുന്ന അവളില്‍ ചേര്‍ന്ന ലിയുന്നതാണ് ഉത്തമമെന്നുള്ള വീണ്ടു വിചാരത്തില്‍ തിളക്കമുള്ള അവളെ കൈകളില്‍ പുണരാനായി അയാള്‍ മെല്ലെ കൈകള്‍ നീട്ടി. സ്വര്‍ണ്ണ നിറമുള്ള ഉടുപ്പണിഞ്ഞിരുന്ന അവള്‍ ആരെയും ഭാവ ഗായകനാക്കാന്‍ തക്ക പ്രകടമായ സൌന്ദര്യത്തിന്റെ മൂര്‍ത്തിഭാവമായിരുന്നു. അയാളുടെ മുഖത്തിപ്പോള്‍ ആയിരം സൂര്യ ദേവന്‍മാര്‍ ഒന്നിച്ചു ജ്വലിച്ച പ്രകാശം നിറഞ്ഞിരുന്നു. ഉള്ളില്‍ വിങ്ങുന്ന വികാരത്തോടെ നിറഞ്ഞ മന്ദഹാസ വദനനായി അവളെയയാള്‍ അടി മുതല്‍ മുടി വരെ ഗഹനമായി വീക്ഷിച്ചു. അയാളുടെ നയനങ്ങള്‍ അവളണിഞ്ഞിരുന്ന ഉടുപ്പിലെ ലേബലില്‍ അറിയാതെയൊന്നുടക്കി നിന്നു. ഇറ്റാലിയന്‍ ശൈലിയില്‍ തീര്‍ത്ത ആ ഉടുപ്പില്‍ "ഫെറെറോ റോക്കര്‍" എന്നുള്ളത് മനോഹരമായി ആലേലേഖനം ചെയ്തിരുന്നു. മധുരമായ പുഞ്ചിരി തൂകി ആ "ചോക്കലെറ്റ്" സുന്ദരി അയാളെ ഹൃദ്യമായി അഭിവാദനം ചെയ്തു. നീയെന്നിലലിയൂ എന്നവള്‍ അയാളെ നോക്കി പറയാതെ പറഞ്ഞു.
ഒരു നിമിഷം അയാള്‍ തരിച്ചു നിന്നു. ബോധ തലങ്ങളിലെവിടെയോ ഒരു വെള്ളിടി വെട്ടിയ പ്രതീതി. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്ന്ന് ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ല. അയാള്‍ സ്വയം ചോദിച്ചു, ഞാന്‍ എവിടെയാണ്.... എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ.....എന്റെ പരിസരം മുഴുവന്‍ മഞ്ഞ പ്രകാശത്തില്‍ നിറഞ്ഞിരുക്കുന്നു. ഇതുവരെ മുകളിലത്തെ ട്രേയില്‍ പ്രകാശം ചൊരിഞ്ഞു നിന്നിരുന്ന അവളെവിടെ പോയി. ഒരു വേള അയാള്‍ സംഭ്രമത്തോടെ താഴെ നോക്കി. അവളതാ ദൂരെ നിലത്തു അയാളെ തന്നെ നോക്കി പുഞ്ചിരിക്കുന്നു. അയാള്‍ മെല്ലെ മുന്നോട്ടു നീങ്ങി അവളെയെടുക്കാന്‍ തുനിഞപ്പോള്‍ അവളതാ വീണ്ടും തെന്നി മാറി പോകുന്നു. അയാള്‍ ശക്തിയോടെ മുന്നോട്ടടുത്തു പക്ഷെ അവളെ അയാള്‍ക്ക് കീഴടക്കാന്‍ കഴിയുന്നില്ല. അയാളുടെ ഓരോ പാദ ചലന ങ്ങള്‍ക്കും തുല്യമായി അവളും നീങ്ങി നീങ്ങി ദൂരെ പോകുന്നു. എന്താണ് ശരിക്കും സംഭവിക്കുന്നത്... അയാള്‍ക്കൊന്നും മനസ്സിലായില്ല. എന്തിനാണ് അവളെന്നില്‍ നിന്നും അകന്നു പോകുന്നത്. സ്ഥലകാല ബോധം വീണ്ടെടുത്ത അയാള്‍ അവളോടായി സൌമ്യ ഭാവത്തില്‍ ചോദിച്ചു....
"എന്റെ ജീവനിലെ മധുരമായി നിറഞ്ഞു നിന്ന നീയെന്തേ എനിക്ക് പിടി തരാതിരിക്കുന്നത്"...
അവള്‍ മറുപടി പറഞ്ഞില്ല...നിറഞ്ഞ പുഞ്ചിരിയില്‍ ആ ചോദ്യത്തിന്റെ ശക്തിയെ ചോര്‍ത്തി കളഞ്ഞു
അയാള്‍ വീണ്ടും മുന്നോട്ടു നീങ്ങി...അവളതാ പിന്നോട്ട് തെന്നി പോകുന്നു....അയാള്‍ ഒറ്റ കുതിപ്പിന് അവളെ കൈകളിലാക്കാന്‍ ശ്രമിച്ചു പക്ഷെ അയാളുടെ ശര്മം പരാജയമായിരുന്നു. അവള്‍ തെന്നി മാറിയിപ്പോള്‍ ആകാശത്തില്‍ പറന്നുയരാന്‍ തുടങ്ങി. അയാള്‍ ചാടി വീണ്ടും അവളെ കൈകളിലക്കാന്‍ ശ്രമിച്ചു പക്ഷെ അവള്‍ അയാള്‍ക്ക് ചാടി പിടിക്കാന്‍ തക്ക ഉയരത്തിനുമപ്പുറമായിരുന്നു. അവളിപ്പോള്‍ മുറിയില്‍ വട്ടം ചുറ്റുകയായിരുന്നു. അയാള്‍ക്കാകെ തലയ്ക്കു ഭ്രാന്ന്തു പിടിക്കുന്ന മാതിരി തോന്നി തുടങ്ങി.. ... മുറിയില്‍ അവളുടെ കറങ്ങലിന്റെ ആരവം മാത്രം മുഴങ്ങിയിരുന്നപ്പോള്‍. പെട്ടെന്ന് അവള്‍ തന്റെ സഞ്ചാരം നിര്‍ത്തി ദൂരങ്ങളില്‍ നിന്ന് മൊഴിഞ്ഞു...
" നോക്കൂ...എനിക്ക് നിങ്ങളെ ജീവന് തുല്യം സ്നേഹമാണ്. പക്ഷെ ഇനിയും നിങ്ങളെ ഞാന്‍ സ്നേഹിച്ചാല്‍ അത് നിങ്ങളുടെ ജീവനെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ഞാന്‍ നാവിനു "മധുരമാണ്" പക്ഷെ ഹൃദയത്തിനു "വിഷവുമാണ്". ഇനിയും മധുരം നിന്റെ ജീവനില്‍ അലിഞ്ഞാല്‍ അത് ഞാന്‍ നിങ്ങളോട് ചെയ്യുന്ന മഹാ അപരാധമായിരിക്കും. നിങ്ങളുടെ ഹൃദയത്തിനിനി "മധുരം" താങ്ങാനുള്ള കരുത്തില്ല. ഞാന്‍ നിങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നുതുകൊണ്ട് നിങ്ങളുടെ ജീവന്‍ നില നില്‍ക്കേണ്ടത് എന്റെയും കൂടി ആവശ്യമാണ്. ഇനി ഞാന്‍ നിങ്ങളുടെ വേദനകളില്‍ "മധുരമായി" അലിഞ്ഞു ചേരില്ല. എന്നോടുള്ള നിങ്ങളുടെ പ്രതിപത്തി കുറച്ചു നാളുകള്‍ക്കു ശേഷം അലിഞ്ഞില്ലാതാകും. കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളുണ്ടോ...ഇനിയൊരു വിട ചോല്ലലില്ല.... അകലങ്ങളില്‍ നിങ്ങളുടെ ജീവന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥന നിരഭരയായി എന്നുമുണ്ടാകും..."
ഒരു മൂളലോടെ അവള്‍ വീണ്ടും മുറിയില്‍ രണ്ടു പ്രാവശ്യം കറങ്ങി പുറത്ത് ആകാശതെക്ക് പറന്നു പറന്നു കാഴ്ചകളില്‍ നിന്നും മാഞ്ഞില്ലതായിപോയി. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ മുറിയില്‍ കിടന്നലറി. അകലെങ്ങളിലെവിടെയോ ഒരു ഗാനത്തിന്റെ ഈരടികള്‍ ആകാശത്തില്‍ തങ്ങി നിന്നു....
"അടരുവാന്‍ വയ്യ …അടരുവാന്‍ വയ്യ... നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും,
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം....നിന്നിലടിയുന്നതെ നിത്യ സത്യം"
**************************************************************************************************