Friday, May 22, 2015


ശകുന്തളയുടെ കണ്മഷി

"ശംഖു പുഷ്പം കണ്ണെഴുതുമ്പോള്‍ ശകുന്തളേ നിന്നെ ഓര്‍മ്മ വരും"
കവിക്ക് എന്തു കൊണ്ടാണ് ശകുന്തളയുടെ കണ്ണുകള്‍ "കണ്ണെഴുതിയതുമാതിരിയെന്നു" തോന്നാന്‍ കാരണം. ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും നനച്ചീറുകള്‍ക്കും മുന്‍പേ അതി പുരാതനകാലത്ത് കണ്മഷി പോലും കണ്ടുപിടിക്കാതിരുന്ന കാലമായിട്ടും എങ്ങിനെ ശകുന്തളയുടെ കണ്ണുകള്‍ കരിനീല കണ്ണുകളായി കവിക്ക്‌ തോന്നിപ്പോയി. ഇതിഹാസങ്ങളായ ഇതിഹാസങ്ങളെല്ലാം പരതി നോക്കിയിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോഴാണ് അന്തകരണത്തിന്റെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇങ്ങിനെയൊരു സെര്‍ച്ച് റിസള്‍ട്ട്‌ തെളിഞ്ഞു വന്നത്.
പണ്ട് ദുഷ്യന്തന്‍ ശകുന്തളയെ കാട്ടില്‍ കണ്ടു പ്രേമ വിവശനായി പരിണയം ചെയ്തു കുറച്ചു നാള്‍ കാട്ടില്‍ കുടില്‍ കെട്ടിപാര്‍ത്തു. അങ്ങിനെ പാര്‍ക്കുമ്പോള്‍ ഒരു ദിവസം.....
ദുഷ്യന്തന് പണ്ടേയൊരു സ്വഭാവമുണ്ടായിരുന്നു അത്താഴം കഴിഞ്ഞാല്‍ ഒന്ന് പുകക്കണം. എല്ലാ രാജാക്കന്മാരുടെയും പോലെ ചില "ദുശീലങ്ങള്‍". അമൃതെത്തു ശരിക്ക് ദഹിക്കണമെങ്കില്‍ ഭക്ഷണത്തിനു ശേഷം രണ്ടു പുക അകത്തേക്ക് ചെല്ലണമെന്ന ശീലമായി പോയി മൂപ്പര്‍ക്ക് . അങ്ങിനെയൊരു ദിവസം രാത്രി ദുഷ്യന്തന്‍ പതിവിലും കൂടുതല്‍ അത്താഴം കഴിച്ചു വയറു തലോടിയിരിക്കുമ്പോള്‍ തന്റെ അടുത്തു വെച്ചിരിക്കുന്ന മാല്‍ബറോ സിഗരറ്റിന്റെ പാക്കറ്റില്‍ നിന്നോന്നെടുത്തു തീ കൊടുക്കുവാന്‍ വേണ്ടി തീപ്പെട്ടി പരതി നോക്കി. എവിടെ നോക്കിയിട്ടും തീപ്പെട്ടി കാണാഞ്ഞപ്പോള്‍ അദ്ദേഹം തന്റെ പ്രിയ സഖി ശകുന്തളയെ അകത്തേക്ക് നോക്കി വിളിച്ചു
" ശക്വോ....ശക്വോ....."
വടക്കൊറത്തു താഴെ തൊടിയില്‍ അത്താഴത്തിന്റെ പാത്രങ്ങള്‍ കഴുകി കൊണ്ടിരിക്കുന്നത്തിന്റെ തിരക്കിലായിരുന്ന ശകുന്തളയപ്പോള്‍. കാലില്‍ ദര്‍ഭമുന കൊണ്ടത്തിന്റെ വേദനയിതുവരെ മാറാത്തതിനു നാളെ ധന്വന്തരി വൈദ്യരെ കാണാന്‍ പോകേണ്ടതിനെ കുറിച്ചാലോചിച്ച്ചു കൊണ്ടിരുന്നത് കൊണ്ടോ എന്തോ ദുഷ്യെട്ടന്റെ വിളി ശകു ചെവി കൊണ്ടില്ല. ദുഷ്യന്തനാനെന്കില്‍ പുക അകത്ത് ചെല്ലാത്തതിന്റെ വിമ്മിഷ്ടത്തില്‍ ഏരിപൊരി കൊള്ളാന്‍ തുടങ്ങി. പതിവിനു വിപരീതമായി കാട്ടില്‍ നിന്ന് മടങ്ങി വരുമ്പോള്‍ പുഴക്കികൊണ്ട് വന്ന കപ്പയും പച്ചമുളക് ചട്ടിണിയുമായിരുന്നു അത്താഴത്തിനു അന്ന് ശകുന്തള വിളമ്പിയത്. താഴ്വാരത്തിലെ ഗണപതിയുടെ കടയില്‍ നിന്ന് വാങ്ങിയ ചക്കിലാട്ടിയ വെളിച്ചെണ്ണയും കൂട്ടി ചേര്‍ത്തപ്പോള്‍ ചട്ടിണി വളരെ സ്വാദിഷ്ടമായി എന്ന് മാത്രമല്ല പുഴുങ്ങിയ ചെമ്ബിലെ മുക്കാല്‍ ഭാഗം കൊള്ളി കിഴങ്ങും ദുഷ്യെട്ടനെ ശകു സ്നേഹപൂര്‍വ്വം ഊട്ടിപ്പിച്ചു. കുറെ നേരമായിട്ടും തീപ്പെട്ടി കിട്ടാത്തപ്പോള്‍ ദുഷ്യന്തന് കുറേശ്ശെ ദേഷ്യം വരാന്‍ തുടങ്ങി .രാജാവല്ലേ.... എല്ലാ കാര്യത്തിനും ഭ്രിത്യന്മാര്‍ ശീലമായിപോയി... മാന്യദേഹത്തിന് തന്റെ ആഞ്ജ കേള്‍ക്കാന്‍ അവിടെയപ്പോള്‍ ശകുന്തള മാത്രമേയുള്ളൂ എന്നുള്ള ബോധമൊന്നും ശിരസ്സില്‍ കയറിയില്ല. അവസാനം പാത്രം കഴുകി വടക്കിനിയില്‍ കമഴ്ത്തിവെച്ചതിനു ശേഷം ഉമ്മറത്തുവന്ന ശകു കണ്ടത് കൊപാന്ധനായി നില്‍കുന്ന ദുഷ്യെട്ടനെയാണ്. അവള്‍ സ്നേഹത്തോടെ മൊഴിഞ്ഞു.....
"ദുഷ്യെട്ടന്‍ എന്നെ വിളിച്ചിരുന്നോ?? യെന്താ ചേട്ടാ വേണ്ടത്?? " കോപാഗ്നിയില്‍ തിളയ്ക്കുന്ന ദുഷ്യന്‍ ഒരു നിമിഷം ഡീപ്പ് ബ്രീത്തെടുത്തു പെട്ടെന്ന് പറഞ്ഞു.... " കോപ്പേ ഞാന്‍ തീപ്പെട്ടിക്ക് വേണ്ടി എത്ര നേരമായി ഇവിടെ കിടന്നാര്‍ക്കുന്നു....നീയെത് ആപ്പില് കോപ്പെട്ക്കുകയായിരുന്നു...വേഗം തീപ്പെട്ടി കൊണ്ടുവാ" ....രാജകോപമെല്ലെ എല്ലാം പുകഞ്ഞു പുറത്തു വന്നു.
ദുഷ്യെട്ടന്‍ പതിവില്ലാത്ത വിധം കോപം കൊണ്ട് ജ്വലിക്കുന്നത് കണ്ടു ശകു തീപ്പെട്ടിയെടുക്കാന്‍ വേഗം അടുക്കളയിലെക്കോടി....വൈകീട്ട് കപ്പ പുഴുങ്ങാന്‍ അടുപ്പില്‍ തീ കത്തിച്ചു തീപ്പെട്ടി അടുപ്പും പുറത്തു വെച്ചതായിരുന്നപ്പോള്‍.... ഇപ്പോള്‍ തീപ്പെട്ടി അവിടെയെങ്ങും കാണാനില്ല എവിടെ പോയി... ശകുവാകെ വിഷമത്തിലായി. കാലിലാണെങ്കില്‍ ദര്‍ഭമുന ആഴത്തില്‍ തറഞ്ഞതിന്റെ വേദനമൂലം അപ്പോഴും ശരിക്ക് നടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കുറെനേരമായിട്ടും തീപ്പെട്ടി കിട്ടാതെ പുറത്തു കാത്തു നിന്ന ദുഷ്യന്‍ കൊടുങ്കാറ്റുപോലെ അകത്ത് ചെന്ന് പരിഭ്രമിച്ചു നില്‍ക്കുന്ന ശകുവിന്റെയടുത്തുവന്നു ദേഷ്യത്തില്‍ ചോദിച്ചു.....
"ബള്‍ബു പോലെ തിളങ്ങുന്ന രണ്ടു വലിയ കണ്ണുകളുണ്ടല്ലോ... ഒരു തീപ്പെട്ടി പോലും കണ്ടെടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാണീ എല്‍. ഇ. ഡി ബള്‍ബുകള്‍ മുഖത്ത് ഫിറ്റ് ചെയ്തു നടക്കുന്നത്... വെറുതെ കണ്ണിറുക്കി കാണിച്ചു കോന്തന്മാരെ മയക്കാനോ"?? തന്റെ നയനങ്ങളെ ഇത്രയധികം ശകാരിക്കുന്നതില്‍ ഖേദിച്ചു ശകുവിന്റെ കണ്ണ് നിറഞ്ഞു.... കണ്ണുനീര്‍ പുഷ്പങ്ങള്‍ ധാരയായി തറയില്‍ വീണുടഞ്ഞു. ഇനിയും തീപ്പെട്ടി കിട്ടാത്ത ദേഷ്യത്തില്‍ പുറത്തേക്ക് നടക്കാന്‍ തുനിഞ്ഞ ദുഷ്യന്തന്‍ കാലുനീട്ടി ഉമ്മറപ്പടി കടക്കാന്‍ ശരമിക്കുംപോള്‍ എന്തോ ചെറിയ സാധനം "ശ്ര്ര്‍" എന്ന ശബ്ദത്തോടെ കാലില്‍തട്ടി തെറിച്ചുവെന്നു തോന്നി. കുനിഞ്ഞെടുത്തു നോക്കിയപ്പോഴാണ് മനസ്സിലാത് അത് താന്‍ ഇന്നലെ വാങ്ങിയ ഷിപ്‌ ബ്രാന്‍ഡിന്റെ തീപ്പെട്ടിയാനുള്ളത്ന്ന്...ദുഷ്യന്തന്‍ വീണ്ടും ദേഷ്യത്തില്‍ ശകുവിനെ നോക്കി പറഞ്ഞു
"അവിടെവിടെ വെച്ചാല്‍ സാധങ്ങള്‍ വേണ്ട നേരത്ത് കിട്ടില്ല..തീപ്പെട്ടി ഉമ്മറപ്പടിയുടെയവിടെ എങ്ങിനെ വന്നു. അടുപ്പോറത്തു നിന്ന് എന്തിനാ അത് മാട്ട്യെ??...മഴക്കലമായത് കൊണ്ട് എപ്പോഴുമത് ചൂടായിരിക്കാനല്ലേ അടുപ്പുംപുറത്തു തന്നെ വെക്കുന്നത്." മൌനിയായി നിന്നിരുന്ന ശകു സന്കടത്താലും വിഷമത്താലും വിക്കി വിക്കി മൊഴിഞ്ഞു....
"ദുഷ്യെട്ടാ... അത് വൈകീട്ട് പതിവില്ലാതെ ആട് കരഞ്ഞതു നോക്കാന്‍ ആട്ടിന്‍ക്കൂട്ടില്‍ പോകുമ്പോള്‍ ഉമ്മറപ്പടിയുടെ അടുത്തിരിക്കണ മണ്ണെണ്ണ ചിമ്മിണി കത്തിച്ചതിനു ശേഷം അറിയാതെ അവിടെ തന്നെ വെച്ച് മറന്നുപോയതാ"...ശകു പതുക്കെ പേടിച്ചു പറഞ്ഞു നിര്‍ത്തി. "ഈയിടെയായി നിനക്കിത്തിരി മറവി കൂടുതലന്യാ.....ആ കാളിദാസന്‍ നിന്നെ കുറിച്ചു മംഗളത്തില്‍ കവിത എഴുതിയപ്പോഴേ എനിക്കറിയാമായിരുന്നു തേരാ പാരാ നടക്കുന്ന സകല മണക്കൂസന്‍മാരും ഇനി പര്‍ണ്ണശാലയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുമെന്ന്."...രാജാവായ ദുഷ്യന്തന്റെ ദേഷ്യത്തിനു അപ്പോഴും ഒട്ടും ശമനം തട്ടിയിരുന്നില്ല. ഹണീമൂണ്‍ സമയമാണെങ്കിലും തന്റെ ആജ്ഞകള്‍ ശരിയാം വണ്ണം നോക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നുള്ള പാഠം ഇപ്പോഴേ ഇവളെ പഠിപ്പിച്ചില്ലെന്കില്‍ വരും നാളുകളില്‍ ഇവള്‍ തന്റെ തലയില്‍ കയറി നിരങ്ങുമെന്നു കരുതി ദുഷ്യന്‍ ശിക്ഷിക്കാനായി അടുപ്പില്‍ നിന്ന് സ്വല്‍പ്പം ചാരവും കരിയും വാരി ശകുവിന്റെ കണ്ണില്‍ തേച്ചു. കണ്ണുനീര്‍ കൊണ്ട് നനഞ്ഞിരുന്ന കണ്ണീരും കരിയും കൂടി ചേര്‍ന്ന് കുഴമ്പു രൂപത്തില്‍ ശകുവിന്റെ കണ്ണില്‍ കണ്മഷി പോലെ പരന്നു കയറി. ദുഖവും വിഷമവും കൊണ്ട് അന്ന് രാത്രി ശകുവും ദുഷ്യനും വെവ്വേറെ പായയില്‍ അകത്തും പുറത്തുമായി കിടന്നുറങ്ങി. രാവിലെ ദുഷ്യന്‍ ഉണര്‍ന്നപ്പോള്‍ ബെഡ് കോഫിയുമായി വന്ന ശകുവിന്റെ കണ്ണുകള്‍ കണ്ടു ദുഷ്യന്‍ ഞെട്ടിത്തരിച്ച്ചു .... കണ്മഷി തേച്ചു മിനുക്കിയ കരി നീല കണ്ണുകളുമായി അവള്‍ മൊഴിഞ്ഞു
"ദുഷ്യെട്ടാ ഇതാ കാപ്പി...ദുഷ്യന്‍ ഇടക്കണ്ണിട്ടു ശകുവിന്റെ കണ്ണില്‍ നോക്കി...ദുഷ്യന്തന്‍ എന്ന മഹാരാജാവ് പ്ലിംഗ് പ്ലിംഗ്".....
**********************************************************************************************************************************
അടികുറിപ്പ്: രാത്രിയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ ശകുവിനു കണ്ണില്‍ കരിയും വെണ്ണീറും കാരണം എരിച്ചിലും പോരിച്ചിലും തുടങ്ങി. ദുഷ്യനറിയാതെ ശകു തന്റെ വളര്ത്തച്ഛനായ കണ്വാ മഹര്‍ഷിക്ക് വാട്ട്സ് അപ്പില്‍ വിവരങ്ങള്‍ മെസ്സേജു ചെയ്യുകയും ഫോട്ടോ അയക്കുകയും ചെയ്തു. തന്റെ മകളുടെ വിഷമം സഹിക്കാതെ കണ്വ മഹര്‍ഷി അവള്‍ക്കു വരം കൊടുത്ത് കണ്ണിലെ കരിയെ മായ്ക്കാനാവാത്ത നിറചാര്‍ത്താന്ന കണ്മഷിയാക്കിയെന്നാണ് "പൈതിഹ്യമാലയില്‍ പറയുന്ന കഥ"

വിരല്‍പ്പാടുകള്‍ 

കോഫീ ഹൌസില്‍ ഒരു മേശക്കിരുവശവും മുഖാമുഖമിരിക്കുമ്പോള്‍ അവള്‍ അയാളുടെ വിരലുകളെ തന്നെ സൂക്ഷ്മ പൂര്‍വം വീക്ഷിക്കുകയായിരുന്നു.സംസാരത്തില്‍ ഇടയ്ക്കിടെ നിറയുന്ന മൌനത്തിന്റെ നനുത്ത വേളകളില്‍ അയാള്‍ അകലങ്ങളില്‍ ദൃഷ്ടിപായിച്ചു കാപ്പി നുണയുംപോഴും അവളുടെ ശ്രദ്ധ മുഴുവനും അയാളുടെ നീണ്ട വിരലുകളില്‍ തന്നെയായിരുന്നു. പിന്നീടവര്‍ നഗരമദ്ധ്യത്തിലുള്ള ഉദ്യാന പുല്‍ത്തകിടിയില്‍ കാറ്റ് കൊണ്ടിരിക്കുമ്പോള്‍ അവള്‍ പതുക്കെ അയാളുടെ വിരലുകളെ നോക്കി ചോദിച്ചു......
"ഈ വിരലുകള്‍ എന്താണിങ്ങനെ....നീണ്ട മെലിഞ്ഞ ഈ വിരലുകള്‍ക്ക് എന്തോ പ്രത്യകത തോന്നുന്നു..... എനിക്കീ വിരലുകള്‍ വളരെയേറെ ഇഷ്ടമായി..... നീണ്ടു നീണ്ടു പോകുന്ന കാറ്റാടി മരങ്ങളുടെ തടിയെപോലെ ഒട്ടും വണ്ണമില്ലാത്ത ഇവ വളരെയേറെ മനോഹാരിത നല്‍കുന്നു . അവള്‍ പതുക്കെ അവളുടെ വലുത് കൈ വിരലുകള്‍ കൊണ്ട് അവയെ തലോടി എന്നിട്ടവള്‍ തുടര്‍ന്നു....
" അസാധാരണമായ ഈ വിരലുകള്‍ എന്തിനെയോ സൂചിപ്പിക്കുന്നു. മനുഷ്യന്റെ അസാധാരണത്വമുള്ള എല്ലാ അവയവങ്ങളും എന്തിന്റെയോ സൂചകങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്."..... അവള്‍ പറഞ്ഞു നിര്‍ത്തി.
പുഞ്ചിരി തൂകി അകലേക്ക്‌ നോക്കി കൊണ്ടിരുന്ന അയാളപ്പോള്‍ പ്രതികരിച്ചു. അയാള്‍ തന്റെ വലതു കൈ ഉയര്‍ത്തി വിരലുകള്‍ എല്ലാം ചേര്‍ത്തു പിടിച്ചുകൊണ്ട് അവളോടായി പറഞ്ഞു.....
" എന്റെയീ വിരലുകളെ കുറിച്ചു വേറെയും ആളുകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനമായതും കൌതുകമുള്ളതും പണ്ടെങ്ങോ അവിചാരിതമായി കാണേണ്ടി വന്ന ഹസ്തരേഖാ വിദഗ്ദന്റെ വാക്കുകളാണ്. അയാള്‍ അതിശയത്തോടെ എന്നോട് ചോദിച്ചിട്ടുമുണ്ട് നിങ്ങള്‍ ഒരു ചിത്രകാര്നാണോ എന്നുള്ളത്". ശരിയായ ഒരു നേര്‍ രേഖ പോലും വരയ്ക്കാന്‍ കഴിയാത്ത എന്നെ ചിത്രകാരനെന്ന് വിശേഷിപ്പിച്ച ഹസ്തരേഖാകാരനെ കുറിച്ച് പറഞ്ഞു അവര്‍ രണ്ടും പേരും നന്നായി ചിരിച്ചപ്പോള്‍. ചെറിയ ഒരു മൌനത്തിനു ശേഷം അവള്‍ വീണ്ടും തുടര്‍ന്നു
"എന്നാലും എന്തോ എനിക്കിപ്പോഴും തോന്നുന്നത് ഈ വിരലുകള്‍ എന്തിനെയോ ഗഹനമായി സൂചിപ്പിക്കുന്നുണ്ടെന്നുള്ളത് തന്നെയാണ്". അവളുടെ മുഖഭാവമപ്പോള്‍ സ്വല്ല്പ്പം ഗൌരവം നിറഞ്ഞതു തന്നെയായിരുന്നു. പിന്നീടവര്‍ നഗരത്തിലെ വഴിയോര കാഴ്ചകള്‍ കണ്ടു കൂടെ നടക്കുമ്പോള്‍ അറിയാതെ അയാളുടെ കൈവിരലുകള്‍ അവളുടെ കൈവിരലുകളില്‍ മുട്ടി. അവള്‍ മെല്ലെ അയാളുടെ നീണ്ട വിരലുകള്‍ ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചു. എന്തോ ഇഷ്ടമില്ലായെന്നോണം അയാള്‍ അവയെ അടര്‍ത്തി മാറ്റികൊണ്ട് പറഞ്ഞു...
"എന്തായിതു കൌമാരക്കാരെപ്പോലെ.... പൊതു നിരത്തിലുള്ള ഇത്തരം പരസ്യ സ്നേഹ പ്രകടനങ്ങള്‍ എന്തോ എനിക്കിഷ്ടമല്ല."....അവളപ്പോള്‍ വെറുതെ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചതെയുള്ളൂ .
ഒരു ദിവസം അവള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും തന്റെ വിരലുകളെ കുറിച്ചു വര്‍ണ്ണിക്കാന്‍ തുടങ്ങി. സ്നേഹലാളന മൂര്‍ത്തമായ വേളയില്‍ അവള്‍ ഒരല്‍പം വികാരപൂര്‍വ്വം ചോദിച്ചു....
"നോക്കൂ നമ്മുടെ മനസ്സുകള്‍ ദൂരെയിടങ്ങളിലാണെങ്കിലും ഏതോ അദൃശ്യ ശക്തിയാല്‍ അതെപ്പോഴും കൂടി ചേര്‍ന്ന് തന്നെ സഞ്ചരിക്കുന്നു. എന്നാല്‍ ശരിക്കും ഭൌതികമായി നിങ്ങളെപ്പോഴും എന്റെ കൂടെയില്ല. നിങ്ങളുടെ സ്നേഹ സരസ്സിലെ കുളിരോള്ങ്ങളെ എന്നിലേക്കാവാഹിക്കാന്‍ എനിക്കാവിരലുകള്‍ ഏതു നേരവും എന്റെ കൂടെ തന്നെ വേണം. അവയെ ദര്‍ശിക്കുമ്പോള്‍ എന്നിലെന്തോ ഒരു സകാരാതമക ഊര്‍ജ്ജത്തിന്റെ വേലിയേറ്റം തന്നെയുണ്ടാകുന്നു. പറ്റുമെങ്കില്‍ ഒരു കാര്യം എനിക്ക് വേണ്ടി ചെയ്യൂ... അവയുടെ സാമിപ്യമെപ്പോഴുമറിയാന്‍ അവയുടെ ജീവനുള്ള ഒരു ഫോട്ടോയെങ്കിലും എനിക്കയച്ചു തരൂ." അവള്‍ എന്തോ തിരക്കിട്ട് തീര്‍ക്കാനുള്ള ജോലിയുന്ടെന്നു പറഞ്ഞു മറുപടിക്ക് കാത്തു നില്‍ക്കാതെ ഉടന്‍ തന്നെ ഫോണ്‍ ഡിസ് കണക്കറ്റ് ചെയ്തു.
അന്നൊരു ഒഴിവു നാളില്‍ പതിവിനു വിപരീതമായി അവര്‍ ഉല്ലാസ സവാരിക്കായി നഗരത്തിലെ ആ പഴയ കോട്ടയിലെക്കാണ് പോയത്. കോട്ടയുടെ ഒരു വശത്തു നീണ്ടു നിവര്‍ന്ന സ്ഥല വിസ്തൃതിയില്‍ കാട് പിടിച്ചു നില്‍ക്കുന്ന മരങ്ങളും ഇടതൂര്‍ന്ന കുറ്റിച്ചെടികളും. അതിനപ്പുറത്തുള്ള പരന്നപ്രദേശങ്ങളൊക്കെ തിളങ്ങുന്ന പുല്‍ത്തകിടികള്‍ കൊണ്ട് അലംകൃതമാണ്. അവിടെവിടങ്ങളിലായി വിരിഞ്ഞു നില്‍കുന്ന റോസാപ്പൂക്കളും വാടാര്‍മല്ലികളും വ്യത്യസ്ത നിറത്തിലുള്ള ചെമ്ബരത്തികളും ചേര്‍ന്ന നിറച്ചാര്‍ത്തുകള്‍ പച്ച പുല്തകിടികള്‍ക്ക് മികവ് കൂട്ടി. മുഗള്‍ഭരണക്കലത്തെ കോട്ടകള്‍ ആര്ര്‍ക്കിയോളജിക്കല്‍ വകുപ്പ് സ്മാരകങ്ങളായി സൂക്ഷിക്കുന്നു. കുംഭങ്ങള്‍ നിറഞ്ഞ പഴയ കോട്ട മുഗള്‍ പ്രതാപത്തിന്റെ ചരിത്ര കഥകളെ വിളിചോതുന്നുണ്ടായിരുന്നു. കരിങ്കല്‍ കൊണ്ട് നിര്‍മിച്ച കോട്ടകള്‍ പലതുമിപ്പോഴും അതെപടി തന്നെ കേടുപാട് കൂടാതെ സൂക്ഷിച്ചിട്ടുണ്ട് . കുറച്ചുള്ളിലേക്ക് മാറി അവശിഷ്ടങ്ങള്‍ മാത്രം നില നില്‍ക്കുന്ന ആ കോട്ടയുടെ നാല് വശത്തുമുള്ള നടപ്പാതകളിലപ്പോള്‍ തിരക്കുണ്ടായിരുന്നില്ല. മറ്റു സഞ്ചാരികളില്‍ നിന്ന് മോചനം നേടി അവര്‍ ഏകാന്തമായ ആ നടപ്പാതകളില്‍ ഉല്ലാസത്തോടെ സഞ്ചരിച്ചു. മൌനത്തില്‍ കുതിര്‍ന്ന ആ സായാഹ്നത്തില്‍ അവള്‍ അയാളുടെ കൈ വിരലുകള്‍ പിടിച്ചു മുന്നോട്ടു നടന്നു. അയാളുടെ നീണ്ട കൈ വിരലുകള്‍ തന്റെ കൈകളില്‍ സ്വന്തമാക്കി ചേര്‍ന്ന് നടകുമ്പോള്‍ അവളുടെ മനസ്സില്‍ ആഹ്ലാദ തിരയേറ്റം തന്നെ നടന്നിരുന്നു. മെല്ലെ മെല്ലെ ഇരുട്ടിലേക്ക് മായുന്ന നടപാതകള്‍ അവരില്‍ കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നു നല്‍കി. നിശബ്ദത തീര്‍ത്ത ആ ജീവരാഗ സംസാരത്തില്‍ അവള്‍ അയാളുടെ കൈ വിരലുകളെടുത്തു അവളുടെ ഹൃദയത്തില്‍ നിറയുന്ന അനുരാഗത്തിന്റെ തംബുരു മീട്ടി കൊണ്ടിരുന്നു.
നടന്നു ക്ഷീണിച്ച ആലസ്യ്ത്തില്‍ അവര്‍ തിരികെ പോകാന്‍ തയ്യാരെടുക്കുംപോള്‍ അയാള്‍ പറഞ്ഞു...
"നോക്കൂ ഞാന്‍ ഇതിനു മുന്‍പും ഇവിടെ വന്നിട്ടുണ്ടെങ്കിലും ആ പൊളിഞ്ഞ കോട്ടയുടെ ഉള്‍വശത്തേക്ക് ഇതുവരെ എത്തി നോക്കിയിട്ടില്ല.... നീയൊരു നിമിഷം ഇവിടെ തന്നെ നില്‍ക്കൂ.... ഞാന്‍ വെറുതെ ആ കവാടത്തില്‍ തന്നെ നിന്ന് കണ്ണോടിച്ചു ഉടനെ തിരികെ വരാം". ഇത്രയും പറഞ്ഞയാള്‍ ആ കോട്ടയെ ലക്ഷ്യമാക്കി നടന്നു. ശരിയായ വഴികള്‍ ഇല്ലാത്തത് മൂലം ദുര്‍ഘടം പിടിച്ച പാതകള്‍ ചാടി കടന്നാണ് അയാള്‍ മുന്നോട്ടു നീങ്ങിയിരുന്നത്. അടുക്കാറായപ്പോള്‍ കോട്ടമുറ്റത്തെക്കെത്തുവാന്‍ അയാള്‍ കാലുകള്‍ നീട്ടി വെച്ച് ഒഴിഞ്ഞ സ്ഥലം നോക്കി ഒരൊറ്റ ചാട്ടം വെച്ച് കൊടുത്തു . എന്തോ അയാളുടെ ചാട്ടത്തിന് വേണ്ടത്ര ബാലന്‍സ് ലഭിച്ചില്ല. അയാള്‍ കല്ലുകളും ചപ്പു ചവറുകളും നിറഞ്ഞ ആ കോട്ടമുറ്റത്ത് കൈകള്‍ കുത്തി വീണു. ആരോ ഉടച്ചിട്ട കുപ്പി കഷ്ണങ്ങളില്‍ കൈ തട്ടി അയാളുടെ വിരലുകള്‍ നല്ലവണ്ണം മുറിഞ്ഞു രക്തം വരാന്‍ തുടങ്ങി. അയാള്‍ യാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു അവളുടെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു. വിരലുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന രക്തം കണ്ടവള്‍ നിലവിളിക്കാന്‍ തുടങ്ങി... അയാളവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ നിയന്ത്രണം വിട്ടു കരയാന്‍ തുടങ്ങി. ഭയവും സങ്കടവും മൂലം അവള്‍ ഏതോ വിഭ്രാന്തിയിലെന്നപ്പോലെ പ്രതികരിച്ചു തുടങ്ങി. താന്‍ താലോലിച്ച വിരലുകളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന രക്ത തുള്ളികള്‍ അവളെ ഭ്രാന്തമായ അവസ്ഥയിലാക്കി...അവളുടെ സിരകളിലെ രക്തം തിളച്ചു മറിഞ്ഞു... അവള്‍ ആര്‍ത്തു വിളിക്കാന്‍ തുടങ്ങി... ചുടുരക്ത പൂവുകള്‍ ഒരു പാമ്പിനെ പോലെ അവളുടെ മനസ്സിലിഴയാന്‍ തുടങ്ങി....അവള്‍ ചെവികള്‍ പൊത്തി ഉറക്കെ വിളിച്ചു പറഞ്ഞു...നോ...നോ...എനിക്കിത് കാണാന്‍ വയ്യ...അവള്‍ അയാളെ തള്ളി മാറ്റി ഓടിയകലുകയായിരുന്നു...രക്തം കിനിയുന്ന കൈ വിരലുകള്‍ തൂക്കി കൊണ്ട് അയാള്‍ അവളുടെ പിന്നാലെ പാഞ്ഞു....എനിക്കൊന്നുമില്ല നില്‍ക്കൂ....നില്‍ക്കൂ...അവള്‍ വേഗത്തില്‍ ഓടിയോടി പ്രവേശന കവാടവും താണ്ടി ഇരുട്ടിലേക്ക് ഓടി കൊണ്ടിരുന്നു...അവളുടെ തേങ്ങലുകളില്‍ നിന്നുയരുന്ന ഗദ്ഗദങ്ങളില്‍ "കാണണ്ട ....എനിക്കിനി കാണണ്ട ആ വിരലുകള്‍" എന്നുള്ള പ്രതിധ്വനികള്‍ ആകാശത്തില്‍ തേങ്ങി കൊണ്ടിരുന്നു. വിരലുകളില്‍ നിന്നുതിര്‍ന്നു വീഴുന്ന ചോരതുള്ളികളെ അമര്‍ത്തിപ്പിടിച്ചു അയാളും ഇരുട്ടിനെ ലക്‌ഷ്യം വെച്ച് നടന്നു.




ലോക്കല്‍ ട്രെയിനിലെ പെണ്‍കുട്ടി

അന്നും ഡല്‍ഹിയില്‍ നിന്നും ഫരീദാബാദിലെക്കുള്ള ലോക്കല്‍ ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു. സാറ്റലൈറ്റ്‌ നഗര്മായതുകൊണ്ട് ദിവസവും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നവര്‍ വളരെയേറെയുണ്ട്. നഗരത്തിലെ ട്രാഫിക്കിനെ പേടിച്ചു മധ്യവര്‍ഗ്ഗക്കാര്‍ പോലും സ്വന്തം വാഹനം ഉപയോഗിക്കാതെ ലോക്കല്‍ ട്രെയിനിനെ ആശ്രയിക്കുന്നതു കൊണ്ട് സാമാന്യം നല്ല തിരക്കുണ്ടാവും രാവിലെയും വൈകീട്ടും.

നിസാമുദീന്‍ സ്റേഷനില്‍ നിന്ന് കയറിയ ആ മുസ്ലീം പുരുഷനെയും സ്ത്രീയെയും അവരുടെ ഏഴോ എട്ടോ വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയെയും കണ്ടാല്‍ തന്നെ അവരുടെ ജീവിതാവസ്ഥ തിരിച്ചറിയാം. നന്നായി മുഷിഞ്ഞതും നരച്ചതുമായ വേഷങ്ങള്‍ ധരിച്ചിരുന്ന ആ സ്ത്രീയും പുരുഷന്റെയും കൂടെയുള്ള അവരുടെ മകള്‍ ചുരിദാറിലെ മേലുടുപ്പ് മാത്രമേ ധരിച്ചിരുന്നുള്ളൂ.മേലുടുപ്പ് കാല്‍മുട്ട് വരെ നീളുന്നതുകൊണ്ടായിരിക്കാം അടിയില്‍ പൈജാമയില്ലെങ്കിലും കുഴപ്പമില്ലന്നവര്‍ക്ക് തോന്നിയിട്ടുണ്ടാവുക. അല്ലെങ്കിലും അതൊക്കെ ഗൌരവമായെടുക്കാന്‍ അവര്‍ക്കെവിടെ നേരം... അന്നന്നത്തെ ആഹാരത്തിനുള്ള കഷ്ടപ്പാടില്‍ വസ്ത്രധാരണം തന്നെ "ആഡംബരമായി" കാണുന്ന ഒരു ജനതയുടെ പ്രതീകവല്ക്കരണമല്ലേ അവര്‍ എന്നോകെ ചിന്തിച്ചുകൂട്ടി വ്യവസ്ഥിതിയെ ഒന്നുകൂടി പഴിക്കുമ്പോഴേക്കും ആ പെണ്‍കുട്ടി തന്റെ ഭാണ്ഡവുമായി ബോഗിയിലെ തറയില്‍ അവസാന സീറ്റിന്റെ ഒഴിഞ്ഞ ഇടനാഴികയില്‍ ഇരുന്നു കഴിഞ്ഞിരുന്നു. മധ്യവര്‍ഗ്ഗ ജനതയെപ്പോലെ വസ്ത്രം മുഷിയുമെന്ന "പേടിയില്ലാത്തത്"കൊണ്ട് അവര്‍ക്ക് എല്ലാ ഇരിപ്പിടങ്ങളും ഒരുപോലെ തന്നെയാനെന്നുള്ള തിരിച്ചറിവ് കഴിഞ്ഞ കുറച്ചു കാലത്തെ അനുഭവത്തില്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ചൂടിന്റെ കാഠിന്യവും മറ്റു ദുരിതങ്ങളും കൊണ്ട് ആ കുട്ടിയുടെ മുഖം തികച്ചും അവശത നിറഞ്ഞതായി തോന്നി. ഇനിയൊരു പക്ഷെ വസ്ത്രധാരണത്തിലെ "പിശുക്ക്" ഉച്ച സമയത്തെ ഭക്ഷണനേരത്തും ഉണ്ടായോയെന്നുമറിയില്ല, എന്തായാലും ആ പെണ്‍കുട്ടി വളരെയധികം തളര്‍ന്നിരുന്നുയെന്നുള്ളത് മുഖം വിളിച്ചോതിയിരുന്നു. നല്ല തിരക്കുള്ള ബോഗിയില്‍ അപ്പുറത്തേക്ക് മാറി നിന്നിരുന്നു ഉപ്പയും ഉമ്മയെയും ഇടയ്ക്കിടയ്ക്ക് കുട്ടി എത്തി നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ സ്ത്രീയും കുഞ്ഞിന്റെ കൂടെ തന്നെ താഴെ തറയിലിരുന്നു. മറ്റു മദ്ധ്യവര്‍ഗ്ഗ യാത്രക്കാര്‍ തങ്ങളുടെ പുതിയ കളിക്കൊപ്പായ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടും, പാട്ടു കേട്ടുകൊണ്ടും ചൂടിനെയും വിയര്‍പ്പിനെയും പഴിച്ചും തങ്ങള്‍ക്കു ഇറങ്ങാനുള്ള സ്റൊപ്പിനായി കാത്തിരുന്നു.

കുറച്ചുപ്പുറത്തു മുന്നില്‍ രണ്ടു വരി സീറ്റുകള്‍ക്കുമിടയിലായി വരിവരിയായി നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരില്‍ പിന്നില്‍ നിന്നിരുന്ന ഉയരത്തിലുള്ള ആ യുവാവ് ആധുനിക വേഷവും തുകല്‍ ബാഗും പുതിയ രീതിയിലുള്ള മൊബൈലുമായാണ് യാത്ര ചെയ്തിരുന്നത്. ഇയര്‍ ഫോണ്‍ വെച്ച് ഏതോ ഓഡിയോ കേട്ട് കൊണ്ടിരുന്ന ആ യുവാവ് തന്റെ ബാഗില്‍ നിന്ന് ഒരു സ്നാക്സ്‌ ബിസ്കറ്റിന്റെ പേക്കറ്റെടുത്തു ഓരോന്നായി കഴിക്കാന്‍ തുടങ്ങി. യുവാവിന്റെയും പെണ്‍കുട്ടിയുടെയും മദ്ധ്യത്തില്‍ സീറ്റിനോട് ഓരം ചേര്‍ന്ന് നിന്നിരുന്ന ഞാന്‍ വെറുതെ അയാളുടെ കയ്യിലുള്ള ഫോണിലേക്ക് നോക്കി. അയാളപ്പോള്‍ ഏതോ ക്രിസ്ത്യന്‍ പരിപാടിയുടെ ഫോട്ടോകള്‍ മാറ്റി മറിച്ചു നോക്കുകയായിര്നുന്നു. ഒരുവേള ഫോണില്‍ നിന്ന് ശ്രദ്ധ അടര്ത്തിയയാള്‍ വെറുതെ അപ്പുറത്തേക്ക് നോക്കിയപ്പോഴാണ് തറയില്‍ അവശതയോടെ ഇരിക്കുന്ന ആ പെണ്‍കുട്ടിയുടെ കണ്ടത്. ബിസ്കറ്റ് ഓരോന്നായി കഴിച്ചു കൊണ്ടിരുന്ന അയാള്‍ പെട്ടെന്ന് തന്റെ ബാഗില്‍ നിന്ന് പൊളിക്കാത്ത ചിപ്സ് പാക്കറ്റ് പുറത്തെടുത്തു. അപ്പുറത്തെക്ക് മാറി നിന്നിരുന്ന ആ കുട്ടിയുടെ ഉപ്പയെ നോക്കി അയാള്‍ ചോദിച്ചു " ആ ഇരിക്കുന്ന കുട്ടി താങ്കളുടെതല്ലെ......ഈ ചിപ്സ് ആ കുട്ടിക്ക് കൊടുക്കൂ...ഞാനിപ്പോള്‍ കയറുമ്പോള്‍ പ്ലാറ്റ്മഫോമില്‍ നിന്ന് വാങ്ങിയതാ...എനിക്കിത് രണ്ടും കൂടി കഴിക്കാന്‍ കഴിയില്ല"... മനസ്സില്ലാ മനസ്സോടെ അയാളത് വാങ്ങി പെണ്‍കുട്ടിക്ക് കൊടുത്തു. കഴിക്കാന്‍ കഴിയില്ല എന്നുള്ളത് അയാളുടെ ബോധപൂര്‍വ്വമായ പ്രസ്താവനയനെന്നെനിക്ക് തോന്നി കാരണം 23/24 വയസ്സും അഞ്ചടി പത്തിഞ്ച് ഉയരവുമുള്ള ആ പയ്യന്റെ വയറിനു ആ ഒരു പാക്കറ്റും കൂടി "ഭാരമാവില്ല" എന്നുള്ളത് കണ്ടാലറിയാം. പക്ഷെ അന്നേരം അയാളുടെ "ബോധത്തെ" ആരോ ഉണര്ത്തിയിരിക്കുന്നു. ആ പെണ്‍കുട്ടിയെ വെറുതെ ഒന്ന് കൂടി നോക്കി അയാള്‍ വീണ്ടും തന്റെ മൊബൈലില്‍ തന്റെ ഓഡിയോ കേട്ട് കൊണ്ടിരുന്നു.


ഇറങ്ങാന്‍ നേരം ഞാന്‍ വെറുതെ പെണ്‍കുട്ടിയെ എത്തി നോക്കി..ചിപ്സിപ്പോള്‍ ഏകദേശം കഴിയാറായിയിരിക്കുന്നു.....മുഖത്തു കുറച്ചു വാട്ടവും കുറഞ്ഞിട്ടുണ്ട്... തിരക്കിലൂടെ ട്രെയിനിന്റെ വാതിലേക്ക് നടക്കുമ്പോള്‍ വെറുതെ ആ പയ്യന്റെ ഫോണിലെക്ക് വീണ്ടുമൊന്നു എത്തി നോക്കി... മൊബൈല്‍ സ്ക്രീനിലെ "യേശുവിന്റെ" ഫോട്ടോ എന്നെ നോക്കി ചിരിച്ചുവോ അതോ എന്തോ പറഞ്ഞുവോ എന്നുള്ളത് വ്യക്തമായില്ല.. എന്നാലും ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഒരശരീരി കേട്ടു......"സന്മനസ്സുള്ളവര്‍ക്ക് ഈ ഭൂമിയില്‍ സമാധാനം...നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നെഹിക്കൂ... വിശക്കുന്നവന്റെ വേദനയേ നീ തിരിച്ചറിയൂ'...നിനക്ക് സ്വര്‍ഗ്ഗരാജ്യം വിധിച്ചിരിക്കുന്നു ..ഞാന്‍ വേഗത്തില്‍ മുന്നോട്ടു നടന്നു.


മിണ്ടാപ്രാണിയുടെ രോദനം

അയ്യോ... ഞാനറിയാതെ പറഞ്ഞു പോയി...അടുത്തുള്ള ഗേറ്റില്‍ നിന്നിരുന്ന അയല്‍ക്കാരന്‍ വൃദ്ധനതു കേട്ടു. ഒരു നിമിഷം ഞാന്‍ വല്ലാതെയായി.... ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കരുതെയെന്നു മനസ്സില്‍ പ്രാര്‍ത്തിച്ചു. ഓടി പോയി പറയാനും കഴിയില്ല... രണ്ടു വണ്ടികളുടെ ഇടയിലൂടെ ഒട്ടും വഴിയില്ലായിരുന്നു..എന്നാലും കൂക്കി വിളിക്കാന്‍ തയ്യാറായപ്പോഴേക്കും സമാധാനമായി.... ഡ്രൈവര്‍ വണ്ടി നിര്‍ത്തി....അദ്ദേഹം കണ്ടിട്ടുണ്ട്ത് വീണത്‌. വീണ പശു വളരെ ബുദ്ധിമുട്ടിയെണീറ്റ്‌ റോഡിന്റെ ഇടുങ്ങിയ സൈഡിലൂടെ വീണ്ടും നടന്നു.... ഞാനതിന്റെ കാലിന്മേല്‍ തന്നെ ശ്രദ്ധയോടെ നോക്കി...ഇല്ല ന്ജോണ്ടുന്നില്ല....ടയര്‍ കയറിയില്ല....വളരെ സമാധാനമായി... അല്ലെങ്കില്‍ രാവിലെ തന്നെ.
ആരോടും "പരിഭവം" പറയാന്‍ കഴിയാതെ പശു ഭക്ഷണം തേടി മുന്നോട്ടു നടന്നു പോയി.
രാവിലെ വീടിന്റെ ഗേറ്റിനു സ്വല്‍പ്പം മുന്‍പോട്ടു മാറി റോഡില്‍ ഒരാള്‍ വണ്ടി നിര്‍ത്തിയിട്ടുണ്ടായിരുന്നു . അപ്പുറത്ത് കൂടെ കഷ്ടിച്ചു ഒരു വണ്ടിക്കു കൂടി കടന്നു പോകാം...അതില്‍ കൂടുതല്‍ സ്ഥലമില്ല കാരണം കോളനിയിലുള്ളവര്‍ തങ്ങളുടെ ഗേറ്റിന്റെ മുന്‍വശം നല്ല വണ്ണം ഉയര്‍ത്തി ചരിച്ചു കെട്ടിയിട്ടുണ്ട്. നല്ല ചരിവുള്ളത് കൊണ്ട് ആ സ്ഥലത്ത് ബാലന്സില്ലാതെ ആര്‍ക്കും നടക്കാനും കഴിയില്ല...രണ്ടു വണ്ടികള്‍ റോഡില്‍ ഒരേ വരിയില്‍ നിരന്നപ്പോള്‍ അപ്പുറത്തുള്ള ഇടുങ്ങിയ വഴിയെ ഒരു പശു വഴി പിടിച്ചതാണ് പ്രശ്നം...ചരിവുള്ളത് കൊണ്ട് പശു അടി തെറ്റി റോഡിന്‍റെ ആ ഇടുങ്ങിയ വശത്തു വീഴുകയും അതിന്റെ കാലിന്റെ ഒരു ഭാഗം വണ്ടിയുടെ അടിയിലാവുകയും ചെയ്തു. ഡ്രൈവര്‍ പെട്ടെന്ന് ശ്രദ്ടിച്ചത് കൊണ്ട് പാവം പശുവിന്റെ കാല്‍ രക്ഷ്ടപെട്ടു. അങ്ങിനെയല്ലായിരുന്നെന്കില്‍ ഇന്നാ ഡ്രൈവര്‍ക്ക് രാവിലെ തന്നെ കുറ്റബോധവും കണ്ടു നിന്ന എനിക്ക് ഒരു ദിവസത്തെ മനോ വിഷമവും !!!!
ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഒരു കുറിപ്പുകൂടി ഉണ്ട്. രണ്ടു ദിവസം മുന്‍പ് ദില്ലിയിലെ ചാണക്യപുരിയില്‍ ഒരാള്‍ ഒരു നായയെ രക്ഷിക്കാന്‍ വേണ്ടി മാത്രം തന്റെ മൂന്നു കോടി വിലയുള്ള ആസ്ടന്‍ മാര്‍ട്ടിന്‍ കാര്‍ ഒരു മരത്തിലേക്ക് ഇടിച്ചു കയറ്റി!!!!
നമ്മള്‍ മനുഷ്യന്‍ എന്ന ജീവി നേടിയെടുത്ത ബോധത്തിന്റെ സഹവര്‍ത്തിത്വത്തിന്റെ സവിശേഷത തിരിച്ചറിയുന്നത്‌ ഇത്തരം ചില സംഭവങ്ങളിലൂടെയാണ് . ഒരൊറ്റ ജീവനും താന്മൂലം നഷ്ടപ്പെടരുതെ എന്നുള്ള ചിന്തയില്‍ മൂന്നല്ല മുന്നൂറു കോടി പോലും തൃണവല്ക്കരിക്കാന്‍ തയ്യാറാകുന്ന "മനുഷ്യത്വത്തിനു" സലാം പറയാതെ വയ്യ.


മേരാ ഭരത് മഹാന്‍

അന്നൊരു നാളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ്‌ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ ഇനനര്‍ സര്‍ക്കിളില്‍ വഴിയോര കാഴ്ചകള്‍ കണ്ട്‌ നടക്കുകയായിരുന്നു. മുഖ്യമായും ദേശീയവും അന്തെര്‍ദേശീയവുമായ കമ്പനികളുടെ ബ്രാന്‍ഡ്‌ ഷോ റൂമുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ വലിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ വിശാലമായ സ്ഥല വിസ്തൃതിയില്‍ ഉള്ള ഏക കേന്ദ്രമാണെന്ന് തോന്നുന്നു. വിദേശികളും സ്വദേശികളും ഒരുപോലെ നിറഞ്ഞൊഴുകുന്ന ഈ കേന്ദ്രത്തിലെ പ്രധാന കസ്റ്റമേഴ്സ് ഉപരിവര്‍ഗ്ഗക്കാര്‍ തന്നെയാണ്. അവരെ കൂടാതെ യുവാക്കളുടെയും യുവതികളുടെയും ഒരു ഹാങ്ങ്‌ ഔട്ട്‌ സ്ഥലം കൂടിയാണ് ഈ കൊണാട്ട് സര്‍ക്കസ്.
ടൂറിസ്റ്റുകള്‍ കൂടുമ്പോള്‍ സ്വാഭാവികമായും അവരെ ചുറ്റി പറ്റി ഇതര വഴി വാണിഭക്കാരും ലോകത്തിലെ സകല ലോട്ടു ലൊടുക്ക് ചെപ്പടി വിദ്യക്കാരും നിറയുമെന്നുള്ളത് സ്വാഭാവികമായ ഒരു പരിണാമ പ്രക്രിയയാണ്. സാവധാനം നടന്നു നീങ്ങിയിരുന്ന ഞാന്‍ ഒരു ബ്ലോക്കില്‍ നിന്ന് മറ്റു ബ്ലോക്കിലേക്ക് നടക്കുമ്പോള്‍ ബ്ലോക്കുകളുടെ അവസാനമുള്ള വലിയ തൂണിന്മേല്‍ ചാരി രണ്ടു മധ്യവയസ്ക സ്ത്രീകള്‍ നിന്നിരുന്നു. താരതമ്യെന വൃത്തിയുള്ള വേഷം തന്നെയാണ് അവര്‍ ധരിച്ചിരുന്നത്. അതിലൊരു സ്ത്രീ വേഗത്തില്‍ വന്നു ചെറിയൊരു ത്രിവര്‍ണ്ണ പതാകയുടെ വളരെ ചെറിയൊരു ബാഡ്ജു എന്റെ ഷര്‍ട്ടില്‍ പിന്‍ ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ അവരോടായി പറഞ്ഞു കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഇവിടെ കറങ്ങി നടക്കുന്ന എന്റെ ഷര്‍ട്ടില്‍ ഇത് കുത്തിയിട്ട് നിങ്ങള്ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു കൊണ്ട് വേഗം പിന്മാറി. "ദേശീയ വികാരം" എന്ന പുതിയ ആയുധവുമായി ടൂറിസ്റ്കളില്‍ നിന്ന് പൈസ പിരിക്കാന്‍ ഉപയോഗിക്കുന്ന ആധുനിക ഭിക്ഷടത്തിന്റെ പുതിയ സ്ട്രാറ്റജിയാണ് ഈ പരിപാടിയിപ്പോള്‍ . നമ്മള്‍ ദേശീയപതാക അല്ലെങ്കില്‍ ദേശഭക്തി ജ്വലിക്കുന്ന ഏതൊരു സിംബല്‍ കാണുംമ്പോഴും മാനസികമായി ദേശഭക്തിയുടെ തീവ്രത കൊണ്ട് പെട്ടെന്ന് മയങ്ങി പോകും. ദേശീയത എന്ന നമ്മുടെ വികാരം ജനിച്ച നാള്‍ മുതല്‍ മരണം വരെ ഓരോ ദിവസവും കൂടി കൂടി നമ്മളറിയാതെ തന്നെ നമ്മളില്‍ ലയിച്ചു ചേരുന്ന ഒരു തരം ഡി എന്‍ എ ഘടകം തന്നെയാണ്. അത് കൊണ്ട് തന്നെ അത്തരം വികാരങ്ങളെ ചൂഷണം ചെയ്യാന്‍ വളരെ എളുപ്പവുമാണ്. അത്തരം ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ബാഡ്ജു കുത്തലും പിന്നീട് കുത്തിയവരില്‍ നിന്നുള്ള പൈസ പിരിക്കലും.
വെറുതെ എങ്ങിനെയുണ്ട് ആ സ്ത്രീകളുടെ പുതിയ ദേശീയ വികാരത്തെ ഉണര്ത്തിയുള്ള "ഭിക്ഷാടനം" എന്നറിയാന്‍ വേണ്ടി ഞാന്‍ കുറച്ചപ്പുറത്തെക്ക് മാറി നിന്നു. അതില്‍ നിന്നും മനസ്സിലായത്‌ അവര്‍ എല്ലാവരിലേക്കും ആ ബാഡ്ജുമായി പോകുന്നില്ല എന്നുള്ളതാണ്. ചിലരുടെ മുഖം അകലെ നിന്നു തന്നെ നോക്കി അവര്‍ തങ്ങളുടെ ടാര്‍ജെട്ടില്‍ വരും എന്നുറപ്പാക്കിയതിനു ശേഷം മാത്രമാണ് അവരുടെ നീക്കങ്ങള്‍. എന്റെ പിന്നില്‍ നടന്നു വന്നിരുന്ന കുറെ പേരെ അവര്‍ വിട്ടു കളഞ്ഞു. പിന്നീട് ഒരു യുവാവും യുവതിയും നടന്നു വരുന്നുണ്ടായിരുന്നു. കളി തമാശ പറഞ്ഞു നടന്നു വന്നിരുന്ന അവരെ പെട്ടെന്ന് വന്നു അവര്‍ കീഴടക്കി ബാഡ്ജു കുത്തി. അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ അവര്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റിയിരുന്നു. ഇന്ത്യന്‍ ദേശീയ പതാക തങ്ങളില്‍ ചാര്‍ത്തി തങ്ങളുടെ ദേശീയത ബോധം ഉണര്‍ത്തിയെന്ന് ഏതു പൌരനും അന്നേരം തോന്നി പോകും. ആ തോന്നി പോകലില്‍ അവര്‍ നല്‍കുന്ന "പൈസ" യാണ് ആ സ്ത്രീകളുടെ "വരുമാന മാര്‍ഗ്ഗം". ബാഡ്ജു കുത്തി കഴിഞ്ഞാല്‍ ഉടനടി അവര്‍ പൈസക്ക് വേണ്ടി കൈ നീട്ടും. വികാരം ദേശീയതയായത് കൊണ്ട് തന്നെ അവര്‍ക്ക് ലഭിക്കുന്നത് പലപ്പോഴും ചില്ലറയല്ല കറന്‍സി നോട്ടുകള്‍ തന്നെയാണ് . ദേശീയതയെന്ന ആ വികാരത്തെ പണമാക്കി മാറ്റാനുള്ള ആ തന്ത്രം അവര്‍ക്ക് ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവും എന്നുള്ള ചിന്തയില്‍ ഞാന്‍ പതിവ്പോലെ കാഴ്ച കണ്ടു നീങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു ജയ്‌ മേരാ ഭാരത്‌ മഹാന്‍.....

പനീര്‍ പക്കോടയും പട്ടിയും

ഡല്‍ഹി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ലൈനിലുള്ള മല്ലിക്ക് സ്വീട്സ് മധുര പലഹാരങ്ങള്‍ക്കും പിന്നെ പോക്കൊടകള്‍ക്കും വളരെ പ്രസിദ്ധമാണ്. ഉച്ച തിരിഞ്ഞ (അഞ്ചുമണി) നേരങ്ങളിലുണ്ടാകുന്ന വയറിന്റെ കത്തല്‍ ശമിപ്പിക്കാന്‍ വല്ലപ്പോഴും അകത്താക്കുന്ന പക്കൊടകള്‍ ആരോഗ്യപരമായി നല്ലതല്ലെന്കിലും നാവിന്റെ രുചി മുകുളങ്ങള്‍ക്ക് ഹരം പകരുന്നവ തന്നെയാണ്. ഈയിടെ ഒരു നാള്‍ വെറുതെ അലസമായി പരിസര കാഴ്ചകള്‍ നോക്കി രുചി മുകുളങ്ങയങ്ങനെ പ്രകമ്പനം കൊള്ളിക്കുമ്പോഴാണ് ആ സ്ത്രീ കടയിലേക്ക് കയറി വന്നത്. അവരെ കണ്ടാല്‍ ആരും ഒന്നു നോക്കി പോകും കാരണം തടിച്ച ശരീര പ്രകൃതിയും വൈദേശിക മുഖവും നടത്തത്തിലെ പ്രത്യ്കതയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ രീതിയും ഫാഷനുമെല്ലാം വെച്ച് നോക്കുമ്പോള്‍ ആരുടേയും ശ്രദ്ധയെ ആകര്ഷിക്കതക്ക വിധത്തിലുള്ളവയായിരുന്നു. അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന അവര്‍ കടയില്‍ വന്നു ഒരു പനീര്‍ പൊക്കോട വാങ്ങി...(കൂട്ടത്തില്‍ പറയട്ടെ പക്കൊടകളില്‍ രാജാവാണ് പനീര്‍ പക്കൊട..അതുപോട്ടെ). ഡല്‍ഹി നഗരത്തില്‍ വിദേശികള്‍ ധാരളമുള്ളത് കൊണ്ട് ഇത്തരം കടകളിലൊക്കെ അവരെ സ്ഥിരമായി കാണുക പതിവുള്ളതുമാണ്. എന്നാലും "ദേശീയമായ" നമ്മുടെ പക്കൊട അവര്‍ എങ്ങിനെ രുചിക്കുന്നുവെന്നറിയാന്‍ അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന എന്നെ അമ്പരപ്പിച്ചുകൊണ്ട് അതവര്‍ അടുത്തു തന്നെ നിന്നിരുന്ന ഒരു കറുത്ത നായക്ക് വെച്ച് കൊടുത്തു. പോക്കൊട ലഭിച്ച നായ വാലാട്ടി തന്റെ നന്ദി പ്രകടനം നടത്തി. അവര്‍ ചിരിച്ചുകൊണ്ട് കടയില്‍ പൈസ കൊടുത്ത് കടക്കാരനോട് പിന്നെയും എന്തൊക്കെയോ കുശലങ്ങള്‍ പറഞ്ഞു മുന്നോട്ടു നടന്നു നീങ്ങി...കടക്കു മുന്നില്‍ ഒരേ പോലെ പോക്കൊട പ്ലേറ്റ്മായി നില്ല്ക്കുന്ന ഞാനും നായയും തുല്യ പദവിയില്‍!!! നായ രാജകീയമായി തന്നെ എന്നെ പോലെ രുചി മുകുളങ്ങള്‍ക്ക് ഹരം പകര്‍ന്നു കൊണ്ട് പൊക്കൊട തിന്നാന്‍ തുടങ്ങി....നായ ആഡ്യത്തമുള്ള പനീര്‍ പക്കൊടയും ഞാന്‍ വെറും സാധാരണക്കാരന്റെ ഉരുളക്കിഴങ്ങ് പക്കൊടയും എന്നുമാത്രമുള്ള വ്യത്യാസം മാത്രം!!!
അവര്‍ നടന്നു നീങ്ങിയപ്പോള്‍ കൌതുകത്തോടെ ഞാന്‍ കടക്കരനോട് അവരെപ്പറ്റി ചോദിച്ചു. അയാള്‍ പറഞ്ഞു അവര്‍ അവിടെ അടുത്തുള്ള സ്പാനിഷ്‌ കേന്ദ്രത്തില്‍ (The Instituto Cervantes) ഭാഷ പഠിപ്പിക്കുന്ന അധ്യാപികയാണ്. അവര്‍ കടയില്‍ സ്ഥിരമായി വരുന്നതാണ്. ആദ്യകാലങ്ങളില്‍ അവര്‍ നായകള്‍ക്ക് ബിസ്കട്ടാണ് വാങ്ങിയിരുന്നത്. പിന്നീട് ആരോ അവരോടു പറഞ്ഞുവത്രേ ബിസ്കട്ടുകള്‍ നായകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുള്ളത്.... അന്ന് മുതല്‍ അവര്‍ ബിസ്കറ്റ് നിര്‍ത്തി ഇത്തരം പലഹാരങ്ങള്‍ വാങ്ങി നായകള്‍ക്ക് നല്‍കും. ഇവിടെ ഈ കടക്കു സമീപമുള്ള എല്ലാ നായകളും അവരെ കണ്ടാല്‍ ഓടിയെത്തി സ്നേഹപ്രകടനങ്ങള്‍ നടത്താരുണ്ടാത്രേ. അത്രയ്ക്ക് പരിചയമാണ് നായകള്‍ക്ക് അവരുടെ മുഖം. ഇതൊക്കെ കേട്ട് കടയില്‍നിന്ന് സാധങ്ങള്‍ വാങ്ങി കൊണ്ടിരുന്ന മറ്റൊരു ഹിന്ദിക്കാരന്‍ പറഞ്ഞു.."യഹാം തോ ആദ്മി കോ ഖാനെ കേലിയെ നഹി ഹേ...ഫിര്‍ കുത്തേ കേലിയെ" എന്നുള്ളത്....അതൊരു സാധാരണക്കാരന്റെ സ്വാഭാവികമായ രോഷത്തിന്റെ ശബ്ദമെന്നു എനിക്ക് തോന്നി. മിണ്ടാ പ്രാണികളോടുള്ള സമീപനം തികച്ചും സഹവര്‍ത്തിത്വത്തിന്റെ തന്നെയായിരിക്കണം. മിണ്ടാ പ്രാണികള്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുന്നത്തിലൂടെ അവര്‍ നേടുന്ന ആത്മസംതൃപ്തിയും ഒരു പക്ഷെ വളരെ വലുതുമായിരിക്കും. എന്നാല്‍ "മിണ്ടുന്ന പ്രാണികളോട്" അവരുടെ സമീപനം എന്തായിരിക്കുമെന്നുള്ളതാണ് തിരിഞ്ഞു നടക്കുമ്പോള്‍ എന്നെ മനസ്സില്‍ ഉയര്‍ന്നു വന്ന മറ്റൊരു ചോദ്യം.



പുണര്‍തം പിറന്നാള്‍
ശ്രീകോവിലില്‍ നിര്‍മാല്യ ദര്‍ശനത്തിനായി തിരുമേനി ആദ്യ നെയ്‌വിളക്ക് കൊളുത്തി ഒരു ദിവസത്തെ മുഴുവന്‍ സാഫല്യത്തിനു വേണ്ടി മനം മറന്നു പ്രാര്‍ഥിച്ചു. പിന്നീട് ഉപദൈവങ്ങള്‍ക്ക് വിളക്ക് കത്തിക്കുവാനായി ശ്രീ കോവിലില്‍ നിന്ന് പുറത്തേക്ക് വന്ന തിരുമേനി പതിവില്ലാതെ ദര്‍ശനത്തിനായി നടക്കല്‍ നില്‍ക്കുന്ന ഭകതനെ കണ്ടു അന്തം വിട്ടു. നഗരത്തിന്റെ ഒരൊഴിഞ്ഞ കോണിലെ ആ ക്ഷേത്രത്തില്‍ അതിരാവിലെയുളള നിര്‍മാല്യ ദര്‍ശനത്തിനു വരുന്നവര്‍ ഇല്ലയെന്നുതന്നെ പറയാം. അതിരാവിലെ തന്നെ കുളിച്ചു കസവ്കര മുണ്ട് ചുറ്റി വെളുത്ത നിറത്തിലുള്ള ജുബ്ബയണിഞ്ഞു തിളങ്ങുന്ന മുഖ പ്രസാദത്താല്‍ ക്ഷേത്ര നടയില്‍ നില്‍ക്കുന്ന അയാളെ കണ്ടു തിരുമേനി ചോദിച്ചു...
"ചോദിക്കണോണ്ട് ഒന്നും തോന്നരുത്.... ഇവിടെ നിര്‍മാല്യ ദര്‍ശനത്തിനൊന്നും അങ്ങിനെ ആരും വരാറില്യ...മുഖപരിചയം ഒട്ടും ഇല്ലാത്ത ഒരാളായത് കൊണ്ട് ചോദിക്ക്യാ....വിരോധം തോന്നരുത് ...ഞാന്‍ ഇതിനു മുന്നേ ഇവിടെയൊന്നും കണ്ടതായി ഓര്‍ക്കുന്നില്യാ....? എവിടുന്നാ?"
അയാള്‍ വെറുതെ പുഞ്ചിരിച്ചു എന്നിട്ട് തിരുമേനിയോടായി പറഞ്ഞു ....."അത് തിരുമേനി....ഞാന്‍ ഇവിടെ അടുത്തുള്ളത് തന്നെയാ"....
"ഓ...ന്നാ ശരി.. പ്പം വരാം ..."
ഇത്രയും പറഞ്ഞു തിരുമേനി ഉപദൈവങ്ങള്‍ക്ക് വിളക്ക് കത്തിക്കാന്‍ വേണ്ടി മുന്നോട്ടു നടന്നു പോയി.അയാള്‍ ക്ഷേത്രനടക്കല്‍ നിന്ന് ശ്രീകോവിലില്‍ കത്തുന്ന ഒറ്റ ദീപത്തില്‍ ഭഗവാന്റെ തിരുരൂപം ദര്‍ശിച്ചു. തലേന്നാള്‍ ചാര്‍ത്തിയ തുളസിമാലകളും മറ്റു പുഷ്പമാലകളും ചേര്‍ന്ന വിഗ്രഹത്തില്‍ നിറവോടെ വളരെ കലാപരമായി തന്നെ ചാര്‍ത്തിയ ചന്ദനത്താലും കൃഷണ വിഗ്രഹം മുന്നില്‍ തിളങ്ങി നിന്നു. അയാള്‍ കണ്ണടച്ചങ്ങനെ ധ്യാനത്തില്‍ എത്ര നേരം നിന്നുവെന്നറിയില്ല കണ്ണുകള്‍ തുറന്നപ്പോള്‍ സോപാനപടികള്‍ കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന തിരുമേനിയെയാണ് കണ്ടത്. വാര്‍ദ്ധക്യം കൊണ്ട് സ്വല്‍പ്പം കേള്വിക്കുറവുള്ള തിരുമേനി വീണ്ടും അയാളെ നോക്കി ചോദിച്ചു.
" അല്ല എവടന്നാ ന്നാ പറഞ്ഞെ"...അയാള്‍ സ്വല്‍പ്പം ശബ്ദംകൂട്ടി തന്റെ വീടും സ്ഥലവും പറഞ്ഞു ധരിപ്പിച്ചു. തിരുമേനിയത് മനസ്സിലയെന്നുള്ള മട്ടില്‍ തലയാട്ടി...എന്നിട്ട് വീണ്ടും തുടര്‍ന്നു...
"അങ്ങിനെ അമ്പലത്തിലൊന്നും കണ്ടിട്ടില്യാ...വരാറില്ല്യെ??" അയാള്‍ അപ്പോഴും പുഞ്ചിരിച്ചതെയുള്ളൂ.....എന്നിട്ട് തിരുമേനിയോടായി പറഞ്ഞു....
"അതിപ്പോള്‍ ഞാനങ്ങിനെ പതിവായി വരുന്ന ഒരാളല്ല തിരുമേനി...ദൈവം എന്ന സന്കല്ല്പ്പം ഓരോരുത്തരുടെയും മനസ്സിലല്ലേ കുടികൊള്ളുന്നത്...അതുകൊണ്ട് ശുദ്ധിയുള്ള മനസ്സ് എവിടെ നിന്ന് വിളിച്ചാലും ദൈവം വിളി കേട്ട് കൊള്ളും. അതിപ്പോ തിരുമേനി നമ്മുടെ വേദങ്ങള്‍ തന്നെ പറയുന്നത് അഹം ബ്രഹ്മാസ്മി എന്നാണല്ലോ"....അതിരാവിലെ തന്നെ വൃദ്ധനായ തിരുമേനിയോട് തത്വശാസത്രം പറയെണ്ടിയിരുന്നില്ല എന്നയാള്‍ പിന്നീടാണ് ചിന്തിച്ചത്. മറുപടി കേട്ട തിരുമേനി മനസ്സില്‍ എന്തോ ആലോചിച്ചുവെന്നു തോന്നി അന്നേരം... എന്നിട്ടദ്ദേഹം പറഞ്ഞു..
"അതൊക്കെ ശര്യാ ന്നെ കുട്ട്യേ....... പക്ഷെ അമ്പലങ്ങള് നല്കുന്ന പരിശുദ്ധി, അഭൌമ സുഗന്ധം, നിശബ്ദ പ്രാര്‍ത്ഥന വേദി ഇവയെല്ലാം ഒന്നിച്ചു ഒരു സ്ഥലത്ത് ലഭിക്കണമെങ്കില്‍ ക്ഷേത്രങ്ങളില്‍ തന്നെ വരണം"...അയാള്‍ അതിനു മറുപടിയൊന്നും പറയാതെ ശരിയാണെന്നുള്ള വിധത്തില്‍ തലയാട്ടി. സംസാരം അവസാനിപ്പിച്ചു ശ്രീകോവിലിലെക്കുള്ള പടവുകള്‍ കയറാന്‍ തുടങ്ങിയ തിരുമേനിയോട് അയാള്‍ വീണ്ടും പറഞ്ഞു....
" തിരുമേനി...എന്റെ ഇന്നത്തെ വരവിനു ഒരു പ്രത്യക ഉദ്ദേശ്യമുണ്ട്...ഇന്നെന്റെ പിറന്നാളാണ്...അമ്മയുടെ ആഗ്രഹമാണ് ഞാന്‍ പിറന്നാളിനെന്കിലും ക്ഷേത്രത്തില്‍ പോകണമെന്നുള്ളത്....എന്നാല്‍ പിന്നെ ഇന്ന് ഒഴിവു ദിനമായത് കൊണ്ട് ഇന്നത്തെ ദിവസം തുടങ്ങുന്നത് തന്നെ ക്ഷേത്ര ദര്‍ശനത്തിനു ശേഷമാവാമെന്നു വിചാരിച്ചു...ഇന്ന് മകരമാസത്തിലെ അശ്വതിയല്ലേ.....ആ നാളില്‍ ഒരു പുഷ്പാഞ്ജലിയും പിന്നെ ഇന്നത്തേക്ക് വേണ്ടി ക്ഷേത്രത്തില്‍ ചില പ്രത്യക പൂജകളുമാവാം. അമ്മമാര്‍ക്ക് സന്തോഷം നല്‍കുന്ന പ്രവര്‍ത്തിയില്‍ യുക്തിയുടെയും അയുക്തിയുടെയും വശങ്ങള്‍ നോക്കെണ്ടാതില്ലല്ലോ".....
അയാളുടെ സംസാരം എന്തോ തിരുമേനിക്കത്ര പിടിച്ചില്ലെന്നു തോന്നി മുഖം കണ്ടപ്പോള്‍.... തിരുമേനി അയാളെ നന്നായി നോക്കിയിട്ട് പറഞ്ഞു...
"കുട്ടീക്ക് കുഴപ്പമൊന്നുമില്ലല്ലോ.... അല്ല അതിരാവിലെ തന്നെ പതിവില്ലാത്ത വരവും പിന്നെ ഇമ്മാതിരി"... അദ്ദേഹമത് പറഞ്ഞു മുഴുവനാക്കിയില്ല
"അതെന്താ തിരുമേനി അങ്ങിനെ പറയാന്‍ "
"അതല്ല... കുട്ടീ ഇന്ന് മകരമാസത്തിലെ അശ്വതി എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ ....ഇന്ന് മേടമാസത്തിലെ പുണര്‍തമാണ് നക്ഷത്രം"....
അതെങ്ങനെ തിരുമേനി.... ഞാന്‍ കലണ്ടറില്‍ നോക്കി മാര്‍ക്ക് ചെയ്തിട്ടുണ്ട്...തെറ്റാന്‍ വഴിയില്ലല്ലോ!!!...തിരുമേനി ഒന്ന് കൂടി ശരിക്കൊര്‍ത്തു നോക്കൂ....
"കുട്ടീ..എനിക്ക് വയസ്സായെങ്കിലും നാളും മാസവും ഒക്കെ നല്ല ഓര്‍മ്മ തന്നെയാണ്. ദിവസവും ചെയ്യുന്ന ജോലിയല്ലേ...അതെങ്ങനെ മറക്കാന്‍ പറ്റും".... അയാള്‍ കുറച്ചു നേരത്തേക്ക് ആകെ കണ്‍ഫ്യൂഷനായി... എങ്ങിനെ തന്റെ കണക്ക്ക്കൂട്ടല്‍ തെറ്റി പ്പോയി, എല്ലാം കുറിച്ചിട്ടതാണല്ലോ പോരാത്തതിന് ഭാര്യയോടും പറഞ്ഞിട്ടുണ്ടായിരുന്നതാണ് ഇന്ന ദിവസമാണ് എന്റെ പിറന്നാള്‍ എന്നുള്ളത് എന്നിട്ടും എങ്ങിനെയീ പിഴവ് വന്നു"....ഇനിയിപ്പോള്‍ എന്ത് ചെയ്യും? അയാള്‍ സ്വല്‍പ്പ നേരമാലോചിച്ചു
പെട്ടെന്നെന്തോ തീരുമാനിച്ചുറച്ചപോലെ അയാള്‍ പറഞ്ഞു...." എന്നാ തിരുമേനി പുഷ്പാഞ്ജലി പറഞ്ഞ നാളില്‍ തന്നെ ചെയ്തോള്ളൂ...പിന്നെ ഇന്നത്തെ ദിവസത്തേക്ക് വേണ്ടി ചില പ്രത്യക പൂജകളും ചെയ്തോള്ളൂ...എന്തായാലും അതിരാവിലെ വന്നതല്ലേ ഭഗവാന്റെ മുന്നില്‍ ദിനങ്ങള്‍ക്കും മാസങ്ങള്‍ക്കൊന്നും അങ്ങിനെ വലിയ പ്രസക്തിയൊന്നുമില്ല പൂജ എന്ന് നടത്തിയാലും എന്റെയമ്മക്ക് സന്തോഷമായി കൊള്ളും.
തിരുമേനി പറഞ്ഞു.... "പൂജകളുടെ രസീട്ടു ആ കൌണ്ടറില്‍ നിന്ന് വാങ്ങി വന്നോള്ളൂ..ഞാന്‍ ശ്രീകോവിലില്‍ പോയി നിര്‍മാല്യം മാറ്റി അഭിഷേകം ചെയ്തു എല്ലാ വിളക്കുകളും തെളിയിക്കട്ടെ...അതിനുശേഷം ഞാന്‍ കുറച്ചു പൂവും പ്രസാദവും തരാം...ബാക്കി നേദ്യങ്ങളോക്കെ പിന്നീട് വന്നു വാങ്ങിച്ചാല്‍ മതി". ഇത്രയും പറഞ്ഞു തിരുമേനി ശ്രീ കോവിലിനുളളിലേക്ക് കയറിപ്പോയി.... അയാള്‍ മെല്ലെ പുറത്തുള്ള കൌണ്ടാറിലേക്കും നടന്നു. റീസ്‌ിപ്റ്റ് വാങ്ങി തിരികെ എത്തിയപ്പോള്‍ തിരുമേനി ഒരു ചെറിയ ഇലയില്‍ പൂവും പ്രസാദവുമായി പുറത്തു വന്നു. പ്രസാദം കൈ നീട്ടി വാങ്ങുമ്പോള്‍ അയാള്‍ സകല ചരാ ചരങ്ങള്‍ക്കും രക്ഷകനായ ദൈവമേ നിന്റെ കടാക്ഷം എല്ലാവരിലും നിറഞ്ഞു നില്‍ക്കട്ടെയെന്നുള്ള പ്രാര്‍ത്ഥനയില്‍ കണ്ണടച്ച് നിന്നു. സോപാന പടവുകള്‍ കയറി പോയ തിരുമേനി ശ്രീകോവില്‍ പ്രവേശിക്കുന്നതിനു മുന്‍പായി മുകളില്‍ തൂക്കിയിട്ടിരുന്ന മണി മൂന്ന് പ്രാവശ്യമടിച്ചു.
നിരന്തരമായടിക്കുന്ന മണിയുടെ ശബ്ദംകേട്ടയാള്‍ ഉറക്കത്തില്‍ നിന്നെണീറ്റു പെട്ടെന്ന് കണ്ണ് തുറന്നു നോക്കി ....ഓ...മൊബൈല്‍ ഫോണ്‍ നേരം വെളുത്തുവെന്നുള്ളതിന്റെ സൂചന തരുന്നതാണ്. അലാം ഓഫ്‌ ചെയ്തു അയാള്‍ സമയം നോക്കി.... അഞ്ചരയായതെ ഉള്ളൂ...ഓ ഇന്ന് ഒഴിവു ദിനമാണല്ലേ...ഇനിയും നേരമുണ്ട് ഉണരാന്‍. പക്ഷെ ഇന്നിനി ഉറങ്ങണ്ട...ഇതുവരെ നിര്‍മാല്യ ദര്‍ശനം നേരില്‍ കാണാത്ത അയാള്‍ സ്വപ്ന ദര്‍ശനത്തിന്റെ സാഫല്യ്ത്തില്‍ എണീറ്റു പുറത്തേക്ക് നടന്നു ..



ഉച്ചയൂണും സ്പെഷലും

കേരള ഹൌസിലെ കൌന്ടെര്‍രില്‍ നിന്നും ഊണിനു കൂപ്പണ്‍ എടുക്കുമ്പോള്‍ കേഷിയര്‍ ചോദിച്ചു "സ്പെഷ്യല്‍" വേണ്ടേയെന്നു....വേണ്ടയന്നു പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി കാരണം മുന്നില്‍ നിന്ന നാല് പേരും "സ്പെഷ്യല്‍കാരായിരുന്നു".
ഡൈനിങ്ങ്‌ ഹാളില്‍ ഉച്ച നേരമായത് കൊണ്ട് നല്ല തിരക്കുണ്ട്. അവസാനം ഒരു മേശയുടെ ഒരറ്റത്ത് ഒരു കസേര കാലിയുന്ടായിരുന്നത് കൊണ്ട് എന്റെ നമ്പര്‍ പെട്ടെന്ന് വന്നു. ആസനസ്ഥനായി തന്റെ പ്ലേറ്റ് വരുന്നതുവരെ അടുത്തിരിക്കുന്നവരെ വെറുതെ വീക്ഷിച്ചു. പിന്നെ അവര്‍ കഴിക്കുന്ന പ്ലേറ്റിലേക്കും നോക്കി. സ്ത്രീകളും കുട്ടികളടക്കം ആബാലവൃദ്ധം ജനങ്ങളും "കടിച്ചു പറിക്കുന്നതില്‍" വ്യാപ്രിതരായിരുന്നു, തിരിഞ്ഞു പിന്നിലെ മേശമേല്‍ നോക്കി അവിടെയും അങ്ങിനെ തന്നെ.... വശങ്ങളിലും മുന്നിലെ മേശമേലും നോക്കി അവിടെയും അങ്ങിനെ തന്നെ. എനിക്ക് സംശയമായി ഞാന്‍ മാത്രമേയുള്ളൂ അമ്പതു അറുപതു പേരിരിക്കുന്ന ഈ ഹാളില്‍ ഏക "സമ്പൂര്‍ണ്ണ സസ്യാഹാരി" !!!! കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ പ്ലേറ്റ് വന്നു. ഞാന്‍ മെല്ലെ "കലാ പരിപാടി" ആരംഭിച്ചു. നിറയെ കുഴികളുള്ള സ്റ്റീല്‍ പ്ലേറ്റില്‍ ഒരു വലിയ കുഴിയില്‍ ഒന്നുമില്ല. എന്തെങ്കിലും മറന്നതായിരിക്കുമോ??... വെറുതെ കൌതുകത്തോടെ മറ്റുള്ളവരുടെ പ്ലേറ്റില്‍ നോക്കി... ഓ...ഞാന്‍ പമ്പര വിഡ്ഢി തന്നെ... അത് "സ്പെഷ്യല്‍" വെക്കാനുള്ള കളമാണ്...സസ്യബുക്കുകള്‍ക്ക് എന്ത് "സ്പെഷ്യല്‍". മലയാളീ ലോകത്ത് സസ്യഭുക്കുകള്‍ എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ "സ്പെഷ്യല്‍".
എന്റെ "കലാപരിപാടി" ഇപ്പോള്‍ പകുതി കഴിഞ്ഞിരുന്നു. അപ്പോഴേക്കും മുന്നിലെ ഒഴിഞ്ഞ സീറ്റില്‍ പുതിയ ആള്‍ വന്നിരുന്നു. പുതിയതായി വന്നു ചേര്‍ന്ന ആള്‍ ഫോണില്‍ ബിസി ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ പ്ലേറ്റും മുന്നില്‍ നിരന്നു. ഞാന്‍ ഇടക്കണ്ണിട്ട് നോക്കി. "ഹാവൂ സമാധാനമായി... അയാളുടെ പ്ലേറ്റിലെ "സ്പെഷ്യല്‍ കോളവും" ഒഴിഞ്ഞു തന്നെ കിടക്കുന്നു. വെറുതെ അയാളെ ഒന്ന് കൂടി ശ്രദ്ടിച്ചു....നെറ്റിയില്‍ ചന്ദനകുറി ഉണ്ട്...ദൈവ വിശ്വാസി ആയിരിക്കാം...അല്ലെങ്കില്‍ ശനിയാഴ്ച "മാംസാഹാര വ്രതമാവാം അതുമല്ലെങ്കില്‍ ഗോമാതാവിന്റെ ഭക്തനാവാം" എന്തായാലും ഞാന്‍ ഒറ്റക്കല്ല ഇക്കൂട്ടത്തില്‍ എന്നുള്ള വിശ്വാസം ആശ്വാസം പകര്‍ന്നു. ഊണ് കഴിഞ്ഞു ഹാളിന്റെ മറുവശത്തുള്ള വാഷ്‌ ബേസിനില്‍ കൈ കഴുകാന്‍ നടക്കുമ്പോള്‍ വെറുതെ "പരീക്ഷണാര്‍ത്തം" എല്ലാ മേശമേലും നോക്കി. എല്ലാവരുടെയും പ്ലേറ്റുകള്‍ "സ്പെഷ്യല്‍" കൊണ്ട് നിറഞ്ഞിരിക്കുന്നു. വെറുതെയല്ല കേഷിയര്‍ സ്പെഷ്യല്‍ വേണ്ട എന്ന് പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് നോക്കിയത്. ഊണ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ വെറുതെ ചിന്തിച്ചു കേരളത്തില്‍ "സസ്യബുക്കുകള്‍ ജനസംഖ്യയില്‍ എത്ര വരും". രണ്ടോ മൂന്നോ അതോ അഞ്ചു ശതമാനമോ അതില്‍ കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയില്ല. വെറുതെ ഒരുവേള ഞാനടുത്തറിയുന്ന ആളുകളെ പറ്റി തന്നെ ഓര്‍ത്ത്‌ നോക്കി എത്ര പേര്‍ കാണും സസ്യഭുക്കുകള്‍....വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതെന്തെങ്കിലുമാകട്ടെ... "സസ്യഭുക്കുകള്‍ വേണ്ടി" എന്തെങ്കിലും രുചിയുള്ള/ ചൊടിയുള്ള ചില "സ്പെഷ്യലുകള്‍ " കേരളത്തിലും ഉണ്ടന്‍ വരേണ്ടിയിരിക്കുന്നു.
വെജ് "സ്പെഷ്യല്‍" കറികളുടെ അഭാവം കേരളത്തില്‍ ചെല്ലുമ്പോഴാണ് കൂടുതല്‍ അനുഭവപ്പെടുക. അവിടെ സസ്യാഹാരികളെ നോക്കുന്നത് തന്നെ ഒരു പുച്ച്ച ഭാവത്തോടെടെയാണ്, പ്രത്യകിച്ചു ഉച്ച സമയങ്ങളില്‍ തിരക്കുള്ള ഹോട്ടലുകളില്‍.
*********************************************************************************************************************************
അടികുറിപ്പ്:- ഭക്ഷണ രീതികള്‍ തിരഞ്ഞെടുക്കുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. അത് ഏതു തരത്തില്‍ വേണമെന്നുള്ളത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം അവരില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നു. സസ്യാഹാരം ശരി മാംസാഹാരം തെറ്റെന്നുള്ള ധ്വനിയിലുമല്ല ഈ കുറിപ്പ് എന്നുള്ളതും വ്യക്തമാക്കട്ടെ.



ജീവന്റെ ആഴിയിലെ കുഞ്ഞോളങ്ങളെ നോക്കി മനസ്സ് തുടിച്ചപ്പോള്‍ കാണാകടലിനപ്പുറത്തുള്ള വര്‍ണ്ണമയമാര്‍ന്ന സ്വപ്നതീരത്തെ കുറിച്ചായിരുന്നു ചിന്ത.
അലതല്ലിയടിച്ച തിരമാലകള്‍ കരയെപുണര്‍ന്നു മടങ്ങുമ്പോള്‍ പാദങ്ങള്‍ക്കടിയിലൂടെ ഒഴിഞ്ഞു പോകുന്ന മണല്‍തരികള്‍ തീര്‍ക്കുന്ന വിള്ളലുകളെ കുറിച്ചോര്‍ത്തില്ല കാരണം സ്വപ്നത്തില്‍ലുതിര്‍ന്നു വീണ മഴവില്ലിന്റെ നിറങ്ങള്‍ മനസ്സിനെ അടരനാവാതെ തികച്ചും മോഹവലയത്തിലൊതുക്കി നിര്‍ത്തി. അനന്തതയിലെപ്പോഴോ വിരിഞ്ഞ ബോധത്തില്‍ തിരി തെളിഞ്ഞപ്പോള്‍ കാല്‍ ചുവട്ടില്‍ വിടര്‍ന്ന ഗര്‍ത്തത്തില്‍ സ്വപ്നങ്ങളെയും മഴവില്ലിനെയും തള്ളിയിട്ടു നഷ്ടപെട്ട മണല്‍ തരികളെ വാരിയെടുക്കാന്‍ ഓടിയകലുകയായിരുന്നു ജീവിത തിരകളിലേക്ക്.








വഴിവക്കിലെ പുണ്യഗീതം.

ഡല്‍ഹിയിലെ ബാരകമ്പാ റോഡില്‍ നിന്ന് കസ്തൂര്‍ഭാ ഗാന്ധി മാര്‍ഗിലെകുള്ള ബൈലൈനില്‍ കൂടി രാവിലെ നടന്നു പോകുമ്പോള്‍ നിങ്ങളുടെ കാതുകളില്‍ രാമായണത്തിലെ ശീലുകള്‍ പുണ്യമായി വന്നു നിറയും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുടക്കമില്ലാതെ വഴിയാത്രക്കാരെ രാമചരിതമാനസത്തിന്റെ ഈരടികള്‍ കേള്‍പ്പിക്കുന്ന ആ സ്ത്രീ ശബ്ദം. വളരെ കുലീനതയുള്ള അവരുടെ മുഖം അയല്‍വക്കത്തുള്ള ഏതൊരു മധ്യവര്‍ഗ്ഗ അമ്മയുടെയും/അമ്മുമ്മയുടെയും മുഖം തന്നെയായിരുന്നു. അത് കൊണ്ടും കൂടിയാണ് അപരിചിതരായ വഴിയാത്രക്കാര്‍പ്പോലും അവരെ കൂടുതല്‍ ശ്രദ്ധയോടെ വീക്ഷിച്ച് നടന്നു നീങ്ങുന്നത്‌. ആ വഴി കടന്നു പോകുന്ന പതിവ് യാത്രക്കാരില്‍ ചിലരെങ്കിലും അവരുടെ മുന്‍പില്‍ ദിവസവും അവര്‍ക്ക് ഭക്ഷിക്കാനായി പഴങ്ങളും ബിസ്കറ്റും ചുരുക്കം ദിവസങ്ങളില്‍ ചപ്പാത്തിയും നല്‍കി നടന്നു നീങ്ങുന്നത്‌ കാണാം. ജനങ്ങള്‍ മുന്നില്‍ വെക്കുന്ന സാധനങ്ങളിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ അവര്‍ തന്റെ രാമച്ചരിതമാനസത്തിലെ രാമവാക്യങ്ങളില്‍ മനസ്സര്‍പ്പിച്ചു തന്റേതായ ലോകത്തില്‍ മാത്രം ഒഴുകി നടന്നു.
അന്നൊരു ദിവസം ഉച്ച ഭക്ഷണത്തിനു ശേഷമുള്ള നടത്തം ഞാന്‍ ജനപഥ മാര്‍ക്കെറ്റിലെക്കാക്കി. മാര്‍ക്കറ്റില്‍ തൂക്കിയിട്ടിരുന്ന ഫാഷന്‍ വസ്ത്രങ്ങളുടെ വര്‍ണ്ണ വിസ്മയത്തിലും അവ തിരഞ്ഞെടുക്കാന്‍ എത്തുന്നവരുടെ ചിന്താകുഴപ്പത്തിലും ശ്രദ്ദിച്ചു മെല്ലെ മെല്ലെ നടന്നു നീങ്ങുമ്പോള്‍ പെട്ടെന്നാരു ആര്‍ദ്രമായ സ്ത്രീ ശബ്ദമെന്റെ കാതില്‍ വന്നലച്ചു.
" ബേട്ടാ ഏക്‌ ചായ് കേലിയെ പൈസ ദേ ദോ"....
ഒരു വേള തിരിഞ്ഞു നോക്കിയപ്പോള്‍ ഞാനമ്പരന്നു. മാര്‍ക്കെറ്റിലെ പ്രസിദ്ധമായ ഡീപോള്‍സ് സ്നാക്ക്സ് കടയുടെ മുന്‍ വശത്തെ തറയിലിരുന്നു കയ്യിലെ കടലാസ്സു പ്ലേറ്റില്‍ നിന്നും ചീസ് ബോള്‍ എന്ന പലഹാരം ചെറിയ ചെറിയ കഷങ്ങളായി ചവച്ചിറക്കുന്ന ആ മുഖം ഞാന്‍ സ്ഥിരമായി കാണുന്ന ആ അമ്മ തന്നെയായിരുന്നു. വഴിയോര യാത്രക്കാരുടെ കാതുകള്‍ക്ക് പുണ്യമേകി ശ്രീരാമ കഥകള്‍ ഉറക്കെ ചൊല്ലി കേള്‍പ്പിക്കുന്ന ആ ആത്മീയതയുടെ സ്വരമിതാ ഒരു ചായക്ക് വേണ്ടിയുള്ള പൈസക്കായി കേഴുന്നു. ദൈവമേ... നിന്റെ മാഹാത്മ്യം മാലോകര്‍ക്ക് മുന്നില്‍ വിളിച്ചോതുന്ന അവരെ നീയെന്തിനിങ്ങനെ പരീക്ഷിക്കുന്നു. ജീവിതത്തിന്റെ അസ്തമയ നാളുകളില്‍ തുണയില്ലാതെ അലയുന്ന അവരുടെ വിളിയെന്തെ നീ കേള്‍ക്കാതെ പോകുന്നത്. തിരിഞ്ഞു നിന്ന് അവര്‍ക്ക് പൈസ കൊടുത്തത്തിനുശേഷം കുറെ നാളായി മനസ്സില്‍ തങ്ങി നിന്നിരുന്ന ആ ജിന്ജ്ഞാസക്ക് വിരാമമിടാമെന്നു വിചാരിച്ചു ഞാനവരുടെ അടുത്തു തന്നെയിരുന്നു. പൈസക്ക് നന്ദി പറയുന്ന വാക്കുകളുടെ പിറകെ പറ്റി ഒരല്പ്പ സമയം അവരുടെ ജീവിത വഴിത്താരയിലേക്ക് കാതും നട്ട് ഞാനിരുന്നു.
രാംരതി സിംഗ് ഉത്തര്‍പ്രദേശിലെ റായി ബറേലി നിവാസിയാണ്. സ്കൂളില്‍ ഹിന്ദി ടീച്ചറായിരുന്നു എന്നാല്‍ മരിച്ചു പോയ മദ്യപാനിയായ ഭര്‍ത്താവ് അവരുടെ അധ്യാപക ജോലി നിര്‍ബന്ധപൂര്‍വ്വം ഇല്ലാതാക്കി. അല്ലെങ്കില്‍ അവരിന്നു പെന്‍ഷന്‍ വാങ്ങി സുഖമായി ജീവിക്കുന്ന ഒരു വ്യക്തിയായി മാറുമായിരുന്നു. അഞ്ചു ആണ്‍ മക്കളും ഒരു പെണ് മകളുമുള്ള അവര്‍ ജീവിതത്തില്‍ അനാഥത്വം അനുഭവിക്കുന്നു. അവര്‍ പറഞ്ഞു......
" വിവാഹിതരായ മക്കള്‍ക്ക്‌ അവരുടെ ജീവിതത്തിനു വേണ്ട വക തന്നെ ഉണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പിന്നെങ്ങിനെ എന്നെ കൂടി നോക്കും".
ഗത്യന്തരമില്ലാതെ ഞാന്‍ വീട് വിട്ടിറങ്ങി. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ സംഗം അലഹാബാദില്‍ ജീവിച്ചു. പിന്നീടു ഭഗവാന്‍ രാമന്റെ അയോദ്ധ്യയില്‍ പോയി. അവിടെ നിന്നു അവര്‍ പോയത് ജമ്മുവിലുള്ള മാതാ വൈഷനവ ദേവി ക്ഷേത്ര നടയിലായിരുന്നു. പിന്നീട് ബാബാ അമര്‍ നാഥിലും. അവിടെങ്ങളിലൊന്നും അവര്‍ മനസ്സ് കൊണ്ട് സംതൃപ്തയായില്ല. അവസാനം രക്ഷ തേടി അവര്‍ ഡല്‍ഹിയില്‍ എത്തി. സോണിയ ഗാന്ധി എന്റെ മണ്ഡലത്തില്‍ നിന്നു ജയിച്ചു വന്ന എം പി യാണ്. അവരെ കാണുന്നതിനു വേണ്ടി ഞാന്‍ കുറെ പ്രാവശ്യം ശ്രമിച്ചു. പക്ഷെ കാവല്‍ക്കാര്‍ എന്നെ ഉള്ളിലേക്ക് വിട്ടില്ല. ജീവിതം ഇപ്പോള്‍ കേന്ദ്ര ഡല്‍ഹിയുടെ വഴിയോരങ്ങളില്‍, ചിലപ്പോള്‍ ഇവിടെ തന്നെയുള്ള ഹനുമാന്‍ മന്ദിറില്‍. രാത്രിയില്‍ ഏതെങ്കിലും ആളൊഴിഞ്ഞ കട തിണ്ണകളില്‍ പകര്‍ന്നാടുന്നു. ഭക്ഷണത്തിനു എനിക്ക് പ്രശനമില്ല ആരെങ്കിലും തന്നു സഹായിക്കും. എട്ടു വര്‍ഷമായി ഞാനിപ്പോള്‍ ഡല്‍ഹിയിലായിട്ടു. ഇനിയെനിക്ക് എത്ര ദിവസങ്ങള്‍??? ജീവിതത്തെയിനി വേറൊരു വഴിയിലേക്ക് പറിച്ചു നടുവാന്‍ ഞാനഗ്രഹിക്കുന്നില്ല . എനിക്കിപ്പോള്‍ എഴുപത് വയസ്സായി. ഞാനിപ്പോള്‍ സന്യാസിനിയാണ്. എന്റെ സുരക്ഷക്കായി എന്റെ രാംജി എന്റെ കൂടെ തന്നെയുണ്ട്‌. എല്ലാം "അദ്ദേഹം" തന്നെ തീരുമാനിചിട്ടുണ്ടായിരിക്കും. ജീവിതത്തിന്റെ കഠിന യാഥാര്‍ഥ്യങ്ങള്‍ എറ്റു വാങ്ങി അനാഥത്വ ദിനങ്ങള്‍ തള്ളി നീക്കുമ്പോഴും അവരുടെ മുഖത്തെ തിളക്കത്തിന് യാതൊരു മങ്ങലുമുണ്ടായിരുന്നില്ല......
സംസാരം നിര്‍ത്തി ഞാന്‍ ഓഫീസിലേക്ക് തിരികെ പോകുമ്പോള്‍ അഞ്ചു മക്കളും എഴുപ്പത്തഞ്ചു വയസ്സുമുള്ള എന്റെ സ്വന്തം അമ്മയെ ഞാന്‍ മനസ്സില്‍ ധ്യാനിക്കുകയായിരുന്നു.


നഗരപ്രദക്ഷിണം

ജനുവരിയുടെ അവസാനത്തിലെ ഒരു മദ്ധ്യാഹ്നം. നഗരത്തിന്റെ തിരക്കുള്ള പാതയോരത്തു വെയില്‍കായുന്ന ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങള്‍. ആള്‍ക്കൂട്ടത്തെ താണ്ടി നടന്നു മറയുന്ന വിനോദയാത്രക്കാരും മറ്റു വഴിപോക്കരും. ആസന്നമായ തിരഞ്ഞെടുപ്പ് നഗരത്തിന്റെ സജീവതയെ കൂടുതല്‍ വാരി പുണര്‍ന്നിരിക്കുന്നു. നാലുവഴികളായി പിരിയുന്ന ആ പാതകളുടെ നടുവില്‍ ഇളം ചുവപ്പു കല്ലുകളാല്‍ മിനുസപ്പെട്ത്തിയ നടുമുറ്റം. രാജ്യത്തിന്റെ തലസ്ഥാനത്തെ പ്രാധാന വാണിജ്യ കേന്ദ്രത്തിലെ റോഡിന്‍റെ വശങ്ങളും നടുമുറ്റവുമെല്ലാം നല്ല രീതിയില്‍ തന്നെ മോടി പിടിപ്പിച്ചിരിക്കുന്നു. വിശാലമായ നടുമുറ്റത്തു സമാധാനത്തിന്റെ പര്യായമായ പ്രാവുകള്‍ക്കായി സ്വര്‍ണ്ണ നിറത്തിലുള്ള ഗോതമ്പു മണികള്‍ വിതറി കൊണ്ടിരിക്കുന്ന ചിലയാളുകള്‍. ഒറ്റക്കും തറ്റക്കും പറന്നിറങ്ങി മെല്ലെ മെല്ലെ വലിയ കൂട്ടമായി തീരുന്ന മാടപ്രാവുകള്‍ സന്തോഷത്തോടെ നിര്‍ഭയത്തോടെ ഗോതമ്പുമണികള്‍ കൊത്തി കൊറിക്കുന്ന ആ കാഴ്ച വളരെ മനോഹരം തന്നെ. മനുഷ്യര്‍ പരസ്പരം പേടിക്കുന്ന ഈ നഗരത്തില്‍ മനുഷ്യ ഭയമില്ലാതെ സ്വൈരത്തോടെ ഓരോ മണികളും കൊത്തിയകത്താക്കുന്ന സമാധാനത്തിന്റെ അവധൂതകരായ ആ പറവകള്‍ നല്‍കുന്ന കാഴ്ച നയന മനോഹരം തന്നെ. ഒന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ പറവകളില്‍ ചിലര്‍ സ്നേഹത്തിന്റെ ഭാഷ സംസാരിച്ചു കൊണ്ടിരിക്കുന്നത് കാണാം. പരസ്പരം കൊക്കുകളുരുമ്മി കൊണ്ട് പ്രണയ ഗീതങ്ങള്‍പോലും ആലപിക്കുന്നുണ്ട് അതില്‍ കുറച്ചു പേര്‍. മറ്റു ചിലര്‍ സ്നേഹത്തോടെ കലഹിക്കുന്നു. പറവകള്‍ അവരുടെ ലോകത്തില്‍ ആനന്ദിക്കുകയാണ്. നഗരത്തിന്റെ സാധാരണ ബഹളം അവരില്‍ ഭയമുളവാക്കുന്നില്ല. പറവകള്‍ക്ക് വേണ്ടി ധാന്യങ്ങള്‍ വാങ്ങി വിതറി കൊണ്ട് പലരും വന്നും പോയി കൊണ്ടിരിന്നു. വിതറുന്ന ഓരോരുത്തരിലും താന്‍ ചെയ്യുന്ന സദ്കര്‍മ്മത്തിന്റെ ചാരിതാര്‍ത്ഥ്യം മുഖത്തു വിളിച്ചോതോന്നുണ്ട്. കൂട്ടത്തോടെ ധാന്യങ്ങള്‍ കൊത്തി പറക്കുന്ന പറവകളെ നോക്കി നിറഞ്ഞ മുഖത്തോടെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സന്തോഷിക്കുന്നു. കുറച്ചകലെ പറവകളെ നിറഞ്ഞ ഫ്രെയിമില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ഒന്നു രണ്ടു പ്രൊഫെഷണല്‍ ഫോടോഗ്രഫര്‍മാര്‍ തങ്ങളുടെ ഫോക്കസ് ശരിപ്പെടുത്തി കൊണ്ടിരിക്കുന്നു. അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത് റോഡിന്റെ മറുവശത്ത് നിറഞ്ഞ പറവകളുടെ കാഴ്ച നോക്കി തുള്ളി ചാടുന്ന ആ കൊച്ചു കുട്ടിയുടെ മുഖം. അവന്‍ വളരെയേറെ സന്തോഷത്തിലായിരുന്നു. മനുഷ്യന്‍ സഹജീവികളോടു കാണിക്കേണ്ട സ്നേഹത്തിന്റെ ആദ്യ പാഠം അവന്‍ സൂക്ഷ്മപൂര്‍വ്വം നിരീക്ഷിക്കുകയായിരുന്നു.
പെട്ടെന്ന് തിരക്കുള്ള നഗരത്തിന്റെ ഏതോ പാതയില്‍ നിന്ന് കാതടപ്പിക്കും വിധം കനത്തരീതിയില്‍ "ട്ടേ" യെന്നുള്ള ശബ്ദം ഏവരുടെയും മുഖം ചുവപ്പിച്ചു. എല്ലാവരും ഒരു നിമിഷം സ്തബ്ദരായി. പറവകള്‍ ഒന്നടങ്കം കൂട്ടത്തോടെ ആകാശത്തിലേക്ക് പറന്നുയര്‍ന്നു. സ്നേഹിക്കുന്ന മനുഷ്യനു ഒരു ഭീകരതയുടെ മുഖമുണ്ടെന്ന് പറവകളും ഇതിനകം മനസ്സിലാക്കിയിരിക്കുന്നു. അവര്‍ ജീവന്റെ നിലവിളിയുമായി അകലങ്ങളിലേക്ക് പറന്നകന്നു. പരിഭ്രാന്തരായ ആളുകള്‍ നാലുപാടും നോക്കി. ദില്ലിയില്‍ മുഴങ്ങുന്ന ഓരോ "കനത്ത" ശബ്ദവും ജനങ്ങളുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഭീതി വിതക്കുന്നു. ആളുകള്‍ പരസ്പരം നോക്കി ഉറപ്പു വരുത്തി...അതെ.... ഒന്നും തന്നെ കാര്യമായി സംഭവിച്ചിട്ടില്ല.
അകലങ്ങളില്‍ നിന്നാരോ വിളിച്ചു പറഞ്ഞു..."അത് ബസ്സിന്റെ ടയര്‍ പഞ്ചറായതാണ്".
ജനത്തിന്റെ മുഖത്തിപ്പോള്‍ ആശ്വാസത്തിന്റെ നിഴല്‍ വീണു. ഇപ്പോള്‍ നടുമുറ്റം തികച്ചും വിജനമാണ്. സ്വര്‍ണ്ണ നിറമുള്ള ഗോതമ്പുമണികള്‍ വെള്ളരി പ്രാവുകള്‍ക്ക് വേണ്ടി ഇളം വെയിലില്‍ തിളങ്ങി കൊണ്ടേയിരുന്നു. റോഡിന്‍റെ മറു വശത്തു പറന്നകന്ന പ്രാവുകളെ നോക്കി നിരാശ പൂണ്ട ആ കുഞ്ഞിന്റെ മുഖം ഇളം വെയിലില്‍ വാടി കരിഞ്ഞു. അവന്‍ നടന്നകലുകയാണ്... വീണ്ടും വീണ്ടും നടുമുറ്റത്തേക്ക് തന്നെ തിരിഞ്ഞു നോക്കി അമ്മയുടെ കൈ പിടിച്ചു അവന്‍ ദൂരേയെവിടെയോ നഗരക്കൂട്ടങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. നഗരത്തിനു വീണ്ടും ജീവന്‍ വെക്കാന്‍ തുടങ്ങി. കഴിഞ്ഞ നിമിഷത്തില്‍ ഒന്നും സംഭവിച്ചില്ലെന്നുള്ള രീതിയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ വീണ്ടും സ്വര്‍ണ്ണമണികള്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു നടന്നു. നഗരം കഴിഞ്ഞ നിമിഷത്തിന്റെ ഓര്‍മ്മയെ സ്മ്രിതിയുടെ ആഴകടലില്‍ തള്ളി പുതിയൊരു തിരമാലക്കായി കാത്തു കിടന്നു.




പനിയുടെ സന്തോഷം
ഇന്നിപ്പോള്‍ പനി വരുക എന്നുള്ളത് വലിയ കാര്യമൊന്നുമല്ല. ഏകദേശം എല്ലാവരും പനിയെ അകറ്റാന്‍ സ്വയം ചികിത്സ നടത്തിയിട്ട് മാത്രമേ ഡോക്ടറെ കാണാറുള്ളൂ. സാധാരണ പനികള്‍ എല്ലാം തന്നെ ഒന്നോ രണ്ടോ ദിവസത്തെ സ്വയ ചികിത്സയില്‍ തോറ്റ് പിന്‍വാങ്ങും. പിന്‍ വാങ്ങിയില്ലെങ്കില്‍ നമ്മള്‍ അടുത്തുള്ള സ്വകാര്യ ഡോക്ടറെ കാണിക്കും. പണ്ട് കാലത്തെ സ്വയ ചികിത്സ എന്നുള്ളത് ചുക്ക് കാപ്പിയോ കുരുമുളക് കൊണ്ടുള്ള രസമോ/കഷായമോ ഒക്കെ മാത്രമായിരുന്നു. എന്നിട്ടും മാറാത്ത പനിക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെയാണ് സമീപിക്കുക. അതിനു പ്രാധാനമായ കാരണം എഴുപതു/എണ്‍പതുകളില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഇന്നത്തെ മാതിരി പ്രചുര പ്രചാരം നേടിയിട്ടില്ല എന്നുള്ളതും സാധാരനക്കരട്നെ "സാമ്പത്തിക അടിത്തറ" സ്വകാര്യ ഡോക്ടറെ കാണാന്‍ തക്ക ബലമുള്ളതുമായിരുന്നില്ല എന്നുള്ള മറ്റൊരു വസ്തുതയുമാണ്.
അക്കാലത്ത് രണ്ടു ദിവസത്തിനു ശേഷവും വിട്ടു മാറാത്ത വിറച്ചു തുള്ളുന്ന പനിയുമായി അമ്മയുടെ കൂടെ ബസ്ടോപ്പിലേക്ക് നടക്കുമ്പോള്‍ പലപ്പോഴും പിന്നിട്ട രണ്ടു ദിവസങ്ങളില്‍ ഒന്നും കഴിക്കാത്തത് കൊണ്ടുള്ള ക്ഷീണം നല്ല പോലെ പിടിച്ചുലക്കുന്നുണ്ടായിരിക്കും. വഴിയരികില്‍ എന്ത് പറ്റി.... എന്ത് പറ്റി? എന്നു ചോദിക്കുന്ന അയല്‍വാസികളോട് പനിയാണെന്നമ്മ മറുപടി പറയുമ്പോള്‍ അവരുടെ ദയനീയമായ നോട്ടത്തില്‍ നിന്നും ലഭിക്കുന്ന സാന്ത്വന ശീലുകള്‍ക്കുമപ്പുറം മനസ്സ് ഡോക്ടറെ കണ്ടതിനുശേഷം ലഭിക്കാന്‍ പോകുന്ന ആ മധുരമുള്ള 'സാധനത്തിന്റെ' ചിന്തകളില്‍ വ്യാപ്രിതമായിരിക്കും. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയിലിരിക്കുന്ന ക്ലാര്‍ക്കിന്റെ രെജിസ്റ്ററില്‍ പേര് ചേര്‍ത്തു ഡോക്ടറെ കാണാനുള്ള കുറിപ്പ് വാങ്ങുമ്പോഴും മനസ്സ് വേഗത്തില്‍ ഇതൊക്കെയൊന്നു വേഗം കഴിഞ്ഞിരുന്നെങ്കില്‍ എന്നുള്ള ചിന്തയിലായിരിക്കും . ഡോക്ടര്‍ സ്റെതസ്കോപ്പ് വെച്ച് നോക്കിയാല്‍ എല്ലാ രോഗവും കുഴലിലൂടെ അദ്ദേഹത്തിന് മനസ്സിലാവും എന്നുള്ള തോന്നലും ഡോക്ടര്‍മാരുടെ കയ്യക്ഷരം എന്തുകൊണ്ട് ഇത്ര മോശമായിരിക്കുന്നു എന്നുള്ളതിന്റെ ഉത്തരവും കിട്ടാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. (കയ്യക്ഷരത്തിന്റെ "നിഗൂഡത" ഇപ്പോഴും ശരിക്കറിയില്ല ) . കമ്പൌന്ടെര്‍ ആശുപത്രി ഫാര്‍മസിയില്‍ നിരത്തി വെച്ചിരിക്കുന്ന ആ വലിയ വലിയ ആ ഡബ്ബകളില്‍ നിന്ന് ഗുളികളെടുത്തു വ്യത്യസ്ത കടലാസ്സുകളില്‍ പൊതിയുകയും ചുവന്ന നിറത്തിലുള്ള ആ "ദ്രാവകം" വലിയ കുപ്പിയില്‍ നിന്ന് അളന്നു രോഗി കൊണ്ട് പോയ ചെറിയ കുപ്പികളില്‍ നിറച്ചു തരുമ്പോഴും മനസ്സിനുള്ളില്‍ നിറയുന്ന നിറക്കുപ്പികള്‍ അതിനു ശേഷമുള്ള "നല്ല" സമയത്തിന്റെ സമാഗത പ്രതീക്ഷയില്‍ തന്നെയായിരുന്നു. ചുമച്ചും, പനിച്ചു വിളറിയും, ഞരങ്ങിയും, മുറിവുകളുമായി ഇരിക്കുന്ന രോഗികള്‍ നിറഞ്ഞ സര്ക്കാര ആശുപത്രിയുടെ മുഖം ഇന്നത്തെ ആധുനിക രീതിയില്‍ ശീതികരിച്ചതും വിട്രിഫയട് ടയിലെസ് പതിപ്പിച്ചു മിനുക്കിയതുമായ സ്വകാര്യ ആശുപത്രികളുടെ മുഖമായിരുന്നില്ല . ഒരു കാലത്ത് വളരെ അതിശയത്തോടെ തോന്നിയ മറ്റൊരു കാര്യം എല്ലാ ആശുപത്രികള്‍ക്കും ഒരേ തരത്തിലുള്ള മണമാണ് എന്നുള്ളതാണ്. പിന്നീടു കാലചക്രം തിരിഞ്ഞപ്പോള്‍ വന്ന തിരിച്ചരിവില്‍ നിന്നുമാണ് അത് ഫിനോയിലിന്റെയും ഡെറ്റോള്‍ എന്ന വിഷാനുനാശിനിയുടെതുമാണെന്ന ബോധം തെളിയുന്നത്. അത് കൊണ്ട് തന്നെ ഡെറ്റോള്‍ അല്ലെങ്കില്‍ ഫിനോയില്‍ ഗന്ധം ശ്വസിക്കുമ്പോള്‍ അതെപ്പോഴും ഒരു ആശുപത്രിയുടെ ഓര്‍മ്മയെ പുനരവതരിപ്പിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നിലുള്ള ചായക്കടയാണ് 'മധുര' ചിന്തയുടെ പ്രധാന അടിത്തറ. പനിയായത് കൊണ്ട് എണ്ണ പലഹാരങ്ങള്‍ അനുവദനീയമായിരുന്നില്ല. മുന്നില്‍ നിരത്തിയ "വെള്ളച്ചായ"ക്ക് (പാലും വെള്ളം ) ഒപ്പം കടിയായി വരുന്ന ആ മൃദുത്വം നിറഞ്ഞ "ബന്‍" എന്നുള്ള പലഹാരമായിരുന്നു ഓരോ ആശുപത്രി വരവിന്റെയും പിന്നിലുള്ള പ്രതീക്ഷാ നിര്‍ഭരമായ ചേതോ വികാരം. പാലും വെള്ളത്തില്‍ മുക്കിയും അല്ലാതെയും "ആര്‍ത്തിയോടെ" അകത്താക്കുന്ന ആ ബന്‍ തന്നിരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഇന്നിപ്പോള്‍ മാക് ഡോനല്ടിന്റെയോ കെ എഫ് സി യുടെയോ ആധുനിക ബെര്‍ഗെറുകള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല എന്നുള്ളത് ഓരോ ജീവിത ഘട്ടത്തിലുടെയും നമ്മള്‍ കടന്നു പോകുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതികള്‍ അതതു കാലഘട്ടത്തിന്റെ സാമൂഹ്യവും മനശ്ശാസ്ത്ര പശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നുള്ളത് കൊണ്ടായിരിക്കാം. കാലം മാറി, ചായകടകളെല്ലാം ഹോട്ടലുകളായി പരിണമിച്ചു. ഇന്നിപ്പോള്‍ ബന്‍ ലഭിക്കുന്ന ചായ കടകള്‍ തന്നെ ഉണ്ടോയെന്നറിയില്ല. എന്ത് തന്നെ സാമൂഹ്യ മനശാസ്ത്ര വിശകലനങ്ങള്‍ നടത്തിയാലും ക്ഷാമ കാലത്ത് ഓരോ "നേടിയെടുക്കലും" തരുന്ന സന്തോഷങ്ങള്‍ അളവറ്റതായിരുന്നു. ഇന്നിപ്പോള്‍ " prosperity gives the choice but not feed the intense pleasure". ക്ഷാമകാലത്തെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കു പകരം വെക്കാന്‍ ധാരാളിത്തത്തിന്റെ വൈവിധ്യങ്ങള്‍ക്ക് കഴിയുന്നില്ലയെ ന്നുള്ളത് ഒരു പക്ഷെ എന്റെ "മാത്രം" തോന്നലായിരിക്കാം.
**************************************************************************************
(ഓഫീസിനു മുന്നിലുള്ള മാക്ഡി ഔട്ട്‌ലെറ്റില്‍ നിന്ന് ഒരു കുട്ടി ആര്‍ത്തിയോടെ ബെര്‍ഗര്‍ കഴിക്കുന്നത്‌ കണ്ടപ്പോള്‍ പഴയരോര്‍മ്മ തെളിഞ്ഞു വന്നു.


വഴിയരികിലെ പെണ്‍കുട്ടി 

അവള്‍ പച്ച ടോപ്പും ജീന്സുമാണ് ധരിച്ചിരുന്നത്. കഴുത്തിലെ ഒരു വശത്ത്‌ നിന്ന് മറുവശത്തേക്ക് തൂക്കിയിട്ടിരുന്ന മനോഹരമായ ഒരു തുകല്‍ ബാഗും അവള്‍ക്ക് മനോഹാരിത കൂട്ടി. ഏതോ ഉപരി മദ്ധ്യ വര്‍ഗ്ഗ കുടുംമ്പത്തിലെ പെണ്‍കുട്ടിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. ഏകദേശം ഇരുപതോ ഇരുപത്തി രണ്ടോ വയസ്സ് പ്രായം തോന്നിക്കുമായിരുന്നു. അവള്‍ സുന്ദരിയായിരുന്നെങ്കിലും അവളുടെ മുഖം പ്രസന്നമായിരുന്നില്ല. അവളുടെ പാദ ചലനങ്ങള്‍ ഭൂമിയിലാണെങ്കിലും മനസ്സ് വേറെയേതോ ലോകത്ത് ചിന്തയുടെ ചിറകുകള്‍ വിടര്‍ത്തി പറന്നു നടക്കുയാണെന്ന് തോന്നിപ്പോകും . ഡല്‍ഹിയിലെ തിരക്കുള്ള മാര്‍ക്കറ്റിന്റെ ഇടനാഴികകളില്‍ നിരത്തി വെച്ച പത്ര പുസ്തക വ്യാപാരിയുടെ മുന്നില്‍ വന്നു നിന്നവള്‍ പുസ്തകങ്ങളില്‍ വെറുതെ കണ്ണുകള്‍ പരതി. എന്തോ ചിന്തിച്ചു അവള്‍ ധൃതിയില്‍ മുന്നോട്ടു തന്നെ നടന്നു പോയി. പത്തടി മുന്നോട്ടു നീങ്ങിപ്പോയ അവള്‍ വീണ്ടും തിരിച്ചു വന്നു പത്ര പുസ്തക വില്‍പ്പനക്കാരന്റെ അരികില്‍ തന്നെ വന്നു നിന്നു വീണ്ടും പുസ്തകങ്ങളെ നോക്കി. ഒരു വേള അവള്‍ തിരിഞ്ഞു പരിസരം നോക്കി എന്നിട്ട് എതിര്‍ വശത്തുള്ള വരാന്തയുടെ ഒഴിഞ്ഞ ഉയര്‍ന്ന ഭാഗത്ത്‌ പതുക്കെ ഇരിപ്പുറപ്പിച്ചു. അവള്‍ ഒരു സിഗരറ്റു പുകച്ചു കൊണ്ടാണ് ഉലാത്തിയിരുന്നത്. അവളുടെ കണ്ണുകള്‍ ഒരല്‍പം ചുവന്നിരുന്നു. മുഖത്തെ പ്രസരിപ്പ് തീര്‍ത്തും നഷ്ടപ്പെട്ടിരുന്നു. നിലത്തിരുന്ന അവള്‍ തന്റെ ബാഗ് തുറന്നു ഹിന്ദുസ്ഥാന്‍ ടൈംസ്‌ എന്ന ഇംഗ്ലീഷ് ദിനപത്രം പുറത്തെടുത്തു. അപ്പോഴും പുകയൂതി കൊണ്ടിരുന്ന അവള്‍ അലക്ഷ്യമായി ഓരോരോ പേജുകള്‍ മറിച്ചു കൊണ്ടേയിരുന്നു. അവള്‍ ഒന്നും ശ്രദ്ധാപൂര്‍വ്വം വായിക്കുന്നുന്ടായിരുന്നില്ല. അവളുടെ മുഖം പതുക്കെ പതുക്കെ വാടി ഒരുറക്ക ചടവ് മാതിരി പ്രത്യക്ഷപ്പെടു ന്നുണ്ടെന്നെനിക്ക് തോന്നി. അവളിപ്പോള്‍ അവസാന പേജും മറിച്ചു ന്യൂസ്‌ പേപ്പര്‍ തന്റെ ബാഗില്‍ തന്നെ തിരിച്ചു വെച്ചു. അവളുടെ സിഗരറ്റിപ്പോള്‍ ഏകദേശം എരിഞ്ഞു കഴിയാറായിരുന്നു. അവള്‍ എണീറ്റ്‌ മുന്നോട്ടു നടക്കാന്‍ തുടങ്ങി. ഒരു വേള എന്തോ ആലോചിച്ചു അവള്‍ പെട്ടെന്ന് നിന്നു പിന്നെ എന്തോ തീരുമാനിച്ചുറച്ച മാതിരി സവാധാനത്തില്‍ മുന്നോട്ടു നടന്നു തുടങ്ങി. അവളുടെ നടത്തത്തിനു ഒരു ലക്ഷ്യമില്ലെന്നെനിക്ക് തോന്നി.
റോഡിന്‍റെ മറുവശത്തു ഫ്രൂട്ട് സാലഡ് കഴിച്ചു കൊണ്ടിരുന്ന എന്റെ മുന്നില്‍ തന്നെയായിരുന്നു അവള്‍ ഇത്തരത്തില്‍ പ്രതികരിച്ചു കൊണ്ടിരുന്നത്. എന്റെ അരികെ നിന്നിരുന്ന വടക്കേ ഇന്ത്യക്കാരനും ഞാനും പരസ്പരം നോക്കി പുഞ്ചിരിച്ചു. അയാള്‍ പതുക്കെ എന്നോട് പറഞ്ഞു..
"അത് "മറ്റേ " സിഗരറ്റാണ് അതുകൊണ്ടാണ് ആ കുട്ടീ ഇത്ര അസ്വസ്ഥയായി കാണുന്നത്."
അപ്പോള്‍ മാത്രമാണ് എന്റെ ചിന്ത വഴി മാറാന്‍ തുടങ്ങിയത്. സാധാരണ പെണ്‍കുട്ടികള്‍ സിഗരറ്റ് വലിച്ചു നടക്കുന്നത് ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഒരു അപൂര്‍വ്വ കഴ്ചയല്ലാത്തതിനാല്‍ എനിക്കതൊരു പുതിയ അനുഭവമായിരുന്നില്ല. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ ഭാവ ചലനത്തില്‍ ത്തില്‍ കണ്ട ചില വ്യത്യാസങ്ങള്‍ മാത്രമാണ് അവളില്‍ ശ്രദ്ധ ചെലുത്താന്‍ കാരണമായത്‌. വേഗത്തില്‍ ഞാന്‍ കടക്കാരന്റെ പൈസ കൊടുത്തതിനു ശേഷം അവള്‍ പോയ വഴിയേയെ പിന്‍ തുടര്‍ന്നു നടന്നു കാരണം ആ വഴിക്ക് തന്നെയാണ് എനിക്കും പോകേണ്ടിയിരുന്നത്‌. അവള്‍ എന്റെ മുന്നില്‍ പതുക്കെ നടന്നു നീങ്ങി കൊണ്ടിരുന്നു . അവളുടെ കാല്‍പാദങ്ങളുടെ ചലനത്തിന് സ്വല്‍പ്പം ആട്ടമുണ്ടോയെന്നെനിക്ക് തോന്നി . അവളെ കുറിച്ച് മനസ്സില്‍ ഒരു പാട് ചിത്രങ്ങള്‍ മെനയുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒന്നിനും ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തിനായിരിക്കും എന്റെ കൊച്ചനുജത്തീ നീ എരിഞ്ഞടങ്ങി കൊണ്ടിരിക്കുന്നത്. ബോധ പൂര്‍വ്വമോ അല്ലാതെയോ അവളീ വഴികളിലെങ്ങിനെ എത്തിപ്പെട്ടിരിക്കും എന്നതായിരുന്നു എന്റെ ചിന്തയപ്പോള്‍. ചിന്തകളില്‍ നിന്നുണര്‍ന്നു മുന്നോട്ടു നോക്കിയപ്പോള്‍ അവള്‍ സിഗ്നല്‍ മുറിച്ചു അപ്പുറത്തേക്ക് കടക്കുന്നത് കണ്ടു. എനിക്ക് പോകേണ്ട വഴി വ്യത്യസ്തമായിരുന്നത്കൊണ്ട് അവളെങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി ഞാന്‍ വെറുതെ അവിടെ തന്നെ നില്‍പ്പുറപ്പിച്ചു.അവളിപ്പോഴും എന്റെ കാഴ്ചകളുടെ പരിധിയില്‍ തന്നെയായിരുന്നു. അവള്‍ മറുവശത്തെ റോഡരികില്‍ നിന്ന് ഒരു ഓട്ടോക്ക് കൈ കാട്ടി നോക്കി പക്ഷെ അത് നിര്‍ത്താതെ പോയി, രണ്ടാമത് വന്ന ഓട്ടോ അവളുടെ സമീപം നിര്‍ത്തി. അവള്‍ ഡ്രൈവറോട് എന്തോ ചോദിച്ചു പിന്നെയതില്‍ കയറി പോയി. മനസ്സില്‍ ചെറിയ നൊമ്പരമുണര്‍ത്തികൊണ്ട് അവള്‍ ദൂരെയെവിടെക്കോ പോയി മറഞ്ഞു. തിരിച്ചു ഓഫീസിലേക്ക് നടക്കുമ്പോള്‍ നാളത്തെ പ്രഭാതത്തില്‍ ഓട്ടോ ഡ്രൈവര്‍ ഒരു പെണ്‍കുട്ടിയെയും മാനഭംഗപ്പെടുത്തിയ കഥ ഞാന്‍ പത്രത്തില്‍ വായിക്കാന്‍ ഇട വരുത്തരുതേ എന്നതായിരുന്നു എന്റെയപ്പോഴത്തെ പ്രാര്‍ത്ഥന




ചെറിയ മനുഷ്യരും വലിയ മനസ്സും 

ചിലര്‍ അങ്ങിനെയാണ് ജനിച്ച നാടോഴികെ മറ്റൊരു ലോകവും അവര്‍ കണ്ടിട്ടുണ്ടായിരിക്കില്ല. ലോകത്തെ കുറിച്ചു വായിച്ചറിയാന്‍ അവര്‍ ഹൈസ്കൂള്‍ വിദ്യഭ്യാസം പോലും നേടിയുട്ടാണ്ടിവില്ല. സാമ്പത്തികമായും അവര്‍ക്ക് ഒന്നുമുണ്ടാവില്ല, എങ്കിലും പാരമ്പര്യത്തിന്റെ മേല്കായ്മകള്‍ കാണിച്ചു അവര്‍ എല്ലാം ഉള്ളവന്‍ എന്നുള്ള രീതിയില്‍ പെരുമാറും. സ്വന്തം ദുഖങ്ങളില്‍ എരിഞ്ഞു തീരുമ്പോഴും മറ്റുള്ളവരുടെ ക്ഷേമാന്വേഷണങ്ങളുയി അവര്‍ എല്ലായിടത്തും ഓടിയെത്തും. സാമ്പത്തികമായി സാഹായിക്കനല്ല, വെറുതെ ഒരു സാന്ത്വന വാക്ക്... നിസ്സഹായവസ്ത നേരിടുമ്പോള്‍ താങ്ങായി മാറി ജീവിതത്തിന്റെതായ ചില ഉറപ്പുകള്‍ തരാന്‍ വേണ്ടി മാത്രം. അവരുടെ വാക്കുകളുടെ ശക്തി അപാരമായിരുന്നു. ആ വാക്കുകളില്‍ ഊര്ര്‍ജ്ജമുണ്ടായിരുന്നു സ്നേഹത്തിന്റതായ തലോടല്‍ നിറഞ്ഞിരുന്നു. ഒരു പക്ഷെ ഗ്രാമ നന്മയില്‍ മിനുക്കിയെടുത്ത മനസ്സുള്ളതു കൊണ്ടാവാമത്. എം റ്റി വാസുദേവന്‍ നായര്‍ വാക്കുകളില്‍ വരച്ചു കാണിച്ച സത്യന്‍ അന്തിക്കാടും ലോഹിത ദാസും ദൃശ്യങ്ങളിലൂടെ പകര്‍ന്നു നല്‍കിയ ആ ജന്മദേഹങ്ങള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അവരെല്ലാം തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചു കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു. അവര്‍ പകര്‍ന്നു നല്‍കിയ ഗ്രാമ നന്മയെല്ലാം ഇന്നു വറ്റി വരണ്ടു പോയി. ഗ്രാമവികസനം നമ്മെ നമ്മിലേക്ക്‌ മാത്രമാക്കി ചുരുക്കി. മദ്ധ്യവയസ്സിലെത്തി നില്‍കുന്ന ഓരോ ഗ്രാമവാസിക്കും അവരുടെ ജീവിതത്തില്‍ ഇത്തരമൊരു വ്യക്തിയെ കുറിച്ച് പറയാനുണ്ടാവും. ഗ്രാമത്തിന്റെ നന്മകള്‍ മാത്രം നിറഞ്ഞ് നഗരത്തിന്റെ കാപട്യങ്ങളറിയാതെ ഒരു ജീവിതം മുഴുവന്‍ ആര്‍ക്കോ വേണ്ടി ഹോമിച്ചു തീര്‍ത്ത ഒരു വ്യക്തിയെ കുറിച്ച്.

(ചിത്രം പ്രതീകാത്മകം )


പതിവുപോലെ ഉച്ച ഭക്ഷണത്തിനു ശേഷം വെറുതെ നടക്കാനായി ഓഫീസിന്റെ പിന്‍ വശത്തുള്ള ഡല്‍ഹിയിലെ തിരക്കേറിയ ജനപഥിലെ മാര്‍ക്കറ്റിലേക്ക് നടന്നു. ദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ ദിനം പ്രതി വന്നു പോകുന്ന തിരക്കേറിയ സ്ഥലം. ബോംബെയിലെ ഫേഷന്‍ സ്ട്രീട്ടിന്റെ മറ്റൊരു പതിപ്പാണ്‌ ഈ ജനപഥ മാര്‍ക്കെറ്റ്. ഫാഷനും കാലാവസ്ഥയും മാറുന്നതനുസരിച്ച് നിത്യേനയെന്നോണം ഇവിടെ വസ്ത്രങ്ങളുടെ പ്രദര്‍ശനം മാറി കൊണ്ടിരിക്കും. മാര്‍ക്കറ്റിന്റെ ഒരു മൂലയില്‍ വലിയ വലിയ ഉറ കൂടുകളില്‍ നിറച്ച കടല, കപ്പലണ്ടി, പൊരി, മിക്സ്ചര്‍, പട്ടാണി അത് പോലെ നാനാവിധ ഉപ്പിട്ട വരവ് സാധനങ്ങള്‍ നിരത്തി കൊണ്ട് ഒരു വഴി വാണിഭക്കാരന്‍ ഇരിക്കുന്നു. ഇവിടെങ്ങളില്‍ എങ്ങിനെയാനെങ്കില്‍ ഇവയെല്ലാം കുറേശ്ശെ എടുത്തു ചേര്‍ത്തു ഒപ്പം സബാളയും പച്ചമുളകും മസാല പൊടിയും ചെറുനാരങ്ങ നീരും പിന്നെ എന്തൊക്കെയോ (പുളി മുഖ്യം) ചേര്‍ത്തു തയ്യാറാക്കിയ ചട്നിയും ചേര്‍ത്തു ഇളക്കി അതിന്മേല്‍ കുറച്ചു മല്ലിയില അരിഞ്ഞിട്ടത് ചേര്‍ത്തു ഒരു കടലാസ്സു പ്ലേറ്റിലാക്കി തരും. സ്ഥലവും വൃത്തിയും അനുസരിച്ച് അതിന്റെ വിലയില്‍ വ്യത്യാസമുണ്ട് . ഒരു പ്ലേറ്റിനു ഏകദേശം പതിനഞ്ചില്‍ തുടങ്ങി മുപ്പതു വരെ ചാര്‍ജ്ജു ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ട്. വൃത്തിയുടെ കാര്യം സ്വല്‍പ്പം മാറ്റി വെച്ചാല്‍ "സാധനം" നല്ല രുചിയുള്ളതു തന്നെയാണ്. ഉപ്പും, മുളകും, പുളിയും എല്ലാ "നവരസങ്ങളും" കലര്‍ന്ന രുചിയുണ്ട്തിന് . ഇതിനു ഇവിടങ്ങളില്‍ പൊതുവേ ബേല്‍പ്പുരി എന്നാണ് പറയുക (കേരളത്തില്‍ ഈ "വ്യവസായം" ബിവരെജെസ്സിന്റെ മുന്‍പില്‍ വെക്കുകയാനെകില്‍ ടച്ചിംഗ്സിന്റെ സ്ഥാനം പെട്ടെന്ന് കയ്യടക്കും )
വ്യത്യസ്ത കൂടുകളില്‍ നിറമുള്ള പൊരികള്‍ കാണുമ്പോള്‍ ആര്‍ക്കും നല്ല കൌതുകം തോന്നിപ്പോകും. നിറഞ്ഞ കൂടുകള്‍ക്ക് പിന്നില്‍ ബീഡി വലിച്ചു കൊണ്ടിരിക്കുന്ന ഒരു "വ്യപാരി". അത് വഴി വന്ന യുവാക്കളായ മൂന്നു വിദേശികളില്‍ ഒരാള്‍ തുറന്നു വെച്ചിരിക്കുന്ന ഉറകൂടുകളേയും അയാളെയും ചേര്‍ത്തു ഒരു ഫോട്ടോക്ക് ഫോക്കസിന് വേണ്ടി ശ്രമിച്ചു. പെട്ടെന്നാണ് ബീഡി വലിച്ചു കൊണ്ടിരുന്ന അയാള്‍ അവരെ കണ്ടത് . ഉടന്‍ തന്നെ അയാള്‍ കൈ കൊണ്ട് ആന്ഗ്യം കാണിച്ചു അവരെ ഫോട്ടോ പിടിക്കുന്നതില്‍ നിന്നും തടഞ്ഞു. നിരാശരായ ആ ടൂറിസ്റ്റുകള്‍ പരസ്പരം എന്തോ പറഞ്ഞു ചിരിച്ചു നടന്നു നീങ്ങി. അവര്‍ നടന്നു നീങ്ങിയതിനു ശേഷം അടുത്തു നിന്നിരുന്ന എന്നെ നോക്കി ആ ബേല്പ്പുരിക്കാരന്‍ ചിരിച്ചു. ഞാന്‍ അയാളോടായി ചോദിച്ചു
"നിങ്ങള്‍ എന്താണ് ഫോട്ടോ പിടിക്കാന്‍ സമ്മതിക്കാഞ്ഞത്"?
അയാള്‍ പറഞ്ഞു "അഗ്രെസ് (ടൂറിസ്റ്റ്) നമ്മുടെ ഫോട്ടോ പിടിച്ചു അവരുടെ നാട്ടില്‍ പോയി പറയും ഇതാണ് ഞാന്‍ കണ്ട ഇന്ത്യയെന്നുള്ളത്. നമ്മുടെ നാട്ടില്‍ നമ്മള്‍ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ നമ്മളെന്തിനു നമ്മുടെ രാജ്യത്തെ മറ്റുള്ളവരുടെ മുന്‍പില്‍ കുറച്ചു കാണിക്കണം."
വീണ്ടും സംസാരം നീട്ടാന്‍ ഞാന്‍ തുടങ്ങിയെങ്കിലും അയാള്‍ക്ക്‌ മുന്നില്‍ പുതിയൊരു കസ്റ്റമര്‍ വന്നു നിന്നത് അതിനു തടസ്സമായി. പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ നടന്നു നീങ്ങുമ്പോള്‍ സ്വയം മനസ്സില്‍ പറഞ്ഞു "ദേശത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കടലക്കാരന്റെയും കളക്ടറിന്റെയും മനശാസ്ത്രം ഒരു പോലെ തന്നെ പ്രവര്‍ത്തിക്കുന്നു".

(ചിത്രം അയാളുടെതല്ല )



ഘര്‍ സെ ജാനാ ?? ....( ഘര്‍ വാപ്പസി)
*****************************************************
ജനുവരിയിലെ തണുപ്പുള്ള ഞായറിന്റെ രണ്ടാം പകുതിയില്‍ ഫേസ് ബുക്ക് പോസ്റ്റുകള്‍ എല്ലാം ഓടിച്ചു നോക്കി കസേരയില്‍ കണ്ണടച്ച് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ ഒന്ന് കാണണം എന്നു വിചാരിച്ചിരിക്കുമ്പോള്‍ അറിയാതെ കണ്ണടഞ്ഞു തുടങ്ങിയപ്പോഴാണ് പുറത്തെ കാള്ളിംഗ് ബെല്‍ ശബ്ദിച്ചത്. ഉറങ്ങിയില്ലെങ്കിലും ചിന്തകള്‍ക്ക് വിഘ്നം വരുത്തി ഈ നേരത്ത് ആര് വന്നു എന്ന അതിശയത്തില്‍ ഗേറ്റ് തുറക്കാന്‍ പുറത്തേക്ക് വരുമ്പോഴേക്കും മകന്‍ പറഞ്ഞു
" അച്ഛാ പുറത്തു ഒരു ചൈനീസ്‌ ലേഡിയും വേറെ രണ്ടു പേരും വന്നിട്ടുണ്ട്".....
ഞാനോരല്പ്പം അതിശയത്തോടെ " ചൈനീസൊ" എന്ന മറുപടിയില്‍ സ്വയം മനസ്സില്‍ ഉത്തരം കണ്ടെത്താന്‍ നോക്കുമ്പോള്‍ ആദ്യം ബുദ്ധിയില്‍ തെളിഞ്ഞത് ഇനിയിപ്പോള്‍ ചൈനീസ്‌ സാധനങ്ങള്‍ വീട് വീടാന്തരം കയറി വില്‍ക്കാന്‍ ചൈനക്കാര്‍ നേരിട്ട് വന്നു തുടങ്ങിയോ എന്നുള്ള സംശയമാണ്. പുറത്തീക്കിറങ്ങി വന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി മൂവ്വര്‍ സംഘത്തില്‍ നില്‍ക്കുന്ന ആ സ്ത്രീ ഇന്ത്യക്കാരിയല്ല എന്നുള്ളത്. ഒരു പക്ഷെ അവര്‍ ചൈനീസ് അല്ലെങ്കില്‍ ജാപ്പാന്‍ അതുമല്ലെങ്കില്‍ തായ്‌വാന്‍ വംശജ. എന്തായാലും വന്ന കാര്യം അന്വേഷിക്കാമെന്നു വിചാരിച്ചു ഗേറ്റ് തുറക്കാതെ തന്നെ മുകളിലത്തെ ഗ്രില്ലില്‍ കൂടി ഞാന്‍ തലയുയര്‍ത്തി നോക്കി.
പുറത്തു നില്‍ക്കുന്ന മൂവര്‍ സംഘത്തിലെ ഇന്ത്യക്കാരിയല്ലാത്ത അവള്‍ മൊഴിഞ്ഞു
"ഹലോ ഷര്‍"....
"ഹലോ "
" ഡു യു നോ എനി തിങ്ങ് എബൌട്ട്‌ ഗോഡ്"...
"വാട്ട് "... അവളുടെ തപ്പിയുള്ള ഇംഗ്ലീഷ് സംസാരത്തില്‍ "ഗോഡ് എന്ന് പറഞ്ഞത് പെട്ടെന്നെനിക്ക് മനസ്സിലായില്ല...ഞാന്‍ തിരിച്ചു ചോദിച്ചു
" ആര്‍ യു ട്ടോക്കിംഗ് എബൌട്ട്‌ ഗോഡ്"...
"യെസ് സര്‍"...
"ഒക്കെ"...
അപ്പോഴാണ്‌ ഞാന്‍ മൂന്നു പേരെയും ശരിക്കും സൂക്ഷിച്ചു നോക്കിയത്. മറ്റു രണ്ടു പേര്‍ ശരീരഘടനയും നിറവും കൊണ്ട് ഒന്നുകില്‍ മലയാളികള്‍ അല്ലെങ്കില്‍ തമിഴന്മാര്‍ ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. അവര്‍ രണ്ടു പേരും അപ്പോഴും ഒന്നും പറയാതെ തന്നെ നില്‍ക്കുകയായിരുന്നു അവിടെ.
ആ യുവതി വീണ്ടും പറയാന്‍ തുടങ്ങി...
"സര്‍.. ഐ വില്‍ ഹെല്പ് യു റ്റു ഫൈന്റ്റ് ഔട്ട്‌ ഗോഡ്"..
ഇത്രയും കേട്ടപ്പോഴേക്കും അവരെ കുറിച്ചുള്ള ഏകദേശ ധാരണ എനിക്ക് ലഭിച്ചിരുന്നു. കാരണം കേരളത്തില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ടും ദൈവത്തിന്റെ എജെന്റുമാരെ ഇതിനു മുന്‍പും കണ്ടിട്ടുള്ളതിനാലും സംസാരം അധികം നീട്ടാന്‍ താലപ്പര്യമില്ലാത്തതിനാല്‍ ഞാന്‍ പറഞ്ഞു
സോറി...ഐ അം നോട്ട് ഇന്റെരെസ്റ്റെട് ഇന്‍ ഗോഡ്"....സോറി സോറി...
ഞാന്‍ പിന്‍വാങ്ങാന്‍ തുനിയുമ്പോള്‍ കൂടെയുണ്ടായിരുന്നവരില്‍ വയസ്സ് കൊണ്ട് ചെറിയവനായ ആ യുവാവ് ചോദിച്ചു
"ആര്‍ യു ബേസിക്കലി ഫ്രം വിച്ച് സ്റ്റേറ്റ്??
ഞാന്‍ പറഞ്ഞു.... "കേരള"...
"ഐ അം ഫ്രം തമിള്‍നാട്"... അയാള്‍ പറഞ്ഞു
"ഇട്സ് ഒക്കെ... ഐ അം നോട്ട് ഇന്റെരെസ്റ്റെട്"...
ദൈവ വിശേഷത്തില്‍ കൂടുതല്‍ താല്പ്പര്യമില്ലാത്തത് കാരണം ഞാന്‍ സംസാരം മുന്നോട്ട് കൊണ്ട് പോയില്ല..അയാള്‍ തന്റെ കയ്യിലുള്ള നോട്ടീസ് എന്റെ നേരെ നീട്ടി ഞാനത് വാങ്ങി ഗേറ്റില്‍ നിന്ന് തിരിഞ്ഞു വീട്ടിനുള്ളിലേക്കു നടക്കുമ്പോള്‍ "ഘര്‍ വാപ്പസി" യെ പ്പറ്റിയായിരുന്നു ഞാന്‍ ചിന്തിച്ചത്.