Friday, May 1, 2020

കഥയല്ലിതു ജീവിതം!

അവള് തന്റെ അസുഖത്തെ കുറിച്ച് പറയുമ്പോള് ചിരിച്ചു കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്.
ജീവിതം തന്നെ വഴി മുട്ടി നില്കുമ്പോള് കൂനിന്മേല് കുരുവെന്ന നിലയില് വന്നു ചേര്ന്ന മാരകമായ അസുഖം. സാമ്പത്തികമായി ഒന്നുമില്ലാത്ത അന്നന്നത്തെ കൂലി കൊണ്ട് കുടുമ്പം കഴിഞ്ഞിരുന്ന അവള് തനിക്കു വന്നു ചേര്ന്ന കാന്സര് എന്ന അസുഖം മരണം തന്നെയാണെന്നുറപ്പിച്ചു.
ഒരിക്കല് ആശുപത്രിയില് ഒറ്റയ്ക്ക് കീമോയെടുക്കാന് ചെന്ന അവളെ കണ്ടു ഡോക്ടര് പോലും അതിശയിച്ചു.
അവളുടെ നിസ്സഹായതയില് മനസ്സലിഞ്ഞപ്പോഴും അവളുടെ നിശ്ചയദാര്ട്യത്തെ അദ്ദേഹം മനസ്സില് ആദരിച്ചു. അന്യ ജാതിക്കാരനെ പ്രേമിച്ചു വിവാഹം ചെയ്തത് കൊണ്ട് അവള്ക്കു എല്ലാവരുടെയും എതിര്പ്പുകള് നേരിടേണ്ടി വന്നു. വിവാഹത്തിന്റെ ആദ്യത്തെ കുറച്ചു നാളുകള് കഴിഞ്ഞപ്പോള് അയാള് തന്റെ വിശ്വ രൂപം പുറത്തെടുത്തു തുടങ്ങി.
ദിവസവും മദ്യപിച്ചു വന്നാല് നിരന്തരം വഴക്ക് കൂടുന്ന സ്വഭാവം. മാത്രവുമല്ല കിട്ടുന്ന കാശ് കൊണ്ട് മുഴുവനും തിന്നു കുടിച്ചു തീര്ക്കും. വല്ലപ്പോഴും വീട്ടില് വന്നു ചേരുന്ന അയാള്ക്ക്‌ ഭാര്യയും രണ്ടു കുട്ടികളു മടങ്ങുന്ന തന്റെ കുടുമ്പം എങ്ങിനെ കഴിയുന്നുവെന്നുള്ള യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.

ഒരു വേള സംസാരത്തിന്ടയില് അവള് പറഞ്ഞു അയാള് ചത്തു പോയാല് മതിയെന്നു....
അവളുടെയുള്ളില് നിറഞ്ഞ ദേഷ്യം വാക്കുകളില് അത്ര കണ്ടു പ്രകടമായിരുന്നു. തന്റെ മക്കളുടെ അച്ചന് ചത്തു പോയാല് മതിയെന്ന് പറയുന്ന ആ സ്ത്രീയുടെ മനസ്സിനുള്ളിലെ വിഷമം എത്ര കണ്ടു ആഴത്തില് പതിഞ്ഞതായിരിക്കുക്കുമെന്നതായിരുന്നു എന്റെ ചിന്തയപ്പോള് ....
ജീവിത നാടകത്തിലെ കറുത്ത മുഖങ്ങളെ ഉള്ളില് തിരയുമ്പോഴും എന്റെ മുന്നിലവള് ചിരിച്ചു കൊണ്ട് തന്നെ സംസാരം തുടര്ന്നു.
മരണത്തെ പേടിക്കാതെ ജീവന്റെ സമസ്യകള്ക്ക് നേരെ മുഖം തിരിച്ചു നില്ക്കാതെ തന്റേടത്തോടെ നേരിടുന്ന അവള് നമ്മുടെ സമൂഹത്തില് ഒറ്റപെട്ട വ്യക്തിയല്ല ആയിരങ്ങളില് അല്ലെങ്കില് ലക്ഷങ്ങളില് ഒരുവള് മാത്രം. ചെറിയ വേദനകള്/പ്രശ്നങ്ങള് പോലും മാരകങ്ങളെന്നു കരുതുന്ന നമ്മുക്ക് മുന്നിലവള് ജീവിതമെന്ന പാഠപുസ്തകത്തിലെ ധൈര്യത്തിന്റെയും സ്ത്രീ ശക്തിയുടെയും അദ്ധ്യായമാണ് .

അവധൂതന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍

ഹോങ്ങ് കോങ്ങ് എയര്പോട്ടില് നിന്ന് കൂട്ടി കൊണ്ട് പോകാന് കമ്പനി വക ഒരു ഒരു ലിമോസിന് ഏര്പ്പാട് ചെയ്തിരുന്നു.
നമ്മുക്ക് നഗരങ്ങളില് ചെന്ന് രാപ്പാര്ക്കാം എന്ന സിനിമയില് ഗ്രാമ വാസിയും പുറം ലോകം കാണാത്തവനുമായ ശ്രീനിവാസന് നഗരക്കാഴ്ച കണ്ടു അതിശയിക്കുന്നത് പ്പോലെ അംബര ചുംബികളായ ബില്ഡിംഗ്‌ സമുച്ചയങ്ങളും വൃത്തിയുള്ള റോഡും മേല്പ്പാലങ്ങളുമൊക്കെ കണ്ടു ഡെല്ഹിയില് കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലമായി താമസിച്ചു വരുന്ന ഞാന് അത്ര തന്നെ അതിശയിച്ചില്ലെങ്കിലും ഒരു പുതിയ നഗരത്തെ ദര്ശിക്കുമ്പോഴുണ്ടാകുന്ന ചില കുതൂഹലങ്ങള് ഉള്ളിലുണ്ടായിരുന്നുവെന്നുള്ളത് വാസ്തവം തന്നെ .
ട്രാഫിക്‌ സിഗ്നലുകളില്ലാത്ത താരതമ്യന വാഹന സാന്ദ്രത കുറഞ്ഞ റോഡായതു കൊണ്ടും താമസിക്കുന്ന സ്ഥലത്തു വേഗത്തിലെത്തി ചേര്ന്നത്റിഞ്ഞതെയില്ല . തിരക്കുള്ള ഒരു വലിയ മാര്ക്കറ്റിന്റെയുള്ളില് തന്നെ വാസ സ്ഥലം ഏര്പ്പെടുത്തിയിരുന്നതു മൂലം ഡ്രൈവര് വണ്ടി നിര്ത്തി എന്റെ സ്ഥലം ചൂണ്ടി കാണിച്ചു എന്തോ അയാളുടെ ഭാഷയില് പറഞ്ഞിട്ട് എന്റെ സാധങ്ങള് റോഡിന്റെ ഒരു വശത്ത്‌ വച്ച് അയാള് വണ്ടി ഓടിച്ചു മുന്നോട്ടു പോയി.
നമ്മുടെ നാട്ടിലെപ്പോലെ എവിടെയും അവനവന്റെ ഇഷ്ടം മാതിരി വണ്ടികള് പാര്ക്ക് ചെയ്‌താല് പിന്നെ ചിലപ്പോള് ആ ദിവസം മുഴുവന് "ഉള്ളില് കിടന്നു" ഉണ്ടപ്പൊരിയും രുചിച്ചു ബാക്കി കയ്യിലുള്ള കാശ് മുഴുവന് സര്ക്കാര് ഖജനാവിലും അടച്ചു കഴിഞ്ഞു വൈകുന്നേരം "സുഖ" ജീവിതം ആസ്വദിക്കേണ്ടി വരുമെന്നുള്ള തിരിച്ചറിവുള്ളതും കൂടി കൊണ്ടാവും അയാള് എനിക്ക് വഴി കാണിച്ചു തരാന് കൂടെ വരാതെ എന്നെ "വഴിയാധാരാമാക്കി" കടന്നു കളഞ്ഞത്. നിറഞ്ഞ മാര്ക്കെറ്റില് കടകളും ചില്ല് കൂടാരങ്ങളും വര്ണ്ണ വിസ്മയങ്ങളും കാരണം എനിക്ക് കയറി ചെല്ലേണ്ട ഗ്രിഹസമുച്ചയത്തിന്റെ ചെറിയ വാതിലൊന്നും കാണാനേ കഴിഞ്ഞില്ല . അഡ്രസ്‌ കൈവശം വെച്ചിട്ടും ഒരു കാര്യവുമുണ്ടായില്ല എന്നുള്ളത് മാത്രമല്ല അത് കാണിച്ചു കൊടുത്തപ്പോള് അത് വായിക്കാനറിയുകയോ അല്ലെങ്കില് നമ്മള് പറയുന്ന സ്ഥല നാമ ഉച്ചാരണം അവര്ക്ക് മനസ്സിലാവുകയോ ചെയ്യാത്ത വല്ലാത്ത ഒരവസ്ഥ. ഏകദേശം രാവിലെ പതിനൊന്നു മണിയെ ആയിക്കാണുകയുള്ളൂ എന്നിരുന്നാലും നഗരത്തിലെ ഒരു പ്രധാന മാര്ക്കറ്റായതു കൊണ്ടാവാം അന്നേരവും അവിടെ നല്ല തിരക്ക് അനുഭവപെട്ടു. ഞാനെന്റെ ലഗ്ഗേജുമായി അണ്ടി കളഞ്ഞു പോയ അണ്ണാനെപ്പോലെ അങ്ങോട്ട്‌ മിങ്ങോട്ടും നടന്നു സ്ഥലം തിരയുക എന്നുള്ളതൊഴിച്ചാല് അത് സ്വയം കണ്ടു പിടിക്കാനുള്ള സാധ്യത നന്നേ കുറവായിരുന്നുവെന്നു പിന്നെടെനിക്ക് മനസ്സിലായി. കുറെ അങ്ങോട്ട്‌ മിങ്ങോട്ടും സിഗ്നലുകള് ക്രോസ് ചെയ്തു ക്ഷീണിച്ചവസാനം ഒരിടത്തു നിന്ന് സമാധാനമായി വീണ്ടും "വഴി കണ്ടു പിടിക്കുക" എന്നുള്ള പ്രശനാവലി ആദ്യം പൂദ്യം പൂരിപ്പിക്കാമെന്നു വിചാരിച്ചു നില്ക്കുമ്പോഴാണ് എന്റെ നിസ്സഹായതയും ദുരവസ്ഥയും അങ്ങോട്ടുമിങ്ങോട്ടുമുള്ള വഴികാണാ കളികളും നോക്കി ഒരു വൃദ്ധന് അവിടെ നിന്നിരുന്നത്. ഒറ്റ നോട്ടത്തില് തന്നെ ഞാന് വിദേശിയാണെന്ന് കണ്ടു പിടിക്കാന് ഒരു മഷി നോട്ടവും ആവശ്യമില്ലാത്ത സ്ഥിതിക്ക് ആ മാന്യ ദേഹത്തിനു എന്റെ പരിതാപകരമായ അവസ്ഥയില് സഹാനുഭൂതി തോന്നിക്കാണും. എന്റെ കയ്യിലിരുന്ന അഡ്രെസ്സ് അദ്ദേഹം നോക്കിയപ്പോള് അദ്ദേഹത്തിനത്‌ വായിക്കാന് അറിയുമായിരുന്നില്ല എന്നിരുന്നാലും എന്തോ എന്നെ സഹായിക്കണമെന്ന അഭിവാന്ച്ച അദ്ദേഹത്തിന്റെയുള്ളില്ലന്നേരം തളിരിട്ടിരുന്നു. ചൈന ഇടമായത് കൊണ്ടു ശ്രീ ബുദ്ധ "ഭഗവാന്" വന്നു ആ വൃദ്ധനോട് ഉള്ളില് പറയാനേ തരമുള്ളൂ....എന്തായാലും വായിക്കാന് കഴിയാത്ത ആ പേപ്പര് തുണ്ടം എന്റെ കയ്യില് നിന്നും വാങ്ങി അപ്പുറത്ത് നിന്നിരുന്ന ഒരു സ്ത്രീയ കാണിച്ചു അവര് പരസ്പരം അവരുടെ സ്വന്തം ഭാഷയില് ആശയ വിനിമയം നടത്തി സ്ഥലത്തിന്റെ ഏകദേശ രൂപം ഉറപ്പിച്ചു. എവിടെക്കോ എന്തിനോ പോകേണ്ട ആ സീനിയര് സിറ്റിസന് എന്നെ കൈ കൊണ്ടു മാടി വിളിച്ചു പുറകെ വരാന് പറഞ്ഞു സിഗ്നല് ക്രോസ് ചെയ്തു അപ്പുറത്തേക്ക് നടന്നു. ഞാനെന്റെ ഭാണ്ഡവും വലിച്ചു (ആധുനിക കാലത്ത് എല്ലാവര്ക്കും വലിക്കുന്ന ഭാണ്ഡമാണല്ലോ!!!!) അനുസരണയുള്ള ഒരു സ്കൂള് വിദ്യാര്ഥി അധ്യാപകനെ അനുധാവനം ചെയ്യുന്ന മാതിരി അദ്ദേഹത്തെ പിന്തുടര്ന്നു. പരിചിതമല്ലാത്ത ഒരു വ്യക്തിക്ക് എങ്ങിനെ അവിടെ നമ്പരുകള് തിരയാന് കഴിയുമെന്നുള്ളത് ഞാനിപ്പോഴും ചിന്തിക്കാറുണ്ട്. ഞാന് അദ്ദേഹത്തെ പിന്തുടര്ന്നു ഒരു വേള മുന്നോട്ടു പോയി പിന്നീട് അദ്ദേഹം ആരോടോ എന്തോ ചോദിച്ചു വീണ്ടും പിറകോട്ടു വന്നു കറുത്ത നിറമുള്ള ഒരു ഇരുമ്പ് ഗേറ്റിനു മുന്നില് കൊണ്ട് വന്നു എന്നെ നിര്ത്തി. ഒരു വളരെ ചെറിയ ബോര്ഡില് തെളിഞ്ഞ നാമം എനിക്ക് തന്നിരുന്ന അതെ പേരുമായി യോജിച്ചു പോകുന്നത് കൊണ്ട് അത് തന്നെയാണ് എന്റെ സ്ഥലമെന്നു ഞാന് ഉറപ്പു വരുത്തി...ജയിലിന്റെ ഗേറ്റ് മാതിരി വളരെ ബലമുള്ള ആ വാതില് പുറത്തു നിന്ന് തുറക്കാന് കഴിയുമായിരുന്നില്ല കാരണം അത് ഡിജിറ്റല് ലോക്ക് മൂലം പൂട്ടിയിട്ടിരിക്കുകയാണ്... പുറത്തു നിന്ന് വിളിക്കാന് എവിടെയും കാള്ളിംഗ് ബെല് കണ്ടതുമില്ല. വല്ലാത്തൊരു സംവിധാനം എന്ന് മനസ്സില് പറഞ്ഞു പുറത്തു കാത്തു നിന്നപ്പോള് അകത്തു നിന്ന് വന്ന ഒരാള് വാതില് തുറന്നു പുറത്തു വന്ന വേളയില് എന്നെ ഉള്ളില് കയറ്റി ആ സന്മനസുള്ള വൃദ്ധ മനസ്സ് ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു പിന് തിരിഞ്ഞു നടന്നു. സന്മനസ്സുള്ളവര്ക്ക് ഭൂമിയില് സമാധാനം എന്നുള്ളത് ദൈവ പുത്രന് എന്നെക്കാള് മുന്നേ പറഞ്ഞിട്ടുള്ളത്‌ കൊണ്ട് ഞാന് രണ്ടാമതൊരു വട്ടം പറഞ്ഞില്ല എന്നിരുന്നാലും മനസ്സിലോര്മ്മിച്ചു. പിന്നെടോരുവേള ഞാന് ആ സന്ദര്ഭത്തെ കൂട്ടി ചേര്ത്തു വായിച്ചപ്പോള് കിട്ടിയ ആകെ തുക ഇങ്ങിനെയാണ്‌
കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലം ഡല്ഹിയുടെ ഹൃദയഭാഗത്ത് ജോലി ചെയ്തിരുന്ന എന്നോട് പലപ്പോഴും ഒരു പാട് ആളുകള് വഴി ചോദിച്ചിട്ടുണ്ട്. ഓരോ ചോദ്യകര്ത്തവിനോടും വളരെ വ്യക്തതയോടെയും കൈ ചൂണ്ടി കാണിച്ചും അടയാളങ്ങള് പറഞ്ഞും അവര് വഴി മനസ്സിലാക്കി എന്നുള്ള ബോധ്യത്തോടെ തന്നെയാണ് അവരെ പറഞ്ഞയക്കാരുള്ളത്. നമ്മള് ചെയ്യുന്ന പ്രവര്ത്തികള് വേറൊരു തരത്തില് രൂപത്തില് നമ്മെ വന്നു സഹായിക്കുന്നുവെന്നുള്ളത് യുക്തിചിന്തക്ക് അപ്പുറമാണെങ്കിലും അത്തരം ചില നിമിത്തങ്ങളുണ്ടെന്നുള്ള ബോധം മനുഷ്യന് ഒരു സാമൂഹ്യജീവി എന്നുള്ള രീതിയില് നില നില്പ്പിനു അത്യാവശവ്യം ഞാനും എന്റെതും എന്റെ വഴികളും മാത്രമെന്നുള്ള സ്വാര്ത്ഥ ചിന്തകളില് നിന്ന് മാറി ഒരു പൊതു നന്മയുടെ ബോധത്തെ സൃഷ്ടിക്കാന് ഉപകരിക്കുമെന്നുള്ള ചിന്തയെ തലോലിക്കാനാണ് എനിക്കിഷ്ടം

ബോംബെ ഓർമ്മ

സംഭവം കൃത്യമായും നടക്കുന്നത് ക്രിസ്തുവിനു ശേഷമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടില് തന്നെയാണ് .
വര്ഷം കൃത്യമായി പറയുകയാണെങ്കില് 1998 ജനുവരി ഇരുപത്തി നാല്.
അതെ അന്നൊരു ശനിയാഴ്ചയായിരുന്നു. ശനിയുടെ അപഹാരമില്ലാതെ ജീവിതത്തിന്റെ ശുക്രദശയില് മനസ്സും മദിരോത്സവങ്ങളും മദനോത്സവങ്ങളുടെ നിറച്ചാര്ത്തായി നിറഞ്ഞു നിന്നിരുന്ന യൌവ്വനക്കാലം. ബോംബയിലെ തെരുവുകളില് രാത്രികള് പകലുകളാക്കി ബോധതലങ്ങള് "അബോധാവസ്ഥയിലാക്കി" ലോക്കല് ട്രെയിനിന്റെ ഇരമ്പലുകള് തലച്ചോറിന്റെ സംഗീതമാക്കി കുതിച്ചു പായുന്ന ദിനരാത്രങ്ങളെ വെറും നൈമിഷികങ്ങളാക്കി ജീവന്റെ അസ്തിത്വ ദുഖത്തെയെപ്പോഴും "കുപ്പിയിലാക്കി" യങ്ങിനെ അരങ്ങു തകര്ക്കും കാലം.
എന്റെ വളരെ അടുത്ത സുഹൃത്തും "ദാര്ശനിക" തലത്തില് സാമാന്തര തലങ്ങള് കൈ കൊള്ളൂന്നവനുമായ അവനന്ന് നഗരത്തിന്റെ വ ര്ണ്ണപ്പൊലിമയില് ആഴ്ചയവധിയുടെ വിരസതയകറ്റാന് ജോലി ചെയ്യുന്ന ഗുജറാത്ത് ദേശത്ത് നിന്ന് വിരുന്നു വന്ന ദിവസം. വൈകുന്നേരങ്ങളില് ഞങ്ങള് പുറത്തിറങ്ങിയാല് പരസ്പര ആശയ വിനിമയം കൂടാതെ തന്നെ കാലുകള് ഒരേ "ലക്ഷ്യത്തിലേക്ക്" നടന്നു നീങ്ങിയിരുന്ന സുവര്ണ്ണകാലം. അന്നൊരു ദിനത്തില് നഗരത്തിലെതാണ്ട് അര നൂറ്റാണ്ട് ജീവിതം പിന്നിട്ട തട്ടകത്തെ ഒരു പ്രമുഖ വ്യക്തിയെ അദ്ദേഹത്തിന്റെ ഭവനത്തില് സന്ദര്ശിച്ച് അദ്ദേഹത്തിന്റെ ജീവിത ദര്ശനങ്ങളിലെ പൊരുളുകള് ചര്ച്ച ചെയ്തവസാനം ചെന്നെത്തിയത് വൈകുന്നേരങ്ങളിലെ ഏതോ ഒരു വഴിയമ്പലത്തില്. പരസ്പര വചന പ്രഘോഷണങ്ങള്ക്ക് കരുത്തേകാന് ആസക്തിയുടെ ആസവങ്ങള്ക്ക് ഓര്ഡര് കൊടുത്ത്കൊണ്ട് രണ്ടു കസേരകളില് സ്ഥാനം പിടിച്ചു ഞങ്ങളിരുന്നു . ഒരു നഗരത്തിന്റെ മുഴുവന് തിരക്കും വൈകുന്നേരങ്ങളില് തമ്പടിക്കുന്നത്‌ ഈ വഴിയമ്ബലങ്ങളിലാണോയെന്നുള്ള രീതിയിലായിരുന്നു ഉള്ളിലെ തിരക്ക്. മുന്നില് കൊണ്ട് വന്നു വെച്ച പപ്പടത്തിന്റെയും കടലയുടെയും ഉപ്പു രസം നാവിന്റെ രസമുകുളങ്ങളെ ഉണര്ത്തുമ്പോഴേക്കും പരിചാരകന് ജീവന്റെ ആഴത്തെ തൊട്ടറിയാനുള്ള "രാസദ്രവങ്ങള്" മേശമേല് നിരത്തിയിരുന്നു. സ്ഫടിക ഗ്ലാസിലെ നിറമുള്ള പാനീയത്തിന്റെ നിറച്ചാര്ത്തില് മനം നീരാടി കൊണ്ടിരിക്കുമ്പോള് ഞങ്ങള് പ്രാദേശികവും ദേശിയവും അന്തര്ദേശിയവുമായ രാഷ്ട്രീയ അവലോകനം നടത്തി അവസാനം യൌവ്വനത്തിന്റെ ഉള്തുടിപ്പിന്റെ വിഷയമായ പ്രണയവര്ണ്ണത്തിന്റെയും സ്ത്രീ പുരുഷ സൌഹൃദത്തിന്റെയും അറിയാത്ത നിഗൂഡ തലങ്ങളെ സ്പര്ശിച്ചു കൊണ്ടാണ് അന്നത്തെ പാതിരാ ചര്ച്ച അവസാനിപ്പിച്ചത്. അവസാന ട്രയിനിറെ അവസാന ബോഗിയില് കയറുമ്പോള് താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാമെന്നുള്ള നിഗമനമായിരുന്നെങ്കിലും ബോധങ്ങളും ബോധ്യങ്ങളും പെട്ടെന്ന് മാറ്റിയെടുക്കാന് "അകത്തു" നിന്നവന് കല്പ്പിച്ചു. അങ്ങിനെ അവസാന ട്രെയിന് അവസാനിക്കുന്ന സ്റൊപ്പിന്റെ തൊട്ടു മുന്പിലെ സ്റ്റോപ്പില് ഞങ്ങളിറങ്ങി രാത്രിയുടെ വഴി വെളിച്ചത്തില് മറ്റൊരു സുഹൃത്തിന്റെ വീട് ലക്ഷ്യമാക്കി നടന്നു. നടവഴിയിലെ "മരുന്നുശാലയില്" നിന്നു സുഹൃത്തിനും വീണ്ടും ഞങ്ങള്ക്കും മറ്റൊരാവര്ത്തി കൂടി താളവട്ടം കൊട്ടി കയറാന് വേണ്ട "ഊര്ജ്ജദ്രവത്തെ" കൈക്കലാക്കാമെന്നുള്ള ചിന്തകള്ക്ക് മങ്ങലേല്പ്പിച്ചു കൊണ്ടവര് പാണ്ടിക ശാലയുടെ അവസാന പാളിയും അടച്ചു താഴിട്ടു കൊണ്ടിരുന്നന്നേരം. നിരാശയുടെ മൂടുപടമണിഞ്ഞെങ്കിലും മുന്നേ അകത്തു പ്രവേശിച്ഛവരെല്ലാം ശക്തിയായി പ്രവര്ത്തിച്ചപ്പോള് വന് കുടലും ചെറു കുടലും അന്നനാളവും ആമാശയവുമെല്ലാം വിശപ്പിന്റെ ഗാഥകള് ഒരേ താളത്തില് ഏറ്റുപാടാന് തുടങ്ങിയിരുന്നു.
അലസതക്ക്‌ ഒരു പേര് കൊടുത്താല് അത് അവനായി തീരുമെന്നുള്ള രീതിയിലായിരുന്നു ചെന്ന് കയറിയ സുഹൃത്തിന്റെ ജീവിതദര്ശനങ്ങള് . ഭക്ഷണം എന്നുള്ളത് ജീവന്റെ പ്രധാന ഘടകമല്ല എന്നുള്ളതും കിട്ടുമ്പോള് കഴിക്കുക അല്ലെങ്കിലിനി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ചിന്തയുടെ മൂര്ത്തീ ഭാവമായിരുന്നവന്. വൈകിയ ഈ വേളയില് ഇനിയിപ്പോള് എന്ത് രാത്രി ഭക്ഷണം എന്ന നിലയില് ഉഭയ സമ്മതത്തിലെത്തിയ അവര് രണ്ടു പേരും ആത്മാവിനു പുകയര്പ്പണം നടത്തി കൊണ്ട് എന്റെ വിശപ്പിന്റെ ഗതിയെ തിരിച്ചു വിടാന് ശ്രമിച്ചു കൊണ്ടിരുന്നു. നഗരം ഒരു ദിവസത്തെ ക്ഷീണവും പേറി അര്ദ്ധ രാത്രിയുടെ നിശബ്ദ തലങ്ങളിലേക്ക് പ്രവേശിച്ചിരുന്നു അന്നേരം . ആസക്തിയുടെ ദ്രവങ്ങള് വീണ്ടും ശക്തിയായി ഉള്ളില് മദിച്ചപ്പോള് ഞാന് വെറുതെ ചുമരിലെ ക്ലോക്കില് നോക്കി നിര്വികാരനായി നിന്നു. രാത്രിയുടെ ഈ വൈകിയ വേളയില് നഗരത്തിന്റെ അതിര്ത്തി കോണിലുള്ള ഈ കൊച്ചു പ്രദേശത്തിനി ഭക്ഷണ ശാലകള് ഒന്നും തന്നെ തുറന്നിരിക്കില്ല എന്നുള്ള ഉറപ്പു വരുത്തലുകള് കൂടിയായപ്പോള് വിശപ്പിന്റെ അതിജീവനത്തിനു വേണ്ടിയുള്ള ഊര്ജ്ജമേന്നെ പിടി കൂടി. വിശന്നിരുന്ന ഒരു കാലത്തിന്റെ നാളുകള് ഓര്മ്മയില് തെളിഞ്ഞപ്പോള് അത് സാമൂഹ്യ പ്രതിഭാസത്തിന്റെ ഭാഗമായി വന്നതാണെന്നും ഇന്ന് താന് വിശന്നിരിക്കേണ്ട സാമൂഹികവും സാമ്പത്തികവുമായ സാഹചര്യമില്ലെന്ന യുക്തിചിന്ത മനസ്സില് രൌദ്ര ഭാവം പൂണ്ടപ്പോള് ഞാന് ആ വീട്ടിലെ അടുക്കളയുടെ വഴിയിടങ്ങള് തേടി യാത്രയാവുകയായിരുന്നു. സുഹൃത്തുക്കളപ്പോഴും ആത്മാവിന്റെ വാതായനങ്ങള് തുറന്നു പുകയെ അകത്തേക്ക് തള്ളി കയറ്റി കൊണ്ടിരുന്നു.
കത്തിച്ച സ്ടവ്വില് കുക്കര് വെക്കുമ്പോള് കൈകളുടെ പ്രവര്ത്തനം ത്വരിത ഗതിയിലാകുകയായിരുന്നു. ഫ്രിട്ജൂ തുറന്നു കിട്ടിയ പച്ചക്കറികള് എല്ലാം തന്നെ വേഗത്തില് മുറിച്ചു ചൂടുള്ള എണ്ണയില് നന്നായി ഫ്രൈ ചെയ്തു അരിയിട്ട് വീണ്ടുമൊന്നുകൂടി ഫ്രൈ ചെയ്യുമ്പോള് മൂക്കില് തുളച്ചു കയറിയ മണം ആസ്വദിച്ച് സുഹൃത്തുക്കള് ഒന്നായി മൊഴിഞ്ഞു "നീയെന്താ അര്ദ്ധ രാത്രിയില് സദ്യ ഒരുക്കുകയാണോ" എന്നുള്ള രീതിയില്. കുക്കറടച്ചു അടുത്തെയടുപ്പില് പപ്പടവും കാച്ചി ഞാന് പുറത്തു വന്നു നില്ക്കുമ്പോള് രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് അകത്തു നിന്ന് വിശപ്പിന്റെ വിളിയകറ്റാനുള്ള കുക്കറിന്റെ വിസില് മൂളി കൊണ്ടിരുന്നു. ആവിമുഴുവനും അകന്നു പോയ കുക്കര് തുറക്കുമ്പോള് മനസ്സിന്റെയും മുഖത്തിനെയും പ്രകാശമൊരുപ്പോലെ തിളങ്ങി നിന്നു. പുലാവ് മൂന്ന് പ്ലേറ്റില് ഭാഗിച്ചു പപ്പടവും അച്ചാറും ചേര്ത്തു സുഹൃത്തുകള്ക്കു നല്കുമ്പോള് അവരുടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷവും അതിശയവും . ചുമരിലെ ക്ലോക്കിലെ സൂചികളപ്പോള് രണ്ടുമണിയെ പ്രാപിച്ചു കഴിഞ്ഞിരുന്നു. വെജിറ്റബിള് പുലാവിന്റെ ആദ്യ ശകലങ്ങള് നാവില് തട്ടിയപ്പോള് മനസ്സില് പറഞ്ഞു " ഈ ചന്തുവിനെ കൊല്ലാം പക്ഷെ തോല്പ്പിക്കാനാവില്ല" അതിജീവന കലയില്... 🙂
ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് സ്നേഹത്തോടെയും ദയാപൂര്വ്വവും എന്നോട് ചോദിച്ചു "ഭക്ഷണം എല്ലാം ഒറ്റയ്ക്ക് ഉണ്ടാക്കി കഴിക്കണമല്ലെയെന്നു പറഞ്ഞപ്പോഴാണ് ഈ കഥ പെട്ടെന്നോര്മ്മ വന്നത്. സമര്പ്പണം അവര്ക്കായി..... 🙂