Sunday, September 7, 2014



നാലു മെഴുകുതിരികള്‍ 

ഒരു മുറിയില്‍ നാലു മെഴുകുതിരികള്‍ കത്തി തീരുന്നുണ്ടായിരുന്നു.
ആദ്യത്തേത് പറഞ്ഞു "ഞാന്‍ സമാധാനമാണ്". ആര്‍ക്കുമെന്നെ എല്ലായിപ്പോഴും നില നിര്‍ത്തുവാന്‍ കഴിയില്ല. ചില നേരങ്ങളില്‍ ഞാന്‍ പൊട്ടിത്തെറിക്കും. അത് വേഗത്തില്‍ സ്വയം ചുരുങ്ങി ഒരു വേള ദീപനാളത്തെ മുഴുവനായും അണച്ചു.
രണ്ടാമന്‍ പറഞ്ഞു "ഞാന്‍ വിശ്വാസമാണ്". ഞാന്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമല്ലാതായി തീര്‍ന്നിരിക്കുന്നു. അതുമൂലം ഞാനിവിടെ അധികകാലം നില നില്‍ക്കുന്നതിലര്‍ത്ഥമില്ല. പറഞ്ഞു നാക്കെടുത്തില്ല ഒരു മന്ദമാരുതന്‍ വന്നതിനെയും അണച്ചു.
മൂന്നാമന്റെ ഊഴമായി. അവന്‍ പറഞ്ഞു "ഞാന്‍ സ്നേഹമാണ്". സ്വയം അണഞ്ഞു പോകാന്‍ തക്ക ശക്തിയില്ലെനിക്ക്. മാലോകരെല്ലാമേന്നേ ഒരു വശത്തേക്ക് തള്ളിമാറ്റിയിരിക്കുകയാണ്. എന്റെ പ്രാധാന്യത്തെ ആരും മനസിലാക്കുന്നില്ല. ഒരുവനരികില്‍ നില്‍ക്കുന്നവനെപ്പോലും സ്നേഹിക്കാന്‍ മറന്നു പോയവരാണധികവും. ഇനി ഞാന്‍ കാത്തു നില്‍ക്കുന്നില്ല. മെല്ലെയതും പോയണഞ്ഞു.
പെട്ടെന്നൊരു കുഞ്ഞു മുറിയിലേക്ക് കടന്നു വന്നു. അവന്‍ അണഞ്ഞു പോയ മൂന്ന് മെഴുകു തിരികളെയും മാറി മാറി നോക്കി എന്നിട്ട് ചോദിച്ചു "നിങ്ങളെന്തേ എല്ലാവരും അവസാന നിമിഷം വരെ കത്തി തീരാതെ സ്വയം അണഞ്ഞു പോയത്" ഇത്രയും പറഞ്ഞുകൊണ്ട് കുഞ്ഞു കരയാന്‍ തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കണ്ടു അപ്പോഴും കത്തി കൊണ്ടിരുന്ന നാലാമന്‍ മെഴുകുതിരി പറഞ്ഞു " കുട്ടീ നീ കരയണ്ട, കത്തി നില്‍കുന്ന ഞാന്‍ ജീവന്‍ പകര്‍ന്ന് നമൂക്ക് മറ്റു മൂന്നു പേരെയും വീണ്ടും ഉയിര്‍ത്തെഴുന്നെല്‍പ്പിക്കാം. എന്റെ പേര് പ്രതീക്ഷയെന്നാകുന്നു."
തിളങ്ങുന്ന കണ്ണുകളോടും നിറഞ്ഞ ഉത്സാഹത്തോടെയും ആ കുഞ്ഞ് പ്രതീക്ഷയെന്ന മെഴുകുതിരിയുമായി മറ്റുള്ളവര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി.
**************************************************************************************
ജീവിതത്തിന്റെ ഓരോ തുടിപ്പുകളും പ്രതീക്ഷാ നിര്‍ഭരമാണ്.പരിമിതമായ നിരാശകളെ തള്ളി കളഞ്ഞു അനന്തമായ പ്രതീക്ഷകളില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് ആ നീല വെളിച്ചത്തെ പുണരാനായി മുന്നേറാം.

അയാളും ദൈവവും

കാലത്തിന്റെ ഭ്രമണത്തില്‍ അയാളുടെ ജീവനിലെ മഞ്ഞും മഴയും പെയ്തു തീര്‍ന്നു. മനസ്സിലെ ഋതുഭേദങ്ങളില്‍ വേനലിന്റെ ചൂടും ശൈത്യത്തിന്റെ കുളിരും അന്തര്‍ധാനം ചെയ്തിറങ്ങി. ഇന്ധനം തീര്‍ന്ന വാഹനമെന്നോണം അയാളുടെ ഹൃദയം അവസാന കുതിപ്പിനായി നിന്ന് വിറച്ചു.
അയാള്‍ അവസാന ശ്വാസത്തിലായിരുന്നു...
തന്റെ മരണം തിരിച്ചറിഞ്ഞ അയാള്‍ തന്റെയരികിലേക്ക് ദൈവമൊരു വലിയ പെട്ടിയുമായി നടുന്നടുക്കുന്നത് കണ്ടു.സഫലമായ തന്റെ ജീവന്റെ സമ്പാദ്യങ്ങളെല്ലാം കൂടെ കൊണ്ടുപോകാനുള്ള പെട്ടിയുടെ വലിപ്പം കണ്ടു അയാളല്‍പ്പം ആശ്ചര്യപ്പെടാതിരുന്നില്ല.
ദൈവം അയാളോടായി പറഞ്ഞു....
ദൈവം : ശരി മകനെ.. പോകാനുള്ള സമയമായി.....
അയാള്‍ : ഇത്ര പെട്ടെന്നൊ? എനിക്കിനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.
ദൈവം :ക്ഷമിക്കണം...നിന്റെ സമയം കഴിഞ്ഞിരിക്കുന്നു... വരൂ പോകാം നമുക്ക്....
വളരെ കൌതുകത്തോടെ അയാള്‍ ദൈവത്തോടായി ചോദിച്ചു....
അയാള്‍ : എന്താണ് ആ പെട്ടിയില്‍?
ദൈവം : നിങ്ങളുടെ സമ്പാദ്യങ്ങള്‍...
അയാള്‍ : എന്റെ സമ്പാദ്യങ്ങള്‍?....അതായത് എന്റെ വസ്ത്രങ്ങള്‍, എന്റെ പണം
തുടങ്ങിയവ....
ദൈവം : അതൊന്നും ഒരിക്കലും നിന്റെതായായിരുന്നില്ല....അതെല്ലാം ഭൂമിയുടെതു
മാത്രമായിരുന്നു
അയാള്‍ : എന്നാലെന്റെ ഓര്‍മ്മകള്‍?
ദൈവം : അതെല്ലാം കാലത്തിന്റെതായിരുന്നു...
അയാള്‍ : എന്റെ മികച്ച പ്രകടനങ്ങള്‍ ഞാന്‍ നേടിയെടുത്ത പാഠവങ്ങള്‍?
ദൈവം : അതെല്ല്ലം നീ പരിതസ്ഥിതികളാല്‍ പഠിച്ചെടുത്തതാണ്‌
അയാള്‍ : അതുമല്ലെങ്കില്‍ പിന്നെ എന്റെ കുടുംബവും സുഹൃത്തുക്കളുമാണോ?
ദൈവം : അല്ല മകനെ....അതെല്ലാം നീ സഞ്ചരിച്ച വഴികളുടെതായിരുന്നു
അയാള്‍ : എന്റെ എല്ലാമായ ഭാര്യയും മക്കളും?
ദൈവം : ഒരിക്കലുമല്ല..അതെല്ലാം നിന്റെ ഹൃദയത്തിന്റെതായിരുന്നു
അയാള്‍ : എന്നാല്‍ ഉറപ്പായും ഞാന്‍ തേച്ചു മിനുക്കി വെളുപ്പിച്ചെടുത്ത എന്റെ
ഈ ശരീര്മായിരിക്കും?
ദൈവം : അല്ലേയല്ല...അതെല്ലാം മണ്ണിനു അവകാശപ്പെടതാണ്...
അയാള്‍ : ഇതൊന്നുമല്ലെങ്കില്‍ പിന്നെ തീര്‍ച്ചയായും എന്റെ ആത്മാവു തന്നെ... ഞാന്‍ സ്വായത്തമാക്കിയ ആത്മവിദ്യ കൊണ്ട് ഇപ്പോഴും പ്രകാശമാനമായി നിലകൊള്ളുന്ന....
ദൈവം : മകനെ നീ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു...നിന്റെ ആത്മാവ്‌ ഞാന്‍
നല്‍കിയതായിരുന്നു.
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ഒരുവേള ഉത്കണ്ടയോടെയും ഭയത്തോടെയും അയാളാ ആ പെട്ടി തുറന്നു...അത് തികച്ചും ശൂന്യമായിരുന്നു...വിങ്ങുന്ന ഹൃദയവും നിറഞ്ഞ കണ്ണുകളുമായി അയാള്‍ ദൈവത്തിനു മുന്നില്‍ നിന്ന്നു...അവസാനം തൊണ്ടയിടറി ചോദിച്ചു
അയാള്‍ : ഞാന്‍ ഒരിക്കലും എന്റെതായി ഒന്നും നേടിയിരുന്നില്ലേ?
ദൈവം : അതെ...അതാണതിന്റെ ശരി..നീ ഒരിക്കലും നിന്റെതായി ഒന്നും നേടിയിരുന്നില്ല
അയാള്‍ : എന്നിരുന്നാലും എന്റെതായി എന്തെന്കിലുമുണ്ടാവില്ലെ ഈ ഭൂമിയില്‍...
അതെന്താണ്?
ദൈവം : നീ ജീവിച്ച നിമിഷങ്ങള്‍..നീ ജീവിച്ച ഓരോ നിമിഷങ്ങളും നിന്റേതു മാത്രമായിരുന്നു....
ദൈവത്തിന്റെ പിന്നിലായി ആ ശൂന്യമായ പെട്ടിയുമായി അയാളും മെല്ലെ നടന്നു നീങ്ങി.



വിശപ്പിന്റെ രണ്ടു മുഖങ്ങള്‍

ഒഴിവു ദിനത്തിന്റെ അലസതയില്‍ ദിനപത്രത്തിന്റെ വരാന്തപതിപ്പില്‍ മുഖം നട്ടിരുന്ന ഞാന്‍ ഗേറ്റിനു പുറത്തു കേട്ട ശബ്ദത്താലാണ് അപ്പോള്‍ തല വെട്ടിച്ചു നോക്കിയത്. ഒരു വേള ഞാനാരുടെയും തല ഗയ്റ്റിനു മുകളിലായി കണ്ടില്ല. ശ്രദ്ദിച്ചു താഴെ വിടവുള്ള അഴികളിലൂടെ നോക്കിയപ്പോഴാണ് മനസ്സിലായത് ഒരു പെണ്‍കുട്ടിയുടെ വേഷ വിധാനത്തില്‍ ആരോ ഗേറ്റിനു പുറത്തു നില്‍ക്കുന്ന്ടെന്നുള്ളത്. വായിച്ചു കൊണ്ടിരുന്ന കഥയുടെ തുടര്‍ച്ച നഷ്ടപ്പെട്ട അലോസരത്തില്‍ മനസ്സിലാ മനസ്സോടെ ഞാന്‍ ഗേറ്റ് തുറന്നു നോക്കി. ഏകദേശം പത്തോ പതിനെന്നോ വയസ്സുള്ള രണ്ടു പെണ്‍കുട്ടികളവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ അത്രകണ്ട് മുഷിഞ്ഞതല്ലായിരുന്നെങ്കിലും അവരുടെ മുഖ പ്രകൃതിയും വേഷത്തിന്റെ ശൈലിയും ഒത്തു ചേര്‍ന്നു പോയിരുന്നില്ല. മങ്ങിയ നിറമുള്ള വസ്ത്രങ്ങളുടെ ശൈലി കണ്ടപ്പോള്‍ ഞാനൂഹിച്ചു അതവര്‍ക്ക് ആരോ നല്കിയതായിരിക്കുമെന്നുള്ളത്.
എന്റെ ചോദ്യ ഭാവത്തിലുള്ള നോട്ടം കണ്ടിട്ടായിരിക്കും അവര്‍ പറഞ്ഞത്...."ഭൂഖ് ലഗീ ഹേ... അങ്കിള്‍ ഖാനാ ദേ ദോ"....
അവരുടെ മുഖത്തിന്റെ ദൈന്യതയും പറച്ചിലിലെ മൃദുത്വവും എന്നെയൊരു നിമിഷം വല്ലാതെയാക്കി. ഞായറിന്റെ മന്ദഗതിയിലുള്ള പ്രവര്‍ത്തന "മികവില്‍" അന്നേരം കഴിക്കാനുള്ള ഒരു ഭക്ഷണവും അടുക്കളയില്‍ തയ്യാറായിരുന്നില്ല. വിശപ്പിന്റെ രുചിയറിഞ്ഞവന്‍ വിശപ്പിന്റെ വിളിയെ തിരിച്ചറിയണമെന്നുള്ള ബോധം തലയിലേന്തി ഞാനവരോടവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. ഗേറ്റ് ചാരി അകത്തേക്ക് പോന്ന ഞാന്‍ എന്താണവര്‍ക്ക് കഴിക്കാന്‍ കൊടുക്കുക എന്നുള്ള ചിന്തയില്‍ മുഴുകി. രാവിലെ തന്നെ ഭക്ഷണമന്വേഷിച്ചിറങ്ങിയ കുട്ടികളെ വെറുതെ പറഞ്ഞയക്കാന്‍ തല്‍ക്കാലമെന്റെ മനസ്സ് അനുവദിച്ചില്ല . പിന്നീട് ബുദ്ധിയുടെ ഗൂഗിള്‍ സെര്‍ച്ചില്‍ ഞാനാദ്യം ചെന്നെത്തിയത് ബിസ്കറ്റുകള്‍ ഇട്ടു വെക്കുന്ന പത്രത്തിലെക്കായിരുന്നു. താല്‍ക്കാലിക ശമനത്തിന് അതുമതിയെന്നുള്ള നിഗമനത്തിലെത്തുമ്പോഴേക്കും ശ്രീമതി നല്ല ബുദ്ധിയുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
ഫ്രിഡ്ജിലിരിക്കുന്ന ബ്രെഡ്‌ അവര്‍ക്ക് എടുത്തു കൊടുക്കുവാന്‍ എനിക്ക് നിര്‍ര്‍ദേശം നല്‍കി അവള്‍ തന്റെ ജോലിയില്‍ വീണ്ടും വ്യാപൃതയായി.ഞാന്‍ പുറത്തു വരാന്‍ വൈകിയതു കൊണ്ടാവാം ഒരു പക്ഷെ ഇവിടെ നിന്ന് ഒന്നും കിട്ടില്ലെന്നുള്ള നിരാശയോടെ അവര്‍ അടുത്ത വീട് തേടി നടക്കാന്‍ തുടങ്ങുകയായിരുന്നു. കയ്യിലിരുന്ന ബ്രെഡ്‌ പാക്കെറ്റ് അവര്‍ക്ക് നല്‍കി ഞാനവരുടെ ഒരു ദിവസത്തെ വിശപ്പിലേക്ക് തന്റെ സംഭാവന നല്‍കുമ്പോള്‍ ചോദിച്ചു
"ആപ് ലോക് കഹാം സെ ആയേ"?...
അടുത്തുള്ള ഒരു ചേരി പ്രദേശത്തിന്റെ പേര് പറഞ്ഞ അവരോടായി ഞാന്‍ വീണ്ടും ചോദിച്ചു
"തും ലോഗ് സ്കൂള്‍ നഹി ജാത്തെ ഹേ ക്യാ"?....
ഇല്ലെന്നു മറുപടി പറഞ്ഞ അവര്‍ക്ക് നേരെ അടുത്ത ചോദ്യമെറിഞ്ഞു ഞാന്‍..........
"ക്യോം നഹി ജാത്തെ ഹേ"....
അമ്മയുടെ കൂടെ വീടുകളില്‍ പണിക്കു പോകുന്ന അവര്‍ക്ക് സ്കൂളില്‍ എങ്ങിനെ പോകാന്‍ കഴിയുമെന്നുള്ള ഉത്തരത്തില്‍ എന്നെ തളച്ചിട്ട അവര്‍ ഇനിയുമധികനേരം അവിടെ നിന്ന് എന്റെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലായെന്നുള്ളത് മുഖത്തു വരുത്തി മെല്ലെ തങ്ങളുടെ അടുത്ത ലകഷ്യ സ്ഥാനത്തേക്ക് നടന്നു നീങ്ങി. ഒരിടവേള ഞാനവരുടെ തിരിച്ചു പോക്ക് ശ്രദ്ദിച്ചുകൊണ്ട് നിസ്സഹായവസ്ഥയില്‍ സകലമാന സാമൂഹ്യ വ്യവസ്ഥിതികളേയും മനസ്സില്‍ പഴിച്ചുകൊണ്ട് ഏതൊരു മധ്യവര്‍ഗ്ഗ വീട്ടുകാരനെപ്പോലെയും ഗേറ്റടച്ചു തന്റെ ലാവണത്തിലേക്ക് കയറി പോന്നു.
വിശപ്പിന്റെ വിളികള്‍ പലതരത്തില്‍ വഴിയരികില്‍ കേള്‍ക്കാറുണ്ട്. മിക്കവയും കാശിനു വേണ്ടി മാത്രം വരുന്ന വിളികളായിരിക്കും. ചുരുക്കം പേര്‍ മാത്രമേ ആഹാരത്തിന്റെ വിളികളുമായി വഴികളില്‍ കാണാറുള്ളൂ. ഹൃദയത്തിന്റെ വികാരധമിനികള്‍ ഉത്തെജിക്കുമ്പോള്‍ പലപ്പോഴും ആഹാരത്തിനു വേണ്ടിയുള്ള വിളികള്‍ക്ക് കാതു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. തലേ ദിവസം വഴിയില്‍ വെച്ചു കണ്ട ബലൂണ്‍ വില്‍പ്പനക്കാരനും എന്നോട് പറഞ്ഞത് ഞാനിതുവരെ ഒന്നും കഴിച്ചില്ല എന്നുള്ളത് തന്നെയാണ്. ഒരു ബലൂണ്‍ വാങ്ങി സഹായിക്കൂ എന്നുള്ളതായിരുന്നു അയാളുടെ അന്നേരത്തെ ആവശ്യം. എന്തു കൊണ്ടോ അയാളെയപ്പോള്‍ സഹായിക്കണമെന്ന ബോധം എന്നെ മനസ്സിനെ സ്വാധീനിച്ചില്ല. ഒന്നാമതായി അയാളുടെ ആ ബലൂണ്‍ എനിക്കാ സന്ദര്‍ഭത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ വലുതും രണ്ടാമതായി എന്റെ ബുദ്ധിയുടെ ദ്രുത വിശകലനത്തില്‍ അയാളുടെ ബോധപൂര്‍വ്വമായ ആ വികാരപ്രകടനം തന്റെ കച്ചവടം പരിപോഷിപ്പിക്കുക എന്നുള്ള തന്ത്രം ആവിഷ്ക്കരിക്കുകയുമാണ്‌ ചെയ്യുന്നത് എന്നുള്ള ബോധത്തില്‍ ഞാനയാളെ ഒഴിവാക്കി. എന്റെ ബുദ്ധിയാണോ അയാളുടെ വിശപ്പാണോ ശരിയെന്നുള്ള തീര്‍പ്പ് കാലത്തിനു വിട്ടു കൊടുത്തു കൊണ്ട് ഞാനെന്റെ ചിന്തകളെ എന്റെ വീട്ടിലേക്ക് തന്നെ തിരിചെടുക്കട്ടെ .
രംഗം മധ്യവര്‍ഗ്ഗ കുടുംബത്തിലെ രാത്രിയിലെ അത്താഴ മേശ . മൂന്നു വശവുമായി ഇരിക്കുന്ന ഞാനും ഭാര്യയും മകനും മാത്രമടങ്ങുന്ന കുടുംബം. മേശമേല്‍ വ്യത്യസ്ത പാത്രങ്ങളിലായി സാമ്പാര്‍, ബീന്‍സ് തോരന്‍, പപ്പടം,കൊണ്ടാട്ടം വറുത്തത്. തൈര്, കടുമാങ്ങ മുതലായവ നിരത്തിയിരുന്നു. പന്ത്രണ്ടുകാരനായ മകന്‍ ഓരോരോ പാത്രത്തിലെക്കും മാറി മാറി നോക്കി. പാത്രത്തില്‍ നിന്ന് കണ്ണെടുത്തു വാടിയ മുഖത്തോടെ അമ്മയെ നോക്കുന്നു. എന്നിട്ട് സ്വല്‍പ്പം ഈര്‍ഷ്യ കലര്‍ന്ന സ്വരത്തില്‍ ചോദിക്കുന്നു
മകന്‍ :"എന്നും ഈ ചോറും കൂട്ടാനും തന്നെ"....
ദൈവ വിശ്വാസിയായ അവന്റെ അമ്മ മറുപടി പറയുന്നു: " ഇതൊക്കെ കിട്ടുന്നുണ്ടല്ലോ എന്നോര്‍ത്തു നീ ദൈവത്തോട് നന്ദി പറയടാ"....
മകന്‍ : എനിക്ക് വേണ്ട....എനിക്ക് വിശപ്പില്ല.... എന്ന് പറഞ്ഞു സ്വല്‍പ്പം മുഖം വീര്‍പ്പിച്ചു തന്റെ പ്ലേറ്റ് മാറ്റി വെക്കുന്നു.
അമ്മ : (ദേഷ്യത്തില്‍) ആ നിനക്കായി ഇവിടെ ദിവസവും പാസ്തയും നൂഡില്‍സും ഫ്ര്യ്ട് റൈസും ചില്ലി ചിക്കനും ഒക്കെ ഉണ്ടാക്കാം....
മകന്‍: (സ്വല്‍പ്പം പരിഹാസത്തോടെ ) ഈ ചോറും കൂട്ടാനും ഒക്കെ ആര്‍ക്കു വേണം....
സംഭാഷണങ്ങള്‍ അവസാനിക്കുന്നു. അമ്മയുടെയും മകന്റെയും മുഖത്ത് രൌദ്ര ഭാവം മിന്നി മറയുന്നു. ഞാന്‍ എനിക്ക് കഴിക്കാനുള്ള വീതം പ്ലേറ്റില്‍ വിളമ്പിയതിനുശേഷം ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ ഇന്ത്യയെ മൊത്തത്തില്‍ ഇന്നു തന്നെ നന്നാക്കിയെടുക്കാമെന്ന് വാശി പിടിച്ചു അടി പിടി കൂടുന്ന അര്നാബ് ഗോസ്വാമിയുടെ (TIMES NOW) ന്യൂസ്‌ ഹവറിന് തല വെച്ച് കൊടുത്തു. വാര്‍ത്താ അവതാരകന്റെ ചൂട് കൂടിയപ്പോള്‍ ഞാന്‍ അടുത്തിരിക്കുന്നവരുടെ ചൂടിന്റെ കാഠിന്യം അറിയാന്‍ വേണ്ടി മകന്റെ പ്ലേറ്റിലേക്ക് ഒളിഞ്ഞു നോക്കി. പതിവുപ്പോലെ അര ചട്ടുകം ചോറും അരിപ്പ കൊണ്ട് കഷ്ണങ്ങള്‍ അരിച്ചു മാറ്റിയമാതിരിയുള്ള സാമ്പാറിന്റെ ചില "ശകലങ്ങളുമായി" അവന്‍ ആര്‍ക്കോ വേണ്ടി കഴിച്ചെന്നു വരുത്തികൊണ്ടിരിക്കുന്നു. സ്വാഭാവികമായും സാധാരണ സംഭവിക്കാറുള്ള മാതിരി അമ്മയും മകനും തമ്മില്‍ ഒഴിവു ദിവസത്തില്‍ ഉണ്ടാക്കി കൊടുക്കാമെന്ന "ജങ്ക് ഫുഡ്സ്"ന്‍റെ കരാര്‍ ഒപ്പ് വെച്ചിരിക്കുമെന്നു ഞാന്‍ കരുതി.
രാവിലെ "ഭൂഖ് ലഖീ ഹേ ഖാനാ ദേ ദോ" എന്നു പറഞ്ഞു വന്ന പെണ്‍കുട്ടികളെയും മകനെയും മനസ്സിന്റെ നടുമുറ്റത്ത് പ്രതിഷ്ഠിച്ചു ഞാന്‍ കഴിച്ചു കഴിഞ്ഞ പ്ലേറ്റെടുത്തു അടുക്കളയിലേക്കു നടന്നു.
**************************************************************************************
അടികുറിപ്പ് :-
"എന്ത്" കഴിച്ചു വയറു നിറക്കണമെന്നുള്ള എന്റെ തലമുറയില്‍ നിന്ന് "എന്ത്" കഴിച്ചു വയറു നിറക്കാമെന്നുള്ള പുതിയ തലമുറയിലേക്കുള്ള പരിവര്‍ത്തനം സാമൂഹ്യ ക്രമങ്ങളില്‍ ഉണ്ടായ ഉപരിപ്ലവമായ മാറ്റങ്ങള്‍ തന്നെയാണെങ്കിലും, ഇപ്പോഴും "എന്തെങ്കിലും കഴിച്ചു വയറു നിറപ്പിക്കണം" എന്നുള്ള ഒരു ജന വിഭാഗം പുറത്തു ജീവിക്കുന്നെട്ന്നുള്ള ബോധം പുതിയ തലമുറയില്‍ നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്നുള്ള ഖേദത്തില്‍ എഴുതിയ കുറിപ്പാണ്. നഗരങ്ങളിലും പട്ടണങ്ങളിലും വളരുന്ന കുട്ടികള്‍ ഉപഭോഗ സംസ്കാരങ്ങളില്‍ മയങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ വേദനയും കണ്ണീരും പലപ്പോഴും തിരിച്ചറിയാതെ പോകുന്ന അവസ്ഥ സംജാതമാവുന്നുണ്ട്.


സമ്പൂര്‍ണ്ണ മദ്യ നിരോദനം 

കാലം തൊണ്ണൂറുകളുടെ അവസാനം. ശനിയാഴ്ചകളില്ലെ സുരാപാന സദസ്സ്. സ്ഥലം മുംബൈ നഗരത്തിലെ ഒരു ഇടത്തരം ബാര്‍. അരണ്ട വെളിച്ചത്തില്‍ മേശക്കു നാലുവശവും വട്ടം കൂടിയിരിക്കുന്നത് ഒരേ നാട്ടുക്കാര്‍ അയല്ക്കാ ര്‍. ശനിയായത് കൊണ്ട് ബാറില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. ആളുകള്‍ വന്നും പോയി കൊണ്ടിരുന്ന ഹാളിലെ ഒരു മൂലയ്ക്ക് സ്ഥലം പിടിച്ചു ദേശക്കാര്‍ കലാ പരിപാടിയിലേക്കും പ്രാദേശിക രാഷ്ട്രീയ സാമൂഹ്യ ചര്ച്ചംകളിലേക്കും കടന്നു. ആദ്യത്തേതില്‍ നിന്നു രണ്ടാമത്തേതില്‍ എത്തുമ്പോഴാണ് ചര്ച്ച കള്ക്ക്് കൊഴുപ്പ് കൂടി കൊണ്ടിരിക്കുക. ചര്ച്ച് ദേശിയ രാഷ്ട്രീയത്തില്‍ നിന്ന് പ്രാദേശികത്തിലേക്ക് കൂപ്പു കുത്തി. പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളുടെ വിശകലനം നടത്തി ഒരിടവേള നിശബ്ദത പൂണ്ട സദസ്സില്‍ സദാചാര ബോധത്തിന്റെ ഉള്‍വിളിയെന്നോണം ഒരുവന്‍ പറഞ്ഞു.....
“ഡാ നമ്മളൊക്കെ ഇങ്ങനെ വെള്ളമടി തുടങ്ങിയിട്ടു കുറെ ക്കാലമായി....ഇക്കിപ്പൊരു സംശയം നമ്മടെ നാട്ടില്‍ വെള്ളമടിക്കത്തോരായി ആരാ ഉള്ളത്”..........
സിഗരറ്റിനു തീ കത്തിച്ചു ഓരോരുത്തരും ഗഹനമായി ആലോചിച്ചു ഓരോരോ പേരുകള്‍ പറയാന്‍ തുടങ്ങി. പക്ഷെ പറയുന്ന പേരുകളൊക്കെ ഓരോ വെള്ളമടി സന്ദര്ഭം വിശദീകരിച്ചു കൊണ്ട് മറ്റുള്ളവര്‍ തള്ളി കളയുകയായിരുന്നു. അവസാനം വെള്ളമടിക്കാത്തവര്‍ ആരുമില്ല എന്നുള്ള അവസാന വാക്കില്‍ ചര്ച്ചറയെത്തിയപ്പോള്‍ അതുവരെ നിശബ്ദനായിരുന്ന ഉയരത്തില്‍ ചെറിയവനായിരുന്ന അവന്‍ പറഞ്ഞു
“ഡാ ഒരു ബീഡി ഇങ്ങട് തന്നെ”.....
ബീഡിക്ക് തീ കൊളുത്തി ഗ്ലാസ്സില്‍ ബാക്കി വെച്ചിരുന്നത് ഒറ്റ വലിക്കു അകത്താക്കി അവന്‍ ആഞ്ഞു രണ്ടു പുകയൂതി വിട്ടു കൊണ്ട് പറഞ്ഞു.....
“എന്ത് അമ്മാമേടെ മുട്ട എന്നാണു ഇങ്ങളീ പറയുന്നത്”... വെള്ളറക്കാട് വെള്ളമടിക്കാത്തവരായി ആകെ മൂന്നാളെ ഉള്ളൂ”....
എല്ലാവരും ആകാംക്ഷയോടെ അവനെ നോക്കി.... അവന്‍ ഗൌരവത്തില്‍ വീണ്ടും ഒരു പുകയൂതി ഗ്ലാസിലെ അവസാന തുള്ളി ഊറ്റി വലിച്ചു ഗ്ലാസ്‌ ടപ്പ് എന്ന് മേശമേല്‍ വെച്ചു വീണ്ടും തുടര്ന്നു ....
“ഡാ മൈ ഗുണന്‍മാരെ വെള്ളറക്കാട്‌ വെള്ളമടിക്കാത്തവരായി “ശ്രീരാമ സ്വാമിയും രഘു സ്വാമിയും പിന്നെ ചിങ്ങ്യംക്കാവ് ഭഗവതി മാത്രമേ ഉള്ളൂ”... 
-------------------------------------------------------------------------------------------------------------------------
കേരളത്തില്‍ സമ്പൂര്ണ്ണന മദ്യ നിരോധനത്തെപറ്റിയുള്ള ചര്ച്ച കണ്ടപ്പോള്‍ ഓര്മ്മ വന്നതാണ് ഈ സംഭവം.
*വെള്ളറക്കാട് (കുന്നംകുളം വടക്കാഞ്ചേരി റൂട്ടില്‍ ഉള്ള പ്രദേശം, അവിടുത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങളാണ് ചിങ്ങ്യംക്കാവ് ഭഗവതിയും ശ്രീരാമ സ്വാമി ക്ഷേത്രവും. രഘു സ്വാമി പ്രദേശത്തെ പേരുകേട്ട പൊതു പ്രവര്‍ത്തകനും ഇപ്പോള്‍ കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌മാണ്)




പേഴ്സ്
പേഴ്സിന്റെ "കനം" ഒരുവനെ വിലയിരുത്തുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പിന്‍ പോക്കറ്റില്‍ നിന്ന് ഗൌരവപ്പൂര്‍വ്വം വലിച്ചെടുത്തു ഉള്ളിലെ അറകളില്‍ നിന്ന് കറന്‍സി നോട്ടുകള്‍ എണ്ണിയെടുക്കുന്ന ഒരാളുടെയെങ്കിലും ചിത്രം നമ്മുടെ മനസ്സില്‍ ഇപ്പോഴും ഒളി മങ്ങാതെ നില നില്‍ക്കുന്നുണ്ടായിരിക്കും. ഒരു കാലഘട്ടത്തില്‍ സമ്പന്നതയുടെ അടയാളമായിരുന്നു പേഴ്സ് എന്ന ആ ഒരു തുകല്‍ കഷ്ണം. പച്ച കറന്‍സി നോട്ടുകള്‍ സ്ഥാനം പിടിച്ചിരുന്ന പേഴ്സുകള്‍ ഇന്ന് പ്ലാസ്റ്റിക്‌ കാര്‍ഡുകളുടെ കൂടാരമായി മാറിയിരിക്കുന്നു. കറന്‍സി നോട്ടുകളില്‍ നിന്ന് പ്ലാസ്റ്റിക്‌ മണിയിലേക്കുള്ള നിര്‍ഗമനം നാമറിയാതെ തന്നെ സംഭവിക്കുകയായിരുന്നു. ഇനി വരാന്‍ പോകുന്ന പ്ലാസ്റ്റിക്‌ കറന്‍സികളും നിലവിലുള്ള പ്ലാസ്റ്റിക്‌ കാര്‍ഡുകളുമെല്ലാം ചേര്‍ത്തു നമ്മുടെ ജീവിതം വെറും ജീവനില്ലാത്തെ "പ്ലാസ്റ്റിക്‌" ആയി മാറാതിരിക്കട്ടെ.
പേഴ്സിന്റെ ചരിത്രം പഴയതാണെങ്കിലും പതിനേഴാം നൂറ്റാണ്ടില്‍ ഉടലെടുത്ത പേപ്പര്‍ കറന്‍സിയുടെ ആവിര്‍ഭാവത്തോടെ പേഴ്സിന്റെ ഉപയോഗം കൂടി വന്നു എന്നുള്ളതാണ് വസ്തുത. കാല പ്രവാഹത്തില്‍ പേഴ്സിന്റെ ഉള്ളറകളുടെ രൂപ കല്പനയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും അടിസ്ഥാനപരമായി അതിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഇപ്പോഴും ഇല്ല എന്നു തന്നെ പറയാം. ഒരു കാലത്ത് പേഴ്സുകള്‍ എന്നാല്‍ തുകല്‍ പേഴ്സുകള്‍ മാത്രമാണെന്നുള്ള സങ്കല്‍പ്പത്തില്‍ നിന്ന് പ്ലാസ്ടിക്ക്കിന്റെ വരവോടുകൂടി വ്യതി ചലനമുണ്ടായി. ഒരു പക്ഷെ ജീവിതത്തിന്റെ താഴെക്കിടയിലുള്ളവര്‍പ്പോലും പേഴ്സിന്റെ ഉപയോഗം തുടങ്ങുന്നത് ഈ പറഞ്ഞ പ്ലാസ്ടിക്കിന്റെ നിറ സാന്നിധ്യം മൂലമാണ്. ഒന്ന് കൂടി ഊന്നി പറഞ്ഞാല്‍ പെഴ്സുകളെ കൂടുതല്‍ ജനകീയ വല്ക്കരിക്കുന്നതിനു മുകളില്‍ പറഞ്ഞ പ്ലാസ്റ്റിക്‌ സംവിധാനം സഹായക്മാക്കി എന്നുള്ളതാണ് . കാലചക്രം തിരിയുമ്പോള്‍ ലെതര്‍ പേഴ്സുകളുടെ രൂപ ഭംഗിയോട് കിടപിടിക്കുന്ന തരത്തില്‍ പോളി യുറിത്തീന്‍പ്പോലുള്ള വ്യാവസായിക വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പേഴ്സുകള്‍ വിപണി കീഴടക്കി കഴിഞ്ഞു.എന്നിരുന്നാലും യഥാര്‍ത്ത തുകല്‍ പെഴ്സുകള്‍ ഇപ്പോഴും സമൂഹത്തില്‍ ഉയര്‍ന്ന മതിപ്പുള്ളവയായി തന്നെ നില നില്‍ക്കുന്നു.
ശരിക്കും പറഞ്ഞാല്‍ ജീവിതത്തിലെ ആദ്യത്തെ പേഴ്സിന്റെ സമ്പാദനം എപ്പോഴാണെന്ന് ഓര്മ്മയില്ല, എന്നിരുന്നാലും ഏകദേശ ധാരണയില്‍ അത് കോളേജു കാലഘട്ടത്തില്‍ ചേട്ടന്‍ തന്ന ഒരു പഴയ പേഴ്സിലൂടെ തന്നെ ആയിരുന്നുവെന്നാണ് വിശ്വാസം. ജോലിയില്‍ പ്രവേശിച്ചപ്പോഴും ഇടയ്ക്കിടയ്ക്ക് പേഴ്സുകള്‍ മാറ്റുന്ന സ്വഭാവം എനിക്കുണ്ടായിരുന്നില്ല. ഒരു പേഴ്സിന്റെ "അവസാന പൊടി പോലുമില്ല കണ്ടു പിടിക്കാന്‍" എന്നുള്ള അവസ്ഥവരെ അത് ഉപയോഗിക്കുന്ന സ്വഭാവമായിരുന്നു. പേഴ്സ് ഏതായാലും ഉള്ളില്‍ പണം നിറഞ്ഞാല്‍ പോരെ എന്നുള്ള ചിന്തയായിരുന്നെങ്കിലും ഒരിക്കലും അതില്‍ പണം "നിറഞ്ഞിരുന്നില്ല" എന്നുള്ളത് നിലവിലെ സാമൂഹ്യ വ്യ്വസ്തിയില്‍ നിലകൊള്ളുന്ന സാമ്പത്തിക അസമത്വത്തിന്റെ പ്രതീകവല്‍ക്കരണമായി കണക്കാക്കാം... 
പറഞ്ഞു വന്നത് വ്യക്തി ജീവിതത്തിലെ പേഴ്സിന്റെ ഉപയോഗത്തെപ്പറ്റിയാണ്. സ്വന്തമായി പേഴ്സുകള്‍ വാങ്ങുന്ന ഒരു സ്വഭാവം എന്ത് കൊണ്ടോ എന്നെ കാര്യമായി സ്വാധീനിച്ചില്ല. കഴിഞ്ഞ രണ്ടര ദശകത്തിനുള്ളില്‍ സ്വന്തമായി പേഴ്സ് വാങ്ങിയ മുഹൂര്‍ത്തങ്ങള്‍ ഏറിയാല്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ അത്ര മാത്രം. പേഴ്സുകള്‍ എപ്പോഴും കയ്യില്‍ വന്നുപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു ദശകത്തില്‍ ഞാന്‍ സമ്പാദിച്ച പെഴ്സുകളെപറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്റെ പേഴ്സിന്റെ "ദയനീയ" അവസ്ഥ കണ്ടു ജേഷ്ടന്‍ ഉപയോഗിക്കാതെ വെച്ചിരുന്ന പേഴ്സ് എടുത്തു തന്നതാണ്. തവിട്ടു നിറത്തിലുള്ള അവനെ ഞാന്‍ എത്ര കൊല്ലം ഉപയോഗിച്ചു എന്നുള്ളത് കൃത്യമായി പറയാന്‍ കഴിയില്ല. ഒന്നുറപ്പാണ് കഴിഞ്ഞ വര്ഷം മേയ് മാസത്തില്‍ മുംബൈയില്‍ വെച്ച് രാജേഷ്‌ തന്റെ സ്വന്തം കമ്പനിയുടെ പേഴ്സ് സമ്മാനമായി തരുന്നത് വരെ അത് നില നിന്നിരുന്നു. രാജേഷ്‌ ഞാന്‍ ഉപയോഗിച്ചിരുന്ന പെഴ്സിന്റെ "സ്ഥിതി വിശേഷം" കണ്ടുവോ എന്നുള്ളത് എനിക്കറിയില്ല.. . 
എന്ത് കൊണ്ടോ നിറം മങ്ങിയ പേഴ്സുകള്‍ പോലും സ്ഥിരമായി മാറ്റി പ്രതിഷ്ഠിക്കാന്‍ എനിക്ക് തോന്നുമായിരുന്നില്ല. ചില പേഴ്സുകള്‍ ഭാഗ്യ നക്ഷത്രത്തിന്റെ അടയാളമാണ് എന്നുള്ള വിശ്വാസമാണോ എന്നുള്ളതും അറിയില്ല. ഒരു പക്ഷെ നമ്മളെ ഏറ്റവും കൂടുതല്‍ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന "സാധനത്തെ" ഒരു ദിവസം പടിക്ക് പുറത്താക്കേണ്ട എന്നുള്ള വിശ്വസവും കൂടി അബോധ മനസ്സിനെ സ്വാധീനിച്ചുവോ എന്നുള്ളതും അറിയില്ല. പേഴ്സ്കള്‍ക്കൊപ്പം നമ്മോടു കൂടെ ഒട്ടി ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു സാധനമായ റിസ്റ്റ് വാച്ചു പൂര്‍ണ്ണമായും പടിയിറങ്ങിയില്ലയെങ്കിലും ഇന്നിപ്പോള്‍ നമ്മേ തൊട്ടുരുമ്മി നില്‍ക്കാന്‍ പേഴ്സുകള്‍ക്കും വാച്ചുകള്‍ക്കുമപ്പുറം മൊബൈല്‍ ഫോണുകളും വന്നെത്തി എന്നുള്ളതാണ് വസ്തുത.
ഇന്നു ഞാനീ ഈ കുറിപ്പ് എഴുതുമ്പോള്‍ അനിത ഈയിടെ ചെന്നൈയില്‍ നിന്ന് സമ്മാനിച്ച പേഴ്സ് എന്നെ നോക്കി മന്ദഹസിക്കുന്നു. വീണ്ടുമൊരു പേഴ്സ് എന്റെ ജീവിതത്തില്‍ വിരുന്നു വന്നിരിക്കുന്ന്നു. അടുത്ത പേഴ്സിന്റെ ആഗമനം വരെ താങ്കളുടെ മുഴുവന്‍ സമ്പത്തിന്റെയും കാവല്ക്കരാനായി ഞാന്‍ നില നില്‍ക്കുമെന്നുള്ള വിശ്വാസം ജനിപ്പിക്കലിലൂടെ ഞാനും ഈ പേഴ്സും ഒന്നു ചേരുന്നു.
*************************************************************************************
അടികുറിപ്പ് : പേഴ്സുകള്‍ സമ്മാനമായി തന്ന ഏവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും ഇനിയും തരാന്‍ സന്മനസ്സുള്ളവര്‍ക്ക് മുന്‍‌കൂര്‍ നന്ദിയും രേഖപ്പെടുത്തുന്നു.... 













പുസ്തകമേളയിലെ ഞാന്‍

പുസ്തകങ്ങള്‍ ഇനി വാങ്ങണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. മഹത്തായ ഒരു ഗ്രന്ഥപ്പുരയുള്ളത് കൊണ്ടൊന്നുമല്ല പലപ്പോഴുമായി വാങ്ങിയവ തന്നെ മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് കാരണം. പലതും കുറച്ചു പേജുകള്‍ വായിച്ചു അലമാരയിലേക്ക് പോകുകയാണ് പതിവ്. എപ്പോഴെങ്കിലും സ്വസ്ഥമായി അലക്കൊഴിഞ്ഞു കാശിക്കു പോകുമ്പോള്‍ ഇവരെയും കൂടെ കൊണ്ട് പോകാം എന്നുള്ള ചിന്തയില്‍ അവരെല്ലാം ഊഴം കാത്തിരിക്കുന്നു.
വായനയൊക്കെ മതി ഇനി കുറച്ചു എഴുതി നോക്കാം എന്നുള്ള ചിന്തയിലാണിപ്പോള്‍. അതിനു വേണ്ടി എന്തൊക്കെയോ എഴുതി നിറക്കുന്നു.... മൌലിക ചിന്തയുടെ സന്നിവേശം എഴുത്തില്‍ വരണമെങ്കില്‍ എണ്ണത്തില്‍ കൂടുതല്‍ വായിക്കണ്ട ആവശ്യമില്ല ആഴത്തില്‍ വായിച്ചാല്‍ മതിയെന്നുള്ളത് പണ്ടൊ ആരോ പറഞ്ഞിട്ടുണ്ട്ന്ന് തോന്നുന്നു. ഒരു കാര്യം സ്പഷ്ടമാണ് എഴുതി വീണ അക്ഷരങ്ങള്‍ എന്ത് തന്നെയായാലും അത് വീണ്ടും സ്വയം വായിക്കുമ്പോള്‍ എന്തോ ഒരു സഫലീകരിക്കല്‍(fulfillment) ചെയ്തു തീര്‍ത്തതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. അത് കവിതപ്പോലത്തെ എന്തെങ്കിലുമോ അല്ലെങ്കില്‍ കഥയില്ലായ്മയില്‍ ഉടലെടുക്കുന്ന കഥയായാലും അതുമല്ലെങ്കില്‍ ഒരു ഫേസ് ബുക്ക്‌ കുറിപ്പ് ആണെങ്കില്‍ പോലും. പതിനെട്ടാം വയസ്സില്‍ "കഥ" മാതിരി എന്തോ എഴുതി കുങ്കുമം ആഴ്ചപ്പതിപ്പിനു അയച്ചു കൊടുത്തു. പ്രസിദ്ധികരിക്കാത്തവ തിരിച്ചു കിട്ടാന്‍ സ്റ്റാമ്പ്‌ ഒട്ടിച്ച കവര്‍ അയച്ചു കൊടുത്തത് കൊണ്ട് "സാധനം" തിരികെ കിട്ടി...  പറഞ്ഞു വന്നത് എഴുത്ത് എന്ന "കിറുക്ക്" പുതിയതായി വന്നു ചേര്‍ന്ന ഒരസുഖമല്ല എന്ന് പറയാനാണ്.
ഡല്‍ഹി പുസ്തകമേള അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ പോകണ്ട എന്നുള്ള തീരുമാനത്തെ പുറകിലേക്ക് തള്ളി "വെറുതെ" പോയി നോക്കി വരാമെന്നുള്ള ചിന്ത കാലുകളെ മുന്നോട്ടു നയിച്ചു. ഒന്നും വാങ്ങില്ല എന്നുള്ള മുന്‍ധാരണയുള്ളത് കൊണ്ട് വെറുതെ പുസ്തകങ്ങള്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി തിരികെ വെച്ചു. മിക്ക സ്ടാളുകളിലും നൂറു രൂപയ്ക്കു ഇംഗ്ലീഷ് കഥാ-സാഹിത്യ (fiction) യഥേഷ്ടം നല്‍കിയിരുന്നു. ചില പുസ്തകങ്ങളുടെ വലിപ്പം തന്നെ കാണുമ്പോള്‍ "ഹൈക്കു"വിന്റെ ഇക്കാലത്ത് ഇതൊക്കെ എങ്ങിനെ ആളുകള്‍ വായിച്ചു തീര്‍ക്കുന്നുവെന്നുള്ള അതിശയം ഇല്ലാതിരുന്നില്ല. കുറെയേറെ സ്ടാളുകള്‍ കയറി ഇറങ്ങി എല്ലാറ്റിലും ഏകദേശം ഒരേ രീതിയിലുള്ള പുസ്തകങ്ങള്‍ തന്നെയായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. സ്വകാര്യ പുസ്തക വിതരണ കമ്പനികള്‍ എല്ലാം ഉള്ളടക്കത്തെ ക്കാള്‍ "ലാഭം" എന്നുള്ള പ്രധാന തത്വത്തെ ആശ്രയിചിരിക്കുമെന്നുള്ള "പഴഞ്ചന്‍" തത്വശാസത്രം അബോധ മനസ്സില്‍ എവിടെയോ ഒളിഞ്ഞു കിടന്നിരുന്നത് കൊണ്ട് എന്തോ കാലുകള്‍ വേഗം വേഗം മുന്നോട്ടു നീങ്ങി പോയി. അവസാനം കേന്ദ്ര സാഹിത്യ അക്കാദമിയുടെയും നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ന്റെയും സ്ടാലുകളില്‍ ചെന്ന് കയറി. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോകുമ്പോള്‍ എന്തോ എന്നറിയില്ല ഇവിടെ ലാഭമല്ല വേറെയും ചില മാനദന്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുള്ള ഒരു ജാനാധിപത്യ ബോധം എപ്പോഴും ഉള്ളില്‍ തെളിഞ്ഞു വരുന്നു. ഇത് ചില പ്രത്യക വ്യവസ്ഥിയുടെ ആശയ സംഹിതകളോട് നമ്മുക്കുള്ള അടുപ്പത്തെയായിരിക്കാം കാണിക്കുന്നത്.
നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ തങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നുള്ളത് അവരുടെ സ്ടാളും, പുസ്തകങ്ങളും, മറ്റു സംവിധാങ്ങളും വിലയിരുത്തിയപ്പോള്‍ മനസ്സിലായി. ചരിത്രവും, സാഹിത്യവും, തത്വ ചിന്തയും മറ്റു പലവകകളും നോക്കി തിരികെ വെച്ചപ്പോള്‍ അവസാനം ഒരു പുസ്തകം കണ്ണില്‍ പെട്ടു. "Man against Myth" എന്തോ ഇതില്‍ കനപ്പെട്ട ഏതെങ്കിലും കാണുമെന്നുള്ള വിശ്വാസത്തില്‍ അകം പുറം നോക്കി. 1947 ല്‍ അമേരിക്കന്‍ ഫിലോസോഫര്‍ ബാരോസ് ഡാന്ഹാം എഴുതിയതാണ്. മനുഷ്യ പ്രക്രിത്യെയും, വര്‍ണ്ണ വിവേചത്തിനെയും, ദാരിദ്ര്യത്തെയും, സ്വാര്‍ത്ഥതയെയും ഒക്കെ കുറിച്ച് ആണ് പ്രതിപാദനം. പിന്നെ അധിക നേരം അവിടെ നിന്നില്ല അവനെയും എടുത്തു ബില്‍ കൌന്റെരിലേക്ക് നീങ്ങി. ദുര്‍ബല നിമിഷങ്ങളില്‍ ഇനിയും വാങ്ങി പോകുമോ എന്നുള്ള ചിന്തയില്‍ അടുത്തു തന്നെയുള്ള സാഹിത്യ അക്കാദമി ഹാളിലേക്ക് പ്രവേശിച്ചു.
പുസ്തകങ്ങളില്‍ കാര്യമായ പുതുമയൊന്നും ഇവിടെ കാണാന്‍ കഴിഞ്ഞില്ല. പ്രാദേശിക ഭാഷകള്‍ നാമ മാത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു. അവസാനം "പര്യടനം" നിര്‍ത്തി മടങ്ങി പോരാന്‍ നില്‍ക്കുമ്പോഴാണ് ഞാനത് ശ്രദ്ടിച്ചത്. അക്കാദമി രണ്ടു മാസത്തിലൊരിക്കല്‍ Indian Literature എന്ന പേരില്‍ ഒരു പുസ്തകമിറക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ രചനകളെയും, കൃതികളെയും,കര്താക്കളെയും വിശാല തലത്തില്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയുള്ളതാണ് ഈ സംരംഭം. പ്രാദേശിക ഭാഷയില്‍ നിന്നുള്ള രചനകളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഇതിന്റെ ഉള്ളടക്കം. ഒറ്റപ്രതി അമ്പതു രൂപയാണ് വില . ഒരുള്‍വിളിയെന്നോണം മൂന്ന് കൊല്ലത്തെക്കുള്ള വരിസംഖ്യയടച്ചു പുറത്തു കടന്നപ്പോള്‍ പുസ്തകങ്ങള്‍ വാങ്ങില്ല എന്നുള്ള തീരുമാനത്തില്‍ താന്‍ പരാജയപ്പെടുകയാനെന്നുള്ള തിരിച്ചറിവിലും ഉള്ളിന്റെ ഉള്ളില്‍ ഏതോ നിര്‍വൃതിയില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു.














ചില്ലുകൊട്ടാരം

കാലം തീച്ചൂളയിലിട്ടു പഴുപ്പിച്ചു
നനഞ്ഞു തണുക്കുവാന്‍ നീര്‍ നല്‍കിയില്ല.
കിനാവുകള്‍ വര്‍ണ്ണ രാജികള്‍ തീര്‍ത്തു 
അടുക്കിയടക്കാന്‍ ചെങ്കല്ലുകള്‍ തന്നില്ല.  
വിടരും മുകുളത്തെ ആര്‍ത്തിയോടെ നോക്കി
അരികിലെത്തിയപ്പോള്‍ വാടിയകന്നു.
ത്രിസന്ധ്യയില്‍  ദീപ നാളം തെളിഞ്ഞു
പാറ്റകള്‍ ആത്മാഹുതിയില്‍  മുക്കികെടുത്തി. 
മരുഭൂമിയിലെ പച്ചപ്പുകള്‍ തേടിയലഞ്ഞു  
അടുത്തെത്തിയപ്പോള്‍ ഉരഗങ്ങളായിഴഞ്ഞു.
വഴി വിളക്കുകള്‍ ലകഷ്യമാക്കി നടന്നു
കൂടണഞ്ഞപ്പോള്‍ മിന്നാമിന്നിയായി പറന്നു 
സപ്തസ്വരങ്ങള്‍ പാടി  തഴുകിയുണര്‍ത്തി
സ്പര്‍ശനത്തില്‍ പരുത്ത മുളംതണ്ടന്നറിഞ്ഞു
ദൂരകാഴ്ചകള്‍ അരികിലണഞാപ്പോള്‍ 
അറിവിന്റെ തിരിച്ചറിവില്‍ വിളക്ക് തെളിഞ്ഞു
ഉയിരിന്റെ  ചില്ല് കൊട്ടാരങ്ങള്‍ തകര്‍ന്നടിഞ്ഞു.















സ്മരണതീരം

ഇടവഴിയില്‍ നിറയും ചളിയില്‍ കാലുകള്‍ പൂഴ്ത്തിയമര്‍ത്തി
ഇഴഞ്ഞഴിയും നിക്കറിന്‍ വള്ളികള്‍ ഉയര്‍ത്തി കേറ്റി
ഇഴഞ്ഞോഴുകും കുഞ്ഞരുവിയില്‍ തുടിക്കും ചെറു മീനിനെ 
ഉതിര്‍ന്നു വീഴാന്‍ വെമ്പുന്ന  താളില പൊയ്കയിലെറ്റി 
വിടരും പൊന്‍ മുഖത്താല്‍ നടന്നു നീങ്ങുമെന്‍ ബാല്യം. 

ഇളം കാറ്റില്‍ ഇതള്‍ തിരിയും  കുരുത്തോല പമ്പരത്തിന്‍
ഇതളില്‍ ചാര്‍ത്തിയ നിറക്കൂട്ടില്‍  ഇഴ തിരിയും വര്‍ണ്ണരാജികളാല്‍
ഈണം മീട്ടി ചെരിഞ്ഞാലോലമാടും മുളം തണ്ടുകള്‍തന്‍ ദേവാങ്കണത്തില്‍
ഇടതടവില്ലാതാര്‍ത്തുലസിക്കും ‍ ഇളം മനസ്സെന്‍ സ്മരണ തീര്‍ക്കുന്നു.

നിറ തുള്ളികള്‍ മുറിഞ്ഞു വീഴും അരുമയാര്‍ന്നൊരു വര്‍ഷപാതത്തില്‍
നിറഞ്ഞ നീലിമ നിവര്‍ത്തിയാടും ചാരുതയാര്‍ന്നൊരു  ദേവ തടാകത്തില്‍
ഉറഞ്ഞു തുള്ളും കുഞ്ഞുടലുകള്‍ തീര്‍ക്കും കളിയാട്ട കാളിയ മര്‍ദ്ദനത്തിന്‍ 
നിറമാര്‍ന്നൊരോര്‍മ്മ തീര്‍ക്കും  മനസ്സില്‍  കനിവോടെ മിഴി നനവോടെ.

ചിങ്ങ പുലരിയുടെ നീലവാനില്‍ സൂര്യ മാനസം  മിഴി തുറക്കും മുന്‍പേ
പൂവേ പൊലിയുടെ  ആരവങ്ങളാല്‍  പൂക്കൂടയെന്തിയ ചെറു കൈകള്‍ 
ചിറകു വിടര്‍ത്തി പടര്‍ന്നോടും പൂവള്ളികളില്‍ വാടാ മലരുകള്‍ തേടി
പിഴുതെടുക്കും ആനന്ദത്താല്‍  തുമ്പയും മുക്കുറ്റിയും പിന്നെ ശംഖു പുഷ്പവും 
നിറയുന്ന പൂക്കൂടകളാല്‍ വിരിയും നിര്‍വൃതി  അലതല്ലും സമ്മോദം 
ഇന്നും ഒളിയാത്ത മറയാത്ത ഓരോര്‍മ്മായി വിടരുന്നെന്‍മനത്തില്‍















അശ്രുപൂക്കള്‍  

 ഹൃദയത്തിന്‍ നെരിപ്പോടിലെരിയുന്ന  വ്രണിതമാം 
 ഉള്‍പ്പൂവിനെ നീയെന്തേ തിരിച്ചറിയുന്നില്ല... 
 ഒന്നാര്‍ത്തു കരയുവാന്‍ പോലും കഴിയാതെ നീറുന്നയെന്‍
 മനസ്സിന്റെയാന്തോളനം ആകാശത്തില്‍ ഇടിമുഴക്കമായി
 ധരണിയില്‍ ഭൂമി കുലുക്കമായി, നിറയുന്ന പേമാരിയായി 
 ശാന്തമാം സാഗരത്തെ ചെങ്കടലാക്കി അല തല്ലുന്ന തിരമാലകളാക്കി
 ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റില്‍ അഴ മുറിയുന്ന പട്ടങ്ങളാക്കി
 വിടര്ത്തിയാട്ടിയപ്പോഴും നീയെന്തേ മൌനം വെടിഞ്ഞില്ല. 
 ഒരു വേളയെന്‍ സ്പന്ദനം നിലക്കുമ്പോള്‍ നിന്‍  അകതാരില്‍  
 നിന്നുയരും കണ്ണീര്‍പ്പൂക്കളില്‍  നിറഞ്ഞൊഴുകാന്‍ നിന്റെയീ
 അശ്രുകണങ്ങള്‍ തികയാതെ വരും, സ്മരണകള്‍ നില നില്‍ക്കട്ടെ













സ്മൃതി പേടകങ്ങള്‍ 

ആരോ വരുമെന്ന് മനസ്സോതുന്നു, പക്ഷെ  
വരാതിരിക്കാനും മൂര്‍ത്തമായ കാരണങ്ങളുണ്ട്.

ദുര്‍ഘടം പിടിച്ച പാതകളാണ് തരണം ചെയ്യേണ്ടത്,
അന്ധകാരത്തിന്റെ നിഗൂഡമായ ഗര്‍ത്തങ്ങള്‍ താണ്ടി
വഴിയറിയാതെ,ദിശയറിയാതെയുള്ള പ്രയാണമാണ് 
ഓരോ ചുവടിലും ഉള്ക്കണ്ടയുടെ  ഉദ്വേഗ തുടിപ്പേറിടും.

നിലാ വെട്ടത്തിന്റെ നേരിയ ലാന്ചനപ്പോലും 
വഴി വിളക്കുകളായി നിറശോഭ   നിവര്‍ത്തിയാടും,
പക്ഷെ കെട്ടു പിണഞ്ഞു ഇഴഞ്ഞാടുന്ന  വഴി വള്ളികള്‍
ഭയാനകതയുടെ നിഴലാട്ടമായി മാറുമെന്നു മാത്രം . 

കര്‍മ്മ ബന്ധങ്ങള്‍ ജന്മ ബന്ധങ്ങളെ മറന്നപ്പോള്‍ 
കളി വാക്കുകളില്ലാത്ത ജീവനഗതിയേതോ
കളിമണ്ണില്‍ തീര്‍ത്ത ഉയിരറ്റ കലാശിലയായി മാറി ,
ആത്മാവ് നഷ്ടപെട്ട മെയ്യിന്റെ കദന രോദനങ്ങളാരറിയാന്‍.

മൂക സ്മൃതിയുടെ താളങ്ങളില്‍ നിന്നുയരുന്ന വിങ്ങലുകള്‍ 
നിശബ്ദതയുടെ താഴ്വാരത്തില്‍ അലയടിച്ചുകൊണ്ടിരിന്നു
ചീവിടുകളുടെ കേളികൊട്ടുപ്പോലും അകക്കാമ്പിലഗ്നി പടര്‍ത്തി  
കണ്ണുകള്‍ നഷ്ട്ടപ്പെട്ട കുരുടന്റെ കണ്ണീരാര്  കാണുന്നു. 

പ്രാണന്‍റെ വേദപുസ്തകത്തിലെ അടരാത്തൊരേടായി നീ മാറിയപ്പോള്‍
മേട പുലരിയിലെ കണിക്കൊന്നയായെന്നും നീ വിരിയുമെന്നാശിച്ചു.
ഇരുണ്ടയാമത്തില്‍ ചതഞ്ഞമര്‍ന്ന  വേര്‍പാടിന്‍ നോവുകള്‍
ഇനിയെത്രനാള്‍ പേറണം നിന്നോര്‍മ്മകള്‍തന്‍  കാഹളമായി.

ഇന്നലെയുടെ ഓര്‍മ്മകള്‍ പേറി ഈ വഴിത്താരയില്‍ ഞാനലയുമ്പോള്‍ 
ഇരുളിലെ വെളിച്ചത്തില്‍പ്പോലും മിഴിവേകുന്ന നിഴല്‍ ചിത്രവുമായി  
ഇടവഴിയിലാരോ നടന്നടുക്കുന്ന കാലൊച്ചയെന്‍  കാതില്‍  ഇരമ്പുന്നുവോ  
അതോ ഇഴ നെയ്ത ഏകാന്തതതന്‍  വിഹ്വല വിസ്ഫോടന മൂര്‍ത്ത ഭാവമോ