Friday, May 22, 2015





ലോക്കല്‍ ട്രെയിനിലെ പെണ്‍കുട്ടി

അന്നും ഡല്‍ഹിയില്‍ നിന്നും ഫരീദാബാദിലെക്കുള്ള ലോക്കല്‍ ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു. സാറ്റലൈറ്റ്‌ നഗര്മായതുകൊണ്ട് ദിവസവും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നവര്‍ വളരെയേറെയുണ്ട്. നഗരത്തിലെ ട്രാഫിക്കിനെ പേടിച്ചു മധ്യവര്‍ഗ്ഗക്കാര്‍ പോലും സ്വന്തം വാഹനം ഉപയോഗിക്കാതെ ലോക്കല്‍ ട്രെയിനിനെ ആശ്രയിക്കുന്നതു കൊണ്ട് സാമാന്യം നല്ല തിരക്കുണ്ടാവും രാവിലെയും വൈകീട്ടും.

നിസാമുദീന്‍ സ്റേഷനില്‍ നിന്ന് കയറിയ ആ മുസ്ലീം പുരുഷനെയും സ്ത്രീയെയും അവരുടെ ഏഴോ എട്ടോ വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയെയും കണ്ടാല്‍ തന്നെ അവരുടെ ജീവിതാവസ്ഥ തിരിച്ചറിയാം. നന്നായി മുഷിഞ്ഞതും നരച്ചതുമായ വേഷങ്ങള്‍ ധരിച്ചിരുന്ന ആ സ്ത്രീയും പുരുഷന്റെയും കൂടെയുള്ള അവരുടെ മകള്‍ ചുരിദാറിലെ മേലുടുപ്പ് മാത്രമേ ധരിച്ചിരുന്നുള്ളൂ.മേലുടുപ്പ് കാല്‍മുട്ട് വരെ നീളുന്നതുകൊണ്ടായിരിക്കാം അടിയില്‍ പൈജാമയില്ലെങ്കിലും കുഴപ്പമില്ലന്നവര്‍ക്ക് തോന്നിയിട്ടുണ്ടാവുക. അല്ലെങ്കിലും അതൊക്കെ ഗൌരവമായെടുക്കാന്‍ അവര്‍ക്കെവിടെ നേരം... അന്നന്നത്തെ ആഹാരത്തിനുള്ള കഷ്ടപ്പാടില്‍ വസ്ത്രധാരണം തന്നെ "ആഡംബരമായി" കാണുന്ന ഒരു ജനതയുടെ പ്രതീകവല്ക്കരണമല്ലേ അവര്‍ എന്നോകെ ചിന്തിച്ചുകൂട്ടി വ്യവസ്ഥിതിയെ ഒന്നുകൂടി പഴിക്കുമ്പോഴേക്കും ആ പെണ്‍കുട്ടി തന്റെ ഭാണ്ഡവുമായി ബോഗിയിലെ തറയില്‍ അവസാന സീറ്റിന്റെ ഒഴിഞ്ഞ ഇടനാഴികയില്‍ ഇരുന്നു കഴിഞ്ഞിരുന്നു. മധ്യവര്‍ഗ്ഗ ജനതയെപ്പോലെ വസ്ത്രം മുഷിയുമെന്ന "പേടിയില്ലാത്തത്"കൊണ്ട് അവര്‍ക്ക് എല്ലാ ഇരിപ്പിടങ്ങളും ഒരുപോലെ തന്നെയാനെന്നുള്ള തിരിച്ചറിവ് കഴിഞ്ഞ കുറച്ചു കാലത്തെ അനുഭവത്തില്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ചൂടിന്റെ കാഠിന്യവും മറ്റു ദുരിതങ്ങളും കൊണ്ട് ആ കുട്ടിയുടെ മുഖം തികച്ചും അവശത നിറഞ്ഞതായി തോന്നി. ഇനിയൊരു പക്ഷെ വസ്ത്രധാരണത്തിലെ "പിശുക്ക്" ഉച്ച സമയത്തെ ഭക്ഷണനേരത്തും ഉണ്ടായോയെന്നുമറിയില്ല, എന്തായാലും ആ പെണ്‍കുട്ടി വളരെയധികം തളര്‍ന്നിരുന്നുയെന്നുള്ളത് മുഖം വിളിച്ചോതിയിരുന്നു. നല്ല തിരക്കുള്ള ബോഗിയില്‍ അപ്പുറത്തേക്ക് മാറി നിന്നിരുന്നു ഉപ്പയും ഉമ്മയെയും ഇടയ്ക്കിടയ്ക്ക് കുട്ടി എത്തി നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ സ്ത്രീയും കുഞ്ഞിന്റെ കൂടെ തന്നെ താഴെ തറയിലിരുന്നു. മറ്റു മദ്ധ്യവര്‍ഗ്ഗ യാത്രക്കാര്‍ തങ്ങളുടെ പുതിയ കളിക്കൊപ്പായ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടും, പാട്ടു കേട്ടുകൊണ്ടും ചൂടിനെയും വിയര്‍പ്പിനെയും പഴിച്ചും തങ്ങള്‍ക്കു ഇറങ്ങാനുള്ള സ്റൊപ്പിനായി കാത്തിരുന്നു.

കുറച്ചുപ്പുറത്തു മുന്നില്‍ രണ്ടു വരി സീറ്റുകള്‍ക്കുമിടയിലായി വരിവരിയായി നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരില്‍ പിന്നില്‍ നിന്നിരുന്ന ഉയരത്തിലുള്ള ആ യുവാവ് ആധുനിക വേഷവും തുകല്‍ ബാഗും പുതിയ രീതിയിലുള്ള മൊബൈലുമായാണ് യാത്ര ചെയ്തിരുന്നത്. ഇയര്‍ ഫോണ്‍ വെച്ച് ഏതോ ഓഡിയോ കേട്ട് കൊണ്ടിരുന്ന ആ യുവാവ് തന്റെ ബാഗില്‍ നിന്ന് ഒരു സ്നാക്സ്‌ ബിസ്കറ്റിന്റെ പേക്കറ്റെടുത്തു ഓരോന്നായി കഴിക്കാന്‍ തുടങ്ങി. യുവാവിന്റെയും പെണ്‍കുട്ടിയുടെയും മദ്ധ്യത്തില്‍ സീറ്റിനോട് ഓരം ചേര്‍ന്ന് നിന്നിരുന്ന ഞാന്‍ വെറുതെ അയാളുടെ കയ്യിലുള്ള ഫോണിലേക്ക് നോക്കി. അയാളപ്പോള്‍ ഏതോ ക്രിസ്ത്യന്‍ പരിപാടിയുടെ ഫോട്ടോകള്‍ മാറ്റി മറിച്ചു നോക്കുകയായിര്നുന്നു. ഒരുവേള ഫോണില്‍ നിന്ന് ശ്രദ്ധ അടര്ത്തിയയാള്‍ വെറുതെ അപ്പുറത്തേക്ക് നോക്കിയപ്പോഴാണ് തറയില്‍ അവശതയോടെ ഇരിക്കുന്ന ആ പെണ്‍കുട്ടിയുടെ കണ്ടത്. ബിസ്കറ്റ് ഓരോന്നായി കഴിച്ചു കൊണ്ടിരുന്ന അയാള്‍ പെട്ടെന്ന് തന്റെ ബാഗില്‍ നിന്ന് പൊളിക്കാത്ത ചിപ്സ് പാക്കറ്റ് പുറത്തെടുത്തു. അപ്പുറത്തെക്ക് മാറി നിന്നിരുന്ന ആ കുട്ടിയുടെ ഉപ്പയെ നോക്കി അയാള്‍ ചോദിച്ചു " ആ ഇരിക്കുന്ന കുട്ടി താങ്കളുടെതല്ലെ......ഈ ചിപ്സ് ആ കുട്ടിക്ക് കൊടുക്കൂ...ഞാനിപ്പോള്‍ കയറുമ്പോള്‍ പ്ലാറ്റ്മഫോമില്‍ നിന്ന് വാങ്ങിയതാ...എനിക്കിത് രണ്ടും കൂടി കഴിക്കാന്‍ കഴിയില്ല"... മനസ്സില്ലാ മനസ്സോടെ അയാളത് വാങ്ങി പെണ്‍കുട്ടിക്ക് കൊടുത്തു. കഴിക്കാന്‍ കഴിയില്ല എന്നുള്ളത് അയാളുടെ ബോധപൂര്‍വ്വമായ പ്രസ്താവനയനെന്നെനിക്ക് തോന്നി കാരണം 23/24 വയസ്സും അഞ്ചടി പത്തിഞ്ച് ഉയരവുമുള്ള ആ പയ്യന്റെ വയറിനു ആ ഒരു പാക്കറ്റും കൂടി "ഭാരമാവില്ല" എന്നുള്ളത് കണ്ടാലറിയാം. പക്ഷെ അന്നേരം അയാളുടെ "ബോധത്തെ" ആരോ ഉണര്ത്തിയിരിക്കുന്നു. ആ പെണ്‍കുട്ടിയെ വെറുതെ ഒന്ന് കൂടി നോക്കി അയാള്‍ വീണ്ടും തന്റെ മൊബൈലില്‍ തന്റെ ഓഡിയോ കേട്ട് കൊണ്ടിരുന്നു.


ഇറങ്ങാന്‍ നേരം ഞാന്‍ വെറുതെ പെണ്‍കുട്ടിയെ എത്തി നോക്കി..ചിപ്സിപ്പോള്‍ ഏകദേശം കഴിയാറായിയിരിക്കുന്നു.....മുഖത്തു കുറച്ചു വാട്ടവും കുറഞ്ഞിട്ടുണ്ട്... തിരക്കിലൂടെ ട്രെയിനിന്റെ വാതിലേക്ക് നടക്കുമ്പോള്‍ വെറുതെ ആ പയ്യന്റെ ഫോണിലെക്ക് വീണ്ടുമൊന്നു എത്തി നോക്കി... മൊബൈല്‍ സ്ക്രീനിലെ "യേശുവിന്റെ" ഫോട്ടോ എന്നെ നോക്കി ചിരിച്ചുവോ അതോ എന്തോ പറഞ്ഞുവോ എന്നുള്ളത് വ്യക്തമായില്ല.. എന്നാലും ഉള്ളിന്റെ ഉള്ളില്‍ നിന്ന് ഒരശരീരി കേട്ടു......"സന്മനസ്സുള്ളവര്‍ക്ക് ഈ ഭൂമിയില്‍ സമാധാനം...നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നെഹിക്കൂ... വിശക്കുന്നവന്റെ വേദനയേ നീ തിരിച്ചറിയൂ'...നിനക്ക് സ്വര്‍ഗ്ഗരാജ്യം വിധിച്ചിരിക്കുന്നു ..ഞാന്‍ വേഗത്തില്‍ മുന്നോട്ടു നടന്നു.

No comments: