മേരാ ഭരത് മഹാന്‍
അന്നൊരു നാളില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായ കൊണാട്ട് പ്ലേസിലെ ഇനനര്‍ സര്‍ക്കിളില്‍ വഴിയോര കാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു. മുഖ്യമായും ദേശീയവും അന്തെര്‍ദേശീയവുമായ കമ്പനികളുടെ ബ്രാന്‍ഡ് ഷോ റൂമുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ വലിയ ഷോപ്പിംഗ് കോമ്പ്ലെക്സ് ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ വിശാലമായ സ്ഥല വിസ്തൃതിയില്‍ ഉള്ള ഏക കേന്ദ്രമാണെന്ന് തോന്നുന്നു. വിദേശികളും സ്വദേശികളും ഒരുപോലെ നിറഞ്ഞൊഴുകുന്ന ഈ കേന്ദ്രത്തിലെ പ്രധാന കസ്റ്റമേഴ്സ് ഉപരിവര്‍ഗ്ഗക്കാര്‍ തന്നെയാണ്. അവരെ കൂടാതെ യുവാക്കളുടെയും യുവതികളുടെയും ഒരു ഹാങ്ങ് ഔട്ട് സ്ഥലം കൂടിയാണ് ഈ കൊണാട്ട് സര്‍ക്കസ്.
ടൂറിസ്റ്റുകള്‍ കൂടുമ്പോള്‍ സ്വാഭാവികമായും അവരെ ചുറ്റി പറ്റി ഇതര വഴി വാണിഭക്കാരും ലോകത്തിലെ സകല ലോട്ടു ലൊടുക്ക് ചെപ്പടി വിദ്യക്കാരും നിറയുമെന്നുള്ളത് സ്വാഭാവികമായ ഒരു പരിണാമ പ്രക്രിയയാണ്. സാവധാനം നടന്നു നീങ്ങിയിരുന്ന ഞാന്‍ ഒരു ബ്ലോക്കില്‍ നിന്ന് മറ്റു ബ്ലോക്കിലേക്ക് നടക്കുമ്പോള്‍ ബ്ലോക്കുകളുടെ അവസാനമുള്ള വലിയ തൂണിന്മേല്‍ ചാരി രണ്ടു മധ്യവയസ്ക സ്ത്രീകള്‍ നിന്നിരുന്നു. താരതമ്യെന വൃത്തിയുള്ള വേഷം തന്നെയാണ് അവര്‍ ധരിച്ചിരുന്നത്. അതിലൊരു സ്ത്രീ വേഗത്തില്‍ വന്നു ചെറിയൊരു ത്രിവര്‍ണ്ണ പതാകയുടെ വളരെ ചെറിയൊരു ബാഡ്ജു എന്റെ ഷര്‍ട്ടില്‍ പിന്‍ ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ അവരോടായി പറഞ്ഞു കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഇവിടെ കറങ്ങി നടക്കുന്ന എന്റെ ഷര്‍ട്ടില്‍ ഇത് കുത്തിയിട്ട് നിങ്ങള്ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ചു കൊണ്ട് വേഗം പിന്മാറി. "ദേശീയ വികാരം" എന്ന പുതിയ ആയുധവുമായി ടൂറിസ്റ്കളില്‍ നിന്ന് പൈസ പിരിക്കാന്‍ ഉപയോഗിക്കുന്ന ആധുനിക ഭിക്ഷടത്തിന്റെ പുതിയ സ്ട്രാറ്റജിയാണ് ഈ പരിപാടിയിപ്പോള്‍ . നമ്മള്‍ ദേശീയപതാക അല്ലെങ്കില്‍ ദേശഭക്തി ജ്വലിക്കുന്ന ഏതൊരു സിംബല്‍ കാണുംമ്പോഴും മാനസികമായി ദേശഭക്തിയുടെ തീവ്രത കൊണ്ട് പെട്ടെന്ന് മയങ്ങി പോകും. ദേശീയത എന്ന നമ്മുടെ വികാരം ജനിച്ച നാള്‍ മുതല്‍ മരണം വരെ ഓരോ ദിവസവും കൂടി കൂടി നമ്മളറിയാതെ തന്നെ നമ്മളില്‍ ലയിച്ചു ചേരുന്ന ഒരു തരം ഡി എന്‍ എ ഘടകം തന്നെയാണ്. അത് കൊണ്ട് തന്നെ അത്തരം വികാരങ്ങളെ ചൂഷണം ചെയ്യാന്‍ വളരെ എളുപ്പവുമാണ്. അത്തരം ചൂഷണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ബാഡ്ജു കുത്തലും പിന്നീട് കുത്തിയവരില്‍ നിന്നുള്ള പൈസ പിരിക്കലും.
വെറുതെ എങ്ങിനെയുണ്ട് ആ സ്ത്രീകളുടെ പുതിയ ദേശീയ വികാരത്തെ ഉണര്ത്തിയുള്ള "ഭിക്ഷാടനം" എന്നറിയാന്‍ വേണ്ടി ഞാന്‍ കുറച്ചപ്പുറത്തെക്ക് മാറി നിന്നു. അതില്‍ നിന്നും മനസ്സിലായത് അവര്‍ എല്ലാവരിലേക്കും ആ ബാഡ്ജുമായി പോകുന്നില്ല എന്നുള്ളതാണ്. ചിലരുടെ മുഖം അകലെ നിന്നു തന്നെ നോക്കി അവര്‍ തങ്ങളുടെ ടാര്‍ജെട്ടില്‍ വരും എന്നുറപ്പാക്കിയതിനു ശേഷം മാത്രമാണ് അവരുടെ നീക്കങ്ങള്‍. എന്റെ പിന്നില്‍ നടന്നു വന്നിരുന്ന കുറെ പേരെ അവര്‍ വിട്ടു കളഞ്ഞു. പിന്നീട് ഒരു യുവാവും യുവതിയും നടന്നു വരുന്നുണ്ടായിരുന്നു. കളി തമാശ പറഞ്ഞു നടന്നു വന്നിരുന്ന അവരെ പെട്ടെന്ന് വന്നു അവര്‍ കീഴടക്കി ബാഡ്ജു കുത്തി. അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ അവര്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റിയിരുന്നു. ഇന്ത്യന്‍ ദേശീയ പതാക തങ്ങളില്‍ ചാര്‍ത്തി തങ്ങളുടെ ദേശീയത ബോധം ഉണര്‍ത്തിയെന്ന് ഏതു പൌരനും അന്നേരം തോന്നി പോകും. ആ തോന്നി പോകലില്‍ അവര്‍ നല്‍കുന്ന "പൈസ" യാണ് ആ സ്ത്രീകളുടെ "വരുമാന മാര്‍ഗ്ഗം". ബാഡ്ജു കുത്തി കഴിഞ്ഞാല്‍ ഉടനടി അവര്‍ പൈസക്ക് വേണ്ടി കൈ നീട്ടും. വികാരം ദേശീയതയായത് കൊണ്ട് തന്നെ അവര്‍ക്ക് ലഭിക്കുന്നത് പലപ്പോഴും ചില്ലറയല്ല കറന്‍സി നോട്ടുകള്‍ തന്നെയാണ് . ദേശീയതയെന്ന ആ വികാരത്തെ പണമാക്കി മാറ്റാനുള്ള ആ തന്ത്രം അവര്‍ക്ക് ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവും എന്നുള്ള ചിന്തയില്‍ ഞാന്‍ പതിവ്പോലെ കാഴ്ച കണ്ടു നീങ്ങുമ്പോള്‍ മനസ്സില്‍ പറഞ്ഞു ജയ് മേരാ ഭാരത് മഹാന്‍.....

No comments:
Post a Comment