പനീര്‍ പക്കോടയും പട്ടിയും
ഡല്‍ഹി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ലൈനിലുള്ള മല്ലിക്ക് സ്വീട്സ് മധുര പലഹാരങ്ങള്‍ക്കും പിന്നെ പോക്കൊടകള്‍ക്കും വളരെ പ്രസിദ്ധമാണ്. ഉച്ച തിരിഞ്ഞ (അഞ്ചുമണി) നേരങ്ങളിലുണ്ടാകുന്ന വയറിന്റെ കത്തല്‍ ശമിപ്പിക്കാന്‍ വല്ലപ്പോഴും അകത്താക്കുന്ന പക്കൊടകള്‍ ആരോഗ്യപരമായി നല്ലതല്ലെന്കിലും നാവിന്റെ രുചി മുകുളങ്ങള്‍ക്ക് ഹരം പകരുന്നവ തന്നെയാണ്. ഈയിടെ ഒരു നാള്‍ വെറുതെ അലസമായി പരിസര കാഴ്ചകള്‍ നോക്കി രുചി മുകുളങ്ങയങ്ങനെ പ്രകമ്പനം കൊള്ളിക്കുമ്പോഴാണ് ആ സ്ത്രീ കടയിലേക്ക് കയറി വന്നത്. അവരെ കണ്ടാല്‍ ആരും ഒന്നു നോക്കി പോകും കാരണം തടിച്ച ശരീര പ്രകൃതിയും വൈദേശിക മുഖവും നടത്തത്തിലെ പ്രത്യ്കതയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുടെ രീതിയും ഫാഷനുമെല്ലാം വെച്ച് നോക്കുമ്പോള്‍ ആരുടേയും ശ്രദ്ധയെ ആകര്ഷിക്കതക്ക വിധത്തിലുള്ളവയായിരുന്നു. അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന അവര്‍ കടയില്‍ വന്നു ഒരു പനീര്‍ പൊക്കോട വാങ്ങി...(കൂട്ടത്തില്‍ പറയട്ടെ പക്കൊടകളില്‍ രാജാവാണ് പനീര്‍ പക്കൊട..അതുപോട്ടെ). ഡല്‍ഹി നഗരത്തില്‍ വിദേശികള്‍ ധാരളമുള്ളത് കൊണ്ട് ഇത്തരം കടകളിലൊക്കെ അവരെ സ്ഥിരമായി കാണുക പതിവുള്ളതുമാണ്. എന്നാലും "ദേശീയമായ" നമ്മുടെ പക്കൊട അവര്‍ എങ്ങിനെ രുചിക്കുന്നുവെന്നറിയാന്‍ അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന എന്നെ അമ്പരപ്പിച്ചുകൊണ്ട് അതവര്‍ അടുത്തു തന്നെ നിന്നിരുന്ന ഒരു കറുത്ത നായക്ക് വെച്ച് കൊടുത്തു. പോക്കൊട ലഭിച്ച നായ വാലാട്ടി തന്റെ നന്ദി പ്രകടനം നടത്തി. അവര്‍ ചിരിച്ചുകൊണ്ട് കടയില്‍ പൈസ കൊടുത്ത് കടക്കാരനോട് പിന്നെയും എന്തൊക്കെയോ കുശലങ്ങള്‍ പറഞ്ഞു മുന്നോട്ടു നടന്നു നീങ്ങി...കടക്കു മുന്നില്‍ ഒരേ പോലെ പോക്കൊട പ്ലേറ്റ്മായി നില്ല്ക്കുന്ന ഞാനും നായയും തുല്യ പദവിയില്‍!!! നായ രാജകീയമായി തന്നെ എന്നെ പോലെ രുചി മുകുളങ്ങള്‍ക്ക് ഹരം പകര്‍ന്നു കൊണ്ട് പൊക്കൊട തിന്നാന്‍ തുടങ്ങി....നായ ആഡ്യത്തമുള്ള പനീര്‍ പക്കൊടയും ഞാന്‍ വെറും സാധാരണക്കാരന്റെ ഉരുളക്കിഴങ്ങ് പക്കൊടയും എന്നുമാത്രമുള്ള വ്യത്യാസം മാത്രം!!!
അവര്‍ നടന്നു നീങ്ങിയപ്പോള്‍ കൌതുകത്തോടെ ഞാന്‍ കടക്കരനോട് അവരെപ്പറ്റി ചോദിച്ചു. അയാള്‍ പറഞ്ഞു അവര്‍ അവിടെ അടുത്തുള്ള സ്പാനിഷ് കേന്ദ്രത്തില്‍ (The Instituto Cervantes) ഭാഷ പഠിപ്പിക്കുന്ന അധ്യാപികയാണ്. അവര്‍ കടയില്‍ സ്ഥിരമായി വരുന്നതാണ്. ആദ്യകാലങ്ങളില്‍ അവര്‍ നായകള്‍ക്ക് ബിസ്കട്ടാണ് വാങ്ങിയിരുന്നത്. പിന്നീട് ആരോ അവരോടു പറഞ്ഞുവത്രേ ബിസ്കട്ടുകള്‍ നായകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുള്ളത്.... അന്ന് മുതല്‍ അവര്‍ ബിസ്കറ്റ് നിര്‍ത്തി ഇത്തരം പലഹാരങ്ങള്‍ വാങ്ങി നായകള്‍ക്ക് നല്‍കും. ഇവിടെ ഈ കടക്കു സമീപമുള്ള എല്ലാ നായകളും അവരെ കണ്ടാല്‍ ഓടിയെത്തി സ്നേഹപ്രകടനങ്ങള്‍ നടത്താരുണ്ടാത്രേ. അത്രയ്ക്ക് പരിചയമാണ് നായകള്‍ക്ക് അവരുടെ മുഖം. ഇതൊക്കെ കേട്ട് കടയില്‍നിന്ന് സാധങ്ങള്‍ വാങ്ങി കൊണ്ടിരുന്ന മറ്റൊരു ഹിന്ദിക്കാരന്‍ പറഞ്ഞു.."യഹാം തോ ആദ്മി കോ ഖാനെ കേലിയെ നഹി ഹേ...ഫിര്‍ കുത്തേ കേലിയെ" എന്നുള്ളത്....അതൊരു സാധാരണക്കാരന്റെ സ്വാഭാവികമായ രോഷത്തിന്റെ ശബ്ദമെന്നു എനിക്ക് തോന്നി. മിണ്ടാ പ്രാണികളോടുള്ള സമീപനം തികച്ചും സഹവര്‍ത്തിത്വത്തിന്റെ തന്നെയായിരിക്കണം. മിണ്ടാ പ്രാണികള്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുന്നത്തിലൂടെ അവര്‍ നേടുന്ന ആത്മസംതൃപ്തിയും ഒരു പക്ഷെ വളരെ വലുതുമായിരിക്കും. എന്നാല്‍ "മിണ്ടുന്ന പ്രാണികളോട്" അവരുടെ സമീപനം എന്തായിരിക്കുമെന്നുള്ളതാണ് തിരിഞ്ഞു നടക്കുമ്പോള്‍ എന്നെ മനസ്സില്‍ ഉയര്‍ന്നു വന്ന മറ്റൊരു ചോദ്യം.

No comments:
Post a Comment