അവള് തന്റെ അസുഖത്തെ കുറിച്ച് പറയുമ്പോള് ചിരിച്ചു കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്.
ജീവിതം തന്നെ വഴി മുട്ടി നില്കുമ്പോള് കൂനിന്മേല് കുരുവെന്ന നിലയില് വന്നു ചേര്ന്ന മാരകമായ അസുഖം. സാമ്പത്തികമായി ഒന്നുമില്ലാത്ത അന്നന്നത്തെ കൂലി കൊണ്ട് കുടുമ്പം കഴിഞ്ഞിരുന്ന അവള് തനിക്കു വന്നു ചേര്ന്ന കാന്സര് എന്ന അസുഖം മരണം തന്നെയാണെന്നുറപ്പിച്ചു.
ഒരിക്കല് ആശുപത്രിയില് ഒറ്റയ്ക്ക് കീമോയെടുക്കാന് ചെന്ന അവളെ കണ്ടു ഡോക്ടര് പോലും അതിശയിച്ചു.
അവളുടെ നിസ്സഹായതയില് മനസ്സലിഞ്ഞപ്പോഴും അവളുടെ നിശ്ചയദാര്ട്യത്തെ അദ്ദേഹം മനസ്സില് ആദരിച്ചു. അന്യ ജാതിക്കാരനെ പ്രേമിച്ചു വിവാഹം ചെയ്തത് കൊണ്ട് അവള്ക്കു എല്ലാവരുടെയും എതിര്പ്പുകള് നേരിടേണ്ടി വന്നു. വിവാഹത്തിന്റെ ആദ്യത്തെ കുറച്ചു നാളുകള് കഴിഞ്ഞപ്പോള് അയാള് തന്റെ വിശ്വ രൂപം പുറത്തെടുത്തു തുടങ്ങി.
ദിവസവും മദ്യപിച്ചു വന്നാല് നിരന്തരം വഴക്ക് കൂടുന്ന സ്വഭാവം. മാത്രവുമല്ല കിട്ടുന്ന കാശ് കൊണ്ട് മുഴുവനും തിന്നു കുടിച്ചു തീര്ക്കും. വല്ലപ്പോഴും വീട്ടില് വന്നു ചേരുന്ന അയാള്ക്ക് ഭാര്യയും രണ്ടു കുട്ടികളു മടങ്ങുന്ന തന്റെ കുടുമ്പം എങ്ങിനെ കഴിയുന്നുവെന്നുള്ള യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.
ഒരു വേള സംസാരത്തിന്ടയില് അവള് പറഞ്ഞു അയാള് ചത്തു പോയാല് മതിയെന്നു....
അവളുടെയുള്ളില് നിറഞ്ഞ ദേഷ്യം വാക്കുകളില് അത്ര കണ്ടു പ്രകടമായിരുന്നു. തന്റെ മക്കളുടെ അച്ചന് ചത്തു പോയാല് മതിയെന്ന് പറയുന്ന ആ സ്ത്രീയുടെ മനസ്സിനുള്ളിലെ വിഷമം എത്ര കണ്ടു ആഴത്തില് പതിഞ്ഞതായിരിക്കുക്കുമെന്നതായിരുന്നു എന്റെ ചിന്തയപ്പോള് ....
ജീവിത നാടകത്തിലെ കറുത്ത മുഖങ്ങളെ ഉള്ളില് തിരയുമ്പോഴും എന്റെ മുന്നിലവള് ചിരിച്ചു കൊണ്ട് തന്നെ സംസാരം തുടര്ന്നു.
മരണത്തെ പേടിക്കാതെ ജീവന്റെ സമസ്യകള്ക്ക് നേരെ മുഖം തിരിച്ചു നില്ക്കാതെ തന്റേടത്തോടെ നേരിടുന്ന അവള് നമ്മുടെ സമൂഹത്തില് ഒറ്റപെട്ട വ്യക്തിയല്ല ആയിരങ്ങളില് അല്ലെങ്കില് ലക്ഷങ്ങളില് ഒരുവള് മാത്രം. ചെറിയ വേദനകള്/പ്രശ്നങ്ങള് പോലും മാരകങ്ങളെന്നു കരുതുന്ന നമ്മുക്ക് മുന്നിലവള് ജീവിതമെന്ന പാഠപുസ്തകത്തിലെ ധൈര്യത്തിന്റെയും സ്ത്രീ ശക്തിയുടെയും അദ്ധ്യായമാണ് .
No comments:
Post a Comment