സ്റ്റേഷനിലെത്തുമ്പോള്‍ പ്ലാറ്റ്ഫോം പൊതുവേ ശൂന്യമായിരുന്നു. എല്ലാവരെയും കേറ്റി ഒരു മിനുറ്റ് മുന്‍പേ ഏതെങ്കിലും വണ്ടി കടന്നു പോയിരിക്കും. ഇനി അടുത്ത വണ്ടിക്കായി പതിനഞ്ചു ഇരുപതു മിനുട്ട് കാക്കണം. അടുത്ത് കണ്ട ഇരുമ്പ് ബെഞ്ചില്‍ സ്ഥലം പിടിക്കാമെന്ന് കരുതി മുന്നോട്ടു നീങ്ങി.
നരവീണു തുടങ്ങിയ അന്തരീക്ഷത്തില്‍ പടിഞ്ഞാറ് ചുവപ്പ് തെളിയാന്‍ തുടങ്ങിയിരുന്നു. ഒരു യുവാവ് ഇരുമ്പ് ബെഞ്ചിലിരുന്നു ഇയര്‍ ഫോണില്‍ എന്തോ ശ്രവിക്കുന്നുണ്ട്. അടുത്ത വണ്ടിക്കു വേണ്ടിയുള്ള
കാത്തിരിപ്പിന്റെ മുഷിപ്പിനെ സംഗീതത്തില്‍ അലിയിപ്പിക്കുകയായിരിക്കും.
മേൽക്കൂര മേഞ്ഞിരുന്ന ആസ്പെറ്റൊസു ഷീറ്റുകളുടെ താങ്ങായി നില്‍ക്കുന്ന ഇരുമ്പു ദണ്ഡുകളില്‍ തൂങ്ങി കുറെ മൈനകള്‍ പരസ്പരം ബഹളം വെച്ച് ആര്‍ത്തു തിമിര്‍ത്തു. പ്രാവുകളും കാക്കകളും കുറുകിയും കാറിയും അന്തിക്ക് കൂടണയാനുള്ള തിടുക്കത്തിലായിരുന്നു. ജൂലൈ മാസമവസാനമായെങ്കിലും ചൂടിനിപ്പോഴും കാര്യമായ ശമനമില്ല. മുകളില്‍ തിരിയുന്ന ആ വലിയ ഫാനിനുപോലും ഉഷ്നത്തെ മറി കടക്കാന്‍ കഴിഞ്ഞിരുന്നില്ല.
"ഏന്തോ മുകളില്‍ തട്ടി താഴെ വീഴുന്ന ശബ്ദം കേട്ടെണീറ്റ് ബെഞ്ചിന്റെ മറു വശം നോക്കി...ഹോ...നൊമ്പരപ്പെടുത്തു ന്ന കാഴ്ച തന്നെ!!!!
എവിടെ നിന്നോ പറന്നു വന്ന ഒരു പ്രാവ് അറിയാതെ ഫാനിന്റെ ഇതളില്‍ തട്ടി താഴെ വീണിരിക്കുന്നു. അതിന്റെ കൊക്കിന്റെ മുകള്‍ വശത്ത് ആഴത്തില്‍ മുറിഞ്ഞിരിക്കുന്നു. ചിറകുകള്‍ക്കും കുറെയേറെ ക്ഷതം സംഭവിച്ചിരിക്കുന്നു . മുറിഞ്ഞ കൊക്കില്‍ നിന്നും ചോര തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട്. പാവം മിണ്ടാ പ്രാണി അതിനു നന്നായി വേദനിക്കുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് എന്തോ ശബ്ദമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു തോന്നി പക്ഷെ ശബ്ദം പുറത്തു വരുന്നില്ല. രക്തം തുള്ളികളായി നിലത്തു വീണു കൊണ്ടെയിരുന്നു. വന്നവര്‍ വന്നവര്‍ പ്രാവിനെ ദയാപൂര്‍വ്വം നോക്കി നെറ്റി ചുളിച്ചു. എല്ലാവരുടെയും മുഖത്തു ദുഃഖം നിഴലിച്ചിരിക്കുന്നു. ഒരു പക്ഷെ മനുഷ്യന് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന സഹജീവികളുടെ വേദനിക്കുന്ന മുഖം. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരവസ്ഥ. അല്ലെങ്കില്‍ അത്തരമൊരവസ്ഥയില്‍ എന്ത് ചെയ്യുമെന്നുള്ള നീറുന്ന മനസ്സുമായി ഓരോരുത്തരും അങ്ങോട്ട് മിണ്ടോട്ടും നടന്നു കൊണ്ടിരുന്നു.
എന്റെ കുഞ്ഞു പ്രാവേ നിന്നെയിപ്പോള്‍ നിന്റെ കൂട്ടുകാരും കുടുംബക്കാരും തിരയുന്നുണ്ടാവില്ലേ... ഹൃദയം നീറുന്ന വേദനയുമായി നീ ഉള്ളില്‍ കരയുമ്പോള്‍ അതിന്റെ അലയൊലികള്‍ അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടാവുമോ....നീ ആരുടെ ദൂതു പോയി മടങ്ങുകയായിരുന്നു. സ്നേഹത്തിന്റെ പ്രതീകമായ പ്രാവേ നിനക്ക് വേണ്ടി ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ ഞാന്‍ ദുഖിക്കുന്നു . നിന്റെ മുറിവുകള്‍ വെച്ച് കെട്ടാന്‍ എന്റെയുള്ളില്‍ മദര്‍ തെരേസയുടെ ഹൃദയമില്ല. നിന്റെ വേദനയില്‍ എന്റെ ഹൃദയം നീറുന്നുണ്ട് പക്ഷെ എന്റെ ബുദ്ധിയില്‍ നീ വെറുമൊരു ആകാശത്തിലെ പക്ഷിയാണെന്നുള്ള ബോധവും കൂടി നിറഞ്ഞു നില്‍ക്കുന്നു.
നിന്റെ മുറിവുകളില്‍ വെച്ച് കെട്ടാന്‍ എന്റെ കയ്യില്‍ മരുന്നില്ല. അല്ലെങ്കില്‍ നിനക്കായി മരുന്ന് തേടാന്‍ എന്റെയീ വിലപ്പെട്ട സമയം ഒഴിഞ്ഞു തരുവാന്‍ എനിക്ക് കഴിയില്ല കാരണം ഞാന്‍ മനുഷ്യനാണ്. ഈ ഭൂമുഖത്തെ ജീവികളില്‍ ഏറ്റവും ബുദ്ധിയുള്ള രാക്ഷസന്‍. എന്റെ മുന്നില്‍ പിടഞ്ഞു മരിക്കുന്ന പ്രാണികളും പക്ഷികളും ജന്തുക്കളും എന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം നല്കാത്തിടത്തോളം കാലം അവയെ സംരക്ഷിക്കാനോ അവയുടെ വേദനയൊപ്പാനോ എന്റെ കയ്യില്‍ സമയമില്ല. നിലത്തിറ്റിറ്റു വീഴുന്ന ചോര തുള്ളികളില്‍ നിറഞ്ഞിരിക്കുന്ന നിന്റെ ജീവന്‍ മെല്ലെ മെല്ലെ ചോര്‍ന്നു പോയി കൊണ്ടിരിക്കുകയാണ് . നീയിനി ആകാശ നീലിമയെ നോക്കി ഉയരങ്ങളില്‍ പറക്കില്ല. ഒരു പക്ഷെ കുറച്ചു സമയത്തിനുള്ളില്‍ നീ ദേവഗീതങ്ങളുടെ ഈണം തേടി എന്നന്നേക്കുമായി ഉയരങ്ങളില്‍ മറഞ്ഞെന്നു വരാം....ഞങ്ങള്‍ മനുഷ്യര്‍ സ്നേഹത്തിന്റെ ദൂതുമായി നീ വിഹായസ്സില്‍ പറന്നു നടന്നത്തിന്റെ അപദാനങ്ങള്‍ വീണ്ടും പാടി നടക്കും....അതെ ഞങ്ങള്‍ അങ്ങിനെയാണ് !!!
No comments:
Post a Comment