മൊത്തത്തിൽ മാർക്കെറ്റിൽ ഒരു വിഗഹ വീക്ഷണം നടത്തി തിരികെ വന്നപ്പോൾ മനസ്സിലായി ഇവിടെ (Hong Kong) പുറത്തു നിന്നു ഭക്ഷണം കഴിക്കുക എന്നുള്ളത് ഒരു വലിയ സമസ്യ തന്നെയാണെന്നുള്ളത്. പുറത്തുള്ള ഭക്ഷണ ശാലകളിൽ നോക്കിയപ്പോൾ ആളുകൾ എല്ലാം തന്നെ കത്തി കൊണ്ട് എന്തൊക്കെയോ മുറിക്കുന്നു വലിയ വലിയ പിഞ്ഞാണങ്ങളിൽ നിന്ന് ചൂടുള്ള എന്തൊക്കെയോ മുക്കി കുടിക്കുന്നു . അതിൽ വെജ് ഏതു നോണ് വെജ് ഏതു ഒന്നും മനസ്സിലാവുന്നില്ല . എന്തിന്റെയൊക്കെയോ മണം മൂക്കിൽ വന്നു കയറുന്നു. ഈ കഴിക്കുന്ന സാധനങ്ങൾ എന്താണെന്ന് ചോദിക്കാമെന്നു വന്നു വെച്ചാൽ ഞാൻ പറയുന്നത് അവര്ക്കും അവർ പറയുന്നത് എനിക്കും മനസ്സിലായാലല്ലേ നിവൃത്തിയുള്ളൂ!!!! വിനിമയത്തിന് ഭാഷ ആവശ്യമില്ല എന്നുള്ളതൊക്കെ വെറുതെ പുറം പൂച്ചു പറയുകയാണെന്പ്പോൾ തോന്നിപ്പോയി..... അങ്ങിനെയാൽ ശരിയാവില്ല പാചകം അറിയുന്ന ഞാൻ തളരാൻ പാടില്ല എന്നുള്ളതും മുഖ പുസ്തകത്തിലെ സുഹൃത്തുക്കളുടെ പുതിയ ജീവിതത്തെ എങ്ങിനെ നേരിടണമെന്ന ഉപദേശവും സ്വീകരിച്ചു മനസ്സുകൊണ്ട് ഊര്ജ്ജം തിരിച്ചെടുത്ത് ആദ്യ ദിവസം തന്നെ നാട്ടില നിന്ന് കൊണ്ടുവന്ന സഞ്ചിയുമായി ഞാൻ പച്ചക്കറി കടയിലേക്ക് നടന്നു.
ഇരുപത്തിഞ്ചിലേറെ നിലകളുള്ള ടൈം സ്ക്വയര് ബില്ടിങ്ങിന്റെ താഴെയുള്ള ഫുഡ് മാർകെറ്റിൽ കടന്നു നാലുപാടും തിരഞ്ഞു....ആകെ കാണാനുള്ളത് മാസം പച്ചക്കറി പോലെ തന്നെ വിവിധ നിറത്തിലും തരത്തിലും പാക്ക് ചെയ്തു വെച്ചിരിക്കുന്നു. വേറൊരു സ്ഥലത്ത് അപ്പപ്പോൾ ആവശ്യത്തിനു മുറിച്ചു കൊടുക്കുന്നു. ഓരോ കൌണ്ടർ നോക്കി മുന്നോട്ടു പോകുമ്പോഴും എനിക്ക് വാങ്ങിക്കാൻ കഴിയുന്ന ഒന്നും കാണുന്നില്ല എന്നുള്ള നിരാശ മനസ്സിനെ മന്ദിപ്പിചു ..... വീണ്ടും മുന്നോട്ടു നടന്നപ്പോൾ അതാ ദൂരെ ഒരു പച്ചപ്പ് കാണുന്നു .മരുഭൂമിയിൽ തെളിനീരിന്റെ ഉറവ കാണുന്നവന്റെ മാനസിക അവസ്ഥയിൽ ഞാൻ ബാക്കിയുള്ള കൌന്റെർ ഒന്നും നോക്കാതെ വേഗത്തിൽ തന്നെ മുന്നോട്ടു നടന്നു. ചെറിയൊരു കൌണ്ടറിൽ വിവിധ നിറത്തിലുള്ള പച്ചകറികൾ നിരത്തി വെച്ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലും ഹരിതശോഭയുടെ പീലികൾ നിവർത്തിയാടി . പക്ഷെ പിന്നീട് അടുത്തു ചെന്ന് വീക്ഷിച്ചപ്പോഴാണ് മനസ്സിലായത് അവയെല്ലാം ഞാൻ കാണാത്തതും കേൾക്കാത്തതുമായ എന്തൊക്കെയോ പൂവും കായുമാണ് എന്നുള്ളത് . മത്തങ്ങയും കുമ്പളങ്ങയും വെണ്ടക്കയും ശീലമായവന്റെ നെറും തലയിൽ ചേന കൊണ്ട് ആഞ്ഞടിച്ച പ്രതീതി!!! അടുത്തു ചെന്ന് ഓരോന്നും സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവയെല്ലാം വ്യത്യസ്ത തരത്തിലുള്ള ഇലകളും തണ്ടും പൂവുമൊക്കെയാനെന്നരിഞ്ഞത് . ഞാൻ ശീലിച്ച പച്ചക്കകറികൾ ഒന്നും തന്നെ കാണാനില്ല . കറങ്ങി തിരിഞ്ഞപ്പോൾ അതാ കാരറ്റും തക്കാളിയും ക്വലിഫ്ലവർ, ക്യാപ്സിക്കം മുതലായവ മറ്റൊരു വശത്ത് മനോഹരമായി അടക്കി വെച്ചിരിക്കുന്നു. നിരന്നിരിക്കുന്ന പച്ചക്കറി കണ്ടപ്പോൾ മനസ്സില് ഏകദേശ ധാരണ വന്നു ഇനിയുള്ള നാളുകൾ മുഴുവനും ഫ്രൈഡു റൈസ് കഴിച്ചു ശിഷ്ട കാലം ഇവിടെ ജീവിക്കാനായിരിക്കും എന്റെ പുതു വര്ഷത്തെ ജാതകഫലം പറയുന്നത് എന്ന് വിചാരിച്ചു എല്ലാം കുറേശ്ശെ വാങ്ങി . ഇന്ത്യയിൽ നിന്ന് പോരുമ്പോൾ ജ്യോതിഷികൂടിയായ ജേഷ്ടനോട് 2016 ജാതകഫലം നേരത്തെ ചോദിച്ചറിയെണ്ടാതായിരുന്നു
അടിയന്തിര ആവശ്യങ്ങൾക്കായുള്ള ചില്ലറ അടുക്കള സാധനങ്ങൾ കൈവശം ഉണ്ടായിരുന്നെങ്കിലും ഉപ്പു കൈവശം വെച്ചിരുന്നില്ല . ജീവിതത്തിലും രകതത്തിലും ഉപ്പു വേണ്ടുവോളം അലിഞ്ഞു ചെര്ന്നിട്ടുണ്ടെങ്കിലും കറിയിൽ ഉപ്പു ചേര്ക്കാതെ പറ്റില്ലല്ലോ...നിരത്തി വെച്ചിരിക്കുന്ന കൌന്റെർ എല്ലാം തിരഞ്ഞിട്ടും എനിക്ക് ഉപ്പു കണ്ടു പിടിക്കാൻ കഴിഞ്ഞില്ല എന്നുള്ള മന പ്രയാസത്തിൽ അടുത്തു നിന്ന് പച്ചക്കറി തൂക്കി കൊടുക്കുന്ന പെന്കിടാവിനോട് ഞാൻ "സാൾട്ട്" എവിടെ കിട്ടുമെന്ന് ഇംഗ്ലീഷിൽ ചോദിച്ചു...അവള്ക്കത്തു മനസ്സിലായില്ല.... അവൾ എനിക്ക് സോസുകൾ ഇരിക്കുന്ന കൌണ്ടർ കാണിച്ചു തന്നു ....അവ നോക്കി തിരിച്ചു വന്നു ഞാൻ വീണ്ടും പറഞ്ഞു....നോ .നോ.. സാൾട്ട് ......സാൾട്ടു ....അവൾ വീണ്ടും സോസ് എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു...അന്നേരം അത് വഴി പോയ മറ്റൊരുവന് എന്നെ കൈമാറി അവൾ സംരഭത്തിൽ നിന്നൊഴിഞ്ഞു. ഞാൻ പുതിയതായി ചാര്ജെടുത്ത അവനോടു അതൊക്കെ തന്നെ ആവര്ത്തിച്ചു....അവനും എന്നെ സോസുകൾ നിരത്തി വെച്ചിരിക്കുന്ന ആ കൌന്റെരിൽ കൊണ്ട് പോയി ദര്ശനം നടത്തി പുഞ്ചിരിച്ചു. ഞാൻ വീണ്ടും വീണ്ടും സാൾട്ട് എന്നൊക്കെ പറഞ്ഞു നോക്കി അവൻ സോസ്, സോയ സോസ് എന്നൊക്കെ പറഞ്ഞു മറുപടി പറഞ്ഞു കൊണ്ടിരുന്നു ....ഒരു വേള ഉപ്പില്ലാത്ത പാചകത്തെ പറ്റി ഞാൻ ചിന്തിച്ചു അന്നേരം... സ്വതവേ രക്ത സമ്മർദ രോഗിയായ നിനക്ക് ഇത് ഉപ്പില്ലാതെ പാചകം ചെയ്തു ജീവിക്കാനുള്ള മഹത്തായ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ഉള്ളിൽ നിന്നാരോ വിളിച്ചു പറഞ്ഞപ്പോലെ .... എന്നെ സഹായിക്കാൻ കഴിയാത്ത ആ ജീവനക്കാരൻ എന്നെ വീണ്ടും മറ്റൊരുവന് കൈ മാറി. പുതിയ ആളെ കണ്ടപ്പോൾ കുറച്ചു വ്യത്യാസം തോന്നി. ഇംഗ്ലീഷ് ശരിക്ക് മനസ്സിലാവുമെന്ന് വിചാരിച്ചു ഞാൻ അവനോടും എന്റെ ആവശ്യം പറഞ്ഞു. എന്റെ സാൾട്ട് അവർ മനസ്സിലാക്കുന്നത് എല്ലാം സോസ് ആയി പോവുന്ന ദുരവസ്ഥ ഇവിടെയും സംജാതമായി. പുതിയവൻ ഒരു പാട് സോസുകളുടെ പേര് പറഞ്ഞു ഞാൻ അല്ല എന്ന് തലയാട്ടി കൊണ്ടിരുന്നു. ഒരു വേള കിലുക്കത്തിൽ ജഗതി പറയുമ്പോലെ ഇവർക്ക് സാൾട്ട് എന്നാ വാക്ക് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കണമേ എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി. എന്റെ ദയനീയ ഭാവം കണ്ട് പുതിയ ആൾ കയ്യിലുള്ള ചെറിയ പുസ്തമെടുത്തു പേനയും എന്റെ കയ്യിൽ തന്നു എഴുതി കാണിക്കാൻ പറഞ്ഞു ....ഞാൻ സ്വയം ചോദിച്ചു "ഈ ബുദ്ധി നിനക്കെന്തേ മുന്നേ പോയില്ല മോനെ ദിനേശാ" ....... ....ഞാൻ വലിയ അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതിയപ്പോൾ അവൻ "ഓ സാട്ടു" എന്ന മാതിരി എന്തോ പറഞ്ഞു എന്നെ ഉപ്പു കൌന്റെരിന്റെ മുന്നില് കൊണ്ട് നിർത്തി .....വരും നാളുകളിൽ എപ്പോഴും ഒരു പേനയും പേപ്പറും എപ്പോഴും കൈവശം വെക്കണം എന്നുള്ള ചെറിയ പാഠവും പഠിച്ചു ഞാൻ ഉപ്പും പച്ചക്കറിയുമായ് തിരിഞ്ഞു നടന്നു....ടൈം സ്ക്വയര് മുന്നിൽ അപ്പോൾ ക്രിസ്ത് മസ് കരോൾ ഗാനങ്ങൾ പാടി ഒരു സംഘം ആളുകൾ തമ്പടിച്ചു നിന്നിരുന്നു....
വീണ്ടും പ്രവാസ ജീവനത്തിന്റെ നര്മ്മ കഥകളുമായി മറ്റൊരു ദിവസം കാണാം.......നമസ്കാരം
No comments:
Post a Comment