ധനുമാസത്തിലെ തിരുവാതിര പടി കടന്നു അകത്തു വരുമ്പോൾ ഓർമ്മയിൽ ഓടിയെത്തുന്ന ആ കൗമാര കാലം. ചോഴി കളിയുടെ ഒര്മ്മയിലൂടെ തിരുവാതിര മനസ്സിൽ പുനർജനിക്കുമ്പോൾ ഇന്നലകളിൽ മണ്മറഞ്ഞു പോയ ആ സന്തോഷ ദിനത്തിന്റെ പുനരവതരണം എന്തെന്നില്ലാത്ത ആനന്ദപൂര്ണ്ണമായ ശുഭ നിമിഷങ്ങൾ മനസ്സിൽ പ്രധിനിധാനം ചെയ്യന്നു . ചോഴി കളി ഒരു പ്രാദേശിക രീതിയാണ് എന്നാണറിവ്. കേരളത്തിൽ പൊതുവെ കണ്ടു വരുന്ന ഒരു ആചാരമല്ലിത്.
ചോഴി കളിയുടെ ഐത്യഹ്യത്തിനെക്കുറിച്ചു പറയുന് നത് ഇങ്ങിനെയാണ് . ചോഴികൾ ശിവന്റെ ഭൂത ഗണങ്ങളാണ്. ധനുമാസത്തിലെ തിരുവാതിരയാണ് മഹാശിവന്റെ ജന്മനക്ഷത്രം, ശ്രീ പാർവതി നോല്മ്പ് നോല്ക്കുന്നആ ദിവസം ഓരോ വീട്ടിലെയും നെടു മംഗല്യക്കാർ നോല്മ്പ് നോല്ക്കുന്നില്ലേ എന്ന് നോക്കാനായി വരുന്നവരാണ് ചോഴികൾ എന്നൈത്യഹ്യം . ഒരു പക്ഷെ സംഹാര മൂര്ത്തിയുടെ രൂപ ഭാവങ്ങളെ പ്രതിനിധിവല്ക്കരിക്കുന്നതിലൂടെ അവരെ തൃപ്തിപ്പെടുത്തലും ജീവന്റെ ദീർഘായുസ്സ് വർദ്ധിപ്പിക്കലുമായിരിക്കും ഒരു പക്ഷെ പഴമക്കാർ ഉദ്ദേശിച്ചിട്ടുണ്ടാവുക . പൊയ് പോയ കാലത്തിന്റെ ഓരോ ആചാരങ്ങളും ഒരു സംസ്കാരത്തിന്റെ ഭാഗമായി രൂപം കൊണ്ടതും പൊതുവിൽ അവയെല്ലാം ജീവിതത്തിന്റെ നല്ല നാളുകൾക്ക് വേണ്ടിയുള്ള ആചാര രീതികളുമായിരുന്നു . മാറുന്ന കാലത്തിൽ അവക്കെല്ലാം വ്യത്യസ്ത നിറങ്ങൾ നൽകി ഒരു പൊതു രീതിയുടെ ആചാര ക്രമങ്ങളിൽ നിന്ന് അടർത്തി മാറ്റാനുള്ള ശ്രമങ്ങളും നടന്നു വരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിന്നു ജീവിക്കുന്നത്.
തിരുവാതിര തലേന്നാൾ രാത്രിയിലാണ് ചോഴികൾ ഇറങ്ങുക. പാട്ട് പാടിയും ആര്പ്പു വിളിച്ചും അര്ദ്ധ രാത്രികളെ ഉത്സവ വേളകളാക്കുന്ന ചോഴി മക്കൾ. വൈകീട്ടു മുറിച്ചു വെക്കുന്ന ഉണങ്ങിയ വാഴയിലകൾ അണിഞ്ഞാണ് ഓരോരുത്തരം ചോഴികളായി പരിണമിക്കുന്നത്. മുഖം മൂടിയായി കവുങ്ങിന്റെ പാളകൾ വ്യത്യസ്ത രീതിയിൽ മുറിച്ചു അതിൽ കരിക്കട്ട കൊണ്ട് രൂപ ഭാവങ്ങൾ വരച്ചു ചേര്ക്കുന്നു. ചോഴികൾക്ക് പുറമേ ഒരാള് ചിത്ര ഗുപ്തനായും വേഷമിടുന്നു. ചോഴികളിൽ ഒരാൾ മുത്തനായും മറ്റെയാൾ മുത്തിചോഴിയായും വേഷമിട്ടു കൊണ്ട് മറ്റു കുഞ്ഞു ചോഴികളെ നയിക്കുന്നു. ഉണങ്ങിയ വാഴയിലകൾ ശരീരത്തിൽ വെച്ച് കെട്ടുമ്പോൾ ഉണ്ടാകുന്ന ഉഷ്ണവും ചൊറിച്ചിലും എല്ലാം ഇന്നലെ കഴിഞ്ഞ രീതിയിൽ ഓർമ്മയിൽ തെളിയുന്നു. വീടുകൾ തോറും കയറി ഇറങ്ങുന്ന ചോഴികൾ ഓരോ വീട്ടിലും പാട്ട് പാടിയും നൃത്തം വെച്ചം തങ്ങളുടെ "വക" പിരിച്ചെടുക്കുന്നു. ഇന്നത്തെ ഉപഭോഗ വാണിജ്യ സംസ്കാരത്തിൽ രൂപയുടെ പ്രാധാന്യം വളരെയേറെ വര്ദ്ധിച്ചു വന്നു. എന്നാൽ അക്കാലങ്ങളിൽ രൂപയെ കൂടാതെ നിത്യ ഉപയോഗ സാധനങ്ങളും ചോഴി മക്കൾക്ക് സംഭാവനയായി നല്കുമായിരുന്നു. അരി,നാളികേരം,പഴം തുടങ്ങിയ സാധനങ്ങളായിരുന്നു അവയലധികവും . ഓരോ വീടുകൾ കയറി ഇറങ്ങി വ്യത്യസ്ത പാട്ടുകൾ പാടിയും തമാശ പറഞ്ഞും നടന്നിരുന്ന അക്കാലത്തെ ആ ആചാരത്തിൽ നിന്നും ലഭിക്കുന്ന പൈസ ഞങ്ങൾ തുല്യമായി വീതിച്ചെടുക്കും. മുത്തനും മുത്തിയുമായി വേഷമിടുന്ന ആളുകള് കുറച്ചു ഹാസ്യ പ്രധാനമായാണ് അവരുടെ റോളുകൾ കൈകാര്യം ചെയ്തിരുന്നത്. ഓരോ വീടിന്റെയും മുറ്റത്തു കയറി നിന്ന് മുത്തിയിപ്പോൾ പ്രസവിക്കുമെന്നും മുത്തൻ നോക്കാറില്ലെന്നും പറഞ്ഞു ആളുകളെ ഹാസ്യത്തിലൂടെ കൈകാര്യം ചെയ്തു കൂടുതൽ വക ഈടാക്കൽ എന്നുള്ള രീതിയും തുടർന്ന് പോന്നു. ആളുകളെ ശബ്ദത്തിൽ തിരിച്ചറിയാതിരിക്കാൻ ശബ്ദ വ്യത്യാസത്തിലാണ് ചോഴികൾ സംസാരിച്ചിരുന്നത് . മുത്തിയുടെ നിര്ദേശ പ്രകാരം മറ്റുചോഴികൾ ഈണത്തിൽ പാട്ട് പാടി വട്ടത്തിൽ നൃത്തം വെക്കുന്നു. അക്കാലത്ത് പ്രധാനമായും ഞങ്ങൾ പാടിയുരുന്ന ഗാനം ഇതായിരുന്നു "നീല കാര്മുഖിൽ വർണ്ണനന്നേരം രാധയെന്ന നാരിയുമായി നീളെ നീളെ വനത്തിൽ നടന്നും മേള മോടെ കളിച്ചു രസിച്ചും" എന്നുള്ളതായിരുന്നു . മറ്റൊന്ന് "മഞ്ഞ ക്കാട്ടിൽ കേറിലോ പിന്നെ മഞ്ഞ ക്കിളിയെ പിടിക്കാലോ എന്നുള്ളതും ആയിരുന്നു.ചില വീട്ടുകാർ കൂടുതൽ "വക" തരാമെന്നു പറഞ്ഞു വീണ്ടും പാട്ടുകൾ പാടിക്കുമായിരുന്നു. ചോഴികളാനെങ്കിൽ കുറച്ചു സമയം കൊണ്ട് കൂടുതൽ വീടുകൾ കയറി കൂടുതൽ "വക "നേടണമെന്നുള്ള ചിന്തയിലുമായിരിക്കും കാരണം കിട്ടുന്ന വക കൊണ്ട് അടുത്ത ദിവസം ഒരു പാട് "പരിപാടികൾ " മുൻകൂറായി തന്നെ ആസൂത്രണം ചെയ്തിരിക്കും. പലപ്പോഴും രാത്രിയിൽ ശരിക്ക് വെളിച്ചമില്ലാത്തത് കൊണ്ട് മുഖം മറച്ച ചോഴികൾ അല്ലറ ചില്ലറ പ്രശ്നങ്ങളിലും ചെന്ന് ചാടാറുണ്ട് . കൌമാരക്കാലത്തെ ഇത്തരം ആചാരങ്ങൾ കൊണ്ട് ലഭിക്കുന്ന വക കൊണ്ട് അല്ലറ ചില്ലറ "വട്ട ചിലവുകൾ" നടത്തി പോന്നു. പൈസ അല്ലാതെ ലഭിക്കുന്ന മറ്റു സാധനങ്ങൾ പരസ്പരം ലേലം ചെയ്തു വില്ക്കുമായിരുന്നു. ചോഴി വന്നു കഴിഞ്ഞാൽ പിന്നെ ആ വീട്ടിലെ സ്ത്രീകള് ഉറങ്ങില്ല അപ്പോഴേക്കും ഏഴര വെളുപ്പായി തീരും പിന്നീടവർ പാട്ട് പാടി തിരുവാതിരക്കുളിക്കായി അടുത്തുള്ള കുളങ്ങളിലേക്ക് നീങ്ങും. തിരുവാതിക്കുളി കഴിഞ്ഞു ശ്രീ പാര്വ്വതിയെ മനസ്സില് ധ്യാനിച്ച് തിരുവാതിര നോല്മ്പ് ആരംഭിക്കുന്നു. തിരുവാതിര നാളിൽ അമ്മ വെക്കുന്ന കൂവ പായസവും കിഴങ്ങ് കൊണ്ടുള്ള പുഴുക്കും എല്ലാം ഇന്നലയുടെ ഓർമ്മ മാത്രം
No comments:
Post a Comment