Sunday, September 7, 2014














പുസ്തകമേളയിലെ ഞാന്‍

പുസ്തകങ്ങള്‍ ഇനി വാങ്ങണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. മഹത്തായ ഒരു ഗ്രന്ഥപ്പുരയുള്ളത് കൊണ്ടൊന്നുമല്ല പലപ്പോഴുമായി വാങ്ങിയവ തന്നെ മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് കാരണം. പലതും കുറച്ചു പേജുകള്‍ വായിച്ചു അലമാരയിലേക്ക് പോകുകയാണ് പതിവ്. എപ്പോഴെങ്കിലും സ്വസ്ഥമായി അലക്കൊഴിഞ്ഞു കാശിക്കു പോകുമ്പോള്‍ ഇവരെയും കൂടെ കൊണ്ട് പോകാം എന്നുള്ള ചിന്തയില്‍ അവരെല്ലാം ഊഴം കാത്തിരിക്കുന്നു.
വായനയൊക്കെ മതി ഇനി കുറച്ചു എഴുതി നോക്കാം എന്നുള്ള ചിന്തയിലാണിപ്പോള്‍. അതിനു വേണ്ടി എന്തൊക്കെയോ എഴുതി നിറക്കുന്നു.... മൌലിക ചിന്തയുടെ സന്നിവേശം എഴുത്തില്‍ വരണമെങ്കില്‍ എണ്ണത്തില്‍ കൂടുതല്‍ വായിക്കണ്ട ആവശ്യമില്ല ആഴത്തില്‍ വായിച്ചാല്‍ മതിയെന്നുള്ളത് പണ്ടൊ ആരോ പറഞ്ഞിട്ടുണ്ട്ന്ന് തോന്നുന്നു. ഒരു കാര്യം സ്പഷ്ടമാണ് എഴുതി വീണ അക്ഷരങ്ങള്‍ എന്ത് തന്നെയായാലും അത് വീണ്ടും സ്വയം വായിക്കുമ്പോള്‍ എന്തോ ഒരു സഫലീകരിക്കല്‍(fulfillment) ചെയ്തു തീര്‍ത്തതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. അത് കവിതപ്പോലത്തെ എന്തെങ്കിലുമോ അല്ലെങ്കില്‍ കഥയില്ലായ്മയില്‍ ഉടലെടുക്കുന്ന കഥയായാലും അതുമല്ലെങ്കില്‍ ഒരു ഫേസ് ബുക്ക്‌ കുറിപ്പ് ആണെങ്കില്‍ പോലും. പതിനെട്ടാം വയസ്സില്‍ "കഥ" മാതിരി എന്തോ എഴുതി കുങ്കുമം ആഴ്ചപ്പതിപ്പിനു അയച്ചു കൊടുത്തു. പ്രസിദ്ധികരിക്കാത്തവ തിരിച്ചു കിട്ടാന്‍ സ്റ്റാമ്പ്‌ ഒട്ടിച്ച കവര്‍ അയച്ചു കൊടുത്തത് കൊണ്ട് "സാധനം" തിരികെ കിട്ടി...  പറഞ്ഞു വന്നത് എഴുത്ത് എന്ന "കിറുക്ക്" പുതിയതായി വന്നു ചേര്‍ന്ന ഒരസുഖമല്ല എന്ന് പറയാനാണ്.
ഡല്‍ഹി പുസ്തകമേള അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ പോകണ്ട എന്നുള്ള തീരുമാനത്തെ പുറകിലേക്ക് തള്ളി "വെറുതെ" പോയി നോക്കി വരാമെന്നുള്ള ചിന്ത കാലുകളെ മുന്നോട്ടു നയിച്ചു. ഒന്നും വാങ്ങില്ല എന്നുള്ള മുന്‍ധാരണയുള്ളത് കൊണ്ട് വെറുതെ പുസ്തകങ്ങള്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി തിരികെ വെച്ചു. മിക്ക സ്ടാളുകളിലും നൂറു രൂപയ്ക്കു ഇംഗ്ലീഷ് കഥാ-സാഹിത്യ (fiction) യഥേഷ്ടം നല്‍കിയിരുന്നു. ചില പുസ്തകങ്ങളുടെ വലിപ്പം തന്നെ കാണുമ്പോള്‍ "ഹൈക്കു"വിന്റെ ഇക്കാലത്ത് ഇതൊക്കെ എങ്ങിനെ ആളുകള്‍ വായിച്ചു തീര്‍ക്കുന്നുവെന്നുള്ള അതിശയം ഇല്ലാതിരുന്നില്ല. കുറെയേറെ സ്ടാളുകള്‍ കയറി ഇറങ്ങി എല്ലാറ്റിലും ഏകദേശം ഒരേ രീതിയിലുള്ള പുസ്തകങ്ങള്‍ തന്നെയായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. സ്വകാര്യ പുസ്തക വിതരണ കമ്പനികള്‍ എല്ലാം ഉള്ളടക്കത്തെ ക്കാള്‍ "ലാഭം" എന്നുള്ള പ്രധാന തത്വത്തെ ആശ്രയിചിരിക്കുമെന്നുള്ള "പഴഞ്ചന്‍" തത്വശാസത്രം അബോധ മനസ്സില്‍ എവിടെയോ ഒളിഞ്ഞു കിടന്നിരുന്നത് കൊണ്ട് എന്തോ കാലുകള്‍ വേഗം വേഗം മുന്നോട്ടു നീങ്ങി പോയി. അവസാനം കേന്ദ്ര സാഹിത്യ അക്കാദമിയുടെയും നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ന്റെയും സ്ടാലുകളില്‍ ചെന്ന് കയറി. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോകുമ്പോള്‍ എന്തോ എന്നറിയില്ല ഇവിടെ ലാഭമല്ല വേറെയും ചില മാനദന്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുള്ള ഒരു ജാനാധിപത്യ ബോധം എപ്പോഴും ഉള്ളില്‍ തെളിഞ്ഞു വരുന്നു. ഇത് ചില പ്രത്യക വ്യവസ്ഥിയുടെ ആശയ സംഹിതകളോട് നമ്മുക്കുള്ള അടുപ്പത്തെയായിരിക്കാം കാണിക്കുന്നത്.
നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ തങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നുള്ളത് അവരുടെ സ്ടാളും, പുസ്തകങ്ങളും, മറ്റു സംവിധാങ്ങളും വിലയിരുത്തിയപ്പോള്‍ മനസ്സിലായി. ചരിത്രവും, സാഹിത്യവും, തത്വ ചിന്തയും മറ്റു പലവകകളും നോക്കി തിരികെ വെച്ചപ്പോള്‍ അവസാനം ഒരു പുസ്തകം കണ്ണില്‍ പെട്ടു. "Man against Myth" എന്തോ ഇതില്‍ കനപ്പെട്ട ഏതെങ്കിലും കാണുമെന്നുള്ള വിശ്വാസത്തില്‍ അകം പുറം നോക്കി. 1947 ല്‍ അമേരിക്കന്‍ ഫിലോസോഫര്‍ ബാരോസ് ഡാന്ഹാം എഴുതിയതാണ്. മനുഷ്യ പ്രക്രിത്യെയും, വര്‍ണ്ണ വിവേചത്തിനെയും, ദാരിദ്ര്യത്തെയും, സ്വാര്‍ത്ഥതയെയും ഒക്കെ കുറിച്ച് ആണ് പ്രതിപാദനം. പിന്നെ അധിക നേരം അവിടെ നിന്നില്ല അവനെയും എടുത്തു ബില്‍ കൌന്റെരിലേക്ക് നീങ്ങി. ദുര്‍ബല നിമിഷങ്ങളില്‍ ഇനിയും വാങ്ങി പോകുമോ എന്നുള്ള ചിന്തയില്‍ അടുത്തു തന്നെയുള്ള സാഹിത്യ അക്കാദമി ഹാളിലേക്ക് പ്രവേശിച്ചു.
പുസ്തകങ്ങളില്‍ കാര്യമായ പുതുമയൊന്നും ഇവിടെ കാണാന്‍ കഴിഞ്ഞില്ല. പ്രാദേശിക ഭാഷകള്‍ നാമ മാത്രമായി പ്രദര്‍ശിപ്പിച്ചിരുന്നു. അവസാനം "പര്യടനം" നിര്‍ത്തി മടങ്ങി പോരാന്‍ നില്‍ക്കുമ്പോഴാണ് ഞാനത് ശ്രദ്ടിച്ചത്. അക്കാദമി രണ്ടു മാസത്തിലൊരിക്കല്‍ Indian Literature എന്ന പേരില്‍ ഒരു പുസ്തകമിറക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ രചനകളെയും, കൃതികളെയും,കര്താക്കളെയും വിശാല തലത്തില്‍ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയുള്ളതാണ് ഈ സംരംഭം. പ്രാദേശിക ഭാഷയില്‍ നിന്നുള്ള രചനകളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഇതിന്റെ ഉള്ളടക്കം. ഒറ്റപ്രതി അമ്പതു രൂപയാണ് വില . ഒരുള്‍വിളിയെന്നോണം മൂന്ന് കൊല്ലത്തെക്കുള്ള വരിസംഖ്യയടച്ചു പുറത്തു കടന്നപ്പോള്‍ പുസ്തകങ്ങള്‍ വാങ്ങില്ല എന്നുള്ള തീരുമാനത്തില്‍ താന്‍ പരാജയപ്പെടുകയാനെന്നുള്ള തിരിച്ചറിവിലും ഉള്ളിന്റെ ഉള്ളില്‍ ഏതോ നിര്‍വൃതിയില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നു.

No comments: