പേഴ്സ്
പേഴ്സിന്റെ "കനം" ഒരുവനെ വിലയിരുത്തുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പിന്‍ പോക്കറ്റില്‍ നിന്ന് ഗൌരവപ്പൂര്‍വ്വം വലിച്ചെടുത്തു ഉള്ളിലെ അറകളില്‍ നിന്ന് കറന്‍സി നോട്ടുകള്‍ എണ്ണിയെടുക്കുന്ന ഒരാളുടെയെങ്കിലും ചിത്രം നമ്മുടെ മനസ്സില്‍ ഇപ്പോഴും ഒളി മങ്ങാതെ നില നില്‍ക്കുന്നുണ്ടായിരിക്കും. ഒരു കാലഘട്ടത്തില്‍ സമ്പന്നതയുടെ അടയാളമായിരുന്നു പേഴ്സ് എന്ന ആ ഒരു തുകല്‍ കഷ്ണം. പച്ച കറന്‍സി നോട്ടുകള്‍ സ്ഥാനം പിടിച്ചിരുന്ന പേഴ്സുകള്‍ ഇന്ന് പ്ലാസ്റ്റിക് കാര്‍ഡുകളുടെ കൂടാരമായി മാറിയിരിക്കുന്നു. കറന്‍സി നോട്ടുകളില്‍ നിന്ന് പ്ലാസ്റ്റിക് മണിയിലേക്കുള്ള നിര്‍ഗമനം നാമറിയാതെ തന്നെ സംഭവിക്കുകയായിരുന്നു. ഇനി വരാന്‍ പോകുന്ന പ്ലാസ്റ്റിക് കറന്‍സികളും നിലവിലുള്ള പ്ലാസ്റ്റിക് കാര്‍ഡുകളുമെല്ലാം ചേര്‍ത്തു നമ്മുടെ ജീവിതം വെറും ജീവനില്ലാത്തെ "പ്ലാസ്റ്റിക്" ആയി മാറാതിരിക്കട്ടെ.
പേഴ്സിന്റെ ചരിത്രം പഴയതാണെങ്കിലും പതിനേഴാം നൂറ്റാണ്ടില്‍ ഉടലെടുത്ത പേപ്പര്‍ കറന്‍സിയുടെ ആവിര്‍ഭാവത്തോടെ പേഴ്സിന്റെ ഉപയോഗം കൂടി വന്നു എന്നുള്ളതാണ് വസ്തുത. കാല പ്രവാഹത്തില്‍ പേഴ്സിന്റെ ഉള്ളറകളുടെ രൂപ കല്പനയില്‍ മാറ്റങ്ങള്‍ വന്നെങ്കിലും അടിസ്ഥാനപരമായി അതിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ഇപ്പോഴും ഇല്ല എന്നു തന്നെ പറയാം. ഒരു കാലത്ത് പേഴ്സുകള്‍ എന്നാല്‍ തുകല്‍ പേഴ്സുകള്‍ മാത്രമാണെന്നുള്ള സങ്കല്‍പ്പത്തില്‍ നിന്ന് പ്ലാസ്ടിക്ക്കിന്റെ വരവോടുകൂടി വ്യതി ചലനമുണ്ടായി. ഒരു പക്ഷെ ജീവിതത്തിന്റെ താഴെക്കിടയിലുള്ളവര്‍പ്പോലും പേഴ്സിന്റെ ഉപയോഗം തുടങ്ങുന്നത് ഈ പറഞ്ഞ പ്ലാസ്ടിക്കിന്റെ നിറ സാന്നിധ്യം മൂലമാണ്. ഒന്ന് കൂടി ഊന്നി പറഞ്ഞാല്‍ പെഴ്സുകളെ കൂടുതല്‍ ജനകീയ വല്ക്കരിക്കുന്നതിനു മുകളില്‍ പറഞ്ഞ പ്ലാസ്റ്റിക് സംവിധാനം സഹായക്മാക്കി എന്നുള്ളതാണ് . കാലചക്രം തിരിയുമ്പോള്‍ ലെതര്‍ പേഴ്സുകളുടെ രൂപ ഭംഗിയോട് കിടപിടിക്കുന്ന തരത്തില്‍ പോളി യുറിത്തീന്‍പ്പോലുള്ള വ്യാവസായിക വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച പേഴ്സുകള്‍ വിപണി കീഴടക്കി കഴിഞ്ഞു.എന്നിരുന്നാലും യഥാര്‍ത്ത തുകല്‍ പെഴ്സുകള്‍ ഇപ്പോഴും സമൂഹത്തില്‍ ഉയര്‍ന്ന മതിപ്പുള്ളവയായി തന്നെ നില നില്‍ക്കുന്നു.
ശരിക്കും പറഞ്ഞാല്‍ ജീവിതത്തിലെ ആദ്യത്തെ പേഴ്സിന്റെ സമ്പാദനം എപ്പോഴാണെന്ന് ഓര്മ്മയില്ല, എന്നിരുന്നാലും ഏകദേശ ധാരണയില്‍ അത് കോളേജു കാലഘട്ടത്തില്‍ ചേട്ടന്‍ തന്ന ഒരു പഴയ പേഴ്സിലൂടെ തന്നെ ആയിരുന്നുവെന്നാണ് വിശ്വാസം. ജോലിയില്‍ പ്രവേശിച്ചപ്പോഴും ഇടയ്ക്കിടയ്ക്ക് പേഴ്സുകള്‍ മാറ്റുന്ന സ്വഭാവം എനിക്കുണ്ടായിരുന്നില്ല. ഒരു പേഴ്സിന്റെ "അവസാന പൊടി പോലുമില്ല കണ്ടു പിടിക്കാന്‍" എന്നുള്ള അവസ്ഥവരെ അത് ഉപയോഗിക്കുന്ന സ്വഭാവമായിരുന്നു. പേഴ്സ് ഏതായാലും ഉള്ളില്‍ പണം നിറഞ്ഞാല്‍ പോരെ എന്നുള്ള ചിന്തയായിരുന്നെങ്കിലും ഒരിക്കലും അതില്‍ പണം "നിറഞ്ഞിരുന്നില്ല" എന്നുള്ളത് നിലവിലെ സാമൂഹ്യ വ്യ്വസ്തിയില്‍ നിലകൊള്ളുന്ന സാമ്പത്തിക അസമത്വത്തിന്റെ പ്രതീകവല്‍ക്കരണമായി കണക്കാക്കാം...
പറഞ്ഞു വന്നത് വ്യക്തി ജീവിതത്തിലെ പേഴ്സിന്റെ ഉപയോഗത്തെപ്പറ്റിയാണ്. സ്വന്തമായി പേഴ്സുകള്‍ വാങ്ങുന്ന ഒരു സ്വഭാവം എന്ത് കൊണ്ടോ എന്നെ കാര്യമായി സ്വാധീനിച്ചില്ല. കഴിഞ്ഞ രണ്ടര ദശകത്തിനുള്ളില്‍ സ്വന്തമായി പേഴ്സ് വാങ്ങിയ മുഹൂര്‍ത്തങ്ങള്‍ ഏറിയാല്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ അത്ര മാത്രം. പേഴ്സുകള്‍ എപ്പോഴും കയ്യില്‍ വന്നുപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു ദശകത്തില്‍ ഞാന്‍ സമ്പാദിച്ച പെഴ്സുകളെപറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്റെ പേഴ്സിന്റെ "ദയനീയ" അവസ്ഥ കണ്ടു ജേഷ്ടന്‍ ഉപയോഗിക്കാതെ വെച്ചിരുന്ന പേഴ്സ് എടുത്തു തന്നതാണ്. തവിട്ടു നിറത്തിലുള്ള അവനെ ഞാന്‍ എത്ര കൊല്ലം ഉപയോഗിച്ചു എന്നുള്ളത് കൃത്യമായി പറയാന്‍ കഴിയില്ല. ഒന്നുറപ്പാണ് കഴിഞ്ഞ വര്ഷം മേയ് മാസത്തില്‍ മുംബൈയില്‍ വെച്ച് രാജേഷ് തന്റെ സ്വന്തം കമ്പനിയുടെ പേഴ്സ് സമ്മാനമായി തരുന്നത് വരെ അത് നില നിന്നിരുന്നു. രാജേഷ് ഞാന്‍ ഉപയോഗിച്ചിരുന്ന പെഴ്സിന്റെ "സ്ഥിതി വിശേഷം" കണ്ടുവോ എന്നുള്ളത് എനിക്കറിയില്ല.. .
എന്ത് കൊണ്ടോ നിറം മങ്ങിയ പേഴ്സുകള്‍ പോലും സ്ഥിരമായി മാറ്റി പ്രതിഷ്ഠിക്കാന്‍ എനിക്ക് തോന്നുമായിരുന്നില്ല. ചില പേഴ്സുകള്‍ ഭാഗ്യ നക്ഷത്രത്തിന്റെ അടയാളമാണ് എന്നുള്ള വിശ്വാസമാണോ എന്നുള്ളതും അറിയില്ല. ഒരു പക്ഷെ നമ്മളെ ഏറ്റവും കൂടുതല്‍ തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്ന "സാധനത്തെ" ഒരു ദിവസം പടിക്ക് പുറത്താക്കേണ്ട എന്നുള്ള വിശ്വസവും കൂടി അബോധ മനസ്സിനെ സ്വാധീനിച്ചുവോ എന്നുള്ളതും അറിയില്ല. പേഴ്സ്കള്‍ക്കൊപ്പം നമ്മോടു കൂടെ ഒട്ടി ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു സാധനമായ റിസ്റ്റ് വാച്ചു പൂര്‍ണ്ണമായും പടിയിറങ്ങിയില്ലയെങ്കിലും ഇന്നിപ്പോള്‍ നമ്മേ തൊട്ടുരുമ്മി നില്‍ക്കാന്‍ പേഴ്സുകള്‍ക്കും വാച്ചുകള്‍ക്കുമപ്പുറം മൊബൈല്‍ ഫോണുകളും വന്നെത്തി എന്നുള്ളതാണ് വസ്തുത.
ഇന്നു ഞാനീ ഈ കുറിപ്പ് എഴുതുമ്പോള്‍ അനിത ഈയിടെ ചെന്നൈയില്‍ നിന്ന് സമ്മാനിച്ച പേഴ്സ് എന്നെ നോക്കി മന്ദഹസിക്കുന്നു. വീണ്ടുമൊരു പേഴ്സ് എന്റെ ജീവിതത്തില്‍ വിരുന്നു വന്നിരിക്കുന്ന്നു. അടുത്ത പേഴ്സിന്റെ ആഗമനം വരെ താങ്കളുടെ മുഴുവന്‍ സമ്പത്തിന്റെയും കാവല്ക്കരാനായി ഞാന്‍ നില നില്‍ക്കുമെന്നുള്ള വിശ്വാസം ജനിപ്പിക്കലിലൂടെ ഞാനും ഈ പേഴ്സും ഒന്നു ചേരുന്നു.
*************************************************************************************
അടികുറിപ്പ് : പേഴ്സുകള്‍ സമ്മാനമായി തന്ന ഏവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും ഇനിയും തരാന്‍ സന്മനസ്സുള്ളവര്‍ക്ക് മുന്‍കൂര്‍ നന്ദിയും രേഖപ്പെടുത്തുന്നു....

No comments:
Post a Comment