വിശപ്പിന്റെ രണ്ടു മുഖങ്ങള്‍
ഒഴിവു ദിനത്തിന്റെ അലസതയില്‍ ദിനപത്രത്തിന്റെ വരാന്തപതിപ്പില്‍ മുഖം നട്ടിരുന്ന ഞാന്‍ ഗേറ്റിനു പുറത്തു കേട്ട ശബ്ദത്താലാണ് അപ്പോള്‍ തല വെട്ടിച്ചു നോക്കിയത്. ഒരു വേള ഞാനാരുടെയും തല ഗയ്റ്റിനു മുകളിലായി കണ്ടില്ല. ശ്രദ്ദിച്ചു താഴെ വിടവുള്ള അഴികളിലൂടെ നോക്കിയപ്പോഴാണ് മനസ്സിലായത് ഒരു പെണ്‍കുട്ടിയുടെ വേഷ വിധാനത്തില്‍ ആരോ ഗേറ്റിനു പുറത്തു നില്‍ക്കുന്ന്ടെന്നുള്ളത്. വായിച്ചു കൊണ്ടിരുന്ന കഥയുടെ തുടര്‍ച്ച നഷ്ടപ്പെട്ട അലോസരത്തില്‍ മനസ്സിലാ മനസ്സോടെ ഞാന്‍ ഗേറ്റ് തുറന്നു നോക്കി. ഏകദേശം പത്തോ പതിനെന്നോ വയസ്സുള്ള രണ്ടു പെണ്‍കുട്ടികളവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങള്‍ അത്രകണ്ട് മുഷിഞ്ഞതല്ലായിരുന്നെങ്കിലും അവരുടെ മുഖ പ്രകൃതിയും വേഷത്തിന്റെ ശൈലിയും ഒത്തു ചേര്‍ന്നു പോയിരുന്നില്ല. മങ്ങിയ നിറമുള്ള വസ്ത്രങ്ങളുടെ ശൈലി കണ്ടപ്പോള്‍ ഞാനൂഹിച്ചു അതവര്‍ക്ക് ആരോ നല്കിയതായിരിക്കുമെന്നുള്ളത്.
എന്റെ ചോദ്യ ഭാവത്തിലുള്ള നോട്ടം കണ്ടിട്ടായിരിക്കും അവര്‍ പറഞ്ഞത്...."ഭൂഖ് ലഗീ ഹേ... അങ്കിള്‍ ഖാനാ ദേ ദോ"....
അവരുടെ മുഖത്തിന്റെ ദൈന്യതയും പറച്ചിലിലെ മൃദുത്വവും എന്നെയൊരു നിമിഷം വല്ലാതെയാക്കി. ഞായറിന്റെ മന്ദഗതിയിലുള്ള പ്രവര്‍ത്തന "മികവില്‍" അന്നേരം കഴിക്കാനുള്ള ഒരു ഭക്ഷണവും അടുക്കളയില്‍ തയ്യാറായിരുന്നില്ല. വിശപ്പിന്റെ രുചിയറിഞ്ഞവന്‍ വിശപ്പിന്റെ വിളിയെ തിരിച്ചറിയണമെന്നുള്ള ബോധം തലയിലേന്തി ഞാനവരോടവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. ഗേറ്റ് ചാരി അകത്തേക്ക് പോന്ന ഞാന്‍ എന്താണവര്‍ക്ക് കഴിക്കാന്‍ കൊടുക്കുക എന്നുള്ള ചിന്തയില്‍ മുഴുകി. രാവിലെ തന്നെ ഭക്ഷണമന്വേഷിച്ചിറങ്ങിയ കുട്ടികളെ വെറുതെ പറഞ്ഞയക്കാന്‍ തല്‍ക്കാലമെന്റെ മനസ്സ് അനുവദിച്ചില്ല . പിന്നീട് ബുദ്ധിയുടെ ഗൂഗിള്‍ സെര്‍ച്ചില്‍ ഞാനാദ്യം ചെന്നെത്തിയത് ബിസ്കറ്റുകള്‍ ഇട്ടു വെക്കുന്ന പത്രത്തിലെക്കായിരുന്നു. താല്‍ക്കാലിക ശമനത്തിന് അതുമതിയെന്നുള്ള നിഗമനത്തിലെത്തുമ്പോഴേക്കും ശ്രീമതി നല്ല ബുദ്ധിയുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
ഫ്രിഡ്ജിലിരിക്കുന്ന ബ്രെഡ് അവര്‍ക്ക് എടുത്തു കൊടുക്കുവാന്‍ എനിക്ക് നിര്‍ര്‍ദേശം നല്‍കി അവള്‍ തന്റെ ജോലിയില്‍ വീണ്ടും വ്യാപൃതയായി.ഞാന്‍ പുറത്തു വരാന്‍ വൈകിയതു കൊണ്ടാവാം ഒരു പക്ഷെ ഇവിടെ നിന്ന് ഒന്നും കിട്ടില്ലെന്നുള്ള നിരാശയോടെ അവര്‍ അടുത്ത വീട് തേടി നടക്കാന്‍ തുടങ്ങുകയായിരുന്നു. കയ്യിലിരുന്ന ബ്രെഡ് പാക്കെറ്റ് അവര്‍ക്ക് നല്‍കി ഞാനവരുടെ ഒരു ദിവസത്തെ വിശപ്പിലേക്ക് തന്റെ സംഭാവന നല്‍കുമ്പോള്‍ ചോദിച്ചു
"ആപ് ലോക് കഹാം സെ ആയേ"?...
അടുത്തുള്ള ഒരു ചേരി പ്രദേശത്തിന്റെ പേര് പറഞ്ഞ അവരോടായി ഞാന്‍ വീണ്ടും ചോദിച്ചു
"തും ലോഗ് സ്കൂള്‍ നഹി ജാത്തെ ഹേ ക്യാ"?....
ഇല്ലെന്നു മറുപടി പറഞ്ഞ അവര്‍ക്ക് നേരെ അടുത്ത ചോദ്യമെറിഞ്ഞു ഞാന്‍..........
"ക്യോം നഹി ജാത്തെ ഹേ"....
അമ്മയുടെ കൂടെ വീടുകളില്‍ പണിക്കു പോകുന്ന അവര്‍ക്ക് സ്കൂളില്‍ എങ്ങിനെ പോകാന്‍ കഴിയുമെന്നുള്ള ഉത്തരത്തില്‍ എന്നെ തളച്ചിട്ട അവര്‍ ഇനിയുമധികനേരം അവിടെ നിന്ന് എന്റെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലായെന്നുള്ളത് മുഖത്തു വരുത്തി മെല്ലെ തങ്ങളുടെ അടുത്ത ലകഷ്യ സ്ഥാനത്തേക്ക് നടന്നു നീങ്ങി. ഒരിടവേള ഞാനവരുടെ തിരിച്ചു പോക്ക് ശ്രദ്ദിച്ചുകൊണ്ട് നിസ്സഹായവസ്ഥയില്‍ സകലമാന സാമൂഹ്യ വ്യവസ്ഥിതികളേയും മനസ്സില്‍ പഴിച്ചുകൊണ്ട് ഏതൊരു മധ്യവര്‍ഗ്ഗ വീട്ടുകാരനെപ്പോലെയും ഗേറ്റടച്ചു തന്റെ ലാവണത്തിലേക്ക് കയറി പോന്നു.
വിശപ്പിന്റെ വിളികള്‍ പലതരത്തില്‍ വഴിയരികില്‍ കേള്‍ക്കാറുണ്ട്. മിക്കവയും കാശിനു വേണ്ടി മാത്രം വരുന്ന വിളികളായിരിക്കും. ചുരുക്കം പേര്‍ മാത്രമേ ആഹാരത്തിന്റെ വിളികളുമായി വഴികളില്‍ കാണാറുള്ളൂ. ഹൃദയത്തിന്റെ വികാരധമിനികള്‍ ഉത്തെജിക്കുമ്പോള്‍ പലപ്പോഴും ആഹാരത്തിനു വേണ്ടിയുള്ള വിളികള്‍ക്ക് കാതു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. തലേ ദിവസം വഴിയില്‍ വെച്ചു കണ്ട ബലൂണ്‍ വില്‍പ്പനക്കാരനും എന്നോട് പറഞ്ഞത് ഞാനിതുവരെ ഒന്നും കഴിച്ചില്ല എന്നുള്ളത് തന്നെയാണ്. ഒരു ബലൂണ്‍ വാങ്ങി സഹായിക്കൂ എന്നുള്ളതായിരുന്നു അയാളുടെ അന്നേരത്തെ ആവശ്യം. എന്തു കൊണ്ടോ അയാളെയപ്പോള്‍ സഹായിക്കണമെന്ന ബോധം എന്നെ മനസ്സിനെ സ്വാധീനിച്ചില്ല. ഒന്നാമതായി അയാളുടെ ആ ബലൂണ്‍ എനിക്കാ സന്ദര്‍ഭത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ വലുതും രണ്ടാമതായി എന്റെ ബുദ്ധിയുടെ ദ്രുത വിശകലനത്തില്‍ അയാളുടെ ബോധപൂര്‍വ്വമായ ആ വികാരപ്രകടനം തന്റെ കച്ചവടം പരിപോഷിപ്പിക്കുക എന്നുള്ള തന്ത്രം ആവിഷ്ക്കരിക്കുകയുമാണ് ചെയ്യുന്നത് എന്നുള്ള ബോധത്തില്‍ ഞാനയാളെ ഒഴിവാക്കി. എന്റെ ബുദ്ധിയാണോ അയാളുടെ വിശപ്പാണോ ശരിയെന്നുള്ള തീര്‍പ്പ് കാലത്തിനു വിട്ടു കൊടുത്തു കൊണ്ട് ഞാനെന്റെ ചിന്തകളെ എന്റെ വീട്ടിലേക്ക് തന്നെ തിരിചെടുക്കട്ടെ .
രംഗം മധ്യവര്‍ഗ്ഗ കുടുംബത്തിലെ രാത്രിയിലെ അത്താഴ മേശ . മൂന്നു വശവുമായി ഇരിക്കുന്ന ഞാനും ഭാര്യയും മകനും മാത്രമടങ്ങുന്ന കുടുംബം. മേശമേല്‍ വ്യത്യസ്ത പാത്രങ്ങളിലായി സാമ്പാര്‍, ബീന്‍സ് തോരന്‍, പപ്പടം,കൊണ്ടാട്ടം വറുത്തത്. തൈര്, കടുമാങ്ങ മുതലായവ നിരത്തിയിരുന്നു. പന്ത്രണ്ടുകാരനായ മകന്‍ ഓരോരോ പാത്രത്തിലെക്കും മാറി മാറി നോക്കി. പാത്രത്തില്‍ നിന്ന് കണ്ണെടുത്തു വാടിയ മുഖത്തോടെ അമ്മയെ നോക്കുന്നു. എന്നിട്ട് സ്വല്‍പ്പം ഈര്‍ഷ്യ കലര്‍ന്ന സ്വരത്തില്‍ ചോദിക്കുന്നു
മകന്‍ :"എന്നും ഈ ചോറും കൂട്ടാനും തന്നെ"....
ദൈവ വിശ്വാസിയായ അവന്റെ അമ്മ മറുപടി പറയുന്നു: " ഇതൊക്കെ കിട്ടുന്നുണ്ടല്ലോ എന്നോര്‍ത്തു നീ ദൈവത്തോട് നന്ദി പറയടാ"....
മകന്‍ : എനിക്ക് വേണ്ട....എനിക്ക് വിശപ്പില്ല.... എന്ന് പറഞ്ഞു സ്വല്‍പ്പം മുഖം വീര്‍പ്പിച്ചു തന്റെ പ്ലേറ്റ് മാറ്റി വെക്കുന്നു.
അമ്മ : (ദേഷ്യത്തില്‍) ആ നിനക്കായി ഇവിടെ ദിവസവും പാസ്തയും നൂഡില്‍സും ഫ്ര്യ്ട് റൈസും ചില്ലി ചിക്കനും ഒക്കെ ഉണ്ടാക്കാം....
മകന്‍: (സ്വല്‍പ്പം പരിഹാസത്തോടെ ) ഈ ചോറും കൂട്ടാനും ഒക്കെ ആര്‍ക്കു വേണം....
സംഭാഷണങ്ങള്‍ അവസാനിക്കുന്നു. അമ്മയുടെയും മകന്റെയും മുഖത്ത് രൌദ്ര ഭാവം മിന്നി മറയുന്നു. ഞാന്‍ എനിക്ക് കഴിക്കാനുള്ള വീതം പ്ലേറ്റില്‍ വിളമ്പിയതിനുശേഷം ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ ഇന്ത്യയെ മൊത്തത്തില്‍ ഇന്നു തന്നെ നന്നാക്കിയെടുക്കാമെന്ന് വാശി പിടിച്ചു അടി പിടി കൂടുന്ന അര്നാബ് ഗോസ്വാമിയുടെ (TIMES NOW) ന്യൂസ് ഹവറിന് തല വെച്ച് കൊടുത്തു. വാര്‍ത്താ അവതാരകന്റെ ചൂട് കൂടിയപ്പോള്‍ ഞാന്‍ അടുത്തിരിക്കുന്നവരുടെ ചൂടിന്റെ കാഠിന്യം അറിയാന്‍ വേണ്ടി മകന്റെ പ്ലേറ്റിലേക്ക് ഒളിഞ്ഞു നോക്കി. പതിവുപ്പോലെ അര ചട്ടുകം ചോറും അരിപ്പ കൊണ്ട് കഷ്ണങ്ങള്‍ അരിച്ചു മാറ്റിയമാതിരിയുള്ള സാമ്പാറിന്റെ ചില "ശകലങ്ങളുമായി" അവന്‍ ആര്‍ക്കോ വേണ്ടി കഴിച്ചെന്നു വരുത്തികൊണ്ടിരിക്കുന്നു. സ്വാഭാവികമായും സാധാരണ സംഭവിക്കാറുള്ള മാതിരി അമ്മയും മകനും തമ്മില്‍ ഒഴിവു ദിവസത്തില്‍ ഉണ്ടാക്കി കൊടുക്കാമെന്ന "ജങ്ക് ഫുഡ്സ്"ന്‍റെ കരാര്‍ ഒപ്പ് വെച്ചിരിക്കുമെന്നു ഞാന്‍ കരുതി.
രാവിലെ "ഭൂഖ് ലഖീ ഹേ ഖാനാ ദേ ദോ" എന്നു പറഞ്ഞു വന്ന പെണ്‍കുട്ടികളെയും മകനെയും മനസ്സിന്റെ നടുമുറ്റത്ത് പ്രതിഷ്ഠിച്ചു ഞാന്‍ കഴിച്ചു കഴിഞ്ഞ പ്ലേറ്റെടുത്തു അടുക്കളയിലേക്കു നടന്നു.
**************************************************************************************
അടികുറിപ്പ് :-
അടികുറിപ്പ് :-
"എന്ത്" കഴിച്ചു വയറു നിറക്കണമെന്നുള്ള എന്റെ തലമുറയില്‍ നിന്ന് "എന്ത്" കഴിച്ചു വയറു നിറക്കാമെന്നുള്ള പുതിയ തലമുറയിലേക്കുള്ള പരിവര്‍ത്തനം സാമൂഹ്യ ക്രമങ്ങളില്‍ ഉണ്ടായ ഉപരിപ്ലവമായ മാറ്റങ്ങള്‍ തന്നെയാണെങ്കിലും, ഇപ്പോഴും "എന്തെങ്കിലും കഴിച്ചു വയറു നിറപ്പിക്കണം" എന്നുള്ള ഒരു ജന വിഭാഗം പുറത്തു ജീവിക്കുന്നെട്ന്നുള്ള ബോധം പുതിയ തലമുറയില്‍ നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്നുള്ള ഖേദത്തില്‍ എഴുതിയ കുറിപ്പാണ്. നഗരങ്ങളിലും പട്ടണങ്ങളിലും വളരുന്ന കുട്ടികള്‍ ഉപഭോഗ സംസ്കാരങ്ങളില്‍ മയങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ വേദനയും കണ്ണീരും പലപ്പോഴും തിരിച്ചറിയാതെ പോകുന്ന അവസ്ഥ സംജാതമാവുന്നുണ്ട്.

No comments:
Post a Comment