Monday, November 10, 2014
















ജീവിത പ്രതിസന്ധികള്‍
***********************
"ആകെ പ്രശ്നമാണ്"....
"ഉം...എന്ത് പറ്റി?
"ഏയ്‌...അതൊന്നും ശരിയാവില്ല".....
പറയൂ എന്താണ് യഥാര്‍ത്ഥ പ്രശ്നം? പരിഹാരമുണ്ടോ എന്ന് നോക്കി നോക്കാം"....
"അങ്ങിനെയല്ല പ്രശ്നം ഗൌരവ്വം തന്നെയാണ്...എനിക്കത് വളരെ സങ്കീര്‍ണ്ണത നിറഞ്ഞതുമാണ്‌... വേണ്ട, അത് വിട്ടു കളയാം.... കുറച്ചു കൂടി അങ്ങിനെ തന്നെ പോട്ടെയത്".
"എന്താണ് നിങ്ങളീ പറയുന്നത്....എല്ലാവര്ക്കും പ്രായോഗിക ബുദ്ധി പറഞ്ഞു കൊടുക്കുന്ന നിങ്ങളാണോ ഈ പറയുന്നത്. ഒരു പ്രശ്നത്തെയും നിസ്സാരവല്‍ക്കരിക്കരുത്....കഴിയുന്നതും വേഗം തീരുമാനത്തില്‍ എത്തുകയാണ് വേണ്ടത്, ശരി തെറ്റുകളെ കുറിച്ച് പേടിക്കേണ്ട കാര്യമില്ല... തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവത്തിനാണ് അംഗീകാരം ബാക്കിയെല്ലാം വീക്ഷണ കോണുകളാണ്".
"അത് ശരിയാവില്ല....തീരുമാനത്തിന്റെ അനന്തരഫലങ്ങള്‍ ചിലപ്പോള്‍ കാഠിന്യമേറിയതായിരിക്കും....പേമാരിയും, ഭൂമികുലുക്കവും സംഭവിച്ചെന്നു വരാം, ഒരുപക്ഷെ വന്‍വൃക്ഷങ്ങള്‍ കടപുഴങ്ങി വീഴും, വഴികള്‍ വിണ്ടു കീറി എന്നന്നേക്കുമായി അടഞ്ഞെന്നും വരാം...തേജസ്സില്ലാത്ത രാവുകളുടെ തുടക്കത്തിനും അത് കാരണമായെക്കും അത് കൊണ്ട് വേണ്ട എന്നുള്ളതാണ് പ്രായോഗിക ബുദ്ധി"
"നിങ്ങള്‍ ആലങ്കാരികത നിറക്കാതെ ആദ്യം പ്രശ്നമെന്താണെന്ന് പറയൂ...തീരുമാനം നമ്മുക്ക്പിന്നീട് ആലോചിക്കാം"
"എനിക്കൊരാളെ കൊല്ലണം!!!!!!!
"എന്ത്!!!..ഒരുറുമ്പിനെ പോലും കൊല്ലാന്‍ തയ്യാറാകാത്ത നിങ്ങള്‍ക്ക് ഒരാളെ കൊല്ലണമെന്നോ?...നിങ്ങള്‍ അഹിംസ വാദിയല്ലേ എന്നിട്ടും ഇങ്ങിനെയൊരു ചിന്ത എങ്ങിനെ നിങ്ങളുടെയുള്ളില്‍ നാമ്പിട്ടു?....വെറുതെ ഭ്രാന്തു പറയരുത്, ഞാനിത് വിശ്വസിക്കില്ല".
"സത്യമാണ് പറഞ്ഞത്..... കുറെ ദിവസമായി എന്നെ മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് അതല്ലാതെ പോംവഴിയില്ല.... ഉന്മൂലനം എന്നുള്ളത് ഫാസിസ്റ്റ് നടപടി ക്രമമാണെങ്കിലം എന്റെ മുന്‍പില്‍ ഇപ്പോള്‍ അത് മാത്രമാണ് ഏക പോംവഴി. മറ്റു വഴികളെല്ലാം ഞാന്‍ പരിശ്രമിച്ചു നോക്കി പരാജയപ്പെട്ടു. എന്റെ വഴികളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ നിത്യേനയെന്നോണം ഞാന്‍ കെഞ്ചി. എന്റെ വിശ്വാസങ്ങള്‍ക്ക് ഒരു തടസ്സമായി നീ നില്‍ക്കല്ലേ എന്ന് ഞാന്‍ കേണപേക്ഷിച്ചു. പക്ഷെ എന്റെ അഭ്യര്‍ത്ഥനകളെ നിഷകരുണം തള്ളികളയുന്ന ഈ സ്വഭാവത്തെ ഇനി അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ല. അനന്തരഫലങ്ങള്‍ എന്ത് തന്നെയായാലും എനിക്ക് പ്രശ്നമില്ല. നീറുന്ന മനസ്സിനേക്കാള്‍ നല്ലതാണ് പ്രശ്നരഹിതമായ മാനസികാവസ്ഥ....ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു".
"നിങ്ങള്‍ തീരുമാനിച്ചുറച്ച സ്ഥിതിക്ക് നിങ്ങളുടെ തീരുമാനത്തെ മാറ്റുവാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല,..പറയൂ... നിങ്ങള്ക്ക് ഇത്രയധികം പ്രശ്നങ്ങള്‍ വരുത്തി വെക്കുന്ന ആള്‍ സ്ത്രീയാണോ അതോ പുരുഷനോ? വധിക്കപ്പെടെണ്ടാവന്റെ ലിംഗം നോക്കുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും പറയൂ ആരാണ് അവന്‍/അവള്‍?
അയാള്‍ ഒരു നിമിഷം നിശബ്ദത പാലിച്ചു....അതെനിക്കറിയില്ല!!!!
"നിങ്ങള്ക്ക് ശരിക്കും ഭ്രാന്താണ് അവന്‍ അലറി....നിങ്ങള്‍ ഒരു മനശാസ്ത്ന്ജ്ഞന്‍റെ സഹായം തേടൂ.... നിങ്ങള്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. ഒരു തരം മോഹാലസ്യ അവസ്ഥയില്‍ പുലമ്പുന്നത് പോലെ. ഞാന്‍ നിങ്ങളെ ഒരു ഡോക്ടറെ കാണാന്‍ സഹായിക്കാം. എന്റെ ഒരു സുഹൃത്ത് ഒരു മനശാസ്ത്ര ഡോക്ടറാണ്".
"ഏയ്‌..അതൊന്നും വേണ്ട... .എനിക്ക് അസുഖമൊന്നുമില്ല, ഞാന്‍ പറഞ്ഞത് സ്വബോധത്തോട് കൂടി തന്നെയാണ് അതിന്റെ ലിംഗ മേതാണെന്ന് എനിക്കറിയില്ല...പ്രശ്നക്കാര്‍ രണ്ടു വിഭാഗത്തിലും ഉണ്ട്".
"അതിന്റെ?? എന്താണ് നിങ്ങളീ പറഞ്ഞു വരുന്നത്?? ആണും പെണ്ണു മല്ലെങ്കില്‍ മൂന്നാം ലിംഗക്കാരന്‍ ആണോ നിങ്ങളുടെ പ്രശ്നം? എനിക്കരിയാഞ്ഞിട്ടു ചോദിക്കുകയാ നിങ്ങള്‍ക്ക് അവരോക്കെയായി എന്താണ് ബന്ധം??
"അവരോന്നുമല്ല സുഹൃത്തെ...എന്റെ ശത്രു വളരെ ചെറിയവനായത് കൊണ്ട് ആണ്‍ പെണ് വേര്‍ തിരിവിനെ കുറിച്ചറിയില്ല...സൂക്ഷ്മദര്‍ശനത്തിനു സാധ്യതകളുമില്ല".
"നിങ്ങള്‍ മനുഷ്യരെ വളരെ തരാം താഴ്ത്തി 'അതെന്നു' പറയുന്നു. നിങ്ങളില്‍ നിന്ന് കുറച്ചു കൂടി സംസ്കാരമുള്ള ഭാഷ ഞാന്‍ പ്രതീക്ഷിച്ചു".
"ആര് പറഞ്ഞു മനുഷ്യനാണെന്ന് എന്റെ വീടിനുള്ളില്‍ ശല്യം ചെയ്യുന്ന ഒരു ചെറിയ എലിക്കുഞ്ഞിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഭാര്യയും കുട്ടികളും പേടിച്ചോടി ഉറക്കെ എന്നെവിളിക്കും, അതിന്റെ കഥ കഴിക്കാന്‍. പലപ്പോഴും ഞാന്‍ നേരിട്ട് മുട്ടിയിട്ടും അതിനെ ഞാന്‍ വെറുതെ വിട്ടു. സൃഷ്ടിക്കാന്‍ കഴിയാത്ത നിനക്ക് മൃതുവിനും അവകാശമില്ലെന്നു എന്റെ തലച്ചോറില്‍ എപ്പോഴും ആരോ ഓതി കൊണ്ടിരിന്നു. അഹിംസയുടെ പാഠങ്ങള്‍ ബുദ്ധനില്‍ നിന്നും ഗാന്ധിയില്‍ നിന്നും കേട്ടു കേട്ടു എന്റെ തലച്ചോര്‍ വര്‍ത്തമാനകാലത്തിന്റെ പ്രയോഗികതകളെ നേരിടാന്‍ വേണ്ട ഉന്മൂലന സിദ്ധാത്തിനു പോലും വഴങ്ങാതെയായിരിക്കുന്നു".
"ഡാ.......അവന്‍ അലറി.... ഒരു എലിയെ കൊല്ലുന്നതിനാണോ നീ ഇത്ര കണ്ടു തത്വ ചിന്ത എന്റെ മുന്നില്‍ നിരത്തിയത്!!! നിനക്ക് ഭ്രാന്തല്ല മുഴു ഭ്രാന്താണ്...വേഗം ചികിത്സിച്ചാല്‍ പെട്ടെന്ന് സുഖം പ്രാപിക്കാം."
"നോക്കൂ...എലി മാത്രമല്ല, പല്ലിയും, കൂറയും, പാറ്റയുംമെല്ലാം എനിക്ക് പ്രശ്നം തന്നെയാണ്...ബോധ പൂര്‍വ്വം അവറ്റകളെ ഇല്ലായ്മ ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. പലപ്പോഴും ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്".
"നീ അവറ്റകള്‍ക്ക് വേണ്ടി കൊട്ടാരം തീര്‍ത്ത്‌ അതില്‍ രാജാവായി നീ വാഴുക...നിന്നെ പോലെ മാനസിക അസ്വാസ്ത്യ്മുള്ള ആളുകളോട് സംസാരിക്കുന്ന എന്നെയൊക്കെ പറയണം"
"അതുപോട്ടെ.... നീയെന്തിനാണ്‌ വര്‍ഷവും പേമാരിയും ഭൂമി കുലുക്കവും വിണ്ടു കീറലും ഒക്കെ സംഭവിമേക്കുമെന്നു പൊലിപ്പിച്ചു പറഞ്ഞത്"?
അത് പിന്നെ ചെറുപ്പത്തില്‍ കേട്ടു ശീലിച്ച പുരാണ കഥകളില്‍ എലിയെന്നുള്ളത് ഗണപതിയുടെ വാഹനമാണ്. അതിന്റെ വാഹനത്തെ ഇല്ലാതാക്കിയാല്‍ ഗണപതിക്ക് സഹിക്കുമോ? അദ്ദേഹം തന്റെ അച്ഛനായ ശിവനോട് പരാതി പറയില്ലേ? മുന്ശുണ്ടിക്കാരനായ ഭൈരവന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി തൃക്കണ്ണ് തുറന്നു എല്ലാവരെയും ശപിക്കില്ലേ? സംഹാര മൂര്‍ത്തി താണ്ടവ്മാടിയാല്‍ പിന്നെ ഇഹലോകവും പരലോകവും ബാക്കിയുണ്ടാവില്ല. എല്ലാം നിമിഷങ്ങള്‍ കൊണ്ട് തകര്‍ന്നു തരിപ്പണമാവും. സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവന്മാരായ ബ്രഹ്മാവും വിഷ്ണുവുംപ്പോലും എപ്പോഴും മഹേശ്വരനെ പേടിച്ചാണ് കഴിയുന്നത്‌."
നീ പൂര്‍ണ്ണമായും ഭ്രാന്തനായി തീര്‍ന്നിരിക്കുന്നു...ഇനി ഞാനിവിടെ നിന്നാല്‍ എനിക്കും ശരിക്കും ഭ്രാന്ത് പിടിക്കും....ങൂം...ഞാന്‍ പോകുന്നു.... ടക്ക്, ടക്ക് എന്ന മെതിയടി ശബ്ദത്തില്‍ അവന്‍ മെല്ലെ നടന്നു നീങ്ങി.
പെട്ടെന്ന് എവിടെ നിന്നോ കീ..കീ എന്ന് കരയുന്ന ശബ്ദം കേട്ടു ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെണീറ്റു. ഉറക്ക ചടവില്‍ അടുത്തിരിക്കുന്ന ടോര്ചെടുത്തു തെളിച്ചു അകത്തേക്ക് നോക്കിയപ്പോള്‍ തിളങ്ങുന്ന കണ്ണുകളുമായി നിന്ന് പരുങ്ങുന്ന വരയന്‍ പൂച്ചയുടെ വായില്‍ പിടയുന്ന എലികുഞ്ഞിന്റെ അവസാന ശബ്ദവും നിലച്ചിരുന്നു.

No comments: