Monday, November 10, 2014













ഗംഗാസ്നാനം 
**************
കാലത്തിനുമപ്പുറത്തെക്ക് അയാള്‍ നടന്നു നീങ്ങുകയായിരുന്നു. വിളക്കണഞ്ഞു തീരും മുന്‍പേ മറുകരയെത്താനുള്ള വെമ്പലില്‍ അയാളുടെ പാദങ്ങള്‍ക്കു വേഗതയേറി വന്നു. ഇന്നലകളുടെ കണക്കുകളില്‍ വിശ്വാസം നഷ്ടപ്പെട്ട അയാളുടെ ഇന്നുള്ള ഈയാത്ര നാളെയുടെ ഉത്തരങ്ങള്‍ തേടിയായിരുന്നു. ഏതോ അദൃശ്യ ശക്തി പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം മുന്നിലെക്കുള്ള പ്രയാണത്തില്‍ അയാളുടെ പാദങ്ങള്‍ക്ക് ഉത്തേജനം നല്‍കി. രാത്രിയുടെയും പകലിന്റെയും സ്ഥിതിഭേദ മറിയാതെ അക കാമ്പിലെ ഉറവകളില്‍ നിന്നുതിര്‍ന്നു വീണ തെളിനീര്‍ നല്‍കിയ പ്രസരിപ്പില്‍ ഇനിയുമടങ്ങാത്ത ദാഹവുമായി ദൂരെയെവിടെയോ ഒഴുകി മറയുന്ന നദിയുടെ തീരങ്ങള്‍ താണ്ടിയുള്ള യാത്ര. ജീവന്റെ വെള്ളി വരയില്‍ കറുപ്പിന്റെ ശകലങ്ങള്‍ വന്നു ചേരുന്നതിനു മുന്‍പ് മറുകര താണ്ടണം. ആരോ പകര്‍ന്നു നല്‍കിയ ഇതിഹാസ വചനങ്ങള്‍ മനപ്പാഠമാക്കി നീല വെളിച്ചത്തില്‍ സ്വായത്തമാക്കേണ്ട മൃത സഞ്ജീവനി തേടിയുള്ള അനന്തമായ ഈ യാത്രയുടെ ദൂരമറിയില്ലെങ്കിലും ലകഷ്യത്തിലെത്തിയാല്‍ അകകാമ്പില്‍ വിരിയുന്ന്ന പനിനീര്‍ പൂക്കളുടെ സുഗന്ധം അയാളുടെ പാദങ്ങള്‍ക്ക് വേഗത പകര്‍ന്നു.
ജീവിതത്തിന്റെ നിരര്‍ത്ഥക വീക്ഷണത്തില്‍ നിന്ന് വര്‍ണ്ണ സ്വപ്നങ്ങളുമായി പറന്നുയരാന്‍ സ്വര്‍ണ്ണ ചിറകുകള്‍ നല്‍കിയപ്പോള്‍ ജീവിത പ്രയോഗത്തിന്റെ സമസ്യകളില്‍ അവള്‍ തന്നെ വേടത്തിയായി തീരുമെന്ന് അയാള്‍ പ്രതീക്ഷിച്ചില്ല. ഞാന്‍ തന്ന ചിറകുകള്‍ ഞാന്‍ തന്നെ അറുത്തെടുക്കുന്നുവെന്നു അവള്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ അയാളുടെ ഹൃദയം വേദനയാല്‍ പിടഞ്ഞു. ഇനിയിപ്പോള്‍ പിന്‍ വിളികളില്‍ വിശ്വാസം നഷ്ടപെട്ടു നടന്നു നീങ്ങുമ്പോഴും വിഹായസ്സില്‍ മിന്നുന്ന ആ പൊന്‍ താരകത്തെ നോക്കി ഞാനെന്‍ ദിശയുടെ ഗതി നിര്‍ണ്ണയിക്കും. മനസ്സില്‍ പ്രതിഷ്ടിച്ച ബിംബത്തിന്റെ പ്രതിച്ഛായയില്‍ തിളങ്ങുന്ന ആ താരകമായിരിക്കും ഇനിയെന്റെ വഴികാട്ടി. ദുഃഖ സാഗരത്തില്‍ ഈറനണിഞ്ഞ കണ്ണുകളുമായി അയാള്‍ ശാന്തമായൊഴുകുന്ന ഗംഗയുടെ കരയിലൂടെ അലക്ഷ്യമായി മുന്നോട്ടു നീങ്ങി.
ഹരിദ്വാര്‍ ക്ഷേത്രത്തിലിലെ മണി നാദം രാത്രിയുടെ നിശബ്ദതയില്‍ അലിഞ്ഞില്ലാതെയായി തീര്‍ന്നു.രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് എവിടെ നിന്നോ വന്ന ഒരു സ്ത്രീയുടെ കരച്ചില്‍ അയാളിലൂടെ കടന്നു പോയി. ഓര്‍മ്മകള്‍ സിരകളില്‍ നിര്‍ത്താതെ ഓളം തല്ലിയപ്പോള്‍ സ്മരണകളില്‍ നിന്ന് മുക്തി നേടാനായി അയാള്‍ ഗംഗയുടെ ഊഷ്മള കരങ്ങളില്‍ അമര്‍ന്നില്ലതായി.

No comments: