പതിവുപോലെ ഉച്ച ഭക്ഷണത്തിനു ശേഷം വെറുതെ നടക്കാനായി ഓഫീസിന്റെ പിന്‍ വശത്തുള്ള ഡല്‍ഹിയിലെ തിരക്കേറിയ ജനപഥിലെ മാര്‍ക്കറ്റിലേക്ക് നടന്നു. ദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ ദിനം പ്രതി വന്നു പോകുന്ന തിരക്കേറിയ സ്ഥലം. ബോംബെയിലെ ഫേഷന്‍ സ്ട്രീട്ടിന്റെ മറ്റൊരു പതിപ്പാണ് ഈ ജനപഥ മാര്‍ക്കെറ്റ്. ഫാഷനും കാലാവസ്ഥയും മാറുന്നതനുസരിച്ച് നിത്യേനയെന്നോണം ഇവിടെ വസ്ത്രങ്ങളുടെ പ്രദര്‍ശനം മാറി കൊണ്ടിരിക്കും. മാര്‍ക്കറ്റിന്റെ ഒരു മൂലയില്‍ വലിയ വലിയ ഉറ കൂടുകളില്‍ നിറച്ച കടല, കപ്പലണ്ടി, പൊരി, മിക്സ്ചര്‍, പട്ടാണി അത് പോലെ നാനാവിധ ഉപ്പിട്ട വരവ് സാധനങ്ങള്‍ നിരത്തി കൊണ്ട് ഒരു വഴി വാണിഭക്കാരന്‍ ഇരിക്കുന്നു. ഇവിടെങ്ങളില്‍ എങ്ങിനെയാനെങ്കില്‍ ഇവയെല്ലാം കുറേശ്ശെ എടുത്തു ചേര്‍ത്തു ഒപ്പം സബാളയും പച്ചമുളകും മസാല പൊടിയും ചെറുനാരങ്ങ നീരും പിന്നെ എന്തൊക്കെയോ (പുളി മുഖ്യം) ചേര്‍ത്തു തയ്യാറാക്കിയ ചട്നിയും ചേര്‍ത്തു ഇളക്കി അതിന്മേല്‍ കുറച്ചു മല്ലിയില അരിഞ്ഞിട്ടത് ചേര്‍ത്തു ഒരു കടലാസ്സു പ്ലേറ്റിലാക്കി തരും. സ്ഥലവും വൃത്തിയും അനുസരിച്ച് അതിന്റെ വിലയില്‍ വ്യത്യാസമുണ്ട് . ഒരു പ്ലേറ്റിനു ഏകദേശം പതിനഞ്ചില്‍ തുടങ്ങി മുപ്പതു വരെ ചാര്‍ജ്ജു ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ട്. വൃത്തിയുടെ കാര്യം സ്വല്‍പ്പം മാറ്റി വെച്ചാല്‍ "സാധനം" നല്ല രുചിയുള്ളതു തന്നെയാണ്. ഉപ്പും, മുളകും, പുളിയും എല്ലാ "നവരസങ്ങളും" കലര്‍ന്ന രുചിയുണ്ട്തിന് . ഇതിനു ഇവിടങ്ങളില്‍ പൊതുവേ ബേല്‍പ്പുരി എന്നാണ് പറയുക (കേരളത്തില്‍ ഈ "വ്യവസായം" ബിവരെജെസ്സിന്റെ മുന്‍പില്‍ വെക്കുകയാനെകില്‍ ടച്ചിംഗ്സിന്റെ സ്ഥാനം പെട്ടെന്ന് കയ്യടക്കും )
വ്യത്യസ്ത കൂടുകളില്‍ നിറമുള്ള പൊരികള്‍ കാണുമ്പോള്‍ ആര്‍ക്കും നല്ല കൌതുകം തോന്നിപ്പോകും. നിറഞ്ഞ കൂടുകള്‍ക്ക് പിന്നില്‍ ബീഡി വലിച്ചു കൊണ്ടിരിക്കുന്ന ഒരു "വ്യപാരി". അത് വഴി വന്ന യുവാക്കളായ മൂന്നു വിദേശികളില്‍ ഒരാള്‍ തുറന്നു വെച്ചിരിക്കുന്ന ഉറകൂടുകളേയും അയാളെയും ചേര്‍ത്തു ഒരു ഫോട്ടോക്ക് ഫോക്കസിന് വേണ്ടി ശ്രമിച്ചു. പെട്ടെന്നാണ് ബീഡി വലിച്ചു കൊണ്ടിരുന്ന അയാള്‍ അവരെ കണ്ടത് . ഉടന്‍ തന്നെ അയാള്‍ കൈ കൊണ്ട് ആന്ഗ്യം കാണിച്ചു അവരെ ഫോട്ടോ പിടിക്കുന്നതില്‍ നിന്നും തടഞ്ഞു. നിരാശരായ ആ ടൂറിസ്റ്റുകള്‍ പരസ്പരം എന്തോ പറഞ്ഞു ചിരിച്ചു നടന്നു നീങ്ങി. അവര്‍ നടന്നു നീങ്ങിയതിനു ശേഷം അടുത്തു നിന്നിരുന്ന എന്നെ നോക്കി ആ ബേല്പ്പുരിക്കാരന്‍ ചിരിച്ചു. ഞാന്‍ അയാളോടായി ചോദിച്ചു
"നിങ്ങള്‍ എന്താണ് ഫോട്ടോ പിടിക്കാന്‍ സമ്മതിക്കാഞ്ഞത്"?
അയാള്‍ പറഞ്ഞു "അഗ്രെസ് (ടൂറിസ്റ്റ്) നമ്മുടെ ഫോട്ടോ പിടിച്ചു അവരുടെ നാട്ടില്‍ പോയി പറയും ഇതാണ് ഞാന്‍ കണ്ട ഇന്ത്യയെന്നുള്ളത്. നമ്മുടെ നാട്ടില്‍ നമ്മള്‍ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ നമ്മളെന്തിനു നമ്മുടെ രാജ്യത്തെ മറ്റുള്ളവരുടെ മുന്‍പില്‍ കുറച്ചു കാണിക്കണം."
വീണ്ടും സംസാരം നീട്ടാന്‍ ഞാന്‍ തുടങ്ങിയെങ്കിലും അയാള്‍ക്ക് മുന്നില്‍ പുതിയൊരു കസ്റ്റമര്‍ വന്നു നിന്നത് അതിനു തടസ്സമായി. പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ നടന്നു നീങ്ങുമ്പോള്‍ സ്വയം മനസ്സില്‍ പറഞ്ഞു "ദേശത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കടലക്കാരന്റെയും കളക്ടറിന്റെയും മനശാസ്ത്രം ഒരു പോലെ തന്നെ പ്രവര്‍ത്തിക്കുന്നു".
(ചിത്രം അയാളുടെതല്ല )

No comments:
Post a Comment