Friday, May 22, 2015




ഉച്ചയൂണും സ്പെഷലും

കേരള ഹൌസിലെ കൌന്ടെര്‍രില്‍ നിന്നും ഊണിനു കൂപ്പണ്‍ എടുക്കുമ്പോള്‍ കേഷിയര്‍ ചോദിച്ചു "സ്പെഷ്യല്‍" വേണ്ടേയെന്നു....വേണ്ടയന്നു പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി കാരണം മുന്നില്‍ നിന്ന നാല് പേരും "സ്പെഷ്യല്‍കാരായിരുന്നു".
ഡൈനിങ്ങ്‌ ഹാളില്‍ ഉച്ച നേരമായത് കൊണ്ട് നല്ല തിരക്കുണ്ട്. അവസാനം ഒരു മേശയുടെ ഒരറ്റത്ത് ഒരു കസേര കാലിയുന്ടായിരുന്നത് കൊണ്ട് എന്റെ നമ്പര്‍ പെട്ടെന്ന് വന്നു. ആസനസ്ഥനായി തന്റെ പ്ലേറ്റ് വരുന്നതുവരെ അടുത്തിരിക്കുന്നവരെ വെറുതെ വീക്ഷിച്ചു. പിന്നെ അവര്‍ കഴിക്കുന്ന പ്ലേറ്റിലേക്കും നോക്കി. സ്ത്രീകളും കുട്ടികളടക്കം ആബാലവൃദ്ധം ജനങ്ങളും "കടിച്ചു പറിക്കുന്നതില്‍" വ്യാപ്രിതരായിരുന്നു, തിരിഞ്ഞു പിന്നിലെ മേശമേല്‍ നോക്കി അവിടെയും അങ്ങിനെ തന്നെ.... വശങ്ങളിലും മുന്നിലെ മേശമേലും നോക്കി അവിടെയും അങ്ങിനെ തന്നെ. എനിക്ക് സംശയമായി ഞാന്‍ മാത്രമേയുള്ളൂ അമ്പതു അറുപതു പേരിരിക്കുന്ന ഈ ഹാളില്‍ ഏക "സമ്പൂര്‍ണ്ണ സസ്യാഹാരി" !!!! കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ പ്ലേറ്റ് വന്നു. ഞാന്‍ മെല്ലെ "കലാ പരിപാടി" ആരംഭിച്ചു. നിറയെ കുഴികളുള്ള സ്റ്റീല്‍ പ്ലേറ്റില്‍ ഒരു വലിയ കുഴിയില്‍ ഒന്നുമില്ല. എന്തെങ്കിലും മറന്നതായിരിക്കുമോ??... വെറുതെ കൌതുകത്തോടെ മറ്റുള്ളവരുടെ പ്ലേറ്റില്‍ നോക്കി... ഓ...ഞാന്‍ പമ്പര വിഡ്ഢി തന്നെ... അത് "സ്പെഷ്യല്‍" വെക്കാനുള്ള കളമാണ്...സസ്യബുക്കുകള്‍ക്ക് എന്ത് "സ്പെഷ്യല്‍". മലയാളീ ലോകത്ത് സസ്യഭുക്കുകള്‍ എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ "സ്പെഷ്യല്‍".
എന്റെ "കലാപരിപാടി" ഇപ്പോള്‍ പകുതി കഴിഞ്ഞിരുന്നു. അപ്പോഴേക്കും മുന്നിലെ ഒഴിഞ്ഞ സീറ്റില്‍ പുതിയ ആള്‍ വന്നിരുന്നു. പുതിയതായി വന്നു ചേര്‍ന്ന ആള്‍ ഫോണില്‍ ബിസി ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ പ്ലേറ്റും മുന്നില്‍ നിരന്നു. ഞാന്‍ ഇടക്കണ്ണിട്ട് നോക്കി. "ഹാവൂ സമാധാനമായി... അയാളുടെ പ്ലേറ്റിലെ "സ്പെഷ്യല്‍ കോളവും" ഒഴിഞ്ഞു തന്നെ കിടക്കുന്നു. വെറുതെ അയാളെ ഒന്ന് കൂടി ശ്രദ്ടിച്ചു....നെറ്റിയില്‍ ചന്ദനകുറി ഉണ്ട്...ദൈവ വിശ്വാസി ആയിരിക്കാം...അല്ലെങ്കില്‍ ശനിയാഴ്ച "മാംസാഹാര വ്രതമാവാം അതുമല്ലെങ്കില്‍ ഗോമാതാവിന്റെ ഭക്തനാവാം" എന്തായാലും ഞാന്‍ ഒറ്റക്കല്ല ഇക്കൂട്ടത്തില്‍ എന്നുള്ള വിശ്വാസം ആശ്വാസം പകര്‍ന്നു. ഊണ് കഴിഞ്ഞു ഹാളിന്റെ മറുവശത്തുള്ള വാഷ്‌ ബേസിനില്‍ കൈ കഴുകാന്‍ നടക്കുമ്പോള്‍ വെറുതെ "പരീക്ഷണാര്‍ത്തം" എല്ലാ മേശമേലും നോക്കി. എല്ലാവരുടെയും പ്ലേറ്റുകള്‍ "സ്പെഷ്യല്‍" കൊണ്ട് നിറഞ്ഞിരിക്കുന്നു. വെറുതെയല്ല കേഷിയര്‍ സ്പെഷ്യല്‍ വേണ്ട എന്ന് പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് നോക്കിയത്. ഊണ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ വെറുതെ ചിന്തിച്ചു കേരളത്തില്‍ "സസ്യബുക്കുകള്‍ ജനസംഖ്യയില്‍ എത്ര വരും". രണ്ടോ മൂന്നോ അതോ അഞ്ചു ശതമാനമോ അതില്‍ കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയില്ല. വെറുതെ ഒരുവേള ഞാനടുത്തറിയുന്ന ആളുകളെ പറ്റി തന്നെ ഓര്‍ത്ത്‌ നോക്കി എത്ര പേര്‍ കാണും സസ്യഭുക്കുകള്‍....വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതെന്തെങ്കിലുമാകട്ടെ... "സസ്യഭുക്കുകള്‍ വേണ്ടി" എന്തെങ്കിലും രുചിയുള്ള/ ചൊടിയുള്ള ചില "സ്പെഷ്യലുകള്‍ " കേരളത്തിലും ഉണ്ടന്‍ വരേണ്ടിയിരിക്കുന്നു.
വെജ് "സ്പെഷ്യല്‍" കറികളുടെ അഭാവം കേരളത്തില്‍ ചെല്ലുമ്പോഴാണ് കൂടുതല്‍ അനുഭവപ്പെടുക. അവിടെ സസ്യാഹാരികളെ നോക്കുന്നത് തന്നെ ഒരു പുച്ച്ച ഭാവത്തോടെടെയാണ്, പ്രത്യകിച്ചു ഉച്ച സമയങ്ങളില്‍ തിരക്കുള്ള ഹോട്ടലുകളില്‍.
*********************************************************************************************************************************
അടികുറിപ്പ്:- ഭക്ഷണ രീതികള്‍ തിരഞ്ഞെടുക്കുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. അത് ഏതു തരത്തില്‍ വേണമെന്നുള്ളത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം അവരില്‍ മാത്രം നിക്ഷിപ്തമായിരിക്കുന്നു. സസ്യാഹാരം ശരി മാംസാഹാരം തെറ്റെന്നുള്ള ധ്വനിയിലുമല്ല ഈ കുറിപ്പ് എന്നുള്ളതും വ്യക്തമാക്കട്ടെ.

No comments: