പനിയുടെ സന്തോഷം
ഇന്നിപ്പോള്‍ പനി വരുക എന്നുള്ളത് വലിയ കാര്യമൊന്നുമല്ല. ഏകദേശം എല്ലാവരും പനിയെ അകറ്റാന്‍ സ്വയം ചികിത്സ നടത്തിയിട്ട് മാത്രമേ ഡോക്ടറെ കാണാറുള്ളൂ. സാധാരണ പനികള്‍ എല്ലാം തന്നെ ഒന്നോ രണ്ടോ ദിവസത്തെ സ്വയ ചികിത്സയില്‍ തോറ്റ് പിന്‍വാങ്ങും. പിന്‍ വാങ്ങിയില്ലെങ്കില്‍ നമ്മള്‍ അടുത്തുള്ള സ്വകാര്യ ഡോക്ടറെ കാണിക്കും. പണ്ട് കാലത്തെ സ്വയ ചികിത്സ എന്നുള്ളത് ചുക്ക് കാപ്പിയോ കുരുമുളക് കൊണ്ടുള്ള രസമോ/കഷായമോ ഒക്കെ മാത്രമായിരുന്നു. എന്നിട്ടും മാറാത്ത പനിക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെയാണ് സമീപിക്കുക. അതിനു പ്രാധാനമായ കാരണം എഴുപതു/എണ്‍പതുകളില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഇന്നത്തെ മാതിരി പ്രചുര പ്രചാരം നേടിയിട്ടില്ല എന്നുള്ളതും സാധാരനക്കരട്നെ "സാമ്പത്തിക അടിത്തറ" സ്വകാര്യ ഡോക്ടറെ കാണാന്‍ തക്ക ബലമുള്ളതുമായിരുന്നില്ല എന്നുള്ള മറ്റൊരു വസ്തുതയുമാണ്.
അക്കാലത്ത് രണ്ടു ദിവസത്തിനു ശേഷവും വിട്ടു മാറാത്ത വിറച്ചു തുള്ളുന്ന പനിയുമായി അമ്മയുടെ കൂടെ ബസ്ടോപ്പിലേക്ക് നടക്കുമ്പോള്‍ പലപ്പോഴും പിന്നിട്ട രണ്ടു ദിവസങ്ങളില്‍ ഒന്നും കഴിക്കാത്തത് കൊണ്ടുള്ള ക്ഷീണം നല്ല പോലെ പിടിച്ചുലക്കുന്നുണ്ടായിരിക്കും . വഴിയരികില്‍ എന്ത് പറ്റി.... എന്ത് പറ്റി? എന്നു ചോദിക്കുന്ന അയല്‍വാസികളോട് പനിയാണെന്നമ്മ മറുപടി പറയുമ്പോള്‍ അവരുടെ ദയനീയമായ നോട്ടത്തില്‍ നിന്നും ലഭിക്കുന്ന സാന്ത്വന ശീലുകള്‍ക്കുമപ്പുറം മനസ്സ് ഡോക്ടറെ കണ്ടതിനുശേഷം ലഭിക്കാന്‍ പോകുന്ന ആ മധുരമുള്ള 'സാധനത്തിന്റെ' ചിന്തകളില്‍ വ്യാപ്രിതമായിരിക്കും. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയിലിരിക്കുന്ന ക്ലാര്‍ക്കിന്റെ രെജിസ്റ്ററില്‍ പേര് ചേര്‍ത്തു ഡോക്ടറെ കാണാനുള്ള കുറിപ്പ് വാങ്ങുമ്പോഴും മനസ്സ് വേഗത്തില്‍ ഇതൊക്കെയൊന്നു വേഗം കഴിഞ്ഞിരുന്നെങ്കില്‍ എന്നുള്ള ചിന്തയിലായിരിക്കും . ഡോക്ടര്‍ സ്റെതസ്കോപ്പ് വെച്ച് നോക്കിയാല്‍ എല്ലാ രോഗവും കുഴലിലൂടെ അദ്ദേഹത്തിന് മനസ്സിലാവും എന്നുള്ള തോന്നലും ഡോക്ടര്‍മാരുടെ കയ്യക്ഷരം എന്തുകൊണ്ട് ഇത്ര മോശമായിരിക്കുന്നു എന്നുള്ളതിന്റെ ഉത്തരവും കിട്ടാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. (കയ്യക്ഷരത്തിന്റെ "നിഗൂഡത" ഇപ്പോഴും ശരിക്കറിയില്ല ) . കമ്പൌന്ടെര്‍ ആശുപത്രി ഫാര്‍മസിയില്‍ നിരത്തി വെച്ചിരിക്കുന്ന ആ വലിയ വലിയ ആ ഡബ്ബകളില്‍ നിന്ന് ഗുളികളെടുത്തു വ്യത്യസ്ത കടലാസ്സുകളില്‍ പൊതിയുകയും ചുവന്ന നിറത്തിലുള്ള ആ "ദ്രാവകം" വലിയ കുപ്പിയില്‍ നിന്ന് അളന്നു രോഗി കൊണ്ട് പോയ ചെറിയ കുപ്പികളില്‍ നിറച്ചു തരുമ്പോഴും മനസ്സിനുള്ളില്‍ നിറയുന്ന നിറക്കുപ്പികള്‍ അതിനു ശേഷമുള്ള "നല്ല" സമയത്തിന്റെ സമാഗത പ്രതീക്ഷയില്‍ തന്നെയായിരുന്നു. ചുമച്ചും, പനിച്ചു വിളറിയും, ഞരങ്ങിയും, മുറിവുകളുമായി ഇരിക്കുന്ന രോഗികള്‍ നിറഞ്ഞ സര്ക്കാര ആശുപത്രിയുടെ മുഖം ഇന്നത്തെ ആധുനിക രീതിയില്‍ ശീതികരിച്ചതും വിട്രിഫയട് ടയിലെസ് പതിപ്പിച്ചു മിനുക്കിയതുമായ സ്വകാര്യ ആശുപത്രികളുടെ മുഖമായിരുന്നില്ല . ഒരു കാലത്ത് വളരെ അതിശയത്തോടെ തോന്നിയ മറ്റൊരു കാര്യം എല്ലാ ആശുപത്രികള്‍ക്കും ഒരേ തരത്തിലുള്ള മണമാണ് എന്നുള്ളതാണ്. പിന്നീടു കാലചക്രം തിരിഞ്ഞപ്പോള്‍ വന്ന തിരിച്ചരിവില്‍ നിന്നുമാണ് അത് ഫിനോയിലിന്റെയും ഡെറ്റോള്‍ എന്ന വിഷാനുനാശിനിയുടെതുമാണെന്ന ബോധം തെളിയുന്നത്. അത് കൊണ്ട് തന്നെ ഡെറ്റോള്‍ അല്ലെങ്കില്‍ ഫിനോയില്‍ ഗന്ധം ശ്വസിക്കുമ്പോള്‍ അതെപ്പോഴും ഒരു ആശുപത്രിയുടെ ഓര്‍മ്മയെ പുനരവതരിപ്പിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നിലുള്ള ചായക്കടയാണ് 'മധുര' ചിന്തയുടെ പ്രധാന അടിത്തറ. പനിയായത് കൊണ്ട് എണ്ണ പലഹാരങ്ങള്‍ അനുവദനീയമായിരുന്നില്ല. മുന്നില്‍ നിരത്തിയ "വെള്ളച്ചായ"ക്ക് (പാലും വെള്ളം ) ഒപ്പം കടിയായി വരുന്ന ആ മൃദുത്വം നിറഞ്ഞ "ബന്‍" എന്നുള്ള പലഹാരമായിരുന്നു ഓരോ ആശുപത്രി വരവിന്റെയും പിന്നിലുള്ള പ്രതീക്ഷാ നിര്‍ഭരമായ ചേതോ വികാരം. പാലും വെള്ളത്തില്‍ മുക്കിയും അല്ലാതെയും "ആര്‍ത്തിയോടെ" അകത്താക്കുന്ന ആ ബന്‍ തന്നിരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഇന്നിപ്പോള്‍ മാക് ഡോനല്ടിന്റെയോ കെ എഫ് സി യുടെയോ ആധുനിക ബെര്‍ഗെറുകള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല എന്നുള്ളത് ഓരോ ജീവിത ഘട്ടത്തിലുടെയും നമ്മള്‍ കടന്നു പോകുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതികള്‍ അതതു കാലഘട്ടത്തിന്റെ സാമൂഹ്യവും മനശ്ശാസ്ത്ര പശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നുള്ളത് കൊണ്ടായിരിക്കാം. കാലം മാറി, ചായകടകളെല്ലാം ഹോട്ടലുകളായി പരിണമിച്ചു. ഇന്നിപ്പോള്‍ ബന്‍ ലഭിക്കുന്ന ചായ കടകള്‍ തന്നെ ഉണ്ടോയെന്നറിയില്ല. എന്ത് തന്നെ സാമൂഹ്യ മനശാസ്ത്ര വിശകലനങ്ങള്‍ നടത്തിയാലും ക്ഷാമ കാലത്ത് ഓരോ "നേടിയെടുക്കലും" തരുന്ന സന്തോഷങ്ങള്‍ അളവറ്റതായിരുന്നു. ഇന്നിപ്പോള്‍ " prosperity gives the choice but not feed the intense pleasure". ക്ഷാമകാലത്തെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കു പകരം വെക്കാന്‍ ധാരാളിത്തത്തിന്റെ വൈവിധ്യങ്ങള്‍ക്ക് കഴിയുന്നില്ലയെ ന്നുള്ളത് ഒരു പക്ഷെ എന്റെ "മാത്രം" തോന്നലായിരിക്കാം.
****************************** ****************************** **************************
(ഓഫീസിനു മുന്നിലുള്ള മാക്ഡി ഔട്ട്‌ലെറ്റില്‍ നിന്ന് ഒരു കുട്ടി ആര്‍ത്തിയോടെ ബെര്‍ഗര്‍ കഴിക്കുന്നത് കണ്ടപ്പോള്‍ പഴയരോര്‍മ്മ തെളിഞ്ഞു വന്നു.
(ഓഫീസിനു മുന്നിലുള്ള മാക്ഡി ഔട്ട്‌ലെറ്റില്‍ നിന്ന് ഒരു കുട്ടി ആര്‍ത്തിയോടെ ബെര്‍ഗര്‍ കഴിക്കുന്നത് കണ്ടപ്പോള്‍ പഴയരോര്‍മ്മ തെളിഞ്ഞു വന്നു.

No comments:
Post a Comment