Friday, May 22, 2015



വഴിയരികിലെ പെണ്‍കുട്ടി 

അവള്‍ പച്ച ടോപ്പും ജീന്സുമാണ് ധരിച്ചിരുന്നത്. കഴുത്തിലെ ഒരു വശത്ത്‌ നിന്ന് മറുവശത്തേക്ക് തൂക്കിയിട്ടിരുന്ന മനോഹരമായ ഒരു തുകല്‍ ബാഗും അവള്‍ക്ക് മനോഹാരിത കൂട്ടി. ഏതോ ഉപരി മദ്ധ്യ വര്‍ഗ്ഗ കുടുംമ്പത്തിലെ പെണ്‍കുട്ടിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. ഏകദേശം ഇരുപതോ ഇരുപത്തി രണ്ടോ വയസ്സ് പ്രായം തോന്നിക്കുമായിരുന്നു. അവള്‍ സുന്ദരിയായിരുന്നെങ്കിലും അവളുടെ മുഖം പ്രസന്നമായിരുന്നില്ല. അവളുടെ പാദ ചലനങ്ങള്‍ ഭൂമിയിലാണെങ്കിലും മനസ്സ് വേറെയേതോ ലോകത്ത് ചിന്തയുടെ ചിറകുകള്‍ വിടര്‍ത്തി പറന്നു നടക്കുയാണെന്ന് തോന്നിപ്പോകും . ഡല്‍ഹിയിലെ തിരക്കുള്ള മാര്‍ക്കറ്റിന്റെ ഇടനാഴികകളില്‍ നിരത്തി വെച്ച പത്ര പുസ്തക വ്യാപാരിയുടെ മുന്നില്‍ വന്നു നിന്നവള്‍ പുസ്തകങ്ങളില്‍ വെറുതെ കണ്ണുകള്‍ പരതി. എന്തോ ചിന്തിച്ചു അവള്‍ ധൃതിയില്‍ മുന്നോട്ടു തന്നെ നടന്നു പോയി. പത്തടി മുന്നോട്ടു നീങ്ങിപ്പോയ അവള്‍ വീണ്ടും തിരിച്ചു വന്നു പത്ര പുസ്തക വില്‍പ്പനക്കാരന്റെ അരികില്‍ തന്നെ വന്നു നിന്നു വീണ്ടും പുസ്തകങ്ങളെ നോക്കി. ഒരു വേള അവള്‍ തിരിഞ്ഞു പരിസരം നോക്കി എന്നിട്ട് എതിര്‍ വശത്തുള്ള വരാന്തയുടെ ഒഴിഞ്ഞ ഉയര്‍ന്ന ഭാഗത്ത്‌ പതുക്കെ ഇരിപ്പുറപ്പിച്ചു. അവള്‍ ഒരു സിഗരറ്റു പുകച്ചു കൊണ്ടാണ് ഉലാത്തിയിരുന്നത്. അവളുടെ കണ്ണുകള്‍ ഒരല്‍പം ചുവന്നിരുന്നു. മുഖത്തെ പ്രസരിപ്പ് തീര്‍ത്തും നഷ്ടപ്പെട്ടിരുന്നു. നിലത്തിരുന്ന അവള്‍ തന്റെ ബാഗ് തുറന്നു ഹിന്ദുസ്ഥാന്‍ ടൈംസ്‌ എന്ന ഇംഗ്ലീഷ് ദിനപത്രം പുറത്തെടുത്തു. അപ്പോഴും പുകയൂതി കൊണ്ടിരുന്ന അവള്‍ അലക്ഷ്യമായി ഓരോരോ പേജുകള്‍ മറിച്ചു കൊണ്ടേയിരുന്നു. അവള്‍ ഒന്നും ശ്രദ്ധാപൂര്‍വ്വം വായിക്കുന്നുന്ടായിരുന്നില്ല. അവളുടെ മുഖം പതുക്കെ പതുക്കെ വാടി ഒരുറക്ക ചടവ് മാതിരി പ്രത്യക്ഷപ്പെടു ന്നുണ്ടെന്നെനിക്ക് തോന്നി. അവളിപ്പോള്‍ അവസാന പേജും മറിച്ചു ന്യൂസ്‌ പേപ്പര്‍ തന്റെ ബാഗില്‍ തന്നെ തിരിച്ചു വെച്ചു. അവളുടെ സിഗരറ്റിപ്പോള്‍ ഏകദേശം എരിഞ്ഞു കഴിയാറായിരുന്നു. അവള്‍ എണീറ്റ്‌ മുന്നോട്ടു നടക്കാന്‍ തുടങ്ങി. ഒരു വേള എന്തോ ആലോചിച്ചു അവള്‍ പെട്ടെന്ന് നിന്നു പിന്നെ എന്തോ തീരുമാനിച്ചുറച്ച മാതിരി സവാധാനത്തില്‍ മുന്നോട്ടു നടന്നു തുടങ്ങി. അവളുടെ നടത്തത്തിനു ഒരു ലക്ഷ്യമില്ലെന്നെനിക്ക് തോന്നി.
റോഡിന്‍റെ മറുവശത്തു ഫ്രൂട്ട് സാലഡ് കഴിച്ചു കൊണ്ടിരുന്ന എന്റെ മുന്നില്‍ തന്നെയായിരുന്നു അവള്‍ ഇത്തരത്തില്‍ പ്രതികരിച്ചു കൊണ്ടിരുന്നത്. എന്റെ അരികെ നിന്നിരുന്ന വടക്കേ ഇന്ത്യക്കാരനും ഞാനും പരസ്പരം നോക്കി പുഞ്ചിരിച്ചു. അയാള്‍ പതുക്കെ എന്നോട് പറഞ്ഞു..
"അത് "മറ്റേ " സിഗരറ്റാണ് അതുകൊണ്ടാണ് ആ കുട്ടീ ഇത്ര അസ്വസ്ഥയായി കാണുന്നത്."
അപ്പോള്‍ മാത്രമാണ് എന്റെ ചിന്ത വഴി മാറാന്‍ തുടങ്ങിയത്. സാധാരണ പെണ്‍കുട്ടികള്‍ സിഗരറ്റ് വലിച്ചു നടക്കുന്നത് ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ഒരു അപൂര്‍വ്വ കഴ്ചയല്ലാത്തതിനാല്‍ എനിക്കതൊരു പുതിയ അനുഭവമായിരുന്നില്ല. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ ഭാവ ചലനത്തില്‍ ത്തില്‍ കണ്ട ചില വ്യത്യാസങ്ങള്‍ മാത്രമാണ് അവളില്‍ ശ്രദ്ധ ചെലുത്താന്‍ കാരണമായത്‌. വേഗത്തില്‍ ഞാന്‍ കടക്കാരന്റെ പൈസ കൊടുത്തതിനു ശേഷം അവള്‍ പോയ വഴിയേയെ പിന്‍ തുടര്‍ന്നു നടന്നു കാരണം ആ വഴിക്ക് തന്നെയാണ് എനിക്കും പോകേണ്ടിയിരുന്നത്‌. അവള്‍ എന്റെ മുന്നില്‍ പതുക്കെ നടന്നു നീങ്ങി കൊണ്ടിരുന്നു . അവളുടെ കാല്‍പാദങ്ങളുടെ ചലനത്തിന് സ്വല്‍പ്പം ആട്ടമുണ്ടോയെന്നെനിക്ക് തോന്നി . അവളെ കുറിച്ച് മനസ്സില്‍ ഒരു പാട് ചിത്രങ്ങള്‍ മെനയുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒന്നിനും ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തിനായിരിക്കും എന്റെ കൊച്ചനുജത്തീ നീ എരിഞ്ഞടങ്ങി കൊണ്ടിരിക്കുന്നത്. ബോധ പൂര്‍വ്വമോ അല്ലാതെയോ അവളീ വഴികളിലെങ്ങിനെ എത്തിപ്പെട്ടിരിക്കും എന്നതായിരുന്നു എന്റെ ചിന്തയപ്പോള്‍. ചിന്തകളില്‍ നിന്നുണര്‍ന്നു മുന്നോട്ടു നോക്കിയപ്പോള്‍ അവള്‍ സിഗ്നല്‍ മുറിച്ചു അപ്പുറത്തേക്ക് കടക്കുന്നത് കണ്ടു. എനിക്ക് പോകേണ്ട വഴി വ്യത്യസ്തമായിരുന്നത്കൊണ്ട് അവളെങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി ഞാന്‍ വെറുതെ അവിടെ തന്നെ നില്‍പ്പുറപ്പിച്ചു.അവളിപ്പോഴും എന്റെ കാഴ്ചകളുടെ പരിധിയില്‍ തന്നെയായിരുന്നു. അവള്‍ മറുവശത്തെ റോഡരികില്‍ നിന്ന് ഒരു ഓട്ടോക്ക് കൈ കാട്ടി നോക്കി പക്ഷെ അത് നിര്‍ത്താതെ പോയി, രണ്ടാമത് വന്ന ഓട്ടോ അവളുടെ സമീപം നിര്‍ത്തി. അവള്‍ ഡ്രൈവറോട് എന്തോ ചോദിച്ചു പിന്നെയതില്‍ കയറി പോയി. മനസ്സില്‍ ചെറിയ നൊമ്പരമുണര്‍ത്തികൊണ്ട് അവള്‍ ദൂരെയെവിടെക്കോ പോയി മറഞ്ഞു. തിരിച്ചു ഓഫീസിലേക്ക് നടക്കുമ്പോള്‍ നാളത്തെ പ്രഭാതത്തില്‍ ഓട്ടോ ഡ്രൈവര്‍ ഒരു പെണ്‍കുട്ടിയെയും മാനഭംഗപ്പെടുത്തിയ കഥ ഞാന്‍ പത്രത്തില്‍ വായിക്കാന്‍ ഇട വരുത്തരുതേ എന്നതായിരുന്നു എന്റെയപ്പോഴത്തെ പ്രാര്‍ത്ഥന

No comments: