വഴിവക്കിലെ പുണ്യഗീതം.
ഡല്‍ഹിയിലെ ബാരകമ്പാ റോഡില്‍ നിന്ന് കസ്തൂര്‍ഭാ ഗാന്ധി മാര്‍ഗിലെകുള്ള ബൈലൈനില്‍ കൂടി രാവിലെ നടന്നു പോകുമ്പോള്‍ നിങ്ങളുടെ കാതുകളില്‍ രാമായണത്തിലെ ശീലുകള്‍ പുണ്യമായി വന്നു നിറയും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുടക്കമില്ലാതെ വഴിയാത്രക്കാരെ രാമചരിതമാനസത്തിന്റെ ഈരടികള്‍ കേള്‍പ്പിക്കുന്ന ആ സ്ത്രീ ശബ്ദം. വളരെ കുലീനതയുള്ള അവരുടെ മുഖം അയല്‍വക്കത്തുള്ള ഏതൊരു മധ്യവര്‍ഗ്ഗ അമ്മയുടെയും/അമ്മുമ്മയുടെയും മുഖം തന്നെയായിരുന്നു. അത് കൊണ്ടും കൂടിയാണ് അപരിചിതരായ വഴിയാത്രക്കാര്‍പ്പോലും അവരെ കൂടുതല്‍ ശ്രദ്ധയോടെ വീക്ഷിച്ച് നടന്നു നീങ്ങുന്നത്. ആ വഴി കടന്നു പോകുന്ന പതിവ് യാത്രക്കാരില്‍ ചിലരെങ്കിലും അവരുടെ മുന്‍പില്‍ ദിവസവും അവര്‍ക്ക് ഭക്ഷിക്കാനായി പഴങ്ങളും ബിസ്കറ്റും ചുരുക്കം ദിവസങ്ങളില്‍ ചപ്പാത്തിയും നല്‍കി നടന്നു നീങ്ങുന്നത് കാണാം. ജനങ്ങള്‍ മുന്നില്‍ വെക്കുന്ന സാധനങ്ങളിലൊന്നും ശ്രദ്ധ പതിപ്പിക്കാതെ അവര്‍ തന്റെ രാമച്ചരിതമാനസത്തിലെ രാമവാക്യങ്ങളില്‍ മനസ്സര്‍പ്പിച്ചു തന്റേതായ ലോകത്തില്‍ മാത്രം ഒഴുകി നടന്നു.
അന്നൊരു ദിവസം ഉച്ച ഭക്ഷണത്തിനു ശേഷമുള്ള നടത്തം ഞാന്‍ ജനപഥ മാര്‍ക്കെറ്റിലെക്കാക്കി. മാര്‍ക്കറ്റില്‍ തൂക്കിയിട്ടിരുന്ന ഫാഷന്‍ വസ്ത്രങ്ങളുടെ വര്‍ണ്ണ വിസ്മയത്തിലും അവ തിരഞ്ഞെടുക്കാന്‍ എത്തുന്നവരുടെ ചിന്താകുഴപ്പത്തിലും ശ്രദ്ദിച്ചു മെല്ലെ മെല്ലെ നടന്നു നീങ്ങുമ്പോള്‍ പെട്ടെന്നാരു ആര്‍ദ്രമായ സ്ത്രീ ശബ്ദമെന്റെ കാതില്‍ വന്നലച്ചു.
" ബേട്ടാ ഏക് ചായ് കേലിയെ പൈസ ദേ ദോ"....
ഒരു വേള തിരിഞ്ഞു നോക്കിയപ്പോള്‍ ഞാനമ്പരന്നു. മാര്‍ക്കെറ്റിലെ പ്രസിദ്ധമായ ഡീപോള്‍സ് സ്നാക്ക്സ് കടയുടെ മുന്‍ വശത്തെ തറയിലിരുന്നു കയ്യിലെ കടലാസ്സു പ്ലേറ്റില്‍ നിന്നും ചീസ് ബോള്‍ എന്ന പലഹാരം ചെറിയ ചെറിയ കഷങ്ങളായി ചവച്ചിറക്കുന്ന ആ മുഖം ഞാന്‍ സ്ഥിരമായി കാണുന്ന ആ അമ്മ തന്നെയായിരുന്നു. വഴിയോര യാത്രക്കാരുടെ കാതുകള്‍ക്ക് പുണ്യമേകി ശ്രീരാമ കഥകള്‍ ഉറക്കെ ചൊല്ലി കേള്‍പ്പിക്കുന്ന ആ ആത്മീയതയുടെ സ്വരമിതാ ഒരു ചായക്ക് വേണ്ടിയുള്ള പൈസക്കായി കേഴുന്നു. ദൈവമേ... നിന്റെ മാഹാത്മ്യം മാലോകര്‍ക്ക് മുന്നില്‍ വിളിച്ചോതുന്ന അവരെ നീയെന്തിനിങ്ങനെ പരീക്ഷിക്കുന്നു. ജീവിതത്തിന്റെ അസ്തമയ നാളുകളില്‍ തുണയില്ലാതെ അലയുന്ന അവരുടെ വിളിയെന്തെ നീ കേള്‍ക്കാതെ പോകുന്നത്. തിരിഞ്ഞു നിന്ന് അവര്‍ക്ക് പൈസ കൊടുത്തത്തിനുശേഷം കുറെ നാളായി മനസ്സില്‍ തങ്ങി നിന്നിരുന്ന ആ ജിന്ജ്ഞാസക്ക് വിരാമമിടാമെന്നു വിചാരിച്ചു ഞാനവരുടെ അടുത്തു തന്നെയിരുന്നു. പൈസക്ക് നന്ദി പറയുന്ന വാക്കുകളുടെ പിറകെ പറ്റി ഒരല്പ്പ സമയം അവരുടെ ജീവിത വഴിത്താരയിലേക്ക് കാതും നട്ട് ഞാനിരുന്നു.
രാംരതി സിംഗ് ഉത്തര്‍പ്രദേശിലെ റായി ബറേലി നിവാസിയാണ്. സ്കൂളില്‍ ഹിന്ദി ടീച്ചറായിരുന്നു എന്നാല്‍ മരിച്ചു പോയ മദ്യപാനിയായ ഭര്‍ത്താവ് അവരുടെ അധ്യാപക ജോലി നിര്‍ബന്ധപൂര്‍വ്വം ഇല്ലാതാക്കി. അല്ലെങ്കില്‍ അവരിന്നു പെന്‍ഷന്‍ വാങ്ങി സുഖമായി ജീവിക്കുന്ന ഒരു വ്യക്തിയായി മാറുമായിരുന്നു. അഞ്ചു ആണ്‍ മക്കളും ഒരു പെണ് മകളുമുള്ള അവര്‍ ജീവിതത്തില്‍ അനാഥത്വം അനുഭവിക്കുന്നു. അവര്‍ പറഞ്ഞു......
" വിവാഹിതരായ മക്കള്‍ക്ക് അവരുടെ ജീവിതത്തിനു വേണ്ട വക തന്നെ ഉണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പിന്നെങ്ങിനെ എന്നെ കൂടി നോക്കും".
ഗത്യന്തരമില്ലാതെ ഞാന്‍ വീട് വിട്ടിറങ്ങി. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ സംഗം അലഹാബാദില്‍ ജീവിച്ചു. പിന്നീടു ഭഗവാന്‍ രാമന്റെ അയോദ്ധ്യയില്‍ പോയി. അവിടെ നിന്നു അവര്‍ പോയത് ജമ്മുവിലുള്ള മാതാ വൈഷനവ ദേവി ക്ഷേത്ര നടയിലായിരുന്നു. പിന്നീട് ബാബാ അമര്‍ നാഥിലും. അവിടെങ്ങളിലൊന്നും അവര്‍ മനസ്സ് കൊണ്ട് സംതൃപ്തയായില്ല. അവസാനം രക്ഷ തേടി അവര്‍ ഡല്‍ഹിയില്‍ എത്തി. സോണിയ ഗാന്ധി എന്റെ മണ്ഡലത്തില്‍ നിന്നു ജയിച്ചു വന്ന എം പി യാണ്. അവരെ കാണുന്നതിനു വേണ്ടി ഞാന്‍ കുറെ പ്രാവശ്യം ശ്രമിച്ചു. പക്ഷെ കാവല്‍ക്കാര്‍ എന്നെ ഉള്ളിലേക്ക് വിട്ടില്ല. ജീവിതം ഇപ്പോള്‍ കേന്ദ്ര ഡല്‍ഹിയുടെ വഴിയോരങ്ങളില്‍, ചിലപ്പോള്‍ ഇവിടെ തന്നെയുള്ള ഹനുമാന്‍ മന്ദിറില്‍. രാത്രിയില്‍ ഏതെങ്കിലും ആളൊഴിഞ്ഞ കട തിണ്ണകളില്‍ പകര്‍ന്നാടുന്നു. ഭക്ഷണത്തിനു എനിക്ക് പ്രശനമില്ല ആരെങ്കിലും തന്നു സഹായിക്കും. എട്ടു വര്‍ഷമായി ഞാനിപ്പോള്‍ ഡല്‍ഹിയിലായിട്ടു. ഇനിയെനിക്ക് എത്ര ദിവസങ്ങള്‍??? ജീവിതത്തെയിനി വേറൊരു വഴിയിലേക്ക് പറിച്ചു നടുവാന്‍ ഞാനഗ്രഹിക്കുന്നില്ല . എനിക്കിപ്പോള്‍ എഴുപത് വയസ്സായി. ഞാനിപ്പോള്‍ സന്യാസിനിയാണ്. എന്റെ സുരക്ഷക്കായി എന്റെ രാംജി എന്റെ കൂടെ തന്നെയുണ്ട്. എല്ലാം "അദ്ദേഹം" തന്നെ തീരുമാനിചിട്ടുണ്ടായിരിക്കും. ജീവിതത്തിന്റെ കഠിന യാഥാര്‍ഥ്യങ്ങള്‍ എറ്റു വാങ്ങി അനാഥത്വ ദിനങ്ങള്‍ തള്ളി നീക്കുമ്പോഴും അവരുടെ മുഖത്തെ തിളക്കത്തിന് യാതൊരു മങ്ങലുമുണ്ടായിരുന്നില്ല......
സംസാരം നിര്‍ത്തി ഞാന്‍ ഓഫീസിലേക്ക് തിരികെ പോകുമ്പോള്‍ അഞ്ചു മക്കളും എഴുപ്പത്തഞ്ചു വയസ്സുമുള്ള എന്റെ സ്വന്തം അമ്മയെ ഞാന്‍ മനസ്സില്‍ ധ്യാനിക്കുകയായിരുന്നു.

No comments:
Post a Comment