Friday, May 1, 2020

അച്ഛൻ

ഇന്നലയോര്‍മ്മകള്‍ മാറാല നീക്കി
ഉള്ളത്തിൽ നിവർന്നാടിയപ്പോൾ
സ്മരണയിൽ തെളിഞ്ഞൊരു രൂപം, 
കത്തും നിലവിളക്കിന്‍ ശോഭയിലുറങ്ങുമെന്നച്ഛന്‍.

നെറ്റിയിലാരോതൊട്ട ഭസ്മക്കുറിയിൽ
കണ്ണുകളടച്ച്, 
ചന്ദനത്തിരിയുടെ സുഗന്ധത്തിൽ,
ഏങ്ങോ പാതി മുറിഞ്ഞു വീണ സ്വപ്നത്തേ വഴിയിലുപേക്ഷിച്ച് വിദൂരതയിലെവിടെക്കോ പറന്നുയർന്നപ്പോൾ....

മച്ചിന്നകത്തളങ്ങളിൽ നിന്നുതിർന്ന വീണ ഏങ്ങലുകളിൽ തെളിഞ്ഞ സ്ത്രീ തൻ 
ആർത്ത നാദയലയൊലികൾ,
പണ്ടെങ്ങോ കേട്ടു മറന്ന താരാട്ടു പാട്ടിൻ
കണ്ഠത്തിന്റെ ഗദ്ഗദങ്ങളായിരുന്നു.

അച്ഛന്റെയന്ത്യദാഹവും തീർത്ത്
ആരോ കയ്യിലേന്തിയ
മങ്ങിയ മണ്ണെണ്ണ ചിമ്മിണി വിളക്കിൻ വെട്ടത്തിലാരുടെയോ കൈ പിടിച്ചു
മച്ചിന്നുമ്മറപ്പടി കടക്കുമ്പോൾ
അകത്തളത്തിലുതിർന്നു വീണുകൊണ്ടിരുന്നാർത്തനാദങ്ങൾ രാത്രിയുടെ നിശബ്ദതയേ ഭേദിച്ച് 
തെക്കോട്ടു പറന്നൊരു 
മരണ പക്ഷിയായ് ചിലച്ചു കൊണ്ടു നിന്നു.

പടി കയറി വന്നിരുന്ന 
അവ്യക്ത മുഖങ്ങളിലാരോക്കെയോ പിറുപിറുത്തു സംസാരിച്ചു കൊണ്ടിരുന്നു...
നാളെ ട്രങ്ക് പെട്ടിയെടുത്ത് ദൂര യാത്ര ചെയ്യേണ്ടയാൾ
ഇന്ന് തന്നേ യാത്രയായിരിക്കുന്നു!

നേരം തെറ്റിയ നേരത്തേ ശബ്ദങ്ങൾ കേട്ട്
പടിഞ്ഞാറെ ചായ്പ്പിൽ കെട്ടിയിരുന്ന അമ്മിണിയാടും ഒരുവേള കരഞ്ഞു.....
അവളുമറിഞ്ഞിരിക്കുന്നു,
ഇനിയവളേ തലോടാനാ പരുക്കൻ കൈകളില്ലെന്ന്!

വിണ്ടുതിർന്ന സിമന്റ് തിണ്ണയിൽ
തൂൺ ചാരി കരഞ്ഞു തളർന്നിരുന്ന 
ഒരു പത്തു വയസ്സുകാരനേ 
ആരോ വന്ന് ചേർത്ത് നിർത്തിയപ്പോൾ 
അവനുറിഞ്ഞു....
ഇനിയവനെ ചേർത്തു നിർത്താൻ ഒരച്ഛൻ കൈകൾ നിവർന്നു വരില്ലെന്ന്!




No comments: