ഇത് എന്റെ വളരെയടുത്ത ഒരു സുഹൃത്തിന്റെ കഥയാണ്
എഴുപതുകളിലും എണ്പതുകളിലോന്നും ഞങ്ങളുടെ നാട്ടില്‍ പച്ചക്കറി കടയില്‍ നിന്ന് വാങ്ങുക എന്നുള്ള ശീലമുണ്ടായിരുന്നില്ല. വാങ്ങാനുള്ള പൈസയും ഉണ്ടായിരുന്നില്ല എന്നുള്ളത് വേറെ കാര്യം. അന്നൊക്കെ പച്ചക്കറികള്‍ വാങ്ങുന്നത് വലിയ സദ്യകള്‍ക്ക് മാത്രമായിരുന്നു. പിന്നെ കുറച്ചൊക്കെ പ്രതാപമുള്ള നായര്‍ വീടുകളില്‍ അങ്ങിനെ മത്സ്യവും വാങ്ങിയിരുന്നില്ല. വിളപ്പില്‍ നിന്ന് കിട്ടുന്ന കായ, മാങ്ങ, ചക്ക, ഓമക്കായ, ഇരുമ്പന്‍ പുളി, മുരിങ്ങക്ക, ചീര, മുരിങ്ങയില പിന്നെ സീസണില്‍ നട്ടു വളര്‍ത്തുന്ന വെണ്ട, പയര്‍, വഴുതനങ്ങ, ചിരവ... തുടങ്ങിയവയുമായിരുന്നു കറിക്കുള്ള വിഭവങ്ങള്‍. അക്കാലത്ത് നാട്ടിലെ പച്ചക്കറി കട എന്നുള്ളത് തന്നെ ഒരൊറ്റ ടാര്‍പ്പോളിന്‍ ഷീറ്റ് കൊണ്ട് ചാച്ചു കെട്ടിയ ചെറിയൊരു ടെന്റ് മാതരമായിരുന്നു.
അങ്ങിനെയോക്കെ വൈവിധ്യമുന്ടായിരുന്നെങ്കിലും മുകളില്‍ പറഞ്ഞ എല്ലാ കായ്ക്കറിളും എല്ലാ സമയത്തും പറമ്പില്‍ ലഭ്യവുമായിരുന്നില്ല. എല്ലാ കാലത്തും ലഭ്യമാകുന്ന ഒരേയൊരു സാധനം ഓമക്കായ (പപ്പായ )മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ രണ്ടു പ്രാവശ്യം കണക്കില്‍ അത് കറിയായോ അല്ലെങ്കില്‍ ഉപ്പേരി (മെഴുക്കുപുരട്ടി ) യായോ ഉച്ചക്ക് പ്ലേറ്റില്‍ എത്തുന്നത് കൊണ്ട് പൊറുതി മുട്ടിയ അവന്‍ ഒരു ദിവസം അത് തന്നെ ചെയ്തു....
പതിവുപ്പോലെ അവന്റെയമ്മ അവനോട് പറഞ്ഞു....
"ഡാ....ഉച്ചക്കില്‍ക്ക് കൂട്ടാന്‍ വെക്കാന്‍ ഒന്നൂല്യ....ചെറിയേട്ടന്‍ (അമ്മാവന്‍...കൂട്ട് കുടുമ്പമായിരുന്നു അവന്റെത് ) ഇപ്പൊ പാടത്ത് നിന്ന് ചോറുണ്ണാന്‍ വരും....നീയാ തോട്ടിയെടുത്തു ഒരു ഓമക്കായ ഇങ്ങട് പൊട്ടിച്ചെ....ഞാന്‍ എന്തെങ്കിലും ഉണ്ടാക്കട്ടേ വേഗം"... വേറെയെന്തിനോ ആവശ്യത്തിനു വേണ്ടി അമ്മയോടു അടി പിടികൂടി ദേഷ്യത്തില്‍ ഉമ്മറത്ത് വിദൂരതയില്‍ നോക്കിയിരുന്ന അവനു അമ്മയുടെ ആ ആവശ്യം കേട്ടതും രണ്ടാമതും കലിയിളകി......കൌമാരത്തിന്റെ തിളയ്ക്കുന്ന ചൂടില്‍ നിത്യേനയെന്നോണം ഓമക്കായയും കായയും തിന്നു മടുത്ത അവന്‍ അന്നെരമുള്ള ചൂടില്‍ പോയി വെട്ടുകത്തിയെടുത്തു ഓമയുടെ ആ ചെറിയ മരം ഒന്നിച്ചു കട വെട്ടിയിട്ട് വിളിച്ചു പറഞ്ഞു"....
"ഇതാ കിടക്കണൂ.... എത്രാ വേണ്ടെച്ചേ എടുത്തോള്ളൂ.... ഇനിപ്പോ എല്ലാ ദിവസവും ഇതിനുവേണ്ടി കൂക്കി വിളിക്കില്ലല്ലോ".
വര്‍ഷങ്ങള്‍ പിന്നെയും കുറെ ഒഴുകിപ്പോയി.....ജോലി സംബന്ധമായി അവന്‍ ബോംബെയിലെത്തി.....അങ്ങിനെ ഒരു ദിവസം അവന്റെ ഓപ്പോള്‍ അവനെ പച്ചകറി വാങ്ങിക്കാന്‍ ചന്തയിലേക്ക് അയച്ചു...പോകുമ്പോള്‍ അവനോടു പറഞ്ഞു....
"ഡാ പച്ചക്കറി ചന്തയില്‍ നിന്ന് ഒരു ചെറിയ ഓമക്കായയും കൂടി വാങ്ങിച്ചോ...കുറെ ദിവസമായി ഓമക്കായ മുളകൂഷ്യം കൂട്ടിയിട്ടു"....
ഓമക്കായ എന്നു കേട്ടയുടന്‍ അവന്റെ ഓര്‍മ്മ ഇന്നലകളിലൂടെ തിരതല്ലി പോയി.......പിന്നീടവന്‍ ചന്തയിലെ പച്ചക്കറി വില്‍പ്പനക്കാരന്റെ കയ്യില്‍ നിന്ന് "പൈസ" കൊടുത്ത് ഒരു ചെറിയ ഓമക്കായ വാങ്ങുമ്പോള്‍ അവന്‍ ഉള്ളില്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു.... കാലം ജീവിതത്തില്‍ വരുത്തി വെക്കുന്ന ചില വൈരുധ്യങ്ങളെ യോര്‍ത്ത്.
No comments:
Post a Comment