മുറിയുടെ കോണിലിരിക്കുന്ന ആ തകരപ്പെട്ടി അങ്ങോട്ടുമിങ്ങോട്ടുമുള്ള ചലനങ്ങളില് പലപ്പോഴും അയാളുടെ കണ്ണില്പ്പെട്ടിരുന്നെങ്കിലും എന്തോ ഇന്നിന്റെ ഭൌതിക ആവശ്യകതയില് അതിനയാളുടെ ജീവിതത്തില് വലിയ സ്ഥാനമില്ലായിരുന്നു. ഓര്മ്മകളയാളുടെ ബുദ്ധിയില് ഓളം മങ്ങിയപ്പോള് പഴയൊരു കണക്കെഴുതിയ പുസ്തകം നോക്കാനായി മാത്രമാണ് അന്നയാള് ആ ട്രങ്ക് പെട്ടിയെ ആശ്രയിച്ചത്. പെട്ടിയുടെ അടപ്പ് തുറന്നയാള് ഇന്നലെകളുടെ അവശേഷിപ്പുകളില് മെല്ലെ പരതി നോക്കി. മുഷിഞ്ഞ പുസ്തക കൂമ്പാരത്തില് നിന്ന് പഴകിയ കടലാസ്സിന്റെ ഗന്ധം അയാളുടെ മൂക്കുകളില് വന്നടിച്ചു.പെട്ടിയുടെ ഒരു മൂലക്ക് ഇന്നലകളുടെ ഓര്മ്മ ഭാരം പേറി ഇന്നിലേക്ക് പ്രവേശിക്കാന് കഴിയാതെ മൂകമായി വിതുമ്പുന്ന കുറെ കടലാസ്സിന്റെയും പുസ്തകങ്ങളുടെയും കൂനകളയാളെ ആര്ദ്രതയോടെ നോക്കി. വിങ്ങും നെടുവീര്പ്പുകളോടെ കാലത്തിന്റെ തിരുശേഷിപ്പുകളില് തങ്ങളാടി തീര്ത്ത വസന്തക്കാല സ്മരണകളുടെ ഓര്മ്മകള് പേറി ആസന്നമായ മൃത്യുവിനെ പുണരാന് തയ്യാറെടുത്തു കൊണ്ടവ നിദ്രയില് കാലം കൊണ്ടു. ഏതോയൊരു ചുവപ്പ് തടിയന് പുസ്തകത്തിനടിയില് എരിഞ്ഞമര്ന്നു ജീവിതം ഹോമിച്ചു തീര്ക്കുന്ന അവനെ കൈകളിലെടുത്തപ്പോളവന് സ്നേഹത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. ജീവിതത്തിന്റെ ചില കണക്കെഴുതുകള് ഇതുവരെയും കേടുകൂടാതെ സൂക്ഷിച്ച ആ കുഞ്ഞന് നോട്ടുബുക്കിനോട് നന്ദി പറഞ്ഞയാള് പേജുകള് മെല്ലെ മറിച്ചു. ആദ്യത്തെ നാല് പേജുകള്ക്ക് ശേഷം അഞ്ചാമത്തെ പേജില് എഴുതിയിരുന്ന കണക്കുകളയാള് മെല്ല മനസ്സില് വായിച്ചു...
1980 ഒക്ടോബര് 16 (അച്ഛന്റെ അടിയന്തിരം )
******* ആള് - ഒരു പറ നെല്ല്
******* ആള് - അഞ്ചിടങ്ങഴി അരി
******* ആള് - പതിനഞ്ച് രൂപ
*******ആള് - പത്ത് നാളികേരം
*******
*******
*******
കണക്കുകള് മുഴുവനും വായിക്കാതെ കണ്ണുകള് തുടച്ചയാള് ഉമ്മറത്ത് വന്നു നിന്ന് തെക്കേ തൊടിയിലെ അതിര്ത്തി മൂലയില് നോക്കിയപ്പോള് ഇളം കാറ്റിലാടിയിരുന്ന ആ നീളന് തെങ്ങിന്റെ കുരുത്തോലകളുടെ ആരവം അയാളുടെ കാതിലെന്തോ മൂളിപ്പോയി. കാലചക്രം തിരിയുമ്പോഴും ജീവനില് നിന്നന്നേക്കുമായി അടര്ന്നു പോകാത്ത ചില കണക്കുകളെ കുറിച്ചുള്ള ഓര്മ്മപ്പെടുത്തലിന്റെ ശീലുകളായിരുന്നവ.
No comments:
Post a Comment