കുറച്ചു വര്ഷങ്ങള്ക്കു മുന്നേയുള്ള സംഭവമാണ് . റെയില്വേ സ്റ്റഷനില് പ്രവേശിക്കാനുള്ള എളുപ്പ വഴിയിലേക്ക് നടക്കുകയായിരുന്നു. വണ്ടി ഏതു നിമിഷവുവുമെത്താം . ജീവിതത്തില് ഓരോ നിമിഷവും എത്ര വിലപ്പെട്ടതാനെന്നറിയുന്നത് പലപ്പോഴും നിമിഷങ്ങളുടെ വ്യത്യാസത്തില് മുന്നിലൂടെ കടന്നുപോകുന്ന തീവണ്ടികളെ കാണുമ്പോഴായിരിക്കും. രാവിലെയായതുകൊണ്ട് ആളുകളെല്ലാം ഓട്ടപാച്ചിലിലാണ്.വലിയ നഗരങ്ങളുടെയെല്ലാം പൊതുവായുള്ള പ്രഭാത സ്പന്ദനം. സ്റ്റഷന്റെ മുന്വശത്തുള്ള ചെറിയ ചെറിയ പെട്ടികടകളെല്ലാം തുറന്നിട്ടുണ്ട്. ആഴ്ച തുടങ്ങുന്ന തിങ്കളായതുകൊണ്ട് യാത്രക്കാര് ടിക്കറ്റ് കൌന്റെരിനു മുന്നില് നീണ്ട വരി തീര്ത്ത് ടിക്കെട്ടിനായി കാത്തു നിന്നു. അകത്തു ഒരു വിരല് കൊണ്ട് മാത്രം കമ്പ്യൂട്ടര് കീ ബോര്ഡ് ചലിപ്പിക്കുന്ന റെയില്വേ ക്ലാര്ക്ക് സാങ്കേതിക അവിജ്ഞ്നാന ശ്രേണിയിലെ അവസാനത്തെ തലമുറയാണ്.ടിക്കറ്റ് നല്കാന് വൈകുന്തോറും കേള്ക്കുന്ന ഓരോ പഴികളും തന്നിലേക്കാവാഹിച്ചു റിട്ടയര്മെന്റ് സുദിനത്തിനായി കാത്തിരിക്കുന്ന നിര്വികാരനായ ജീവനക്കാരന്.
സ്റേഷന് മുറ്റത്ത് നിര്മ്മിച്ചിട്ടുള്ള ബാങ്കുകളുടെ എ റ്റി എം കവാടത്തിലേക്ക് പോകുന്ന വഴിയില് ഒരു യുവതിയും രണ്ടു പുരുഷന്മാരും നിന്ന് സംസാരിച്ചിരിന്നു. മൂന്നു പേരും ഏകദേശം മുപ്പതിനോടടുത്ത പ്രായം തോന്നിപ്പിക്കുമായിരുന്നു. യുവതിയും യുവാക്കളെപ്പോലെ ജീന്സും ടോപ്പുമാണ് ധരിച്ചിരുന്നത്. എങ്കിലും അവരുടെ വസ്ത്രധാരണ രീതിയിലും മൊത്തത്തിലുള്ള പ്രകൃതത്തിലും അവര് ജീവിത സാഹചര്യങ്ങളില് താഴെക്കിടയില്ഉള്ളവരാണെന്ന് തോന്നിപ്പിച്ചു. രണ്ടു പുരുഷന്മാര് ഒന്നിച്ചു നിന്നിരുന്നുവെങ്കിലും അതില് ഒരു പുരുഷന് മാത്രമേ യുവതിയുമായി സംസാരിച്ചിരുന്നുള്ളൂ. ഒറ്റ നോട്ടത്തില് അവര് ഭാര്യ ഭര്ത്താവ് അല്ലെന്നു തോന്നിപ്പോയി. കാമുകിയാവാം അല്ലെങ്കില് സഹോദരിയാവാം. എന്തു തന്നെയായാലും പുരുഷ കേസരികളുടെ വസ്ത്രവും മുഖഭാവവുമെന്തോ അവര് പരുക്കന് സ്വഭാവക്കരായിരിക്കുമെന്ന തോന്നലെന്നില് ഉളവാക്കി.ആ യുവതിയുമായി സംസാരിച്ചിരുന്ന പുരുഷന് അവരുമായി എതോ വിഷയത്തില് തര്ക്കിക്കുകയായിരുന്നു. അയാളുടെ മുഖഭാവം തികച്ചും ദേഷ്യത്തില് നിറഞ്ഞതായിരുന്നു. ആ യുവതിയും അയാളുടെ വാദങ്ങള്ക്ക് മറുപടി പറയുന്നുണ്ട്. എന്നിരുന്നാലും പൊതുസ്ഥലത്തെ തര്ക്കം/വിചാരണ അവളില് സ്വല്പ്പം ജാള്യത സൃഷ്ടിച്ചിരുന്നു. ആ യുവതി പരിസരം നന്നായി വീക്ഷിച്ചിരുന്നു . അവള് അയാളുടെ മുഖം നോക്കാതെയാണ് സംസാരിച്ചിരുന്നത്. യുവതി തന്റെ വാദങ്ങള് കേള്ക്കുന്നില്ലയെന്നുള്ള തോന്നലില് യുവാവ് ഉറക്കെ ഉറക്കെ കയര്ത്തു കൊണ്ടിരുന്നു. അയാളുടെ സ്വരം പതുക്കെ ഉയര്ന്നു പൊങ്ങി തുടങ്ങിയിരുന്നു.
സ്റെഷനിലേക്ക് നടന്നു പോകുന്ന എല്ലാവരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ യുവാവിന്റെ സംസാര രീതി ആ യുവതി തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടാലറിയാം. ഒരുവേള അയാള് വീണ്ടും കയര്ത്തു..അവളെന്തോ മറുപടി പറഞ്ഞു മുന്നോട്ടു നടക്കാനായി ഭാവിച്ചപ്പോള് അയാള് കൈ നീര്ത്തി അവളുടെ മുഖത്തു ആഞ്ഞടിച്ചു...അവളുടെ കണ്ണില് നിന്നും പൊന്നീച്ച പറന്നു കാണും അത്രയ്ക്ക് ശക്തമായി തന്നെയാണയാള് അടിച്ചത്. യാത്രക്കാരും കടക്കാരും എല്ലാവരും പെട്ടെന്ന് അവരെ തന്നെ തുറിച്ചു നോക്കി. അടി കിട്ടിയ യുവതി ഒരു നിമിഷം തരിച്ചു നിന്നു. ആളുകള് നോക്കി നില്ക്കെ തന്റെ മാനത്തിനേല്പ്പിച്ച ക്ഷതത്തില് അവളുടെ കണ്ണുകള് നിറഞ്ഞെങ്കിലും അവള് കരച്ചില് പുറത്തു കാണിച്ചില്ല. അവള് സങ്കടം ഉള്ളിലൊതുക്കി പൊതു സ്ഥലത്ത് നിന്ന് കരയാന് കഴിയാതെ ഉള്ളിന്റെയുള്ളില് തേങ്ങി....അയാള് വീണ്ടും യുവതിയെ നോക്കി കയര്ത്തു കൊണ്ടെയിരുന്നു. ആളുകള് അങ്ങോട്ട് മിങ്ങോട്ടും നടന്നു നീങ്ങി കൊണ്ടിരുന്നു.പക്ഷെ എന്തുകൊണ്ടോ ആ കാഴ്ചയെന്നില് രോഷാഗ്നി ആളിക്കത്തിച്ചു. മനസ്സില് പഴയ വിപ്ലവ വീര്യം തലയെടുത്തു...ഒരു നിമിഷം ഞാന് മനസ്സില് പഞ്ചാഗ്നിയിലെ ഗീതയായി രൂപം പ്രാപിച്ചു. ഒരു സാമൂഹിക വിപ്ലവക്കാരിക്കൊരിക്കലും തെറ്റിനെ നോക്കി നില്ക്കാന് കഴിയില്ലെന്ന് എം റ്റി തന്റെ തൂലികയിലൂടെ വരച്ചു കാണിച്ചതിന്റെ പരിഛെദത്തിലേക്കുള്ള നടന്നു കയറ്റം. ശരി തെറ്റുകളുടെ തീര്പ്പുകല്പ്പിക്കല് പൊതു സ്ഥലത്തല്ല എന്നുള്ളതും നിങ്ങള് ആ യുവതിയെ പൊതു സ്ഥലത്ത് വെച്ചടിച്ചത് ശരിയായ നടപടിയായില്ല എന്നുള്ള വാദവും അയാളെ എങ്ങിനെയെങ്കിലും അറിയിക്കണമെന്നുള്ള ചിന്തയില് ഞാന് നട്ടം തിരിയുമ്പോള് പതിവ് സഹയാത്രികന് പിന്നില് തട്ടി പറഞ്ഞു...'ചലോ ചലോ ഗാഡി കി അനനൌന്സുമെന്റ്റ് ഹോഗയാ..ജല്ദി ചലോ.. യെ സബ് കീച്ചട് മത് പഡോ " അയാളെന്റെ കൈ പിടിച്ചു വലിച്ചു. മനസ്സില്ലാ മനസ്സോടെ മഹാനഗരത്തിലെ ഏതൊരു മധ്യവര്ഗ്ഗക്കാരനെപ്പോലെ ഞാനും അയാളുടെകൂടെ നടന്നു നീങ്ങി. യാത്രയില് മുഴുവനും അടി കൊണ്ട് നിസ്സഹയായി നില്ക്കുന്ന ആ യുവതിയുടെ മുഖമെന്നെ വല്ലാതെ ദുഖിപ്പിച്ചു...നഗര മധ്യവര്ഗ്ഗ സംസ്കാരത്തില് ഞാന് എന്നിലേക്ക് മാത്രം ചുരുങ്ങി പൂജ്യമാവുന്ന അസ്ഥിത്വദുഖത്തിന്റെ ദുഃഖം പേറി ഞാന് വണ്ടിയിറങ്ങി അയാളോടൊപ്പം ഓഫീസിലേക്ക് നടന്നു.
No comments:
Post a Comment