Friday, May 1, 2020

വെള്ളറക്കാട് വില്ലേജ് ഓഫീസ്

ഒരു സ്വപ്നലോക മനസ്സോടെയാണ് വെള്ളറക്കാട് വില്ലെജ്ജ് ഓഫീസിലേക്ക് നികുതി അടക്കാനായി ചെന്നത്.
കാരണം ആഗോള മാറ്റങ്ങളുടെ ഇന്ത്യയിലെ പ്രതിഫലനം ആദ്യം സംഭവിക്കുക നമ്മുടെ കൊച്ചു കേരളത്തിലാണ്. അത് ഭക്ഷണത്തിലും വസ്ത്രത്തിലും പാര്പ്പിടത്തിലും കമ്പ്യൂട്ടറിലും മൊബൈല് ഫോണിലുമെല്ലാം നിത്യേനയെന്നോണം പ്രതിഫലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മാത്രവുമല്ല കേരളം മുഴുവന് ഡിജിറ്റല് ഡാറ്റയിലേക്ക് ഉയര്ത്തപ്പെടുമെന്നു കാലാകാലങ്ങളില് മാറി വരുന്ന സര്ക്കാര് പ്രഖ്യാപനങ്ങള് പത്രങ്ങളില് വായിക്കാറുമുണ്ട് അതുകൊണ്ട് തന്നെ കുറെയൊക്കെ ഡിജിറ്റലായി മാറിയിരിക്കുമെന്ന പ്രതീക്ഷ ഇല്ലാതിരുന്നില്ല.
പാദരക്ഷകള് പുറത്തു വെക്കുമ്പോള് ഉള്ളില് മികച്ച ചുറ്റുപാട് ലഭിക്കുമെന്ന തോന്നല് ഉളവായി. പ്രധാന കവാടം കടന്നു അകത്ത് കടന്നപ്പോള് തടിച്ച ഒരാള്ക്കൂട്ടം എന്തിനെയോ പൊതിഞ്ഞു നില്ക്കുന്നു.
ആള്ക്കൂട്ടത്തില് എത്തി നോക്കുന്നതിനു മുന്പ് വെറുതെയൊന്നു നാലുപാടും നോക്കി. പഴകിയ മൂന്നോ നാല് മേശകളും ശൂന്യമായ കസേരകളും പൊടി പിടിച്ചു കിടക്കുന്ന തടിച്ച പുസ്തകങ്ങളും പഴകിയ പേപ്പറുകളും ഏതോ ആദിമയുഗത്തിന്റെ പ്രതീതി ജനിപ്പിച്ചു.
എണ്പതുകളില് ജനകീയ സഹകരണത്തോടെ പുതുക്കി പണിത കെട്ടിടത്തില് അതിനു ശേഷം എന്തെങ്കിലും അറ്റകുറ്റ പണികള് നടന്നതിന്റെ ലക്ഷണമൊന്നും കണ്ടില്ല. എണ്പതുകളില് ജനകീയ സഹകരണത്തോടെ നിര്മ്മിച്ച വില്ലജ് ഓഫീസ് ഉത്ഘാടനം ചെയ്തത് മന്തി ശ്രീ. പീ ജെ ജോസഫ്‌ ആണെന്നാണ് ഓര്മ്മ.
അന്ന് ആദ്യമായൊരു മന്ത്രിയെ കാണാന് പോയതും മന്ത്രിയുടെ കേരള സര്ക്കാര്എന്ന ചുവപ്പ് നമ്പര് വെച്ച ടൊയോട്ട കാര് ആദ്യമായി കണ്ടതും ഇന്നലെയെന്നോണം മനസ്സില് ഓര്മ്മ തെളിഞ്ഞു.
ഓര്മ്മയില് നിന്നുണര്ന്നു മുകളിലേക്ക് നോക്കിയപ്പോള് ഇനിയെനിക്ക് കറങ്ങാന് കഴിയില്ലെന്നോതി ആര്ക്കോ വേണ്ടി വേദനയോടെ കറങ്ങുന്ന സീലിംഗ് ഫാന്.
കാല് നൂറ്റാണ്ടിനു ശേഷം സന്ദര്ശിച്ച സ്ഥലമല്ലേ ഓര്മ്മകള് പുതുക്കാന് വേണ്ടി വെറുതെയൊന്നു അപ്പുറത്തുള്ള മുറിയിലെക്കെത്തി നോക്കി . അത് ഉപയോഗിക്കുന്ന മുറിയാണോ അതോ ചപ്പു ചവറുകള് നിക്ഷേപിക്കുന്ന സ്ഥലമാണോയെന്നുള്ള സംശയം അടുത്തു നിന്നിരുന്ന ആളോട് ചോദിച്ചു തീര്ത്തു. അത്രയ്ക്ക് വിവര്ണ്ണനാതീതവും അലന്കൊലവുമായിരുന്നു ആ മുറിയാകെ.
ഒരു പക്ഷെ സര്ക്കാര് ആപ്പിസുകളുടെ ഉള്പരിസരം എങ്ങിനെയാവരുത് എന്നുള്ളതിന് ഉദാഹരണമായതിനെ എടുക്കാമെന്ന് തോന്നിപ്പോയി.
നികുതി എവിടെ അടക്കുമെന്ന് ആരോട് ചോദിക്കണമെന്നറിയാതെ നില്ക്കുമ്പോള് അടുത്തു നിന്ന നാട്ടുകാരന് പറഞ്ഞു തന്നു എല്ലാം അടക്കുന്നതും കൊടുക്കുന്നതും അവിടെ ഇരിക്കുന്ന ആ സ്ത്രീ തന്നെയാണ് .
അപ്പോഴാണ്‌ മനസ്സിലായത്‌ കൂട്ടം കൂടി നില്ക്കുന്ന ആള്ക്കൂട്ടത്തിനു നടുവില് ഒരു സ്ത്രീ ഇരിപ്പുന്ടെന്നുള്ളത്. നഗരത്തിലെ ശീലങ്ങളില് പരിചിതനായ സ്ഥിതിക്ക് ക്യൂവിലല്ലാതെ എങ്ങിനെ അടിച്ചു കയറി മുന്നിലെത്തുമെന്ന് വിഷമിച്ചു നില്ക്കുമ്പോഴാണ് ആ സ്ത്രീ ഓഫീസര് ആളുകളോടായി പറഞ്ഞത്...
"നിങ്ങളിങ്ങിനെ എന്റെ മുന്നില് കൂട്ടം കൂടി നില്ക്കാതെ ഒന്ന് രണ്ടു വരിയായി നില്ക്കൂ...കൂട്ടംകൂടി നിന്നാല് ഇനി ആരുടേയും കയ്യില് നിന്നും അപേക്ഷാ ഫോറങ്ങള് ഞാന് വാങ്ങില്ലെയെന്നുള്ളത് ".
അതുകേട്ടതും സമാധാനമായി...
ഇനി ഉന്തിയും തള്ളിയും മുന്നില് കയറണ്ടല്ലോ എന്നുള്ള ആശ്വാസം.
അവരുടെ ഉത്തരവ് കേട്ടപ്പോള് കയ്യൂക്കുള്ളവന് കാര്യക്കാരന് എന്ന നിലയില് മുന്പേ വന്നവര് പിന്പിലും പിന്നെ വന്നവര് മുന്നിലുമോക്കെയായി ഒരുവിധം ഒരു വരി പോലെ ആളുകള് നിരന്നു.
സ്കൂള് തുറന്നതു കൊണ്ട് പ്രധാനമായും വരുമാന സര്ട്ടിഫിക്കറ്റ് വാങ്ങുന്നവരുടെ തിരക്കായിരുന്നു ആ കൂട്ടം മുഴുവനെന്നു പിന്നീട് മനസ്സിലായി. വരിയില് മുന്നിലെത്തിയ ഒരാള് നികുതി അടക്കാനായി പഴയ രശീതി കാണിച്ചപ്പോള് അവര് കുറച്ചു ഉറക്കെ തന്നെ പറഞ്ഞു
"അതേയ്.... ഇന്ന് നികുതി അടക്കാന് കഴിയുമെന്ന് തോന്നുന്നില്ല ഞാന് ഒറ്റക്കെ ഉള്ളൂ"...

അപ്പോഴാണ്‌ മനസ്സിലായത്‌ അവരെ കൂടാതെ വേറെയും ജോലിക്കാര് ആ ആപ്പിസില് ഉണ്ടെന്നുള്ളത്... "ഏകോദ്യോഗസ്ഥ" ആപ്പിസല്ല എന്നുള്ള തിരിച്ചറിവ്.

വരിയില് പിന്നില് നിന്നിരുന്ന ഞാന് അവരുടെ പ്രഖ്യപനം കേട്ട് ആശങ്കയോടെ പറഞ്ഞു......

"എക്സ്ക്യൂസ് മീ മാം"....

ഒരു പക്ഷെ പതിവില്ലാത്ത ഭാഷാശൈലീ കേട്ടതു കൊണ്ടാവാം അവര് എഴുതുന്ന ഫോറത്തില് നിന്ന് കണ്ണേടുത്തു എന്നെ നോക്കിയത്. ഒരു പക്ഷെ എന്റെ കണ്ണടയും കെട്ടും ഭാവവുമൊക്കെ കണ്ടപ്പോള് അവര്ക്ക് തോന്നിയിരിക്കും ഇയാള് "പരദേശി"യായിരിക്കുമേന്നുള്ളത്.

ഞാന് പറഞ്ഞു.. "മാഡം എനിക്ക് നികുതി ഇന്ന് തന്നെ അടക്കെണ്ടാതുണ്ട്....
രസീട്ടുകൊണ്ട് എനിക്ക് നാളെ വേറെ അത്യാവശ്യമുണ്ട്".

എന്താണെന്നറിയില്ല എന്റെ അഭ്യര്ത്ഥന കേട്ടപ്പോള് അവര് വിളിച്ചു പറഞ്ഞു

"നികുതി അടക്കാനുള്ളവരൊക്കെ വേറെ വരിയായി നില്ക്കുക"....

ഞങ്ങള് മൂന്നു നാലു പേര് ഉടനടി വേറെ വരിയായി നിന്നു. പിന്നീടവര് വേഗത്തില് നികുതി അടക്കേണ്ടവരുടെ പൈസ വാങ്ങി രശീതെഴുതി തന്നു.

എനിക്കുള്ള രശീത് തിരികെ തരുമ്പോള് നഗര സംസ്കാരത്തിന്റെ ബാക്കിപത്രത്തില് നിന്നുകൊണ്ട് ഞാന് അവരോടായി മൊഴിഞ്ഞു

"താങ്ക് യു മാം".

ആ വാക്കുകള് കേള്ക്കുമ്പോള് കേള്ക്കുന്നവന്റെ ഹൃദയമൊന്നു തുടിക്കും..സായിപ്പ് നമ്മുക്ക് ദാനമായി നല്കിയ നല്ല ശീലങ്ങളിലൊന്നു മാത്രം.

തിരികെ പോരുമ്പോള് നാട്ടുകാരനായ പരിചയക്കരനോട് ചോദിച്ചു ഇവിടുത്തെ മറ്റേ ജോലിക്കാരോക്കെ എവിടെപ്പോയിയെന്നുള്ളത് . അപ്പോള് അയാള് പറഞ്ഞറിഞ്ഞു താലൂക്കാപ്പിസില് മന്ത്രി വരുന്നുന്ടെന്നോ എന്തോ പുതിയ പദ്ധതി ഉദഘാടനമുന്ടെന്നോ അതുമൂലം അവരെല്ലാം അവിടെ ഡ്യൂട്ടിയില് ആണെന്നുള്ളത്.

മനസ്സില് വെറുതെ തോന്നി ജനങ്ങള് വലഞ്ഞാലും വേണ്ടില്ല "രാജാവിന്റെ എഴുന്നള്ളത്ത് പൊടി പൊടിക്കണം".
കാര്യെമെന്തോക്കെയായാലും ഓഫീസും പരിസരവും എത്ര വൃത്തിഹീനമായാലും അവിടെ ഒറ്റക്കിരുന്നു എല്ലാവരുടെയും അപേക്ഷകള് വാങ്ങിയും അവരോടു കാര്യങ്ങള് അന്വേഷിച്ചും സര്ട്ടിഫിക്കറ്റ് നല്കിയിരുന്ന ആ സ്ത്രീയുടെ പെരുമാറ്റം വളരെ സൌഹൃടത്തോടെയും ഒട്ടും തന്നെ എടുത്തുചാട്ട രീതിയില് ഉള്ളതുമായിരുന്നില്ല.

ഇതിനു അനുബന്ധമായി ഒന്ന് കൂടി പറയട്ടെ...ഞാന് രണ്ടാമതായി പോയ സര്ക്കാര് ആപ്പിസിലും പ്രധാനമായും രണ്ടു സ്ത്രീകളായിരുന്നു മുഖ്യാധിരികള്. വളരെയധികം അധികാരമുള്ള അവരും ആളുകളോട് പെരുമാറുന്ന രീതിയെന്നെ വളരെയധികം അതിശയപ്പെടുത്തി. സര്ക്കാര് ഉദ്യോഗസ്ഥര് മൂര്ഖന്മാരായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില് എന്നാല് കഴിഞ്ഞ രണ്ടു ദശാബ്ദകാലത്ത് പൊതുവേ സംഭവിച്ച മാറ്റമാണോ അത് അതോ സ്ത്രീകള് പ്രധാന ആപ്പിസര്മാരായി വന്നത് കൊണ്ട് സംഭാവിച്ചതാണോ എന്നറിയില്ല. എന്തായാലും ഒരു സര്ക്കാര് ആപ്പിസര്ക്കും സ്വകാര്യ മേഖലയിലെ "കസ്റ്റമര് കെയര്" ഓഫിസറെപ്പോലെ പെരുമാറാന് കഴിയുമെന്ന വിശ്വാസം ആ മൂന്നു സ്ത്രീകളും എന്നില് ജനിപ്പിച്ചു.
ഉന്നതഭരണ തലങ്ങളെല്ലാം ഉടനടി സ്ത്രീകള്ക്ക് കൈമാറേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.... 🙂

17-06 -2015

No comments: