Friday, May 1, 2020

ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം

പടിഞ്ഞാറേ നടയില് ബസ്സിറങ്ങുമ്പോള് അധികം തിരക്കുണ്ടായിരുന്നില്ല. വെക്കേഷന് കഴിഞ്ഞു സ്കൂള് തുറന്നത് കൊണ്ട് തിരക്ക് കുറച്ചു കുറഞ്ഞിരിക്കുന്നു. ഇരുമ്പ്കൊണ്ട് തീര്ത്ത ബാരിക്കേഡ് കടന്നു പടിഞ്ഞാറേ നടയുടെ നടപ്പാതയില് പ്രവേശിച്ചപ്പോള് പതിവുപ്പോലെ ഭക്തിഗാനങ്ങളുടെ അലയൊലികള് അന്തരീക്ഷത്തില് അലയടിക്കുന്നുണ്ടായിരുന്നു. ഇരുവശത്തുമുള്ള കടകളില് നിരത്തിവെച്ച ബഹുവര്ണ്ണ സാധനങ്ങളുടെ മഞ്ഞ നിറത്തിലുള്ള തിളക്കം നടപ്പാതയെ തിളക്കമേറിയതാക്കി. ചന്ദനത്തിരികളും കര്പ്പൂരവും ദൈവങ്ങളുടെ ബഹുവര്ണ്ണ ഫോട്ടോകളും സീ ഡി കളും കസവ് മുണ്ടുകളും കസവ് ചേര്ത്ത പെണ്കുട്ടികളുടെ ഉടുപ്പുകളും ചന്ദന നിറത്തിലുള്ള ഷര്ട്ടുകളും എല്ലാം ചേര്ന്ന് ക്ഷേത്ര പരിസരത്തെ പരിശുദ്ധിയുടെ നിറവില് ചന്ദനം ചാര്ത്തിച്ചു. അലസമായി ഇരുവശവും മാറി മാറി നോക്കി മുന്നോട്ടു നീങ്ങുമ്പോള് ഏതോ ഉഡുപ്പി ഹോട്ടലില് നിന്നുയര്ന്ന നെയ്‌റോസ്ടിന്റെയും സാമ്പാറിന്റെയും മണം മൂക്കില് വന്നടിച്ചു വിശപ്പിന്റെ കോശങ്ങള്ക്ക് ആര്ത്തി പകര്ന്നു പോയി.
ഗുരുവായൂര് എന്നത് എനിക്കൊരിക്കലും ഭക്തിയുടെ നിറവില് നൃത്തമാടുന്നൊരു ആരാധന സ്ഥലമല്ല. ചെറുപ്പത്തില് ശീലിച്ചു കൌമാരത്തില് വളര്ന്നു വലുതായ ചില മനശാസ്ത്ര പരികല്പ്പനകളുടെ വിളനിലം കൂടിയാണ്. അവിടുത്തെ സുഗന്ധവും നിറയുന്ന ദീപങ്ങളും വിസ്തൃതമായ കരിങ്കല് നടപ്പാതകളും ഭക്തജനങ്ങളുടെ പ്രവാഹവും എല്ലാം ഒന്നിച്ചു ചേരുമ്പോള് മനസ്സിനെ മഥിപ്പിക്കുന്ന ഏതോ അദൃശ്യ പ്രകൃതിശക്തി എന്നില് കളിവിളയാട്ടം നടത്തുന്നതായി തോന്നിയിട്ടുണ്ട്.
കോളേജു നാളുകളില് കറങ്ങി നടന്ന നടപ്പാതകളും ഏകാദശി വൈകുന്നരങ്ങളില് സുഹൃത്തുകളോടൊപ്പം നടത്തിയ പരിക്രമ നടത്തങ്ങളും രാത്രിയില് കൂട്ടുകൂടി പടിഞ്ഞാറേ നടയില് തലയുയര്ത്തി നില്ക്കുന്ന ജയശ്രീ തീയ്യറ്റരില് നിന്ന് കണ്ട സെക്കന്റ്‌ ഷോ സിനിമകളും ഇന്നലെയെന്നോണം മനസ്സില് തെളിഞ്ഞു വന്നു. എന്നെ സംബന്ധിച്ചടത്തോളം ഗുരുവായൂര് എന്നതിനെ ഭക്തിയെക്കാളെറെ മനസ്സിലലിഞ്ഞു ചേര്ന്ന ചില സാംസ്കാരിക ബിംബങ്ങളുടെ പ്രതിഫലന സ്ഥലമായി കണുക്കാക്കുവാനാനെനിക്കിഷ്ടം.
ഞാന് യുക്തിവാദിയോ നിരീശ്വരവാദിയോ അല്ലാത്തതു കൊണ്ട് ക്ഷേത്രങ്ങളില് ഇടക്കൊക്കെ പോകാറുണ്ട്. അത് കറകളഞ്ഞ ദൈവ ഭക്തിയെക്കാള് ചെറുപ്പത്തില് ശീലിച്ചു പോയ ചില രീതികളില് നിന്ന് പുറത്ത് കടക്കാന് കഴിയാത്തതു കൊണ്ടും കൂടിയാണ്. മാത്രവുമല്ല സങ്കുചിത മതചിന്തകളില് മനസ്സിനെ തളച്ചിടാത്തത്തോളം കാലം ദൈവം എന്ന സങ്കല്പം സംഘടിത മതശക്തികള് പ്രഘോഷിക്കുന്ന രൂപഭാവങ്ങള്ക്കുമപ്പുറമാണെന്നും ഓരോ രൂപങ്ങളും ഓരോരുത്തരുടെയും മനശാസ്ത്രത്തില് രൂപകല്പ്പന ചെയ്തു പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും വിശ്വസിച്ചാല് പിന്നെ എല്ലാറ്റിനെയും ഒന്നായി കാണാന് സാധിക്കുമെന്നുള്ളതുമാണെന്റെ വിശ്വാസം. ഒരു പ്രത്യക വഴി പരിശീലിച്ചതുകൊണ്ട് ആ വഴി തന്നെ തുടര്ന്നു പോകുന്നുവെന്നുള്ള ഒരു വ്യത്യാസം മാത്രം.
ചെരിപ്പും മൊബൈലും കൌണ്ടറില് കൊടുത്ത് വെറുതെ പുറത്തു കൂടിയൊരു പ്രദക്ഷിണം വെച്ചു നടന്നു.
പഴയകാലത്തെക്കാള് നടപ്പാതകള് വിസ്തൃതിയേറിയതും വൃത്തിയുള്ളതുമാണിപ്പോള്. വടക്കേ നടയിലുള്ള ക്ഷേത്രകുളത്തിനെ ചുറ്റി കിഴക്കെനടയിലെത്തി ഒരു മിനുട്ട് നിന്നു. ഭക്തജനങ്ങളുടെ അകത്തേക്ക് നീളുന്ന വരിയുടെ അവസാനം നോക്കിയപ്പോള് മനസ്സിലായി ഏകദേശം രണ്ടു മണിക്കൂര് വേണ്ടിവരും നടയിലെത്താനെന്നുള്ളത്. തെക്കേ നട കടന്നു വീണ്ടും പടിഞ്ഞാറേ നടക്കലെത്തിയ ഞാന് ഷര്ട്ട്‌ ഊരി കൈ പിടിച്ചു സെക്യൂരിറ്റി ചെക്കിനായി നിന്ന് കൊടുത്തു.
മതിലകത്തിനുള്ളിലേക്ക് പ്രവേശിക്കാന് കരിങ്കല് തൃപ്പടിയില് പാദങ്ങളെടുത്തുവെച്ചപ്പോള് എവിടെ നിന്നോ നാദസ്വര വീചികളെന്നെ വരവേറ്റു. കരിങ്കല് നടപ്പാതയിലൂടെ കിഴക്കുവശത്തേക്ക് മെല്ലെ നടന്നു നീങ്ങുമ്പോള് ആരോ ശയനപ്രദക്ഷിണമായി നീങ്ങുന്നത്‌ കണ്ടു. പാപത്തിന്റെ പശ്ചാത്താപമാണോ അതോ ഉപകാരസ്മരണയുടെ നന്ദി നിറവേറ്റലോ.... എതെങ്കിലുമൊന്നായിരിക്കാമെന്നു മനസ്സില് കരുതി.
ദേവസ്വം ജോലിക്കാര് ചക്രം പിടിപ്പിച്ച ഉന്തു വണ്ടിയില് തള്ളി നീക്കുന്ന നിവേദ്യ പാല്പ്പയസതിന്റെ സുഗന്ധം എന്റെ സിരകളെ മത്തു പിടിപ്പിക്കാതിരുന്നില്ല. നെറ്റിയില് തൊടാനുള്ള പ്രസാദവും വാങ്ങി ഉപ ദൈവമായ ഭഗവതിയെ വണങ്ങി മതിലകത്തിന്നുള്ളില് തന്നെ കിഴക്കേ നടയില് വന്നപ്പോള് നടതുറന്നിരുന്ന സമയമായിരുന്നു. അനേകം കണ്ഠങ്ങളില് നിന്നുയരുന്ന ഭഗവാനെ രക്ഷിക്കണേയെന്നുള്ള ശരണംവിളികള് അന്തരീക്ഷത്തില് മാറ്റൊലി കൊണ്ടു. ഉയരത്തില് ചെറിയവനായത് കൊണ്ട് ഉപ്പൂറ്റിയില് നിന്നുയര്ന്നു പൊങ്ങി ക്ഷേത്ര നടയിലേക്ക് നോക്കുമ്പോള് എന്റെ മനസ്സില് യേശുദാസ് പാടി പുകഴ്ത്തിയ " ചന്ദനചര്ച്ചിത നീലകളേബരം എന്റെ മനോഹരമേഘം ...കായാമ്പൂവിലും എന്റെ മനസ്സിലും കതിർഴപെയ്യുന്നമേഘം ....ഇത് ഗുരുവായൂരിലെ മേഘം…എന്ന ഭക്തിഗാനമാണ് ഓര്മ്മവന്നത്".
എനിക്ക് ഭഗവാനോട് പ്രത്യകിച്ചോന്നും ആവശ്യപ്പെടാനില്ലാത്തതു കൊണ്ട് ഏകദേശം അരമിനുട്ടങ്ങിനെ നോക്കി നിന്നു മനസ്സില് പറഞ്ഞു " നീയവിടെ ഞാനിവിടെയെന്നുള്ള വ്യത്യാസമില്ല... നമ്മളൊന്നാണെന്നുള്ള തിരിച്ചറിവില് നിന്റെ തിരുദര്ശനം ഞാനിവിടെ നിന്നുതന്നെ നിറവേറ്റുന്നു. കൃഷ്ണാ.......ഗുരുവായൂരപ്പാ നീയെന്റെയുള്ളിന്റെയുള്ളില് ഞാനായി വസിക്കുന്നു".
പെട്ടെന്നാരോ എന്നെ തള്ളുന്നത് നോക്കിയാണ് ഞാന് കണ്ണു തുറന്നത് അത് സെക്യൂരിറ്റിക്കാരനായിരുന്നു....
"ഇങ്ങിനെ നിന്നാലോ ചേട്ടാ വേഗം വേഗം മാറി കൊടുക്ക്‌ എല്ലാവര്ക്കും തൊഴണ്ടേ"...
എന്നുള്ള അവരുടെ സ്ഥിരം ജോലി വാചകങ്ങള് . തികച്ചും ന്യായമായ അവകാശമാനെന്നുള്ള തിരിച്ചറിവില് മുന്നോട്ടു നീങ്ങി. തെക്കുവശത്ത്‌ വായിച്ചുകൊണ്ടിരുന്ന നാദസ്വര ധ്വനികള്ക്ക് കാതു കൊടുത്ത് ശാസ്താവിനെ വണങ്ങി നീങ്ങുമ്പോള് നടപ്പാതയുടെ ഒരുവശത്തിരുന്ന് ഗീതാപാരായണം ചെയ്യുന്ന ആ വൃദ്ധനായ ഭക്തനെ ഞാന് നോക്കി നിന്നു. ഒരു പാടു വര്ഷങ്ങള് ജീവിച്ചു ജീവന്റെ ആസക്തികളെല്ലാം തീര്ത്ത്‌ പരമാത്മാവിലഭയം തേടുന്ന ആ വൃദ്ധനു ഇന്നലകളില് എന്റെ രൂപം തന്നെയായിരുന്നിരിക്കില്ലേയെന്നുള്ള ചിന്തകളില് മനംനൊന്തു ഞാന് പുറത്തു കടക്കാന് തൃപ്പടികളിലെത്തിയപ്പോള് എവിടെനിന്നോ ഉതിര്ന്നു വീണ ധ്വനികള് എന്റെ കാതിലെന്തോ മൂളിപ്പോയി....
"സാന്ദ്രാനന്ദാപബോധാത്മകമനുപമിതം കാലദേശാവദിഭ്യാം…………നിര്മുക്തം നിത്യമുക്തം നികമശതശഹസ്രേണ നിര്ഭാസ്യമാനം…….അസ്പഷ്ടം ദൃഷ്ടമാത്രേ…പുനരുരു പുരുഷാര്ധാത്മകം ബ്രഹ്മതത്വം…തത്വാവധാതി സാക്ഷാത് ഗുരുപവനപുരേ… ഹന്തഭാഗ്യം ജനാനാം….

No comments: