ണീ..ണീ..ണീ.. ബാലകൃഷ്ണന്‍ നായര്‍ രണ്ടാമത്തെ പീരിയഡിനു ശേഷമുള്ള ഇടവേളക്കായി ചെറിയ കൂട്ട ബെല്ലടിച്ചു.
ഇരുമ്പു പലകയില്‍ ചുറ്റിക കൊണ്ട് ആഞ്ഞടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദപ്രകമ്പനം മെയിന്‍ റോഡില്‍ പുരുഷുവിന്റെ കടയും കടന്നു മനപ്പടിവരെ ചെന്നെത്തി.
ഇംഗ്ലീഷ് പീരിയഡ് കഴിഞ്ഞു നാന്‍സി ടീച്ചര്‍ പുറത്തേക്ക് പോയപ്പോള്‍ നിശബ്ദതയില്‍ തമ്പടിച്ചിരുന്ന ക്ലാസ്സു അണപ്പൊട്ടിയ നദിയെപ്പോലെ കുതിച്ചു പായാനുള്ള തയ്യാറെടുപ്പിലായിരുന്നു. അടുത്ത പത്തു മിനുട്ട് മൂത്രമോഴിക്കാനും വെള്ളം കുടിക്കാനുമുള്ളതാണ്.
പെണ്‍കുട്ടികള്‍ സ്വതസിദ്ധമായ രീതിയില്‍ കളിച്ചു ചിരിച്ചു കൂട്ടം കൂട്ടമായി സ്കൂള്‍ മുറ്റത്തുകൂടെ പാട വരമ്പത്തിനു സമീപമുള്ള മൂത്രപ്പുരയിലെക്കും അതിനടുത്തുള്ള തുറസ്സായ സ്ഥലത്തേക്കും നടന്നു നീങ്ങി കൊണ്ടിരുന്നു.
ഞാന്‍ ക്ളാസില്‍ നിന്നിറങ്ങി മെല്ലെ നടുമുറ്റത്തേക്കുള്ള പടികളിറങ്ങി ഓഫീസ് റൂമിന്റെ മുന്നിലൂടെയുള്ള വഴി നടന്നു വലത്തോട്ടുള്ള നടപ്പാതയിലേക്ക് തിരിഞ്ഞു.
സ്കൂളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടത്തില്‍ച്ചെന്നു വെറുതെ പുറത്തെക്കെത്തി നോക്കിയപ്പോള്‍ മെയിന്‍ റോഡിലൂടെ പടിഞ്ഞാറു കുന്നംകുളത്തുനിന്നും വരുന്ന കുട്ടി ബസ്സ് ശ്രീ നാരയണ ശക്തിയില്ലാതെ ഞരങ്ങി ഞരങ്ങി സ്കൂളിനു മുന്‍വശത്തെ പാടത്തിന്റെ നടുവിലൂടെയുള്ള റോഡിലെ ചെറിയ കയറ്റം കയറി വരുകയായിരുന്നു.
അലസമായ ചിന്തകളില്‍ വെറുതെ റോഡിനു മറുവശത്തുള്ള ചായക്കടയിലേക്ക് നോക്കിയപ്പോള്‍ പാടത്തെ വരമ്പ് പണി നിര്‍ത്ത്തി വന്ന താമിയും വേലായുധനും ചായ കുടിച്ചതിനുശേഷം ഓരോരോ ബര്‍മ്മ ബീഡിക്ക് തീകൊളുത്തി വീണ്ടും പണിയിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു അന്നേരം .
പ്രധാന കവാടത്തിന്റെ അവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞു നടവഴിയിലൂടെ സ്കൂളിന്റെ പ്രധാന കളി മുറ്റത്തെത്തിയപ്പോള്‍ ഒരു കൂട്ടമാണ്‍കുട്ടികള്‍ ചെറിയൊരു പന്തുകൊണ്ട് പരസ്പരമെറിഞ്ഞു കളിക്കുന്നുണ്ടായിരുന്നു. ഒന്നാം ക്ലാസ്സുകളുടെ മുന്നിലൂടെ നടന്നു സ്കൂളതിര്‍ത്തിയിലുള്ള തോട്ടുവക്കിലെത്തി ശങ്ക തീര്‍ത്ത് തിരിച്ചു നടക്കുമ്പോഴാണത് ശ്രദ്ടിച്ചത്. തോടിന്റെ ഒരൊഴിഞ്ഞ മൂലയിലിരുന്നു തന്നെക്കാള്‍ മുന്നേ സ്കൂളില്‍ നിന്ന് പഠിച്ചു പോയ കാദര്‍ മീന്‍ പിടിക്കാന്‍ വേണ്ടി ചൂണ്ടയില്‍ ഇര കോര്‍ക്കുന്നത്. പിടയുന്ന ഞാഞ്ഞുളിനെ ഇരയായി കൊളുത്തില്‍ കോര്‍ത്തു കാദര്‍ തോട്ടില്‍ ചൂണ്ടയിട്ടു തന്റെ ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും കാത്തിരുന്നു.
കാദറിന്റെ മത്സ്യബന്ധനം നോക്കി നിന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. ക്ലാസ്സ് കൂടാനിനി അധിക സമയമില്ലെന്ന് തോന്നുന്നു. തിരികെ വേഗത്തില്‍ നടന്നു പ്രധാന കവാടവും കടന്നു മതിലിനു ഓരം ചേര്‍ന്ന് കിഴക്കുവശം ലക്ഷ്യമാക്കി ഓഫീസു റൂമിന്റെ മുന്നിലൂടെ നടക്കുമ്പോള്‍ സ്റ്റാഫ് റൂമില്‍ നിന്നും ചായയുടെയും പരിപ്പുവടയുടെയും ഉണ്ടാപ്പോരിയുടെ സുഗന്ധം മൂക്കില്‍ വന്നടിച്ചു.
അന്നേരം സ്റ്റാഫ് റൂമില്‍ നിന്നും തന്റെ ചുണ്ടുകള്‍ തുടച്ചു പുറത്തേക്ക് പോകുന്ന ജോയിയെ നോക്കി ഒരു വേള മനസ്സില്‍ പറഞ്ഞു...."എന്റെ അമ്മയും ടീച്ചറായിരുന്നെങ്കില്‍ എനിക്കും ഇന്റര്‍വെല്ലില്‍ ചായ കുടിക്കാമായിരുന്നു. അവന്റെ അമ്മ ആ സ്കൂളിലെ ടീച്ചറായതു അവന്റെ ഭാഗ്യം". അവന്‍ ചായ കുടിച്ചു ഉത്സാഹത്തോടെയും സ്വല്‍പ്പം ഗമയോടെയും തന്നെ സ്റ്റാഫ് റൂമില്‍ നിന്നറങ്ങി തന്റെ ക്ലാസിലേക്ക് തിരിച്ചു പോയി.
സ്വല്‍പ്പം നിരാശയോടെ തന്നെ വേഗത്തില്‍ മുന്നോട്ടു നടന്നു കിഴക്ക് വശത്ത് സ്കൂളതിര്‍ത്തിയില്‍ മതിലിനു ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ഉന്തു വണ്ടിയുടെ സമീപത്തു കൂടിയുള്ള ചെറിയ വഴിയിലൂടെ പുറത്തു കടന്നു.
സ്വയം മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു വേഗം വേണം, എപ്പോള്‍ വേണമെങ്കിലും ബെല്ലടിക്കാം. അബൂബക്കറിക്കയുടെ ഉന്തുവണ്ടിയില്‍ തൂക്കിയിട്ടിരുന്ന ബഹുവര്‍ണ്ണ മിട്ടായികളിലും അച്ചാറുകളിലും നെല്ലിക്കയിലും നോക്കിയങ്ങിനെ മനംമയങ്ങി നിന്നു. അന്നേരം പുതിയതായി കൊണ്ടു വന്ന കാരക്കയും ഇടി മിട്ടായിയും വില്‍ക്കുന്ന തിരക്കിലായിരുന്നു അബോക്കറിക്ക.
പുതുപണക്കാരുടെ ചില കുട്ടികള്‍ യഥേഷ്ടം മിട്ടായികള്‍ വാങ്ങി കൊണ്ടിരുന്നു. ഓരോ മിട്ടായിയിലും മാറി മാറി നോക്കി ഞാന്‍ ഏതു വാങ്ങുമെന്നു ശങ്കിച്ച് നില്‍ക്കുമ്പോഴാണ് അതില്‍ ശ്രദ്ധ തിരിഞ്ഞത്. പുതിയതായി അബോക്കറിക്ക കൊണ്ട് വന്ന റബ്ബര്‍ നൂലുള്ള മിട്ടായി. ഒരു വശത്ത് റബ്ബര്‍ നൂല് കൊണ്ട് കെട്ടി തെളിഞ്ഞ പ്ലാസ്റ്റിക് കടലാസ്സില്‍ പൊതിഞ്ഞ പുതിയൊരു തരം മിട്ടായി. നൂല് കൊണ്ട് അമ്മാനമാട്ടിയും വട്ടം കറക്കിയും കളിക്കാനും കൂടി പറ്റുന്ന ഒരിനം പുതിയ മിട്ടായി.
മനസ്സില്‍ വിടര്‍ന്നാശയില്‍ ഒരു വേള പോക്കറ്റിലുള്ള പൈസ നോക്കിയപ്പോള്‍ മനസ്സിലായി വെറും അഞ്ചു പൈസയെയുള്ളൂ അതുകൊണ്ട് നൂല് മിട്ടായി കിട്ടില്ല. ഇന്നലെ വൈകീട്ട് ലാസര്‍ മാപ്പിളയുടെ പീടികയില്‍ നിന്ന് പഞ്ചസാരയും കാപ്പിപ്പൊടിയും വാങ്ങി വന്നപ്പോള്‍ ബാക്കി വന്ന പൈസയില്‍ നിന്ന് അമ്മയോട് കെഞ്ചി എടുത്തതാണ് ആ അഞ്ചു പൈസ.
ബെല്ലടിക്കാന്‍ നേരമായികാണും പോരാത്തതിന് അടുത്ത പീരിയഡ് കണക്കു ടീച്ചര്‍ ദേവകി ടീച്ചരുടെതാണ്. ടീച്ചര്‍ പുറത്തൊക്കെ കാണുമ്പോള്‍ കളിയും തമാശയുമാണെങ്കിലും ക്ലാസില്‍ സ്വല്‍പ്പം ഗൌരവ്വക്കാരിയാണ്. അതുകൊണ്ട് തന്നെ ക്ലാസ്സ് കൂടുന്നതിന് മുന്‍പേ എത്തണം. അവസാനം ഉന്തുവണ്ടിക്കടയില്‍നിന്നെന്തു വാങ്ങിക്കുമെന്ന കണ്ഫ്യൂഷന് തീര്‍ത്ത് അഞ്ച് പൈസ കൊണ്ട് രണ്ടു ഉപ്പിലിട്ട നെല്ലിക്ക വാങ്ങി ഒരെണ്ണം വേഗം കടിച്ചു തിന്നു മറ്റേതു തുടച്ചു ട്രൌസറിന്റെ പോക്കറ്റിലിട്ടു നേരെ കിണറ്റിന്‍ കരയിലേക്ക് നടന്നു.
ബെല്ലടിക്കാന്‍ ഇനിയൊട്ടും നേരമുണ്ടാവില്ല. എന്നാല്‍ ദാഹമുണ്ട് അതുകൊണ്ട് തന്നെ ഓടിപ്പോയിത്തിരി വെള്ളം കോരി കുടിച്ചു ക്ലാസ്സില്‍ കയറണം.
കിണറ്റിന്‍ കരയില്‍ അന്നേരമൊട്ടും തിരക്കുണ്ടായിരുന്നില്ല. എല്ലാവരും ഇടവേളയിലെ വെള്ളം കുടിയെന്ന മല്ലയുദ്ധം അവസാനിപ്പിച്ചു അവരവരുടെ ക്ലാസ്സില്‍ തിരികെ പോയിരിക്കുന്നു.
അല്ലെങ്കില്‍ ഇടവേളകളില്‍ കിണറ്റിന്‍കരയില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന നിലയാണ് പൊതുവേ. ഓരോ പ്രാവശ്യവും വെള്ളം കോരിയ പാട്ട മുകളിലെത്തുന്നതിനു മുന്‍പ് താഴെ കയര്‍ ആരാണോ പിടിച്ചെടുക്കുന്നത് അവര്‍ക്കാണ് അടുത്ത തവണ വെള്ളം കോരാനുള്ള അവകാശം. ആ അവകാശ വാദത്തിന്‍മേല്‍ സ്ഥിരമായി വഴക്കുകള്‍ നടക്കുന്ന സ്കൂളിലെ പ്രധാന സ്ഥലവുമാണ് ഈ ജലസംഭരണ മേഖല.
എന്തായാലും ഇപ്പോള്‍ ഒന്നോ രണ്ടോ പേരൊഴിച്ച് ആരുമില്ലവിടെ. കിണറ്റിന്കരക്കടുത്തെത്തിയപ്പോ ള്‍ ക്ലാസ്സ്മേറ്റും സ്കൂളില്‍ തന്നെ ഏറ്റവും ഉയരം കൂടിയവനുമായ സുകുമാരന്‍ വെള്ളം കോരുന്നതായി കണ്ടു. ഇനിയെനിക്ക് വേറെ വെള്ളം കോരാന്‍ സമയമില്ലാത്തതു കൊണ്ട് സുകുവിനോട് പറഞ്ഞു കുറച്ചു വെള്ളമെനിക്കും വേണമെന്ന്.
കോരിയ വെള്ളത്തില്‍ നിന്നാദ്യമെനിക്ക് തരാന്‍ അവനോട്ടും മടിയുണ്ടായിരുന്നില്ല. അവനെപ്പോഴും അങ്ങിനെയാണ്, സ്കൂളിലെ നീളം കൂടിയവന്‍ എന്നുള്ള അഹംഭാവമില്ല. എല്ലാവരോടും സ്നേഹത്തോടെ മാത്രമേ എപ്പോഴും പെരുമാറൂ.
ഞാന്‍ വെള്ളം കുടിക്കാനായി രണ്ടും കൈകളും കൂപ്പി അവന്റെ മുന്നില്‍ കുമ്പിട്ടു നിന്നു. സുകു കോരിയ വെള്ളം കളയാതെ പാട്ടയില്‍ നിന്ന് തന്നെ എന്റെ കൂമ്പിയ കൈകളിലേക്ക് പതുക്കെ ഒഴിച്ചു തന്നു. എന്റെ ഊഴം കഴിഞ്ഞപ്പോള്‍ ഞാനവനും ഒഴിച്ച് കൊടുക്കാമെന്ന് പറഞ്ഞെന്കിലം അവനതു നിരസിച്ചു. അവന്‍ വെള്ളം കോരിയ പാട്ട മതിലിന്‍ മുകളില്‍ വെച്ച് ഒരു കൈ കൊണ്ട് ചെരിച്ചു മറ്റേ കയ്യില്‍ വെള്ളം ശേഖരിച്ചു കുടിച്ചു കൊണ്ടിരുന്നു. അവനെ കാത്തു നിന്ന എന്നോടവന്‍ പറഞ്ഞു "നീ നടന്നോ ഞാന്‍ വരാം"....
ഞാന്‍ വേഗത്തില്‍ ക്ലാസ്സിലേക്ക് നടന്നു.
നെല്ലിക്ക തിന്നതിനുശേഷം വെള്ളം കുടിച്ചത് കൊണ്ട് വായിലിപ്പോള്‍ ചെറിയ മധുരമുണ്ട്. ക്ഷീണം തീര്‍ന്ന ഞാന്‍ ക്ലാസ്സിനകത്തെക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍ ദേവകി ടീച്ചര്‍ സ്റ്റാഫ് റൂമിന്റെ വാതിലിലൂടെ പുറത്തേക്ക് വന്നു....തിരിഞ്ഞു നോക്കുമ്പോള്‍ സുകുവും എന്റെ പിന്നിലെത്തിയിരിക്കുന്നു. നെല്ലിക്ക തിന്ന മധുരമുള്ള ചിന്തയുമായി ഞാന്‍ മെല്ലെയെന്റെ സീറ്റില്‍ ചെന്നിരുന്നു.
ബാലകൃഷ്ണന്‍ നായര്‍ വീണ്ടും ക്ലാസ്സ് കൂടുന്നതിന്റെ ബെല്ലടിച്ചു. മണിനാദം വെള്ളറക്കാട് വിവേക സാഗരം അപ്പര്‍ പ്രൈമറി സ്കൂളിന്റെ മതിലിനകത്തും പുറത്തും ഒരുപോലെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പ്രധാന സെന്റെറായ മനപ്പടിയും കടന്നാകാശത്തി്‍ലങ്ങിനെ ലയിച്ചു ചേര്‍ന്നു!!
No comments:
Post a Comment