രാവിലെ എണീറ്റങ്ങനെ പ്രകൃതിയുടെ പുതിയ വിടര്ന്ന മുഖം നോക്കിയിരിക്കുമ്പോഴാണ് മയിലിന്റെ കൂജനം കേട്ടത്. ഫോടോഗ്രഫിയിലും ചിത്രകലയിലും താല്പ്പര്യമുള്ള മുംബൈവാസിയായ ബ്രദര് ഇന് ലോ പറഞ്ഞു നമ്മുക്കാ മയിലിനെ നോക്കി പോയാലോയെന്ന്. കുറെ ദിവസമായി ഞാനൊരു മയിലിന്റെ ക്ലോസ്പ്പ് നോക്കി നടക്കുന്നു. അദ്ദേഹം തന്റെ ഹൈടെക്ക് ക്യാമറയുമായി ഇറങ്ങി. ഒപ്പം മുണ്ട് മടക്കി കുത്തി ഞാനും. ഞങ്ങളിന്ന് മയിലിന്റെ ക്ലോസ്പ്പ് ഫോട്ടം പിടിച്ചു നാഷണല് ജ്യോഗ്രഫി മാഗസിനിലേക്കയച്ചു കൊടുക്കുമെന്നുള്ള രീതിയിലങ്ങിനെ നോക്കി നടക്കുമ്പോള് പെട്ടെന്നൊരു വീടിന്റെ മുന്പിലെത്തിയതും മയിലിന്റെ ഉറക്കെയുള്ള കരച്ചില് കേട്ട് ഞങ്ങള് ഉത്സാഹഭാരിതരായി നിന്നു. ആള് താമസമില്ലാത്ത ഒരു വീടാണെന്നു തോന്നും വിധം പറമ്പുകളെല്ലാം കാട് പിടിച്ചു കിടക്കുന്നു. ഗേറ്റ് നോക്കിയപ്പോള് പുറത്തു നിന്നു പൂട്ടിയിരിക്കുന്നു. മതില് ചാടാന് തയാറായ അദ്ദേഹത്തെ ഞാന് പിന്തിരിപ്പിച്ചു. പരിചയമില്ലാത്ത സ്ഥലമായത് കൊണ്ട് വല്ല പുലിവാലും പിടിച്ചാലോയെന്നുള്ള എന്റെ ബോധവല്ക്കരണത്തില് അദ്ദേഹം സംശയിച്ചു നില്ക്കെ അതാ മയില് മുന്നോട്ടു പോയി അപ്പുറത്തെ പറമ്പില് നിന്നു കരഞ്ഞു തീര്ക്കുന്നു. വീണ്ടും മയിലിനെ തേടി നടന്ന ഞങ്ങള് നിരാശരായി നടന്നവസാനം അദ്ദേഹത്തിനു കുറച്ചു കൊക്കുകളെയും ഒരു കുയിലിനേയും പിന്നെ കേരളത്തിനു മാത്രം കനിഞ്ഞു നല്കിയ പച്ച ഭൂപ്രകൃതിയുമടങ്ങുന്ന കുറച്ചു ഫ്രെയിമുകള് മാത്രം ക്ലിക്കി സംതൃപ്തി അടയെണ്ടി വന്നു.
സത്യത്തില് ഫോട്ടോഗ്രഫിയില് ഒട്ടും താല്പ്പര്യമില്ലാത്ത ഞാനൊപ്പം കൂടിയത് തന്നെ മയില്വേട്ട കഴിഞ്ഞാല് അപ്പുറത്തുള്ള ഓലകെട്ടി മറച്ച ചായ പീടികയില് നിന്നു രാവിലെ തന്നെ ഒരുഗ്രന് ചായ കുടിക്കാമെന്ന് കരുതിയാണ്. കേരളത്തില് വന്നതിനു ശേഷം ചായ രുചിച്ചുവെങ്കിലും ഓലകെട്ടിയ ചായ്പ്പില് കവുങ്ങ് കൊണ്ട് തീര്ത്ത ബെഞ്ചിലിരുന്നങ്ങിനെ പ്രകൃതിയെ നോക്കി ഒട്ടും നഗരപരിഷ്കാരമില്ലാതെ തികച്ചും ഗ്രാമീണ ശൈലിയിലങ്ങനെ ചായ ഊതി ഊതി കുടിക്കുന്നതിന്റെ രസമൊന്ന് വേറെ തന്നെയാണ്. മാത്രവുമല്ല യഥാര്ത്ഥത്തില് കേരളത്തില് ചായയുണ്ടാക്കുന്ന ആ രീതിയാണ് ശരിയായ രീതിയെന്നു എനിക്കെപ്പോഴും തോന്നാറുണ്ട്. മറ്റുള്ള സ്ഥലങ്ങളില് ചായയുണ്ടാക്കുന്നതു ചായപ്പൊടിയും പാലും പഞ്ചസാരയും ഒന്നിച്ചു ചേര്ത്തു തിളപ്പിക്കുന്ന രീതിയിലാണ്. ചായപ്പൊടിയിട്ട് വെള്ളം തിളപ്പിക്കുമ്പോള് അതിലടങ്ങിയിരിക്കുന്ന മറ്റു രാസവസ്തുക്കള്ളും തിളപ്പിക്കുന്നതിനനുസരിച്ചു വിഘടിച്ചു ചായയില് ചേരുന്നത് കൊണ്ട് യഥാര്ത്തമായ ആ ചായയുടെ മാത്രം സ്വാദു ലഭിക്കുന്നില്ല. കേരളത്തില് പ്രചാരത്തിലുള്ള ആ ചായ ബോയിലെര് രീതി എവിടെ നിന്നു കിട്ടിയെന്നു ഞാന് പലപ്പോഴുമാലോചിക്കാറുണ്ട്. തിളപ്പിച്ച വെള്ളത്തില് ചായയുടെ സത്ത് ചേര്ത്തു പാകത്തിന് പാലും പഞ്ചസാരയും ചേര്ക്കുന്ന ആ രീതിയില് ചായ ഉണ്ടാക്കുമ്പോള് ലഭിക്കുന്ന ആ സ്വാദ് മറ്റേതു രീതിയില് ഉണ്ടാക്കുമ്പോഴും ലഭിക്കുന്നില്ല എന്നുള്ളതാന് വസ്തുത. ഞങ്ങള് രണ്ടു പേരും ഓരോ ചായ കുടിച്ചു തീര്ത്ത് മുഖത്തോടുമുഖം നോക്കി. ചായ ഓരോന്നുകൂടിയായാലോ എന്നു ഞാന് പറഞ്ഞപ്പോള് അദ്ദേഹമത് എന്നോട് പറയാനിരിക്കുകയായിരുന്നുവത്രേ!!! അങ്ങിനെ രണ്ടു ചായയും പത്തിരി വടയും (കേരളത്തില് കണ്ട ഒരു പുതിയ പലഹാരം, അറിയാവുന്നവര് അതെങ്ങിനെ ഉണ്ടാക്കും എന്നറിയിക്കുക) കഴിച്ചു സംതൃപ്തിയും അടഞ്ഞിരിക്കുമ്പോഴതാ വീണ്ടും അപ്പുറത്തെ പറമ്പിലൂടെ മയില് കരഞ്ഞു കൊണ്ട് പോകുന്നു. ചായയുടെ സംതൃപ്തിയിലായിരുന്ന "ഫോട്ടോഗ്രാഫര്" വീണ്ടുമൊരു മയില് ഫോക്കസിന് തുനിഞ്ഞില്ല
No comments:
Post a Comment