ഗുരുവായൂരിന്റെ കാറ്റിനെന്തോ സുഗന്ധമുണ്ട്. ക്ഷത്രപരിസരം ആത്മീയോര്ജ്ജദായകവുമാണ്. ശബരിമലയില് നിറയാത്ത... ഷിര്ദ്ദി സായിബാബ നടയില് ലഭിക്കാത്ത... വൈഷ്ണവദേവി സന്നിധിയില് വിരിയാത്ത... മധുരയില് മധുരിക്കാത്ത..അജ്മീര് ദര്ഗ്ഗയില് വീശാത്ത... അല്ലെങ്കില് മറ്റനേകം പ്രശസ്തവും അല്ലാത്തതുമായ ക്ഷേത്രപരിസരിങ്ങളിലെനിക്ക് ലഭിക്കാത്ത ആ ഊര്ജ്ജസ്രോതസ്സ് ഗുരുവായൂരിന്റെതുമാത്രമായ അന്തരീക്ഷ്ത്തിലെവിടെയോ തങ്ങിനില്ക്കുന്നു. ഒരു വാദത്തിനു വേണമെങ്കില് പറയാം അത് പരിചയിച്ച ഒരു സ്ഥലമായത് കൊണ്ടാവാമെന്നുള്ളത്. പക്ഷെ അതുപൂര്ണ്ണമായും ശരിയാണെന്നെനിക്ക് തോന്നുന്നില്ല. ഈശ്വരഭക്തിയെന്ന ആ മനശാസ്ത്ര പരികല്പ്പനവേദിക്കുമപ്പുറം ഗുരുവായൂരെന്നുന്നുള്ളത് ശരിക്കുമൊരു ആത്മീയ ഫ്രീക്ക് ഔട്ട് സ്ഥലം കൂടിയാണെന്നാനെന്റെ അനുഭവം. വിസ്ത്രിതമായ ആ നടപ്പാതകളില് നിങ്ങള് നടന്നു നീങ്ങുമ്പോള് അന്തരീക്ഷത്തിലെവെടിയോ തങ്ങി നില്ക്കുന്ന ആ അനുഭൂതി നിങ്ങളെ പ്രത്യക മാസ്മരിക വലയിത്തിലാക്കുന്നു. പ്രത്യകിച്ചു സായം സന്ധ്യകളില് ഗുരുവായൂരില് നിറയുന്ന സുഗന്ധവും വിരിയുന്ന പ്രഭാപൂരിത അന്തരീക്ഷ മണ്ഡലവും പ്രത്യകമെടുത്തു പറയേണ്ടതാണ്. കിഴക്കേ നടയിലൂടെ നടന്നു മഞ്ജുളാലും കടന്നു പാര്ത്ഥസാരഥി ക്ഷേത്ര്രം വരെയുള്ള ആ ദൂരവും വടക്ക് പടിഞ്ഞാറ് മമ്മിയൂര് ശിവക്ഷേത്രം വരെയുള്ള ആ ക്ഷത്ര ചുറ്റളവ് തികച്ചും ഗുരുവായൂരിന്റെ ആത്മീയ പ്രഭാപൂരിത പ്രദേശമാവുന്നു.
ദര്ശനത്തിനു ശേഷം കിഴക്കെനടയിലൂടെ നടന്നു നീങ്ങുമ്പോള് പതിവിനു വിപരീതമായി കല്യാണമണ്ഡപങ്ങളെല്ലാം തന്നെ വിജനമായി കിടക്കുന്നത് കണ്ടു. കേരളീയ സമൂഹത്തില് ഇടവമാസമൊരു പഞ്ഞമാസവും നനഞ്ഞ മാസവുമായത് കൊണ്ട് ഒരു പക്ഷെ പുതിയ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് അത്തരമൊരു മാന്ദ്യകാലത്ത് നല്ലതിനല്ലയെന്നുള്ളതും കൂടി കൊണ്ടാവാം വിവാഹങ്ങളെല്ലാം മംഗളമാസങ്ങളിലെ ശുഭ മുഹൂര്ത്തങ്ങളിലെക്കായി നീട്ടിവെച്ചിരിക്കുന്നത്. ഗുരുവായൂരിന്റെ കലാ - സാംസ്കാരിക പാരമ്പര്യത്തില് കൃഷ്നാട്ടാവും ചുമര് ചിത്രകലയും വേരുറച്ചിരിക്കുന്നു. സംഗീതത്തിന്റെയും കലകളുടെയും സമൂര്ത്ത രൂപ ഭാവമാണ് ഭഗവാന് കൃഷ്ണനെന്നുള്ള വിശ്വാസവും കൂടിയാവാം ഒരുപക്ഷെ കലകളുടെ അരങ്ങേറ്റത്തിനായി എല്ലാവരും ഭഗവല് സന്നിധിയില് തന്നെ വന്നു ചേരുന്നത്. കിഴക്കേ നടയിലുള്ള മേല്പ്പത്തൂര് ഓഡിറ്റോറിയത്തില് എപ്പോഴും ആരുടെയെങ്കിലുമൊക്കെ അരങ്ങേറ്റം നടന്നു കൊണ്ടിരിക്കും.
മിഴാവിന്റെ മിഴിവാര്ന്ന താളലയത്തില് മയങ്ങിയാണ് ഞാന് ഓഡിറ്റോറിയത്തിലേക്ക് കയറിയത്. എത്രയോ കാലത്തിനു ശേഷം കേട്ട മിഴാവ് വാദ്യ സംഗീതം പണ്ടെങ്ങോ കേട്ടുമറന്ന വെള്ളറക്കാട് ദേശത്തെ ശ്രീരാമ സ്വാമി ക്ഷേത്രത്തില് നടത്താറുള്ള ചാക്യാര് കൂത്തിനെ ഓര്മ്മിപ്പിച്ചു. ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന ഒരു നങ്ങ്യാര്ക്കൂത്തിന്റെ മുന്നോടിയായിട്ടായിരുന്നു ആ വാദ്യപ്രകടനം അരങ്ങേറിയത്. നങ്ങ്യാര്ക്കൂത്തിന്റെ കഥാഗതിയെ കുറിച്ച് അവതാരകന് പ്രതിപാദിക്കുമ്പോഴാണ് ഞാന് എന്റെയടുത്ത സീറ്റിലിരുന്ന ആ വൃദ്ധനെ ശ്രദ്ടിച്ചത്. മുഷിഞ്ഞ മുണ്ടും നരച്ച മുടിയും കുഴിഞ്ഞ കണ്ണുകളും നിറഞ്ഞ ആ രൂപമെങ്ങിനെ നങ്ങ്യാര്ക്കൂത്തിന്റെ സദസ്സിലെത്തിയെന്നു ചിന്തിച്ചു ഞാന് വെറുതെ അപ്പുറത്തെ സീറ്റിലേക്കും നോക്കി. കുളിച്ചു നീണ്ട കുറിയിട്ട നിറം മങ്ങിയ വസ്ത്രങ്ങള് ധരിച്ച വേറൊരു വൃദ്ധ. ജീവിതത്തിന്റെ അവസാന കാലഘട്ടത്തില് പ്രവേശിച്ച ഇവരൊക്കെ ഈ നേരത്തത് ഇവിടെയിരുന്നു നങ്ങ്യാര്ക്കൂത്ത് കാണുന്നോ?? പെട്ടെന്നുണ്ടാണ്ടായ ഒരു തിരിച്ചറിവില് ഞാന് അപ്പുറത്ത് സീറ്റുകളിലിരിക്കുന്ന എല്ലാ കലാസ്വാദകരെയും മാറി മാറി നോക്കി. അപ്പുറത്തതാ ബുദ്ധിമാന്ദ്യം സംഭവിച്ച മകനെയും അടുത്തിരുത്തി വേറൊരു വൃദ്ധ. നിറഞ്ഞിരുന്ന സീറ്റുകളില് ഓരോന്നായി ഞാന് സസൂക്ഷ്മം വീക്ഷിച്ചു. ഓഡിറ്റൊറിയത്തിലെ മുന്വരിയിലെ കുറച്ചു പേരോഴിച്ചു ബാക്കിയുള്ള സീറ്റുകളില് നിറഞ്ഞിരിക്കുന്ന ആസ്വാദകരെല്ലാം തന്നെ വൃദ്ധകളോ വൃദ്ധന്മാരോ അല്ലെങ്കില് ബുദ്ധിമാന്ദ്യം കുറഞ്ഞവരോ സമൂഹത്തില് ഉപേക്ഷിക്കപ്പെട്ടവരോ മാത്രം. ശരിക്കുള്ള കലാസ്വാദകര് ഇല്ലെന്നു തന്നെ പറയാം.
കത്തിച്ചു വെച്ച നിലവിളക്കിനെ വണങ്ങി ക്ഷേത്രനടയിലേക്കു നോക്കി ഗുരുവായൂരപ്പനെ തൊഴുതു ചെറുപ്പക്കാരിയായ ആ നങ്ങ്യാരമ്മ തന്റെ ഭാവ-തീവ്രതയിലുള്ള മുദ്രകള് ആരംഭിച്ചു. എന്റെ മനസ്സിലപ്പോഴും കാണികളായിരിക്കുന്ന ആ അവശ വൃദ്ധന്മാരെയും അമ്മമാരെയും കുറിച്ചായിരുന്നു ചിന്ത. കലയെ ആസ്വദിക്കാന് തക്ക ജീവിത പരിവേഷമില്ലാത്ത അവര് എങ്ങിനെ ഈ ഓഡിറ്റൊറിയത്തില് വന്നെത്തിയെന്നുള്ള ചിന്തയില് എന്റെ മനസ്സലഞ്ഞു. സ്റെജില് ഇപ്പോള് വീണ്ടും അയാള് മിഴാവ് കൊട്ടുകയാണ്....എന്റെ മനസ്സില് ഇത്രയധികം അശരണര് എങ്ങിനെയിവിടെ വന്നെത്തിയെന്നുള്ള മിഴാവ് വാദ്യ താളമായിരുന്നു. നങ്ങ്യാര്ക്കൂത്തില് ശ്രദ്ദിക്കാതെ ചിന്തകളില് വേലിയേറ്റം നടന്നപ്പോള് ആരോടെങ്കിലും എന്തെങ്കിലും പറയണമെന്നുള്ള ഉത്കണ്ടയില് അടുത്തു നിന്നിരുന്ന മാന്യനെന്നു തോന്നിക്കുന്ന ആ മദ്ധ്യവയസ്സായ ആ കലാസ്നേഹിയോടു ഞാനാരാഞ്ഞു....
അയാള് ചോദിച്ചു ...."നിങ്ങള് ഗുരുവായൂരില് പുതിയതാണോ"....അല്ല എന്നു ഞാന് പറഞ്ഞു....പക്ഷെ കേരളത്തിലല്ല സ്ഥിരതാമസമെന്നു പറഞ്ഞു.
അയാള് തുടര്ന്നു...."ഇതിപ്പോ കുറെക്കാലമായി ഇവിടെ ഇങ്ങിനെയായിട്ട് . ഈ കാണുന്ന പല വൃദ്ധരേയും അവരുടെ സ്വന്തം ആളുകള് തന്നെ ഇവിടെ ഉപേക്ഷിച്ചു പോയതായിരിക്കും. കുറെപേര് മറ്റു ദിക്കില് നിന്ന് താനേ വന്നടിയുന്നവരും. ഗുരുവായൂരില് ദിവസവും അന്നദാനമുള്ളത് കൊണ്ട് ഇവരൊന്നും പട്ടിണി കിടന്നു മരിക്കില്ല എന്നുള്ള ഉറപ്പു കൊണ്ടാവാം കണ്ണില് ചോരയില്ലാത്ത ഈ പരിപാടി ആളുകള് ചെയ്യുന്നത്." അയാള് സ്വല്പ്പം ദേഷ്യത്തില് തന്നെയായിരുന്നു. എന്തോ എന്റെ ചോദ്യങ്ങള് അയാളെ വൃണപ്പെടുത്തിയെന്നു തോന്നി. അയാള് പിന്നീട് സ്റെജില് നടക്കുന്ന പരിപാടി കാണാതെ മുന്നോട്ടു നടന്നു പോയി. സ്റെജിലിപ്പോഴും കൂത്ത് നടക്കുന്നുണ്ടായിരുന്നു. എന്റെ മുന്നിലിരുന്ന ആ വൃദ്ധ മാതാവും അവുര്ടെ മന്ദബുദ്ധിയായ മകനും നങ്ങ്യാര്കൂത്ത് കാണുകയായിരുന്നില്ല അവര് ഉറങ്ങുകയായിരുന്നു ഭഗവാന്റെ നടയില് തങ്ങള് സുരക്ഷിതരാണെന്നുള്ള വിശ്വാസത്തില്. കൂത്തില് വീണ്ടും മിഴാവു ആഞ്ഞു കൊട്ടികൊണ്ടിരുന്നു. ഞാന് മെല്ലെ പോകാനായി എണീറ്റു നിന്നു. വീണ്ടുമൊന്നു കൂടി സദസ്സിനെ ഗൌരവ്വമായി വീക്ഷിച്ചു...അതെ ആ അശരണായവരെല്ലാം ഓഡിറ്റൊറിയത്തിന്റെ ഫാന് ചുവട്ടില് സുഖമായുറങ്ങുകയാണ് ഭഗവാന്റെ തൃപ്പാദത്തില് ഇനിയുള്ള കാലം തങ്ങള് സുരക്ഷിതരാണെന്നുള്ള വിശ്വാസത്തില്.
തിരികെ നടക്കുമ്പോള് എന്റെ മനസ്സു പറഞ്ഞു.... ഗുരുവായൂരിന്റെ പുതിയ ആത്മീയ അനുഭൂതിയില് അശരണരുടെ രോദനത്തിന്റെ മാറ്റൊലി കൂടി ചേര്ന്നിട്ടുണ്ടോ??....കൃഷ്ണാ നീയവരെ കാത്തുകൊള്ളേണമേ.....ഒരുത്തരം കിട്ടാതെ ഞാന് നടന്നകന്നു.
No comments:
Post a Comment