കമ്പനി ആഗോള ഭീമനായതു കൊണ്ട് ഒരു ഫ്ലോർ മുഴുവൻ ഭോജന ശാലയ്ക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നു. നിരത്തി വെച്ചിരിക്കുന്ന ഭക്ഷണങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും ചൈനയുടെ വിഭവങ്ങൾ തന്നെയാണധികവും . ഒരു മൂലയ്ക്ക് ഇന്ത്യൻ ഭക്ഷണം നല്കുന്ന ഒരു കൌണ്ടർ കൂടി ഉണ്ട്. രുചി ഒഴിച്ച് ബാക്കി എല്ലാം നല്ല വൃത്തിയിലാണ് എന്നുള്ളത് മാത്രം എടുത്തു പറയേണ്ടതാണ് . പറയാൻ വന്നത് അതല്ല ഇവിടുത്തുകാർ അധികവും ചോറിനൊപ്പം മസാലയോന്നും ഇല്ലാത്ത കുറെ ഇറച്ചി കഷ്ണങ്ങളും പിന്നെ പച്ചക്കളർ മാറാത്ത കുറെ പച്ചക്കറികളും കൂടെ കഴിക്കുന്നു ..... മറ്റു ചിലര് വെള്ളത്തിൽ നിന്ന് ഞാഞ്ഞൂളിനെ വലിക്കുന്ന മാതിരി എന്തോ വടി കൊണ്ട് കോരിയെടുത്തു കുടിക്കുന്നു / കഴിക്കുന്നു.
ഒരു ദിവസം എന്റെ മുന്നിൽ വലതു വശത്തായി ഇരുന്നിരുന്ന ഒരുവന്റെ മുന്നില് സുപ്ലയർ മുളകൊണ്ടുള്ള ഒരു കൂട കൊണ്ട് വന്നു വെച്ചു. നാട്ടിലായിരുന്നപ്പോൾ അത്തരം കൂടകൾ ഞാൻ കണ്ടിട്ടുള്ളത് പാമ്പാട്ടിയുടെ കയ്യിലാണ് എന്നാൽ ഇവിടെ കൊണ്ട് വന്നു വെച്ച ആ കൂടയിൽ നിന്ന് ആവി പറക്കുന്നുണ്ട്...തീര്ച്ചയായും അത് എന്തോ ഭക്ഷണമായിരിക്കും എന്നുള്ളത് ഉറപ്പാണ് .....ദൈവമേ ഇനി പാമ്പിനെയെങ്ങാനും വേവിച്ചു കൊണ്ട് വന്നതായിരിക്കുമോ പ്രത്യക ഡിഷായി....ചൈനക്കാർ പാമ്പും പട്ടിയുമെല്ലാം കഴിക്കുമെന്ന് കേട്ടറിഞ്ഞിട്ടുണ്ട്... ഇതാ ആ സുവർണ്ണാവസരം നേരിട്ട് മുന്നിൽ കാണാൻ പോകുന്നുവന്നു മനസ്സില് പറഞ്ഞു ...ആവി പ റക്കുന്ന ആ മുളം കൂട നല്ല ഭംഗിയുള്ളതായിരുന്നു. സപ്പ്ലയർ ചൈനക്കാരൻ പയ്യന്റെ മുന്നിലത് കൊണ്ട് വന്നു വെച്ച് നടന്നു പോയി...പയ്യന് തന്റെ മൊബൈലിൽ ബിസിയായിരുന്നത് കൊണ്ട് അതിലേക്കു നോക്കുന്നേയില്ല ...ഞാനാണെങ്കിൽ പകുതി ഭക്ഷണം കഴിച്ചിട്ടേയുള്ളൂ ഇനിയിപ്പോൾ വേവിച്ച പാമ്പിനെയൊക്കെ കണ്ടാൽ ബാക്കിയുള്ള ഭക്ഷണം കഴിക്കാൻ കഴിയുമോ എന്നുള്ള ചിന്തയിൽ അതിലേക്കു വീണ്ടും നോക്കണോ നോക്കെണ്ടയോ എന്നുള്ള അര മനസ്സില് ഒരു വേള ധൈര്യ പൂർവ്വം തന്നെ അവൻ കൂട തുറന്നപ്പോൾ ഞാൻ സൂക്ഷ്മപൂര്വ്വം ശ്രദ്ദിച്ചു നോക്കി...ഹാവൂ.....പാമ്പോന്നുമല്ല .... അത് വെറുതെ വേവിച്ച ഇറച്ചി കഷ്ണങ്ങൾ പ്പോലുമായിരുന്നില്ല ഇപ്പോൾ നഗരങ്ങളിലൊക്കെ സുപരിചിതമായ മോമോസോ അതോ അതിന്റെ എന്തോ വക ഭേദമോ മാതിരി എന്തോ ഡിഷ് ആയിരുന്നത്. എന്തിനതു മുളം കൂടിൽ സെർവ് ചെയ്യുന്നു എന്നുള്ളതിന് ഉത്തരം ഇനിയും കണ്ടെത്തെണ്ടതായിട്ടുണ്ട്
വല്ലഭനു പുല്ലും ആയുധം എന്ന് നമ്മൾ പറയാറുണ്ട്....ചൈനകാര്ക്ക് വടിയാണ് (ചോപ് സ്റ്റിക്ക്). വെറുതെ അപ്പുറത്തെ മേശമേലിരുന്നു ഭക്ഷണം കഴിക്കുന്ന ഒരു ചൈനീസ് പയ്യനെ നോക്കി.... അവനതാ ആ രണ്ടു വടികൾ കൊണ്ട് കോഴിക്കാല് പിടിച്ചു വലിച്ചു കടിക്കുന്നു....അവന്റെ ആ ബാലൻസ് കണ്ടു ശരിക്കും അമ്പരന്നു....വേറൊരു ദിവസം ചോറുമായി അടുത്ത മേശമേൽ വന്നിരുന്ന ചൈന ക്കാരാന്റെ ബൌളിൽ ശ്രദ്ധിച്ചപ്പോൾ അവൻ ചോറ് കഴിക്കാൻ സ്പൂണ് കൊണ്ട് വന്നിട്ടില്ല...എനിക്ക് കൗതുകമായി അവനെങ്ങനെ ആ വടികൾ കൊണ്ട് കഴിക്കുമെന്നുള്ളത്. അവനറിയാതെ ഞാനവനെ ഇട കണ്ണിട്ടു നോക്കി....അമ്പമ്പോ....എന്തിനാണ് അവൻ ഇങ്ങിനെ ബുദ്ധിമുട്ടുന്നത് എന്നെനിക്കു തോന്നിപ്പോയി....ഒരു കയ്യ് കൊണ്ട് ബൌൾ കയ്യിലെടുത്തു മറ്റേ കയ്യിൽ ആ രണ്ടു വടികൾ പിടിച്ചു ഒരു പ്രത്യക രീതിയിൽ അവ ചലിപ്പിച്ചു അവൻ ചോറ് വായിലേക്ക് തള്ളിയാക്കുന്നു ...അപാരം തന്നെ അവന്റെ കഴിവെന്നു മനസ്സില് പറഞ്ഞു പോയി....ഇനി ചോപ് സ്റ്റിക്ക് കൊണ്ട് വെള്ളം മുക്കി കുടിക്കുന്ന ആരെങ്കിലുമുണ്ടാവുമോ എന്നുള്ള അന്വേഷണം പുരോഗമിക്കുന്നു...ഈ നിലക്കാണെങ്കിൽ ഉടൻ ആരെയെങ്കിലും കണ്ടുമുട്ടും!!!!
No comments:
Post a Comment