Friday, May 1, 2020

ബോംബെ ഓർമ്മ

സംഭവം കൃത്യമായും നടക്കുന്നത് ക്രിസ്തുവിനു ശേഷമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടില് തന്നെയാണ് .
വര്ഷം കൃത്യമായി പറയുകയാണെങ്കില് 1998 ജനുവരി ഇരുപത്തി നാല്.
അതെ അന്നൊരു ശനിയാഴ്ചയായിരുന്നു. ശനിയുടെ അപഹാരമില്ലാതെ ജീവിതത്തിന്റെ ശുക്രദശയില് മനസ്സും മദിരോത്സവങ്ങളും മദനോത്സവങ്ങളുടെ നിറച്ചാര്ത്തായി നിറഞ്ഞു നിന്നിരുന്ന യൌവ്വനക്കാലം. ബോംബയിലെ തെരുവുകളില് രാത്രികള് പകലുകളാക്കി ബോധതലങ്ങള് "അബോധാവസ്ഥയിലാക്കി" ലോക്കല് ട്രെയിനിന്റെ ഇരമ്പലുകള് തലച്ചോറിന്റെ സംഗീതമാക്കി കുതിച്ചു പായുന്ന ദിനരാത്രങ്ങളെ വെറും നൈമിഷികങ്ങളാക്കി ജീവന്റെ അസ്തിത്വ ദുഖത്തെയെപ്പോഴും "കുപ്പിയിലാക്കി" യങ്ങിനെ അരങ്ങു തകര്ക്കും കാലം.
എന്റെ വളരെ അടുത്ത സുഹൃത്തും "ദാര്ശനിക" തലത്തില് സാമാന്തര തലങ്ങള് കൈ കൊള്ളൂന്നവനുമായ അവനന്ന് നഗരത്തിന്റെ വ ര്ണ്ണപ്പൊലിമയില് ആഴ്ചയവധിയുടെ വിരസതയകറ്റാന് ജോലി ചെയ്യുന്ന ഗുജറാത്ത് ദേശത്ത് നിന്ന് വിരുന്നു വന്ന ദിവസം. വൈകുന്നേരങ്ങളില് ഞങ്ങള് പുറത്തിറങ്ങിയാല് പരസ്പര ആശയ വിനിമയം കൂടാതെ തന്നെ കാലുകള് ഒരേ "ലക്ഷ്യത്തിലേക്ക്" നടന്നു നീങ്ങിയിരുന്ന സുവര്ണ്ണകാലം. അന്നൊരു ദിനത്തില് നഗരത്തിലെതാണ്ട് അര നൂറ്റാണ്ട് ജീവിതം പിന്നിട്ട തട്ടകത്തെ ഒരു പ്രമുഖ വ്യക്തിയെ അദ്ദേഹത്തിന്റെ ഭവനത്തില് സന്ദര്ശിച്ച് അദ്ദേഹത്തിന്റെ ജീവിത ദര്ശനങ്ങളിലെ പൊരുളുകള് ചര്ച്ച ചെയ്തവസാനം ചെന്നെത്തിയത് വൈകുന്നേരങ്ങളിലെ ഏതോ ഒരു വഴിയമ്പലത്തില്. പരസ്പര വചന പ്രഘോഷണങ്ങള്ക്ക് കരുത്തേകാന് ആസക്തിയുടെ ആസവങ്ങള്ക്ക് ഓര്ഡര് കൊടുത്ത്കൊണ്ട് രണ്ടു കസേരകളില് സ്ഥാനം പിടിച്ചു ഞങ്ങളിരുന്നു . ഒരു നഗരത്തിന്റെ മുഴുവന് തിരക്കും വൈകുന്നേരങ്ങളില് തമ്പടിക്കുന്നത്‌ ഈ വഴിയമ്ബലങ്ങളിലാണോയെന്നുള്ള രീതിയിലായിരുന്നു ഉള്ളിലെ തിരക്ക്. മുന്നില് കൊണ്ട് വന്നു വെച്ച പപ്പടത്തിന്റെയും കടലയുടെയും ഉപ്പു രസം നാവിന്റെ രസമുകുളങ്ങളെ ഉണര്ത്തുമ്പോഴേക്കും പരിചാരകന് ജീവന്റെ ആഴത്തെ തൊട്ടറിയാനുള്ള "രാസദ്രവങ്ങള്" മേശമേല് നിരത്തിയിരുന്നു. സ്ഫടിക ഗ്ലാസിലെ നിറമുള്ള പാനീയത്തിന്റെ നിറച്ചാര്ത്തില് മനം നീരാടി കൊണ്ടിരിക്കുമ്പോള് ഞങ്ങള് പ്രാദേശികവും ദേശിയവും അന്തര്ദേശിയവുമായ രാഷ്ട്രീയ അവലോകനം നടത്തി അവസാനം യൌവ്വനത്തിന്റെ ഉള്തുടിപ്പിന്റെ വിഷയമായ പ്രണയവര്ണ്ണത്തിന്റെയും സ്ത്രീ പുരുഷ സൌഹൃദത്തിന്റെയും അറിയാത്ത നിഗൂഡ തലങ്ങളെ സ്പര്ശിച്ചു കൊണ്ടാണ് അന്നത്തെ പാതിരാ ചര്ച്ച അവസാനിപ്പിച്ചത്. അവസാന ട്രയിനിറെ അവസാന ബോഗിയില് കയറുമ്പോള് താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചു പോകാമെന്നുള്ള നിഗമനമായിരുന്നെങ്കിലും ബോധങ്ങളും ബോധ്യങ്ങളും പെട്ടെന്ന് മാറ്റിയെടുക്കാന് "അകത്തു" നിന്നവന് കല്പ്പിച്ചു. അങ്ങിനെ അവസാന ട്രെയിന് അവസാനിക്കുന്ന സ്റൊപ്പിന്റെ തൊട്ടു മുന്പിലെ സ്റ്റോപ്പില് ഞങ്ങളിറങ്ങി രാത്രിയുടെ വഴി വെളിച്ചത്തില് മറ്റൊരു സുഹൃത്തിന്റെ വീട് ലക്ഷ്യമാക്കി നടന്നു. നടവഴിയിലെ "മരുന്നുശാലയില്" നിന്നു സുഹൃത്തിനും വീണ്ടും ഞങ്ങള്ക്കും മറ്റൊരാവര്ത്തി കൂടി താളവട്ടം കൊട്ടി കയറാന് വേണ്ട "ഊര്ജ്ജദ്രവത്തെ" കൈക്കലാക്കാമെന്നുള്ള ചിന്തകള്ക്ക് മങ്ങലേല്പ്പിച്ചു കൊണ്ടവര് പാണ്ടിക ശാലയുടെ അവസാന പാളിയും അടച്ചു താഴിട്ടു കൊണ്ടിരുന്നന്നേരം. നിരാശയുടെ മൂടുപടമണിഞ്ഞെങ്കിലും മുന്നേ അകത്തു പ്രവേശിച്ഛവരെല്ലാം ശക്തിയായി പ്രവര്ത്തിച്ചപ്പോള് വന് കുടലും ചെറു കുടലും അന്നനാളവും ആമാശയവുമെല്ലാം വിശപ്പിന്റെ ഗാഥകള് ഒരേ താളത്തില് ഏറ്റുപാടാന് തുടങ്ങിയിരുന്നു.
അലസതക്ക്‌ ഒരു പേര് കൊടുത്താല് അത് അവനായി തീരുമെന്നുള്ള രീതിയിലായിരുന്നു ചെന്ന് കയറിയ സുഹൃത്തിന്റെ ജീവിതദര്ശനങ്ങള് . ഭക്ഷണം എന്നുള്ളത് ജീവന്റെ പ്രധാന ഘടകമല്ല എന്നുള്ളതും കിട്ടുമ്പോള് കഴിക്കുക അല്ലെങ്കിലിനി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ചിന്തയുടെ മൂര്ത്തീ ഭാവമായിരുന്നവന്. വൈകിയ ഈ വേളയില് ഇനിയിപ്പോള് എന്ത് രാത്രി ഭക്ഷണം എന്ന നിലയില് ഉഭയ സമ്മതത്തിലെത്തിയ അവര് രണ്ടു പേരും ആത്മാവിനു പുകയര്പ്പണം നടത്തി കൊണ്ട് എന്റെ വിശപ്പിന്റെ ഗതിയെ തിരിച്ചു വിടാന് ശ്രമിച്ചു കൊണ്ടിരുന്നു. നഗരം ഒരു ദിവസത്തെ ക്ഷീണവും പേറി അര്ദ്ധ രാത്രിയുടെ നിശബ്ദ തലങ്ങളിലേക്ക് പ്രവേശിച്ചിരുന്നു അന്നേരം . ആസക്തിയുടെ ദ്രവങ്ങള് വീണ്ടും ശക്തിയായി ഉള്ളില് മദിച്ചപ്പോള് ഞാന് വെറുതെ ചുമരിലെ ക്ലോക്കില് നോക്കി നിര്വികാരനായി നിന്നു. രാത്രിയുടെ ഈ വൈകിയ വേളയില് നഗരത്തിന്റെ അതിര്ത്തി കോണിലുള്ള ഈ കൊച്ചു പ്രദേശത്തിനി ഭക്ഷണ ശാലകള് ഒന്നും തന്നെ തുറന്നിരിക്കില്ല എന്നുള്ള ഉറപ്പു വരുത്തലുകള് കൂടിയായപ്പോള് വിശപ്പിന്റെ അതിജീവനത്തിനു വേണ്ടിയുള്ള ഊര്ജ്ജമേന്നെ പിടി കൂടി. വിശന്നിരുന്ന ഒരു കാലത്തിന്റെ നാളുകള് ഓര്മ്മയില് തെളിഞ്ഞപ്പോള് അത് സാമൂഹ്യ പ്രതിഭാസത്തിന്റെ ഭാഗമായി വന്നതാണെന്നും ഇന്ന് താന് വിശന്നിരിക്കേണ്ട സാമൂഹികവും സാമ്പത്തികവുമായ സാഹചര്യമില്ലെന്ന യുക്തിചിന്ത മനസ്സില് രൌദ്ര ഭാവം പൂണ്ടപ്പോള് ഞാന് ആ വീട്ടിലെ അടുക്കളയുടെ വഴിയിടങ്ങള് തേടി യാത്രയാവുകയായിരുന്നു. സുഹൃത്തുക്കളപ്പോഴും ആത്മാവിന്റെ വാതായനങ്ങള് തുറന്നു പുകയെ അകത്തേക്ക് തള്ളി കയറ്റി കൊണ്ടിരുന്നു.
കത്തിച്ച സ്ടവ്വില് കുക്കര് വെക്കുമ്പോള് കൈകളുടെ പ്രവര്ത്തനം ത്വരിത ഗതിയിലാകുകയായിരുന്നു. ഫ്രിട്ജൂ തുറന്നു കിട്ടിയ പച്ചക്കറികള് എല്ലാം തന്നെ വേഗത്തില് മുറിച്ചു ചൂടുള്ള എണ്ണയില് നന്നായി ഫ്രൈ ചെയ്തു അരിയിട്ട് വീണ്ടുമൊന്നുകൂടി ഫ്രൈ ചെയ്യുമ്പോള് മൂക്കില് തുളച്ചു കയറിയ മണം ആസ്വദിച്ച് സുഹൃത്തുക്കള് ഒന്നായി മൊഴിഞ്ഞു "നീയെന്താ അര്ദ്ധ രാത്രിയില് സദ്യ ഒരുക്കുകയാണോ" എന്നുള്ള രീതിയില്. കുക്കറടച്ചു അടുത്തെയടുപ്പില് പപ്പടവും കാച്ചി ഞാന് പുറത്തു വന്നു നില്ക്കുമ്പോള് രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് അകത്തു നിന്ന് വിശപ്പിന്റെ വിളിയകറ്റാനുള്ള കുക്കറിന്റെ വിസില് മൂളി കൊണ്ടിരുന്നു. ആവിമുഴുവനും അകന്നു പോയ കുക്കര് തുറക്കുമ്പോള് മനസ്സിന്റെയും മുഖത്തിനെയും പ്രകാശമൊരുപ്പോലെ തിളങ്ങി നിന്നു. പുലാവ് മൂന്ന് പ്ലേറ്റില് ഭാഗിച്ചു പപ്പടവും അച്ചാറും ചേര്ത്തു സുഹൃത്തുകള്ക്കു നല്കുമ്പോള് അവരുടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷവും അതിശയവും . ചുമരിലെ ക്ലോക്കിലെ സൂചികളപ്പോള് രണ്ടുമണിയെ പ്രാപിച്ചു കഴിഞ്ഞിരുന്നു. വെജിറ്റബിള് പുലാവിന്റെ ആദ്യ ശകലങ്ങള് നാവില് തട്ടിയപ്പോള് മനസ്സില് പറഞ്ഞു " ഈ ചന്തുവിനെ കൊല്ലാം പക്ഷെ തോല്പ്പിക്കാനാവില്ല" അതിജീവന കലയില്... 🙂
ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് സ്നേഹത്തോടെയും ദയാപൂര്വ്വവും എന്നോട് ചോദിച്ചു "ഭക്ഷണം എല്ലാം ഒറ്റയ്ക്ക് ഉണ്ടാക്കി കഴിക്കണമല്ലെയെന്നു പറഞ്ഞപ്പോഴാണ് ഈ കഥ പെട്ടെന്നോര്മ്മ വന്നത്. സമര്പ്പണം അവര്ക്കായി..... 🙂

No comments: