യവ്വനകാലം തിരസ്കാരതിന്റെയും കൂടി കാലമാണ്. ആരെയും വകവെക്കാതെ ഒന്നിനെയും കൂസാതെ സകലമാന വ്യവസ്ഥാപിത രീതികളെയും എതിര്ക്കുകയും ഞാന് മാത്രമാണ് ഈ ലോകത്തില് ശരിയെന്നും എന്റെ സ്വാതന്ത്ര്യവും എന്റെ ഇഷ്ടവും മാത്രമാണെല്ലാറ്റിനുമുപരിയെന്നും എനിക്കെല്ലാമറിയാമെന്നുള്ള ഒരു മൂഡസങ്കല്പ്പ ലോകത്തിലെ "ബുദ്ധിമാനാണെന്നു" സ്വയം ചമഞ്ഞു ജീവിക്കുന്ന കാലം.ജീവിതം പിന്നെയുമൊഴുകി കുറെ കഴിയുമ്പോള് ആയുസ്സിന്റെ പുസ്തകതാളുകള് മറിഞ്ഞു മദ്ധ്യഭാഗത്തെത്തുമ്പോള് ചിലപ്പോള് ഇന്നലകളിലെ ഓര്മ്മകളുടെ അയവിറക്കല് അല്ലെങ്കില് ഇന്നലെകളില് താനൊഴുകി തീര്ത്ത ജീവിത പുഴയോഴുക്കിന്റെ കൈവഴികളെ കുറിച്ചുള്ള സ്മരണ പുതുക്കല് ഒരുപക്ഷെ ഇനിയും ഒഴുകി തീര്ക്കാനുള്ള ജീവന്റെ മിനുസമല്ലാത്ത പ്രതലങ്ങളെ മിനുസ്സപ്പെടുത്താനുപകരിക്കും.
അങ്ങിനെയൊരുനാള് അത്താഴത്തിനുശേഷമുള്ള സല്ലാപത്തില് ഞാനമ്മയോട് പിന്നിട്ട വഴികളില് ഞാനെറിഞ്ഞു തീര്ത്ത കൂര്ത്തതായ കല്ലുകളെ കുറിച്ച് ചോദിച്ചു. ഓര്മ്മകളുടെ മണിച്ചെപ്പ് തുറന്നന്ന അമ്മ പറഞ്ഞതില് ഒരെണ്ണമെന്റെ ആത്മാവിന്റെ ആഴങ്ങളില് തറഞ്ഞു നിന്നു. ഹൃദയം മുറിഞ്ഞു ചോര പൊടിയുന്നത് ഞാനമ്മയെ അറിയിച്ചില്ല. അന്നു രാത്രിയില് ഞാനന്നറിയാതെ ചെയ്ത തെറ്റിനെക്കുറിച്ചോര്ത്തെന്റെ മനം പിടഞ്ഞു.
കാലം ഹൈസ്കൂള് അവസാനമോ പ്രീഡിഗ്രി ആദ്യ വര്ഷമോ ആയിരുന്നു. നിത്യജീവിതം തന്നെ മുന്നോട്ടു പോകാനുള്ള തത്രപാടില് ഏരിപൊരി കൊള്ളുന്ന അമ്മയുമായി ഏതോ ഒരു വിഷയത്തില് രാത്രിയില് ഞാനുറഞ്ഞു തുള്ളി. ഞാനാണ് ശരിയെന്നും എന്റെയിഷ്ടം തന്നെ നടക്കണമെന്നുള്ള വാശിയില് തര്ക്കിച്ചു ദേഷ്യത്തില് ഞാന് വാതില് ആഞ്ഞടച്ചു അകത്തു പോയി കിടന്നു. വാതിലിനപ്പുറത്ത് ഉമ്മറപ്പടിയുടെ ഭാഗത്തായി നിന്നിരുന്ന അമ്മയുടെ ഒരു വിരല് അറിയാതെ വാതിലിനിടയില്പ്പെട്ടമര്ന്നു. രാത്രിയില് ദേഷ്യത്തിലകത്തു പോയി കിടന്ന ഞാനതറിഞ്ഞില്ല എന്നുമാത്രമല്ല പിന്നീടു ഈയടുത്തുവരെ (മുപ്പതു വര്ഷത്തിനുള്ളില്) അമ്മ എന്നോടതിനെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നില്ല. അന്നു രാത്രിയില് വിങ്ങി വീര്ത്ത വിരലുമായി അമ്മ ഉറങ്ങിയില്ല എന്നുമാത്രമല്ല രാവിലെയായപ്പോള് വീണ്ടും സാധാരണരീതിയില് തന്റെ ജോലിയില് ഏര്പ്പെടുകയും ചെയ്തു. ഒരുപക്ഷെ അന്ന് ഞാനതറിഞ്ഞാലും ഇത്ര ദുഃഖമനുഭവിക്കില്ല കാരണം അന്നത്തെ എന്തെ ജീവിതശരിയും ഇന്നത്തെ ശരിയും തമ്മിലുള്ള ദൂരം വളരെ വലുതാണ്. കാലചക്രം തിരിയുമ്പോള് നമ്മള് അമ്മയും അച്ചനുമൊക്കെയാമാകുമ്പോള് ജീവിതത്തിന്റെ കുത്തൊഴുക്കില്പ്പെട്ടുഴഞ്ഞു നീന്തുമ്പോള് മാത്രമാണ് ജീവിതത്തിന്റെ ചില ചിത്രങ്ങള് പൂര്ണ്ണമായും മനസ്സില് ഉള്കൊള്ളാന് സാധ്യമാകുക.
അന്ന് ഞാനറിയാതെ ചെയ്തുപോയ ആ പാപത്തിനു ഒരുപാട് തവണ ഞാന് ഹൃദയാശ്രുപ്പൂക്കള് വീഴ്ത്തി കഴിഞ്ഞിരിക്കുന്നു. ഇന്നിതെഴുതുമ്പോള് വീണ്ടും ഹൃദയത്തിന്റെ ഉള്ളറയില് നിന്ന് വേദന നിറഞ്ഞ രക്തപുഷ്പങ്ങള് അടര്ന്നു വീഴുന്ന പ്രതീതി. മക്കളുടെ ദുഃഖങ്ങള് വൈകാരികമായറിയാന് ഒരച്ഛനും കഴിഞ്ഞെന്നു വരും പക്ഷെ മക്കളുടെ ദുഃഖങ്ങള് സ്വന്തം ദുഖങ്ങളായി കാണാന് ഒരമ്മക്ക് മാത്രമേ കഴിയൂ കാരണം ഓരോ മക്കളും ഒരമ്മക്ക് അവരുടെ ശരീരത്തിന്റയും ആത്മാവിന്റെയും ഭാഗം കൂടിയാണ്.
അമ്മേ...ഹൃദയത്തില് നിന്ന് വീഴ്ന്നിറങ്ങുന്ന കണ്ണീര്പ്പൂക്കളില് കുതിര്ന്നു വീണ്ടും ഞാന് മാപ്പിനായി കേഴുന്നു.
26-06 -2015
No comments:
Post a Comment